-->

Followers of this Blog

2010, ഡിസംബർ 19, ഞായറാഴ്‌ച

മിസ്ഡ് കോള്

..The number you have called has been switched off. Please try again later.

നീ ഫോണ് ഓഫ് ചെയ്തു വെച്ചിട്ട് ഇപ്പോള് മണിക്കൂര് മൂന്നാകുന്നു.

"എന്താ ഇത് വരെ മിസ്ഡ് അടിക്കാതിരുന്നത്?"

"അയ്യോ! സോറി, ഞാന് ഒരല്പം തിരക്കിലായി പോയി"

"ഒഹ്! അപ്പോള് എന്നെ മറന്നു അല്ലെ?"

നിനക്ക് മിസ്ഡ് കോള് അടിച്ചില്ല എന്ന ചെറിയ കാര്യത്തില് തുടങ്ങിയ പിണക്കം. ഇപ്പോള് നീ ഫോണ് ഓഫ് ചെയ്തു വെച്ച് എന്നോട് പ്രതികാരം ചെയ്യുവാണ്. ഓരോ നിമിഷവും നിന്നെ വിളിക്കുമ്പോള് കേള്കുന്ന സ്വിച്ച്ഡ് ഓഫ് സന്ദേശം എന്റെ ഹൃദയത്തിലേക്ക് തറഞ്ഞു കയറുന്നു.

ഭൂമിയുടെ രണ്ടറ്റങ്ങള് തമ്മിലുള്ള ദൂരത്തെ സ്നേഹം കൊണ്ട് മാത്രം വെട്ടിച്ചുരുക്കി അതിന് മിസ്ഡ് കോള് എന്ന് പേരിട്ടത് ആരാണ്? നിമിഷാര്ദ്ധത്തില് മിന്നിമായുന്ന ഒരു മിസ്ഡ് കോളിന് ഒരു ജന്മത്തിന്റെ പ്രണയം സംവേദിക്കാന് കഴിയുമെന്ന്... ഹൃദയം കൊണ്ട് മാത്രം ലോകമുണ്ടാക്കി അതില് പ്രവാസ നൊമ്പരത്തെ ഒതുക്കി വെക്കുന്ന ഓരോരുത്തരുടെയും ജീവിതത്തില് ഒരു സാന്ത്വന സ്പര്ശമായി അതുണ്ട് ... 1 Missed Call.

ചിലരിതിനെ മിസ്ക്രീന് കോള് എന്ന് വിളിക്കുന്നു. മിസ്ക്രീന് എന്ന് വെച്ചാല് ദരിദ്രന് എന്നര്ത്ഥം. ഒരര്ത്ഥത്തില് അത് ദരിദ്രന്റെ കോള് തന്നെയാണ്. ജീവിതം കരുപ്പിടിപ്പിക്കുവാന് ഓരോ ഫില്സും ദിറവും ചേര്ത്ത് വെക്കുന്നവന് ഒരു മാസത്തിന്റെ ആദ്യ പകുതി പോലും കടക്കും മുന്പേ ജീവിതത്തിന്റെ അക്കൌണ്ടില് ബാക്കിയാകുന്നത് മൊബൈലിലെ ഈ രണ്ടു ദിറംസ് ആണ്. "ഞാന് ഇവിടെ ജീവനോടെ ഉണ്ടെടാ" "എന്നെ ഒന്ന് വിളിക്ക്" എന്ന് മൌനമായി പറയാന് ഈ രണ്ടു ദിറംസ് വിലയുള്ള മിസ്ഡ് കോളിന് കഴിയുന്നു. അതിനിടയില് ആരെങ്കിലും അറിയാതെ കോള് എടുത്തു പോയാല്... *121# ഡയല് ചെയ്ത് നെടുവീര്പ്പിടുന്നവര്. ഇനി ഒരു റിചാര്ജിനു വേണ്ടി അടുത്ത മാസത്തെ ശമ്പളത്തിലേക്കുള്ള ദൂരമാണ് അപ്പോള് മൊബൈല് സ്ക്രീനില് ഓരോ പ്രവാസിയും കാണുന്നത്.

തിരിക്കിനടയിലോ അറിയാതെയോ ഒരു കോള് വന്നാല് അതാരായിരുന്നു എന്നറിയുവാനും തിരികെ വിളിക്കുവാനുമുള്ള ഒരു സംവിധാനമായാണ് മൊബൈല് സേവന ദാതാക്കള് മിസ്ഡ് കോള് എന്ന ആശയം മുന്നോട്ടു കൊണ്ട് വന്നത് എന്ന് അനുമാനിക്കാം. അങ്ങിനെ ഒരു കോള് കിട്ടിയാല് അതിലും ലാഭമല്ലേ. ഒരു കാലത്ത് ഡിസ്പ്ളേയോ കോള് രെജിസ്ടറോ ഇല്ലാതിരുന്ന ലാന്ഡ് ലൈനുകള് ആയിരുന്നല്ലോ പൊതുവില് ഉണ്ടായിരുന്നത്. അന്നൊരു പക്ഷെ റിംഗ് കേട്ട് ഓടിയെത്തുമ്പോഴേക്കും കോള് ഡിസ്കണക്റ്റ് ആയാല് ആരാണു വിളിച്ചതെന്ന് അറിയാതെ ആധിപിടിച്ചിരുന്നു. അങ്ങിനെ ഒരു അവസ്ഥ ദൂരീകരിക്കുക കൂടിയാണു മിസ്ഡ് കോള് സംവിധാനം ചെയ്തത്. പക്ഷെ ഇന്നതിന്റെ ജോലികള് അതിലേറെയാണ്.

മിസ്ഡ് കോളിന്റെ എണ്ണവും ദൈര്ഘ്യവുമനുസരിച്ചു വ്യക്തികള്ക്കിടയില് അതിന്റെ അര്ഥം മാറി മാറി വരുന്നു. ദിവസത്തിന്റെ ഓരോ നാഴികയിലും വിനാഴികയിലും ലോകത്തിന്റെ രണ്ടു കോണിലിരുന്നു പ്രണയിക്കുന്നവരുടെ ഊഷ്മളതയും പേറി സന്ദേശകാവ്യങ്ങളിലെ ഹംസങ്ങളെ പോലെ എന്നാല് നൊടിയിട വേഗത്തില് അവ പാറിനടക്കുന്നു. ഇടക്കൊരാള് മിസ്ഡ് അടിക്കാതെ പോയാല് പിന്നെ മനസിനകത്തൊരു തീയാണ്. "എന്ത് പറ്റിക്കാണും?""അകല്ച്ച തോന്നിത്തുടങ്ങിയോ?""മറന്നു പോയോ?" അങ്ങിനെ നൂറുനൂറായിരം ചോദ്യങ്ങള് ഹൃദയത്തെ തുളച്ചു കൊണ്ട് കടന്നു പോകുന്നു. അവസാനം കിട്ടിയ മിസ്ഡ് കോളില് നിന്നും സമയത്തിന്റെ ദൈര്ഘ്യം ഏറി വരുമ്പോള് മനസിലെ തീ ആളിപ്പടര്ന്നു തുടങ്ങും. ഇടയ്ക്കിടെ ഫോണ് എടുത്തു നോക്കി ശൂന്യമായ സ്ക്രീന് നോക്കി നെടുവീര്പ്പിടും. പെട്ടെന്ന് ഫോണ് റിംഗ് ചെയ്യും, ചാടിപ്പിടിച്ചു നോക്കുമ്പോള് പുതിയ ഓഫറിനെ കുറിച്ച് പറയാന് ഏതെങ്കിലും ഒരു എജന്റ്റ്. ദേഷ്യത്തില് ഫോണ് കട്ട് ചെയ്ത് ഒരു മൂലയിലെക്കെറിയും. ചിതറിക്കിടക്കുന്ന ഫോണ് പാനലും ബാറ്ററിയും...

