-->

Followers of this Blog

2009, ജൂലൈ 17, വെള്ളിയാഴ്‌ച

ഓര്‍മ്മകള്‍

നീ മറക്കാന്‍ പഠിച്ചതും
എന്നോട് മറക്കാന്‍ പറഞ്ഞതുമാണു
എന്റെ ഓര്‍മ്മകള്‍.
കൈത്തണ്ടയില്‍ നിന്നൂര്‍ന്ന്
ഉടഞ്ഞു വീണ വളപ്പൊട്ടു പോലെ
മാംസമുള്ള ഹൃദയത്തിലവ
തറച്ചു കിടക്കുന്നു.

നഖമുന കൊണ്ട്
എന്റെ തുടയില്‍ നീ എഴുതിയ
വിപ്ലവങ്ങളില്‍
എന്റെ മതമൊരു കറുപ്പും
നിന്റെ അച്ഛനൊരു ബൂര്‍ഷ്വയും
നമ്മുക്കെതിരെ ഉയര്‍ന്ന ചോദ്യങ്ങള്‍
വര്‍ഗ്ഗബോധമില്ലാത്തവയുമായത്...

ചേര്‍ത്തു വെച്ച കൈകളുയര്‍ത്തി
പിളര്‍ത്താമെന്നു കരുതിയ
ചെങ്കടലുകള്‍,
കടലുകള്‍ പിളര്‍ന്നു പോയ
വഴി ചേരുന്ന കാനാന്‍ ദേശം,
ജീവനും മരണവുമൊന്നിച്ച്
എന്നു നീ പറഞ്ഞത്,
പല്ലുകോര്‍ത്ത ചുണ്ടില്‍
പൊടിഞ്ഞ രക്തം കൊണ്ട്
നിന്റെ നെറ്റില്‍ സിന്ദൂരമിട്ടത്...

കടല്‍ത്തീരമെത്തും മുന്‍പ്
തുടയിലെ നഖചന്ദ്രരേഖകള്‍
മാഞ്ഞു പോയത്,
അച്ഛന്റെ കോടതിയില്‍ നീ
മാപ്പു സാക്ഷിയായത്,
ഇരുട്ടിന്റെ മറവില്‍
ഞാന്‍ ഒറ്റിക്കൊടുക്കപ്പെട്ടത്,
കണ്ണുനീര്‍ വീണു പൊള്ളിയ കടലാസില്‍
നിന്നെ ശപിച്ച്
എഴുതിയ കവിതകള്‍...

ഇന്നു...

ഈ കടല്‍ത്തീരത്ത്
വിളിയെത്താ ദൂരത്ത്
രണ്ട് കൂരകള്‍
ഒരു കൂരയിലിരുന്നു നീയും
മറുകൂരയിലിരുന്നു ഞാനും
നെഞ്ചില്‍ തറച്ച
വിപ്ലവ വെടിയുണ്ടകളില്‍
വിരലോടിച്ചമര്‍ത്തി
വേദനപൂണ്ട്.

ലോകത്തിലങ്ങിനെ
എത്ര തീരങ്ങള്‍
എത്ര കൂരകള്‍
വെടിയുണ്ടകള്‍, വേദനകള്‍?

ഈ വളപ്പൊട്ടുകള്‍ കൊണ്ടെന്നെ
നീ ക്രൂശിച്ചു കൊള്ളുക
ഓരോ മൂന്നാം ദിവസവും
ഞാനുയിര്‍ത്തെഴുന്നേല്‍ക്കുമെങ്കിലും...

17 അഭിപ്രായങ്ങൾ:

രഘുനാഥന്‍ പറഞ്ഞു...

നല്ല കവിത അരുണേ

ശ്രീ പറഞ്ഞു...

നന്നായിട്ടുണ്ട്

Kasim Sayed പറഞ്ഞു...

"നീ മറക്കാന്‍ പഠിച്ചതും
എന്നോട് മറക്കാന്‍ പറഞ്ഞതുമാണു
എന്റെ ഓര്‍മ്മകള്‍"
നല്ല കവിത

Vinodkumar Thallasseri പറഞ്ഞു...

