-->

Followers of this Blog

2009, ജൂൺ 16, ചൊവ്വാഴ്ച

തുമ്പിച്ചിറകുകള്‍

ചോണനുറുമ്പു ചുമന്നൊരു തുമ്പി-
ച്ചിറകീ വഴിയേ പോകുന്നു
ചിറകില്‍ പൊടിയും രുധിരം നുകരു-
മെറുമ്പിന്‍ വരികള്‍ നീളുന്നു.

ആരുടെ വഴികളിടയ്ക്കു മുടക്കി
ജടായു കണക്കേ പറന്നൂ നീ?
ആരുടെ കയ്യിലിരുന്നു പിടഞ്ഞി-
ട്ടേതൊരു മാനം കാത്തു നീ?

മണ്ണിനും നിന്‍ ചെറുവിണ്ണിനുമിടയില്‍
വീശി നിറച്ചൊരു വര്‍ണ്ണവുമായ്
പാറിനടക്കാന്‍ ചിറകുകള്‍ നല്‍കി-
പ്പോയൊരു ദൈവം ഈ വഴിയെ.

ആരുടെ കല്ലുകള്‍ കാലിലിറുക്കീ-
ട്ടേന്തിവലിഞ്ഞു പറന്നീലാ?
ആരുടെ കല്ലാം മനസ്സിലുദിച്ചു നിന്‍-
ചിറകുകളരിയണമെന്ന വിധി?

ചോരമണത്ത് വരുന്നുണ്ടിതിലേ
ചോണനുറുമ്പുകളൊരു കൂട്ടം
മരിച്ചു തുടങ്ങിയ നിന്റെ ശരീരം
കീറി മുറിഞ്ഞു പിടയ്ക്കേണം.

എന്നുടെ കവിത നടന്നൊരു വഴിയില്‍
തണലായ് നളിനദലം പോല്‍ നിന്‍
ചിറകു വിരിച്ചതും വര്‍ണ്ണക്കൂട്ടുകള്‍
വാരിയെറിഞ്ഞതുമിന്നോര്‍ക്കേ,

അവസാനത്തിന്‍ ശ്വാസം അണയും-
മുന്‍പേ നിന്നുടെ പ്രാണനെയെന്‍,
കാലുകള്‍ നീട്ടിയരപ്പൂ നിന്നെ-
ചോണന്‍ കീറി മുറിക്കാതെ.

ദയയല്ലാത്തൊരു ദയയാണതു നിന്‍-
ചിറകു മുറിഞ്ഞൊരു വേദനയും,
ചോണന്‍ കടിയുടെ നൊമ്പരവും,
ഒട്ടൊരു മാത്രയിലണയട്ടെ.

ചിറകുകളറ്റൊരു കൃമിയെന്നോണം
അകലത്താ വഴിയരികിലൊരു-
കരിയില കൊണ്ടൊരു മൃതിയുടെ കച്ച-
പുതച്ച് മയങ്ങുക നീ തുമ്പി...

10 അഭിപ്രായങ്ങൾ:

Sabu Kottotty പറഞ്ഞു...

(((( ഠേ ))))
ഇവിടെവന്നിട്ട് തല്ലുകൊള്ളാതെ പോയാല്‍ മോശമല്ലേ !
കവിത നന്നായിട്ടുണ്ട്.

Junaiths പറഞ്ഞു...

തുമ്പി ചിറകേറി.

Unknown പറഞ്ഞു...

ചിറകുകളറ്റൊരു കൃമിയെന്നോണം
അകലത്താ വഴിയരികിലൊരു,
കരിയില കൊണ്ടൊരു മൃതിയുടെ കച്ച-
പുതച്ചു മയങ്ങുക നീ തുമ്പീ.
അരുണെ മനസ്സിൽ തട്ടുന്ന മനോഹരമായ വരികൾ

വാഴക്കോടന്‍ ‍// vazhakodan പറഞ്ഞു...

ചിറകുകളറ്റൊരു കൃമിയെന്നോണം
അകലത്താ വഴിയരികിലൊരു,
കരിയില കൊണ്ടൊരു മൃതിയുടെ കച്ച-
പുതച്ചു മയങ്ങുക നീ തുമ്പീ.

മനോഹരം, ഇത് ഞാനിങ്ങെടുത്തു!

Unknown പറഞ്ഞു...

:-)

കാപ്പിലാന്‍ പറഞ്ഞു...

നല്ലൊരു കവിത .ഈണം ,താളം , അര്‍ഥം എല്ലാം ഉള്ളവ . വളരെ ഇഷ്ടപ്പെട്ടൂ .

chithrakaran:ചിത്രകാരന്‍ പറഞ്ഞു...

തുംബിയോടു കവി കാണിച്ച പ്രീണന സമീപനത്തിനെതിരെ,അദ്ദ്വാനിച്ചു ജീവിക്കുന്നതിനോടുള്ള അസൂയക്കുനേരെ,... ചോണനുറുംബുകളുടെ പക്ഷം ചേര്‍ന്ന് ചിത്രകാരന്‍ പ്രതിഷേധിക്കുന്നു:)

Unknown പറഞ്ഞു...

ഒരെലിയെ പൂച്ച പിടിച്ചു തിന്നുന്നു. എലിയുടെ ദാരുണമായ അന്ത്യത്തെക്കുറിച്ചോര്ത്ത് എല്ലാവരും വ്യസനിക്കുന്നു. ആ പൂച്ചയുടെ വിശപ്പിനെക്കുറിച്ച് ആരെങ്കിലും ചിന്തിച്ചോ?

ചിത്രകാരാ, പ്രതിപക്ഷബഹുമാനപൂര്വ്വം ഈ ചിന്തയെ അംഗീകരിച്ചിരിക്കുന്നു. 

കാപ്പു താങ്ക്സ് 

വാഴക്കോടാ ചോദിക്കുമ്പൊ തിരിച്ചു തന്നാ മതി 

അനൂപേട്ടാ താങ്ക്സ്

ജുനൈതെ തുമ്പി ഒന്നു പടത്തിലുമുണ്ടല്ലൊ തുമ്പി തന്നെയല്ലെ അത്..താങ്ക്യു 

കൊട്ടോട്ടിക്കാരാ...തേങ്ങയ്ക് താങ്ക്സ്..തല്ലുന്നില്ല 

കാട്ടിപ്പരുത്തി പറഞ്ഞു...

കവിത വായിച്കു പോകുന്നു- ഒരു പോസ്റ്റുമാര്‍ട്ടവുമില്ലാതെ-

Unknown പറഞ്ഞു...

പരുത്തീ താങ്ക്സ്