ഓഫീസില് എത്തി എന്ന് പറയാന്, തിരികെ വീട്ടില് എത്തി എന്ന് പറയാന്, ഉറങ്ങാന് പോകുന്നു എന്ന് പറയാന്, ഉണര്ന്നു എന്ന് പറയാന്, മിസ് യു എന്ന് പറയാന്, നിന്നെ ഓര്ക്കുന്നു എന്ന് പറയാന്, വിളിക്കൂ എന്ന് പറയാന്, അങ്ങിനെ ഒരുപാട് അര്ത്ഥങ്ങള് നെഞ്ചില് ചേര്ത്ത് വെച്ച് ഓരോ മിസ്ഡ് കോളും രണ്ടു ഹൃദയങ്ങളുടെ കഥ പറയുന്നു. എന്റെ ഹൃദയം നിന്നോട് പറയുന്നത് പോലെ.

ചിതറിക്കിടന്ന പാനലും ബാറ്ററിയും സിമ്മും കൂട്ടിയോജിപ്പിച്ച് ഫോണ് ഓണ് ചെയ്ത മാത്രയില് ഡിസ്പ്ളേ ഒന്ന് കൂടെ മിന്നി മറഞ്ഞു. 1 missed call. അത് നിന്റെതായിരുന്നു. Life is made of such small things like a missed call. ചുട്ടു പഴുത്ത മരുഭൂമില് പെയ്തു വീഴുന്ന മഴത്തുള്ളികള് പോലെ.. 

(Article by me appeared in Siraj on Nov 14, Sunday)

2010, ഡിസംബർ 14, ചൊവ്വാഴ്ച

സ്റ്റാര്‍ സിങ്ങറിനൊരു വൈല്‍ഡ് കാര്‍ഡ്

സംഭവം വല്ലാതെ ഗുരുതരമായി കൊണ്ടിരിക്കുവാ. എലിമിനേഷന്‍ അഥവാ ഉണ്ടയില്ല വെടി..പൊട്ടികരച്ചില്‍...മൂക്ക്പിഴിച്ചില്‍...അവതാരക, വിധികര്‍ത്താക്കള്‍ തുടങ്ങിയവര്‍ പണ്ട് വീട്ടില്‍ ആരെങ്കിലും മരിച്ചാല്‍ തലക്കാം ഭാഗത്ത്വന്നിരുന്നു കരയുന്ന കാര്‍ന്നോത്തികളെ പോലെ " എന്നാലും എങ്ങാനെ പാടിന്നതാ എന്റെ മക്കളെ! ഞങ്ങളെ വിട്ടുപോയല്ലാ.." എന്ന് ഈണത്തിലും താളത്തിലും കരഞ്ഞു പഞ്ചപാവങ്ങളും, സര്‍വ്വോപരി കണ്ണുനീര്‍ തുള്ളിയെസീരിയലിനോടുപമിച്ച ബൈജു ദേവരാജിന്റെ പങ്കപ്പാടുകള്‍ കണ്ടു വിമ്മി പൊട്ടി ഇരിക്കുന്നവരുമായ സെന്റികുഷ്മാണ്ടാങ്ങളുടെ എസ് എം എസ് വിലയിട്ടു വാങ്ങി പോയവര്‍ ആടെണ്ട കാട്ടുചീട്ടുമായി കേറി വരുന്നു. ആരുംപേടിക്കണ്ട. സംഗതി വൈല്‍ഡ് കാര്‍ഡാണ് വിഷയം. മനസിലായില്ലേ വൈല്‍ഡ് കാര്‍ഡ് അഥവാ സീസന്‍ 5 ല്‍ നേരത്തെഎലിമിനെഷനില്‍ പുറത്തായവരെ കയ്യും കാലും പിടിച്ചു തിരികെ കൊണ്ട് വരിക.

വലിയ പരിക്കൊന്നുമില്ലാതെ പാടുന്നവരെ സ്റ്റാര്‍ സിങ്ങര്‍ സീസന്‍ ഫൈവില്‍ ചുമ്മാ അലഞ്ഞു നടക്കുന്നുള്ളൂ എന്ന് ഏതുവക്കു പൊട്ടിയ കലത്തിനുമറിയാം (ഐഡിയ സ്റ്റാര്‍ സിങ്ങര്‍ എന്ന് എടുത്തു പറയട്ടെ. അല്ലേല്‍ മഞ്ച് പിള്ളേര് വന്നുഎടുത്തിട്ടടിക്കും) എന്നിരിക്കെ, ചവിട്ടി പുറത്താക്കിയവന്മാരെ കൂടി വലിച്ചു കേറ്റുന്നത് എന്തിനാണ് എന്ന് മാന്യശ്രോതാക്കള്‍ ചിന്തിച്ചേക്കാം. മറ്റൊന്നും കൊണ്ടല്ല നിലവിലുള്ളവര്‍ ഗുണം കൊണ്ട് എസ് എം എസ് ഉണ്ടാക്കില്ല. എന്നാപിന്നെ എണ്ണം കൊണ്ടെങ്കിലും ഉണ്ടാക്കാം എന്ന് പ്രൊഡ്യൂസര്‍ ചിന്തിച്ചു പോയാല്‍ "അതിലെന്താശ്ചര്യം" എന്നാണുഅടിയന്റെ മനസ് പറയുന്നത്. പുള്ളിക്കാരനും ജീവിച്ചു പോവണ്ടേ.

ചവുട്ടി പുറത്താക്കുന്നതും വലിച്ചു കേറ്റുന്നതും ഒരു പുതുമയാണോ സാര്‍ എന്ന് ചോദിക്കരുത്..എനിക്കറിയാം..സമകാലീനകേരള രാഷ്ട്രീയ ചിന്താഗതികള്‍ വഴിക്കാണല്ലോ. ഒരു പാര്‍ട്ടി ചവിട്ടും മറ്റവന്‍ വലിക്കും. എന്നെ ഒന്ന് ചവിട്ടിയിരുന്നേല്‍പുറത്താകാമായിരുന്നു എന്ന് ചിന്തിക്കുന്ന ഘടാഘടിയന്‍മാരും ആരെങ്കിലും പുറത്തു വീഴുന്നുണ്ടോ ഒന്ന് വലിച്ചു കേറ്റാന്‍എന്ന് നോക്കി നാവും നീട്ടി ഇരിക്കുന്നവരും ആവശ്യത്തിനുണ്ട്. As is the king so is the people എന്നാണല്ലോമൂത്തൊരു പറയുന്നേ. അപ്പൊ പിന്നെ ഇങ്ങനെയുള്ള കൊശവന്മാര്‍ ഭരിക്കുന്ന നാട്ടില്‍ കാട്ടുചീട്ടല്ല കൊടുംകാട്ടുചീട്ടുകൊടുത്തു ആളെ കേറ്റിയാലും ദോഷം പറയാന്‍ ഒക്കുകേല. ഇതില്‍ ഒരു ഗുണമുള്ള കാര്യം ചവിട്ടുന്നതും വലിക്കുന്നതുംഒരേ പ്രസ്ഥാനമാണ് എന്നുള്ളതാണ്.