ഓര്‍മ്മയില്‍ ചോര പൊടിയുന്നു.

'നെഞ്ചില്‍ തറച്ച വിപ്ലവ വെടിയുണ്ടകളില്‍ വിരലോടിച്ചമര്‍ത്തി വേദനപൂണ്ട്.'

ഇത്‌ നിങ്ങളുടെ തലമുറയിലും ശരിയോ?

mary lilly പറഞ്ഞു...

നല്ല കവിത

Unknown പറഞ്ഞു...

"നീ മറക്കാന്‍ പഠിച്ചതും
എന്നോട് മറക്കാന്‍ പറഞ്ഞതുമാണു
എന്റെ ഓര്‍മ്മകള്‍."

നന്നായിട്ടുണ്ട് കവിത !!

Unknown പറഞ്ഞു...

ഈ വളപ്പൊട്ടുകള്‍ കൊണ്ടെന്നെ
നീ ക്രൂശിച്ചു കൊള്ളുക
ഓരോ മൂന്നാം ദിവസവും
ഞാനുയിര്‍ത്തെഴുന്നേല്‍ക്കുമെങ്കിലും

---
kidilan

വയനാടന്‍ പറഞ്ഞു...

നന്നായിരിക്കുന്നു സുഹ്രുത്തേ

വാഴക്കോടന്‍ ‍// vazhakodan പറഞ്ഞു...

നീ മറക്കാന്‍ പഠിച്ചതും
എന്നോട് മറക്കാന്‍ പറഞ്ഞതുമാണു
എന്റെ ഓര്‍മ്മകള്‍"

വലരെ നല്ല നിരീക്ഷണം.കൊള്ളാം.. നല്ല വരികള്‍ അരുണ്‍

അഭിജിത്ത് മടിക്കുന്ന് പറഞ്ഞു...

നഖമുന കൊണ്ടു എന്റെ തുടയില്‍ നീ എഴുതിയ വിപ്ലവം എന്നാ പ്രയോഗം നന്നായിട്ടുണ്ട്.

Unknown പറഞ്ഞു...

രഘുനാഥാ,
ശ്രീ,
കാസിം,
വിനുവേട്ടാ,
ലില്ലി ചേച്ചി,
അഞ്ചു,
സതീശാ,
വയനാടാ,
വാഴക്കോടാ,
അഭീ,

നന്ദി...

വിനുവേട്ടാ...ഈ തലമുറയിലും അങ്ങിനെ ചില പിടയുന്ന നെഞ്ചുകള്‍ ബാക്കിയാകുന്നു.

Sureshkumar Punjhayil പറഞ്ഞു...

Vediyundayekkal vedana, valappottukalude murivukalkkanu... Alle...!

Manoharam, Ashamsakal...!!!

രാമചന്ദ്രൻ വെട്ടിക്കാട്ട് പറഞ്ഞു...

ലോകത്തിലങ്ങിനെ
എത്ര തീരങ്ങള്‍
എത്ര കൂരകള്‍
വെടിയുണ്ടകള്‍, വേദനകള്‍?

അരുണ്‍, ഇഷ്ടമായി.

കണ്ണുകള്‍ പറഞ്ഞു...

അരുണ്‍-
നന്നായിട്ടുണ്ട്‌ കവിത...
വിപ്ലവവും, പ്രണയവും, മുറിവും.....ഈ നോവും

M.K.KHAREEM പറഞ്ഞു...

കവിത വായനാ സുഖം പകരുന്നു. എങ്കിലും അവസാനത്തോട് അടുക്കുമ്പോള്‍ വല്ലാതെ പരന്നു പോയി. കുറച്ചു കൂടി ഒതുക്കിയിരുന്നെങ്കില്‍ ഗംഭീരം ആയേനെ... ആശംസകള്‍...

Unknown പറഞ്ഞു...

സുരേഷ്,
രാമേട്ട
കണ്ണുകള്‍,
ഖരീമിക്കാ,

നന്ദി

ജയ പറഞ്ഞു...

ഞാന്‍ ഇപ്പോള്‍ ആണ് ഇത് വായിക്കുന്നത് . എനിക്ക് ഇഷ്ടായി ഈ കവിത.