കാശ് ഇമ്മിണിയൊന്നുമല്ല വാരി പൊടിച്ചത്. അല്ലെങ്കില്‍ പാട്ടുകാര്‍ പോരാ എന്ന് നേരത്തെ തോന്നിയത് കൊണ്ടാണോആവോ, ഓരോരുത്തരെയും വീട്ടില്‍ ചെന്ന് കൊട്ടും പാടും ഗാനമേളയും ഒക്കെ ആയി വലിച്ചിഴച്ചു കൊണ്ട് വന്നത്. ഓരോളമായിക്കോട്ടേ എന്ന് കരുതിക്കാണും. പക്ഷെ വേലിയേറ്റം കൊണ്ടത് വേലിയിറക്കത്തിനു പോയി എന്ന് പറഞ്ഞാല്‍മതിയല്ലോ. പ്ലേബാക്ക് സിങ്ങറ(?)ടക്കം നിരന്നു നിന്നിട്ടും സംഗതി പ്രേക്ഷകര്‍ കൈവിട്ട മട്ടാണ്. അടിയനൊരു സ്ഥിരപ്രേക്ഷകന്‍ അല്ല എങ്കിലും. ഇതിനു മുന്‍പുള്ള സീസണുകളില്‍ അപ്പുറത്തെ മുറിയില്‍ എന്തേലും അപരാധംവായിച്ചോണ്ടിരിക്കുമ്പോള്‍, ഒറിജിനല്‍ ട്രാക്കിനെ വെല്ലും വിധം പാടുന്നവരുടെ സ്വരം കേട്ടു "ആരാ മമ്മി പാടുന്നെ" എന്ന് ഞാന്‍ അറിയാതെ വിളിച്ചു ചോദിച്ചിട്ടുണ്ട്, അങ്ങിനെ പലരുടെയും പേരും അറിഞ്ഞിരുന്നു. ദൈവം സഹായിച്ചു സീസണിലെ ആരും എനിക്കങ്ങിനെ ഒരു ബുദ്ധിമുട്ടുണ്ടാക്കിയില്ല. വഴിക്കുള്ള ഹൃദയംഗമമായ നന്ദി ഇവിടെരേഖപ്പെടുത്തുന്നു. പേരെടുത്തു പറയാന്‍ ആരെയും വിട്ടു പോയതല്ല. പേരറിയാഞ്ഞിട്ടാ.

അധികം ദൂഷിക്കുന്നില്ല. അല്ലെങ്കില്‍ തന്നെ ഇനിയെന്ത് പറവാന്‍. Well, പറയാനുള്ളത് തുറന്നു പറയാമല്ലോ എന്തായാലുംനിങ്ങള് വൈല്‍ഡ് കാര്‍ഡു കൊടുത്തു കേറ്റുന്നുണ്ട്, എന്നാ പിന്നെ കൊള്ളാവുന്നവരെ കേറ്റിക്കൂടായോ? ഞാന്‍ പറഞ്ഞ്വരുന്നത് മ്മടെ പണ്ടത്തെ പിള്ളാരെ കുറിച്ചാ. സച്ചിതാനന്ദന്‍, റിതിക്ക്, സോമു, തുടങ്ങിയവരെയൊക്കെ അവരുംപുറത്തായവര്‍ തന്നെ ആണല്ലോ. കാര്‍ഡുകള്‍ കശക്കി നിരത്തുന്ന കൂട്ടത്തില്‍ ഇവര്‍ക്ക് കൂടെ കൊടുക്കുവാണേല്‍ സേഫ്ആയി സ്കൂട്ടെങ്കിലും ചെയ്യാം. കുറച്ച നാള്‍ കൂടെ ആയുസ് കാണും. അല്ലേല്‍ പിന്നെ ഒരു ഭയങ്കരമാന ഭയങ്കര വൈല്‍ഡ്കാര്‍ഡ് ഉണ്ടാക്കി വെച്ചോളൂ. പോക്ക് പോയാല്‍ ഉടനടി സ്റ്റാര്‍ സിങ്ങരിനെ മൊത്തമായി പ്രേക്ഷകര്‍ വീട്ടില്‍ നിന്നംഎലിമിനേറ്റുചെയ്യും. അപ്പോള്‍ സ്വന്തമായി ഒരു വൈല്‍ഡ് കാര്‍ഡ് ഉണ്ടെങ്കില്‍ അതും നിങ്ങള്‍ക്കൊരുപകാരമാകില്ലേ? എന്ന് ഒരു അഭ്യുദയകാംഷി. ഒപ്പ്. ശുഭം.

2010, ഡിസംബർ 9, വ്യാഴാഴ്‌ച

തീയുടെ നിറങ്ങള്‍

അപ്പാപ്പേ!!
ഊം...?
അപ്പാപ്പേ!
എന്താടാ?
ഇങ്ങാട്ട് നോക്കിയേ...
എവിടെ?
ദാ ഈ വെളക്കെലാട്ട്
എന്താ വെളക്കെല്? മണ്ണെണ്ണ തീര്‍ന്നാ?
ഇല്ലപ്പാപ്പേ! ഇയിന്റെ നിറം കണ്ട? ആദ്യേം, നീല, പിന്ന മഞ്ഞ, പിന്ന കടും ചോപ്പ്, പിന്ന കറുപ്പ്..
ഊം..ആയിനെന്താട?
തെന്ത ങ്ങനെ പല നെറത്തീ കത്തണെ?
അതങ്ങനാ. മ്മടെ ജീവിതം പോലെ. പെലര്‍ച്ചക്ക് കാണുന്ന ആകാശം പോലെ നീലക്കും. വെയില് മൂക്കും പോലെ മഞ്ഞക്കും, മോന്തിക്ക്‌ ചോക്കും കടും ചോപ്പ്, പിന്നെ കറക്കും, കറുത്ത് കറുത്ത് ദാ ആ പുകപോലെ മാഞ്ഞു ഇല്ലാതാവും.
എന്ന് വെച്ചാ?
വെളക്കില്‍ എണ്ണ തീരും മുമ്പേ വെല്ലേം വായിക്കനുന്ടെല്‍ തീര്‍ത്തിട്ട് പോയി കെടക്കു ചെക്കാ. അപ്പാപ്പക്ക് വയ്യ നീ അവിടെ ഇരുന്നു പായാരിക്കാതെ. അമ്മയുടെ സ്വരം ഉയര്‍ന്നു.

***
ചാണക വരളികൊണ്ട് പൊതിഞ്ഞ അപ്പാപ്പന്റെ ശരീരം ചിതയില്‍ കത്തി തീരുമ്പോള്‍ അയാള്‍ നാളങ്ങളിലെ നിറഭേദങ്ങള്‍ നോക്കി നിന്നു. നീലയായി, മഞ്ഞയായി, കടും ചുവപ്പായി, കറുത്ത പുകയായി അപ്പാപ്പന്‍ മാഞ്ഞു പോയി.
***
"ഇനി പത്തു മിനിട്ട് കൂടെ" ഹാളില്‍ ഇരുന്ന മലയാളം ടീച്ചര്‍ ഉറക്കെ വിളിച്ചു പറഞ്ഞു. "തീയുടെ നിറങ്ങള്‍" എന്ന് ചെറു കഥയ്ക്ക്‌ പേരിട്ടു അയാള്‍ തന്റെ പേപ്പര്‍ ടീച്ചര്‍ക്ക് കൊടുത്തു.
"ഇതില്‍ ഗുണപാഠം ഒന്നുമില്ലല്ലോ. മത്സരത്തിനുള്ള കഥക്ക് ഗുണപാഠം വേണമെന്ന് നേരത്തെ പറഞ്ഞതല്ലേ." തിരികെ നല്‍കിയ പേപ്പര്‍ വാങ്ങാതെ അയാള്‍ ഇറങ്ങി നടന്നു.
***
സ്റ്റാഫ് റൂമിലെ സ്റൌവില്‍ ചായക്ക്‌ വെള്ളം വെച്ചിട്ട് തീപ്പട്ടി കമ്പില്‍ മുനിഞ്ഞു തുടങ്ങിയ തീ പേപ്പറിലേക്ക്‌ പകര്‍ന്നു സ്റൌവിനു തീ കൊളുത്തി. പകുതി കത്തിയ പേപ്പര്‍ ജനലിലൂടെ ടീച്ചര്‍ പുറത്തെക്കെറിഞ്ഞു. തന്റെ "തീയുടെ നിറങ്ങള്‍" കത്തിയമരുന്നത് നോക്കി അയാള്‍ നിന്നു. നീല, മഞ്ഞ, കടും ചുവപ്പ്, കറുപ്പ്. എല്ലാം ജീവിതത്തിന്റെ നിറങ്ങള്‍ ആണ് എന്ന് അപ്പോള്‍ അയാള്‍ക്ക്‌ തോന്നി.

2010, നവംബർ 29, തിങ്കളാഴ്‌ച

മരുക്കാടില്‍ തനിയെ



ഇവിടെയൊരു പുഴ
വഴി മാറിയെത്തുമെ-
ന്നാശിച്ചു നീണ്ടങ്ങ്‌
പോയ പ്രവാസങ്ങള്‍
ആശകള്‍ തീരാതെ
വേരുകള്‍ വറ്റിയെന്‍
ഇലകളും പൂക്കളും
ശേഷിക്കുമസ്ഥിയും

2010, നവംബർ 17, ബുധനാഴ്‌ച

മുടിയനായ പുത്രന്‍

അത്യാവശ്യം കാശും സ്വത്തും ഒക്കെ ഉള്ള ഒരു പുള്ളിക്കാരന് രണ്ട്‌ മക്കളുണ്ടായിരുന്നു. മൂത്തവന്‍ അദ്ധ്വാനിയാണ്‌, പാടത്തും പറമ്പിലും ഒക്കെയായി എല്ല് മുറിയെ പണിയെടുക്കും. ഇളയവന്‍ ആള് തലതെറിച്ചോനാ. പണിയെടുക്കുകേല, എന്ന് മാത്രമല്ല അപ്പനും ചേട്ടനുമായി കഷ്ടപ്പെട്ട് ഉണ്ടാക്കിയതൊക്കെ ചുമ്മാ കള്ളുകുടിച്ചും ചീട്ടു കളിച്ചും പണ്ടാരമടക്കി കളയും. ഒരുദിവസം, അപ്പനും ചേട്ടനും തരുന്ന പോക്കറ്റ് മണി പോരാ എന്ന് തോന്നിയപ്പോള്‍ ചെറുക്കന്‍ തന്തപ്പടിയോടു ഉള്ള കാര്യം തുറന്നു പറഞ്ഞ്. "എനിക്കുള്ളതൊക്കെ മൊത്തായി ഇങ്ങു തന്നേര്. ഞാന്‍ വേറെ എവിടെങ്കിലും പോയി സെറ്റപ്പ് ആയിക്കോളം." ഒന്ന് പറഞ്ഞ് രണ്ടിന് പെടക്കാന്‍ നിക്കുന്ന മോനോട് തന്തപ്പടി എന്ത് പറയാന്‍. ശട പടേന്ന് ഭാഗം നടന്നു. ഇളയവന്‍ കിട്ടിയതും വാങ്ങി നാടുവിട്ടു.



കാശുണ്ടേല്‍ ചെലവാക്കാനാണോ വഴികളില്ലാത്തെ. പെട്ടെന്ന് തീര്‍ക്കാനാണേല്‍ ഒരു പെണ്ണ് കെട്ടിയാലും മതി. പക്ഷെ കക്ഷി തന്റെ സ്ഥിരം പരിപാടിയായ വെള്ളമടി ചീട്ടുകളി തുടങ്ങിയ പരിപാടികളില്‍ കാശിറക്കി കളിച്ചു. തോറ്റു. പക്ഷെ അവസാന ശ്വാസം വരെ വിട്ടു കൊടുത്തില്ല. കുത്ത് പാളയെടുക്കും വരെ വിട്ടു കൊടുത്തില്ല. അവസാനം കണ്ടവന്റെ തൊഴുത്തില്‍ ചാണകവും വാരി തേങ്ങാ പിണ്ണാക്കും തിന്നു കിടന്നപ്പോ പഹയനു വീണ്ടു വിചാരമുണ്ടായി.



അങ്ങിനെ ഇരിക്കെ സഖാവ് തന്തപ്പടിക്ക് ഇളയമകന്റെ എസ് എം എസ്. 'ആണ്ടെടാ കാശും പണ്ടോം വാങ്ങി നാട് വിട്ടുപോയവാന്‍ തിരിച്ചു വരുന്നെന്ന്'. "ഓ! വലിയ കാര്യമായി പോയി", മൂത്തവന്‍ കെറുവിച്ചു. ' "വിട്ടു കളയടെയ് ഒന്നുമല്ലേലും നമ്മുടെ രക്തമല്ലേ?" തന്തപ്പടി സമാധാനിപ്പിച്ചു. മോന്‍ വരുന്ന ദിവസം തന്തപ്പടി വഴീലോട്ടും നോക്കി ഇരുപ്പായി.



വെട്ടുപോത്തിനെ പോലെ മുക്രയിട്ടു പാഞ്ഞു ദാണ്ടേ വന്നു നില്‍ക്കുന്നു, ഒരു എസ് ക്ലാസ് ബെന്‍സ്. ടെഡ് ലാപിടാസ് സ്യൂട്ടില്‍ ഇറങ്ങി വരുന്നു റെയ്ബാന്‍ ഫിടിങ്ങ്സ് കണ്ണിനു മുന്നില്‍ വെച്ചു, കൈയിലും കഴുത്തിലും സ്വര്‍ണ്ണ ചെയിനുമായി ഒരു കിടിലന്‍ പയ്യന്‍.



"കൊച്ചുകുഞാന്നോട?" തന്തപ്പടി വണ്ടറടിച്ചു നിന്നു.



"യെസ്, ഡാഡ്, ലോങ്ങ്‌ ടൈം! ഹൌ ആര്‍ യൂ?



തന്തപ്പടിയുടെ വണ്ടറടി ഒന്ന് കൂടെ നീണ്ടു. "ബൈ ദ്‌ വേ, വേര്‍ ഈസ്‌ ചേട്ടായി?"



"ഓ അവന്റെ കാര്യമൊന്നും പറയാതിരിക്കുന്നത ഭേദം. കൃഷിയൊക്കെ മോശമാടാ. സര്ക്കാര് ദുരിതാശ്വാസം തരുമെന്ന് കരുതി ലോണ്‍ എടുത്തു. അവസാനം കിടപ്പാടം ബാങ്ക് കാര് കൊണ്ട് പോകും എന്ന അവസ്ത്തെലാ. പാടോം പറമ്പും ഒക്കെ ഫിനാന്സുകാര് കൊണ്ട് പോയി. ഇപ്പം വരും. കൂലിപ്പണിക്ക് പോയിരിക്കുവാ "



"ഓ സൊ സാഡ്. എത്ര രൂപാ വരും കടം? "



ഇനി ഇപ്പൊ ഒരു അഞ്ചാറ് ലക്ഷം കൂടെ കാണും.



"ഓ നോ. ഇതിനാണോ ടെന്‍ഷന്‍. നാളെ തന്നെ സെറ്റില്‍ ചെയ്യാമെന്ന് ബാങ്ക് കാരോട് പറയു."



"എന്നാലും എന്റെ കുഞ്ഞുകുഞ്ഞേ, നീ പെര്ശ്യക്കും മിറ്റെം പോയോ? തെണ്ടി തിരിഞ്ഞു വരും എന്നല്ലേ, ഞാന്‍ കരുതിയെ. "



"ഹി ഹി ഹി ഡാഡ്! അങ്ങിനെ ആകുമായിരുന്നു. പക്ഷെ ആ നായിന്റെ മോന്റെ ചാണക കുഴി കഴുകി കിട്ടിയ കാശ് എണ്ണി, പിണ്ണാക്കും തിന്നു കിടന്നപോള്‍ എനിക്ക് തോന്നി എന്തയാലും കുറെ കാശ് ചീട്ടു കളിച്ചു പോയി. എന്നാ ആ വഴിക്ക് തന്നെ പിടിക്കാം. കിട്ടിയ കാശ് കൊണ്ട് കിലുക്കി കുത്ത് തുടങ്ങി. ഞാന്‍ കളിച്ചില്ല. മറ്റവന്മാരെ കൊണ്ട് കളിപ്പിച്ചു. അറിയാവുന്ന പണി അല്ലെ ചെയ്യാന്‍ പറ്റൂ. പിന്നെ പള്ളി പെരുന്നാള്‍, ഉത്സവം, മൂന്നു നാലു ടീമിനെ കീഴിലിട്ടു കളി വിപുലീകരിച്ചു. ഒരു ആള്‍ കേരള നെറ്റ്‌വര്‍ക്ക്. സംഗതി ഏറ്റു. ഗോവയില്‍ ഇപ്പൊ 8 കാസിനോയാ വാങ്ങി ഇട്ടിരിക്കുന്നേ"



"കുഞ്ഞൂഞ്ഞേ നീ ഒരു വല്ലാത്ത പഹനാണെടാ" എന്ന് ചിന്തിച്ചു നില്‍ക്കെ അപ്പന്റെ മടിക്കുത്തില്‍ ബ്ലാങ്ക് ചെക്ക് ഒപ്പിട്ടു വെച്ചു മുടിയന്‍ കാര്‍ സ്ടാര്റ്റ് ചെയ്തിരുന്നു.



ചുമ്മാതാണോ കര്‍ത്താവ്‌ പറയുന്നത് "വഴി തെറ്റി പോയവനെ തേടി പോകണം എന്ന്. ഇത് പോലുള്ള ഗുണങ്ങള്‍ ഉണ്ടാകും എന്ന് കര്‍ത്താവിനു അന്നേ അറിയാമായിരുന്നു." തന്തപ്പടി ചാര് കസേരയില്‍ കാലു നീട്ടിയിരുന്നു. പണ്ടത്തേക്കാള്‍ അഹങ്കാരത്തോടെ.

2010, നവംബർ 6, ശനിയാഴ്‌ച

ജീവിതവും മരണവും

നിന്റെ പുല്‍നാമ്പുകള്‍
രാത്രിയുടെ ആദ്യയാമത്തില്‍
ഞാന്‍ കണ്ടതാണ്
എന്റെ മിഴികള്‍
ഉറങ്ങി തുടങ്ങും വരെ
മഞ്ഞു തുള്ളിയെ
നീ കടം വാങ്ങിയിരുന്നില്ല.

അതില്‍ നിന്റെ കണ്ണുണ്ട്
മഞ്ഞിന്റെ കണ്ണുകള്‍
കൃഷ്ണമണിയില്‍
എന്റെ വിളറിയ ചിരിയും
കണ്ണുകൊണ്ട് മാത്രം
നീ പറയുന്നതിനെ
ഞാന്‍ ജീവിതം എന്ന് വിളിച്ചു

വെയില്‍ വീണു തുടങ്ങുന്നു
നീ കടം വാങ്ങിയ
മഞ്ഞു തുള്ളിയുടെ കഥകള്‍
പാതി വഴി തീരുകയാണ്
വെയിലിനു ചൂട് കൂടുന്നു
അടയുകയാണ്
മഞ്ഞിന്റെ കണ്ണുകള്‍

എന്റെ വിളറിയ ചിരി
അത് കൊണ്ട് നിനക്കൊരു
റീത്ത്
മഞ്ഞിന്റെ കണ്ണുകള്‍
അടയുകയാണ്
അതിനെ
ഞാന്‍ മരണം
എന്ന് വിളിച്ചു.






2010, നവംബർ 4, വ്യാഴാഴ്‌ച

പുഴയൊഴുകുമ്പോള്‍

പുഴേ
നീ വഴിമാറി
ഒരുപാട് ദൂരം
ഒഴുകിപോയി

എന്റെ കാത്തിരിപ്പിന്‍
വഴിയിലേക്ക്
നിന്റെ ചാല് കീറുവാന്‍
എനിക്കായുസും
തീര്‍ന്നെ പോയ്‌

ഇനിയെന്റെ തീരം
നീ അറിയണമെങ്കില്‍
ഭൂമിയുടെ മാറില്‍
ഉരുള്‍ പൊട്ടണം
വേദ പുസ്തകങ്ങള്‍
അതിനെ പ്രളയം
എന്ന് വിളിക്കും
നാല്പത് രാവ്
നീണ്ട പ്രളയം

പുഴേ
നീ വഴിമാറി
ഒരുപാട് ദൂരം
ഒഴുകിപോയി

2010, നവംബർ 2, ചൊവ്വാഴ്ച

A Suicide

A sleep
Small,
But a death,
Though wake up
Not in the heavens
Small
But Beautiful.
So,
Let's not
Wake up honey,
The winter is here.
Beneath,
The heats of
This blanket,
Let's close our eyes
Tightly,
Not to wake up
A sleep
But
A Death.

2010, ജൂൺ 15, ചൊവ്വാഴ്ച

പ്രോജക്ടുകള്‍ പറയുന്നത്...

ഗൌതം: നീ ബോസിന്റെ മെയില്‍ കണ്ടോ മൊഹമ്മദ്‌?

മൊഹമ്മദ്‌: Yes, Yes! ഞാന്‍ കണ്ടായിരുന്നു.

ഗൌതം: ഉം. ആള്‍ ആകെ worried ആണ് തോന്നുന്നു.

മൊഹമ്മദ്‌: ശരിയാണ്. അല്ലെങ്കില്‍ ഇങ്ങനെ ഒരു മീറ്റിംഗ് അതും എല്ലാ പ്രോജെക്റ്റ്‌ ലീഡിനെയും വിളിച്ച് ഇതാദ്യമാ. By the way, നിന്റെ റിപ്പോര്‍ട്ട്‌ തീര്‍ന്നോ?

ഗൌതം: ഉം തീര്‍ന്നു കൊണ്ടിരിക്കുന്നു. ഉച്ചക്ക് മുന്പ് തീര്‍ക്കാം. ആ ശങ്കര്‍ എവിടെ കാണുന്നില്ലല്ലോ?

മൊഹമ്മദ്‌: അവന്‍ ലൈബ്രറിയില്‍ കാണും. ഒരു പുസ്തകം കിട്ടിയാല്‍ പിന്നെ അതിന്റെ അവസാന പേജ് വരെ തിന്നു തീര്‍ക്കാതെ ഉറക്കം വരാത്ത പാര്‍ട്ടിയാ.

ഗൌതം: മീറ്റിങ്ങിന്റെ കാര്യമൊന്നും അറിഞ്ഞു കാണില്ല.

മൊഹമ്മദ്‌: ഉവ്വ് ഞാന്‍ പറഞ്ഞു.... One minute...ഒരു കോള്‍ വരുന്നു.

മൊഹമ്മദ്‌ ഹെഡ് ഫോണ്‍ ചെവിയില്‍ തിരുകി വെച്ചു ക്യുബിക്കിളില്‍ നിന്നും പുറത്തേക്കിറങ്ങി. ഗൌതം തന്റെ കോഫീ മഗിലെക്ക് നോക്കി. രാവിലെ എടുത്തു വെച്ച കാപ്പിയാണ് ആറി തണുത്തിരിക്കുന്നു. കുടിക്കാന്‍ തോന്നിയില്ല. പിന്നെ കീ ബോര്‍ഡില്‍ F5 അടിച്ച്‌ പ്രസന്റേഷന്‍ പ്രിവ്യു നോക്കിയിരുന്നു. മൊഹമ്മദ്‌ തിരികെ എത്തുമ്പോഴേക്കും അവസാന സ്ലൈഡ് കൂടെ സ്ക്രീനില്‍ നിന്ന് മാഞ്ഞിരുന്നു.


മൊഹമ്മദ്‌: ഈശോ ജോസപ്പാ...

ഗൌതം: ആര് നമ്മുടെ ഇജോയോ?

മൊഹമ്മദ്‌: Yea!! വഴിയില്‍ വണ്ടി ബ്രേക്ക് ഡൌണ്‍ ആയി കിടക്കുന്നു. ഇതിപ്പോ മൂന്നാമത്തെ ബ്രേക്ക് ഡൌണ്‍ ആണ്. ഞാന്‍ അവനെ പിക്ക് ചെയ്തിട്ട് വരാം.

ഗൌതം: ഓകെ. അപ്പോഴേക്കും ഞാന്‍ ഒന്ന് റിഫ്രെഷ് ആയിട്ട് വരാം. പിന്നെ യാദവ്നെ കൂടെ വിളിച്ചോളൂ. ഈവനിംഗ് ഷിഫ്റ്റ്‌ ആയത് കൊണ്ട് മീറ്റിങ്ങിന്റെ കാര്യം അറിഞ്ഞു കാണില്ല.

***

ഇജോയും മൊഹമ്മദും യാദവും വരുമ്പോള്‍ ഗൌതം ഉറങ്ങുകയായിരുന്നു. ഇജോ അയാളുടെ പുറത്ത് തട്ടി. അയാള്‍ ഞെട്ടി ഉണര്‍ന്നു.

ഇജോ: നല്ല ഉറക്കത്തിലാ അല്ലെ?

ഗൌതം: ഹേയ്...അല്ല. വര്‍ക്ക് തീര്‍ന്നപ്പോള്‍ ഒന്ന് ചാരി ഇരുന്നതാ മയങ്ങിപോയി. നിന്റെ
വണ്ടി എന്തെ?

ഇജോ: ഓ അത് തല്ക്കാലം വഴിയിലിട്ടു.

ഗൌതം: ഇവനെ എവിടുന്നു പൊക്കി.

ഗൌതമിന്റെ നോട്ടം അന്നേരം യാദവിന്റെ നേരെ ആയിരുന്നു.

മൊഹമ്മദ്‌: എവിടെ നിന്ന് പൊക്കാന്‍. ഏതെങ്കിലും പാര്‍കിലോ മരച്ചുവട്ടിലോ ഈ മൌത്ത് ഒര്‍ഗനുമായി കറങ്ങി നടക്കുന്ന ഇവനെ കണ്ടു പിടിക്കാനാണോ ഇത്ര പണി.

യാദവ്: വേണ്ട വേണ്ട. അധികം കളിയാക്കണ്ട. വാ പോവാം.മീറ്റിങ്ങിനു സമയമായില്ലേ..

മൊഹമ്മദ്‌: അല്ല ശങ്കര്‍ ഇത് വരെ വന്നില്ലല്ലോ?

യാദവ്: അവന്‍ ഇടക്ക് വന്നിരുന്നു. വീണ്ടും പോയി. ഒരു മിസ്ഡ് അടിച്ചാല്‍ മതി. വരും. ഒരു മിനിറ്റ് ഞാന്‍ വിളിക്കാം.

***

അഞ്ച് ലാപ്ടോപ്പുകള്‍ക്ക് പിന്നിലായി അവര്‍ ഇരിപ്പുറപ്പിച്ചു. ആറാമത്തെ സീറ്റ് ഒഴിഞ്ഞു കിടന്നിരുന്നു. അതിലേക്ക് കണ്ണുകള്‍ കൊണ്ടൊരു ചോദ്യം ശങ്കറില്‍ നിന്നുയര്‍ന്നു.

ശങ്കര്‍: തെരെസയില്ലേ ഇന്ന്?

യാദവ്: ഉണ്ട്. ഞാന്‍ വിളിച്ചിരുന്നു. ഫീല്‍ഡില്‍ ആണ് വരാന്‍ വൈകും.

ശങ്കര്‍: ഐ സീ...

***
അഞ്ചാമത്തെ പ്രസന്റേഷന്‍ അവസാന സ്ലൈഡില്‍ എത്തുമ്പോള്‍ എല്ലാവരുടെയും കണ്ണുകള്‍ ബോസിന്റെ മുഖത്തായിരുന്നു.

ബോസ്: എന്ത് തോന്നുന്നു? നമ്മള്‍ ഇങ്ങനെ മുന്നോട്ടു പോകുന്നതില്‍ എന്തെങ്കിലും അര്‍ത്ഥമുണ്ട് എന്ന് തോന്നുന്നുണ്ടോ?

അഞ്ച് പേരും മുഖത്തോട് മുഖം നോക്കി.

ബോസ്: നിങ്ങള്‍ നന്നായി എക്സിക്യൂട് ചെയ്തില്ല എന്ന് ഞാന്‍ പറയില്ല. നമ്മുക്കെത്ര വേണമെങ്കിലും ഇനിയും invest ചെയ്യാം. പക്ഷെ അതിന്റെ റിസള്‍ട്ട്? See അതിനൊരു longterm effect ഉണ്ടോ എന്നത്? ഞാന്‍ വല്ലാതെ hopeless ആണ്.


ഇജോ: പക്ഷെ ഒറ്റയടിക്ക് എല്ലാ പ്രോജെക്ടും പിന്‍ വലിക്കുക എന്ന പറഞ്ഞാല്‍?

ബോസ്: പിന്നെ...

യാദവ്: ഇവയുടെ ഔട്ട്‌ കം പ്രതീക്ഷിക്കുന്ന പ്രോസ്പെക്ടിവ് യൂസേര്‍സ് ഇല്ലേ?

മൊഹമ്മദ്‌: മാത്രമല്ല എത്ര പേര്‍ ഈ പ്രോജക്ടുകളെ ഡിപെന്റ്റ് ചെയ്ത് നില്‍ക്കുന്നു?

ബോസ്: ഉം.. നോക്കട്ടെ..തെരേസയുടെ ഫീല്‍ഡ് റിപ്പോര്‍ട്ട്‌ കൂടെ നോക്കിയിട്ട് പറയാം.

"മേ ഐ കം ഇന്‍?" റൂമിന് പുറത്ത് നിന്നുള്ള ശബ്ദം അവരുടെ കണ്ണുകളെ വാതില്‍ പാളിയിലേക്ക് നീങ്ങി. ഒരു ചെറിയ ഞെരക്കത്തോടെ വാതില്‍ അനങ്ങി.

ബോസ്: ആഹ്. തെരേസ വരൂ.

തെരേസ: സോറി. അയാം ലേറ്റ്.

ബോസ്: ഇറ്റ്സ് ഓക്കേ. ഞങ്ങള്‍ തെരേസയുടെ ഇന്പുട്ട് കൂടെ കിട്ടാന്‍ വെയിറ്റ് ചെയ്യുവായിരുന്നു. എന്താണ് ഫീല്‍ഡ് റെസ്പോന്‍സ്‌?

തെരേസ: ലെറ്റ് മി ഹവ് സം വാട്ടര്‍ ഫസ്റ്റ്?

ഗൌതം: ഷുവര്‍.

ഗൌതം തന്റെ മുന്നിലിരുന്ന മിനെരല്‍ വാട്ടര്‍ ബോട്ടില്‍ തെരേസയ്ക്ക് നേരെ നീട്ടി. മറ്റുള്ളവര്‍ അക്ഷമയോടെ നോക്കിയിരുന്നു.

തെരേസ: ഫീല്‍ഡ് റെസ്പോന്‍സ്‌ പൂര്‍ണ്ണമായും പോസിറ്റിവ് അല്ല. പക്ഷെ! എനിക്ക് തോന്നുന്നത് നമ്മള്‍ പെട്ടെന്ന് നിര്‍ത്തേണ്ട എന്നാണു.

ബോസ്: വൈ?

തെരേസ: Sir, still the market is in great need of our project. I think we have to extend them.

ബോസ്: ഊം.. ഓക്കേ. എന്തായാലും നിങ്ങളുടെ projektum തെരേസയുടെ റിപ്പോര്‍ട്ടും സബ്മിറ്റ് ചെയ്തിട്ട് പൊയ്കോളൂ. തല്‍ക്കാലം നമ്മള്‍ക്ക് തുടരാം. Ok. That's it for now. See ya all.

പരസ്പരം ഷേക്ക്‌ ഹാന്‍ഡ്‌ കൊടുത്ത് അവര്‍ സീറ്റുകളില്‍ നിന്നെഴുന്നേറ്റു. പിന്നെ മിനിട്സ് പേജില്‍ അവരവരുടെ പേരും അതിനു നേരെ പ്രൊജക്റ്റ്‌ ടൈറ്റിലും എഴുതി വെച്ച് അവര്‍ പിരിഞ്ഞു.


2010, ജൂൺ 14, തിങ്കളാഴ്‌ച

ദൈവത്തിന്റെ മൌനം - The Sea and the Poison

Title: The Sea and the Poison
Author: Shusako, Endo
Gynre: Novel
Pages: 167

എന്ത് കൊണ്ട് ദൈവം നിശബ്ദനാകുന്നു? ഡോ. സുഗറോയുടെ ഈ ചോദ്യം എന്നെ അസ്വസ്ഥനാക്കുന്നു. ഷൂസകു എന്ഡോയുടെ The Sea and the Poison (1958) എന്ന പുസ്തകം അനാവരണം ചെയ്യുന്ന ചിത്രങ്ങള് അത്രമാത്രം മനസ്സിനെ അലോസരപെടുത്തി കൊണ്ടിരിക്കുന്നു.

ജാപ്പനീസ് എഴുത്തുകാരനാണു ഷൂസകു (1923-1996). രണ്ടാം ലോകമഹായുദ്ധത്തിനുശേഷമുള്ള ജാപ്പനീസ് സാഹിത്യത്തിന്റെ മൂന്നാം തലമുറയിലാണു ഷൂസകു വരുന്നത്. ജീവിത മൂല്യങ്ങളില്‍ ഊന്നി നില്കുന്നവയാണ് അദേഹത്തിന്റെ രചനകള്‍. യഥാര്ത്ഥത്തില്, ഷൂസകുവിന്റെ ഒട്ടുമിക്ക കഥാപാത്രങ്ങളും ധാര്മികപ്രതിസന്ധികളുമായി മല്ലിടുന്നവരാണു. അത്തരമൊരു കഥാപാത്രമായ ഡോ.സുഗുറോയുടെ സ്മൃതിപഥങ്ങളിലുടെയാണു ദ് സീ ആന്റ് ദ് പോയിസന് എന്ന നോവല് ചലിക്കുന്നത്.

രണ്ടാം ലോകമഹായുദ്ധകാലത്താണു നോവലിനാസ്പദമായ കഥ നടക്കുന്നത്. ജെര്മനിയുടെ കോണ്സന്ട്രേഷന് ക്യാംപിനോട് തട്ടി നില്ക്കില്ലെങ്കിലും കരുണയുടെ ലാഞ്ചന പോലും നിഴലിക്കാത്ത ഡോക്ടര്മാര് നിറഞ്ഞ പരീക്ഷണശാലയില് അവര് പരിപാലനയ്ക്ക് കാത്തുകിടക്കുന്നു, അമ്മേരിക്കയില് നിന്നുള്ള യുദ്ധത്തടവുകാര്. "ഡോക്ടര്മാര് വിശുദ്ധരല്ല" എന്നു വിശ്വസിക്കുന്ന ദോഡയേപ്പോലൊരു ക്രൂരനായ സഹപ്രവര്ത്തകന്റെ കൂടെ വൈദ്യശാസ്ത്രത്തിന്റെ എതിക്സിനു നിരക്കാത്ത പരീക്ഷണങ്ങള്ക്ക് കൂട്ടാളിയും സാക്ഷിയുമാകേണ്ടി വരുന്ന സുഗോറോയുടെ മനോവ്യഥയും ധാര്‍മീക പ്രതി സന്ധിയുമാണ് നോവലിന്റെ ത്രെഡ്. ജീവന്റെ നീതി നടപ്പക്കേണ്ട കൈകള്, ജീവനെ നിഷേധിക്കുമ്പോള് സുഗോറോയുടെ ചോദ്യങ്ങള് ഉയരുന്നത് ദൈവത്തിന്റെ മൌനത്തിലേക്കാണു.

ഡോ. ദോഡയുടെ നേതൃത്വത്തിലുള്ള പരീക്ഷണസംഘത്തിന്റേ ക്രൂരമായ പരീക്ഷണങ്ങള്ക്ക് വിധേയരാകുന്ന പരീക്ഷണ മൃഗങ്ങള് മാത്രമാണു അമ്മേരിക്കന് തടവുകാര്. മനുഷ്യശരീരത്തില് എത്രമാത്രം ലവണജലം കടത്തിവിട്ടാല് , ശ്വാസകോശകലകള് എത്രമാത്രം അടര്ത്തിമാറ്റിയാല്, ശരീരത്തിലേക്ക് എത്ര മാത്രം വായു ഇഞ്ചെക്ട് ചെയ്താല് ഒരാള് മരിക്കും തുടങ്ങിയ മനുഷ്യത്വരഹിത പരീക്ഷണങ്ങള് അവിടെ അരങ്ങേറുന്നു. അവിടെ മൂല്യങ്ങളുടെ പ്രതിപുരുഷനാകുന്ന ഡോ. സുഗുറോ ഒറ്റപ്പെടുന്നു. സഹപ്രവര്ത്തകരുടെ പരിഹാസശരങ്ങളേക്കാളുപരി, തന്റെ ധാര്മികത തളര്ന്നു പോകുന്നതാണു സുഗുറോയേ ഏറ്റവും വേദനിപ്പിക്കുന്നത്. അദ്ദേഹത്തോട് ദോഡ പറയുന്നു "സുഗോറോ, അവര് വിജയിക്കേണ്ടവരാണു, അവര് സമ്പൂര്ണ്ണമായ അറിവ് നേടേണ്ടവരാണു. പുതിയ സാങ്കേതിക വിദ്യകള് അഭ്യസിക്കുവാന്, അവരുടെ പരീക്ഷണങ്ങള് പട്ടികളിലും കുരങ്ങുകളിലും മാത്രം ഒതുക്കി നിര്ത്താനാവില്ല. ഇതാണു ലോകം, നിങ്ങളതിനു അനുരൂപനാകേണ്ടിയിരിക്കുന്നു." ഈ പരീക്ഷണങ്ങള് അവര്ക്ക് നല്ക്കുന്ന അറിവെന്ത് എന്ന ചോദ്യത്തിന് ദോഡ പറയുന്ന മറുപടി രാജ്യത്തേ കാര്ന്നു തിന്നുന്ന ക്ഷയരോഗത്തെ അമര്ച്ച ചെയ്യാന് ഈ പരീക്ഷണങ്ങളില് നിന്നു ലഭിക്കുന്ന അറിവ് ഉപയോഗപ്രദമാകും എന്നതാണ്. “എന്തായാലും ഈ തടവുകാര് മരിക്കാണുള്ളവരാണു. എങ്കില് പിന്നെ അതു വൈദ്യശാസ്ത്രത്തിനുതകുന്ന അറിവ് നല്കിക്കൊണ്ടായിക്കോട്ടെ.” ഡോക്ടറുടെ പരിചരണം എന്ന രോഗിയുടെ അടിസ്ഥാനപരമായ ആഗ്രഹം അസ്തമിക്കുന്നിടത്ത് സുഗുറോയുടെ നിസ്സഹായവസ്ഥ പൂര്ണ്ണമാകുന്നു.

കഥ നടന്നു വര്ഷ്ഷങ്ങള്ക്ക് ശേഷം, ക്ഷയിച്ചു കൊണ്ടിരിക്കുന്ന തന്റെ ക്ളിനിക്കില് വരുന്ന രോഗിയോട് പറയുന്നത് പോലേ പോകുന്ന കഥ ഇടയ്ക്ക് പറയുന്ന സങ്കേതത്തില് ആശയക്കുഴപ്പം സൃഷ്ടിക്കുന്നുണ്ടെങ്കിലും വായനയുടെ സുഖത്തെ ഒരു വിധത്തിലും ഹനിക്കുന്നില്ല. 167 പേജുകള് അടയ്ക്കുമ്പോള് മരിക്കുന്നതിനു തൊട്ടുമുന്നേ തന്നെ മരണത്തിലെക്കു തള്ളിവിടുന്ന ഡോക്ടറുടെ നേര്ക്കുയരുന്ന തടവുകാരന്റെ ദയനീയ മിഴികള്, ആ മിഴികളില് നിന്നുയരുന്ന ജീവനു വേണ്ടിയുള്ല യാചന, ഡോ. സുഗുറോയുടെ തളര്ന്നു പോകുന്ന കരുണയുടെ കരങ്ങള്, തകര്ന്നു വീഴുന്ന മൂല്യങ്ങള്, അവ എന്റെ ഉറക്കത്തേ അപഹരിച്ചു കൊണ്ടു എങ്ങോ മറയുന്നു.

2010, മേയ് 13, വ്യാഴാഴ്‌ച

അബ്രയുടെ കൊഞ്ചലുകള്‍

ശ്യാം,

ഞാന് ഈ കത്തെഴുതുമ്പോള് എന്റെ കൂടെ മെലിന്റ ഉണ്ട്. നാളെ അവള് ഫിലിപീന്സിലേക്ക് മടങ്ങുന്നു. അവളുടെ വിസയുടെ കാലാവധി അവസാനിക്കുകയാണ്. പെട്ടെന്നൊരു ജോലി നഷ്ടപെട്ടതിന്റെ ഷോക്ക്, മറ്റൊന്നു കിട്ടാത്തതിലുള്ള വേദന അതില് നിന്നൊക്കെ അവള് ഇപ്പോഴും മോചിതയല്ല എന്ന് തോന്നുന്നു. മുന്പൊക്കെ നിര്ത്താതെ കലപില കൂട്ടിയിരുന്ന അവള് ഇപ്പോള് കഴിഞ്ഞ ഒരു മണിക്കൂറായി ഈ ഓളപ്പരപ്പില് നോക്കി നിശബ്ദമിരിക്കുന്നു. മനസിലെ പൊള്ളല് യാതൊരു ആലന്കാരികതയുമില്ലാതെ അവള് പറഞ്ഞു നിര്ത്തിയത് ആ ഒരു മണിക്കൂര്‍ മുന്പാണ്. "Arun Im down " പിന്നീടുള്ള അവളുടെ നിശബ്ദമായ വരികള് മുഴുവനും ഏറ്റുവാങ്ങിയത് ഈ ഓളങ്ങളാണ്. അബ്രയുടെ ഓളങ്ങള്.

ദുബായ് എന്ന മഹാനഗരത്തിന്റെ തിരക്കില് ആരാലും അറിയപ്പെടാതെ തെന്നി നീങ്ങുന്ന എന്റെ ജീവിതത്തിലെ വെള്ളിയാഴ്ച്ചകളും അതിന്റെ സായന്തനങ്ങളും ഏറ്റവും അധികം അപഹരിച്ചു കൊണ്ട് പോയിട്ടുള്ളത് ഈ തീരമാണ്. മെലിന്റയും ഒരുപക്ഷെ ഇത് തന്നെ പറയും എന്ന് തോന്നുന്നു. അവള് എന്റെ സുഹൃത്തായതിനുശേഷം ഞങ്ങള് ഇവിടെ വന്നിരിക്കാത്ത വെള്ളിയാഴ്ചകള് നന്നേ കുറവാണ്. ഇവിടെയിരുന്നു പാടിതീര്ത്ത വരികള് എത്ര? ബ്രയാന് ആദംസിന്റെ പാടുകള് ഇഷ്ടപെടുന്ന അവള് വലിയ മെച്ചമല്ലാത്ത എന്റെ സ്വരത്തില് എത്ര തവണയാണ് Everything I do; I do it for you കേട്ടിട്ടുള്ളത്? അല്ലെങ്കില് തന്നെ ഏത് കഴുതയെക്കൊണ്ടും പടുപാട്ട് പാടിക്കാനുള്ള സൌന്ദര്യം ഈ തീരത്തിനുണ്ട്. ഈ അബ്രകളുടെ തീരത്തിന്.

നഗരത്തെ രണ്ടായ് പിളര്ന്നു പോര്ട്ട് റഷീദ് മുതല് രാസ് അല് ഖോര് വരെ നീണ്ടു കിടക്കുന്ന ദുബായ് ക്രീക്ക്. ചിലര് അബ്ര എന്ന് വിളിക്കുന്നു. ചിലര് ക്രീക്ക് എന്ന് വിളിക്കുന്നു. പേര് കൊണ്ടെന്തു വിളിച്ചാലും ഈ തീരം പറയുന്ന കഥകളെല്ലാം ഒന്ന് തന്നെ. ഇവളോട് പറയുന്ന കഥകളും ഒന്ന് തന്നെ. പറയുന്നവന്റെ ദേശവും ഭാഷയും മാത്രം മാറുന്നു. പിന്നെ വിളിപ്പേരുകളും. തെംസും യമുനയും നൈലും സെയിനും യുഫ്രാട്ടീസും എല്ലാം ഇപ്പോള് എനിക്ക് തീരമാണ്. ഒരു തീരത്ത് ബര്ദുബായ്. മറുതീരത്ത് ദേരയും. ഇതിനിടയില് ദൈവം കീറിയിട്ട പതിനഞ്ചു കിലോ മീറ്റര് ജലാശയം. അവളുടെ നെഞ്ചിലൂടെ താളമിട്ടു പായുന്ന അബ്രകള് എന്ന ചങ്ങാടങ്ങള്. ഒരു ദിറം കൊടുത്താല് അതില് കയറി ദേരയിലേക്ക് പോവാം. തിരികെ വരാനും അങ്ങിനെ തന്നെ. ഇറാനികളോ ബംഗാളികളോ നിയന്ത്രിക്കുന്ന ഈ ചങ്ങാടങ്ങളില് അധികവും യാത്ര ചെയ്യുന്നത് സാധാരണക്കാരാണ്. ചങ്ങാടം നിയന്ത്രിക്കുന്നയാളുടെ നിസംഗത യാത്രക്കാരിലേക്കും പടര്ന്നിരിക്കും.

ഒട്ടുമിക്കവരും ജോലി കഴിഞ്ഞു പോകുന്നവരാണ്. താരതമ്യേന ചിലവ് കുറഞ്ഞ ദേരയില് താമസിക്കനിഷ്ടപെടുന്ന ഇവരുടെ ജീവിതം ഈ രണ്ടു തീരങ്ങള്ക്കിടയില് പാഞ്ഞു തീരുന്നു. ഒരുപക്ഷെ അവരുടെ ആകെയുളള ഒരാശ്വാസം അബ്രകളില് തട്ടിതെറിക്കുന്ന ക്രീക്കിന്റെ ജലമര്മ്മരങ്ങളാണ്. അല്ലെങ്കില് ആ ഓളങ്ങളില് തട്ടാതെ അവരുടെ ചിന്തകള് നാട്ടിലേക്ക് പോവുന്നുണ്ടാവം. നോട്ടമെത്താത്ത ദൂരത്തെ ഓര്മ്മകള് നോട്ടമെത്തുന്ന തീരങ്ങളില് കണ്ട് നെടുവീര്പ്പുമായി മൂന്നോ നാലോ നിമിഷങ്ങള്. അവയ്ക്കിടയിലൂടെ മന്ദം നീങ്ങുന്ന വിനോദയാനങ്ങള്. രാത്രിയായാല് ഈ യാനങ്ങളിലെ വര്ണവിളക്കുകള് നല്കുന്ന നിറമാണ് ഇവളുടെ സൌന്ദര്യം. ഒന്നിന് പിറകെ ഒന്നായി അവ നെഞ്ചിലേറ്റി കൊണ്ട് പോവുന്ന വിനോദ സഞ്ചാരികള്. അബ്രകളില് തളംകെട്ടി നില്കുന്ന മൌനത്തിന്റെ നേരെ വിപരീതമാണ് ഈ യാനങ്ങള്. തുടര്ച്ചയായി അലയടിക്കുന്ന അറേബ്യന് സംഗീതം. ചിലര് അതിനൊപ്പം ചുവട് വെക്കുന്നു. Some dance to remember; some dance to forget. ഗര്ഹൂദ്, മക്തൂം, ബിസിനസ് ബേ, പൊങ്ങുപാലം തുടങ്ങിയ പാലങ്ങള് കടന്നു പോകുന്ന യാത്ര. ഇവിടെയാണ് എഞ്ചിനീയറിംഗ് വിസ്മയം എന്ന് ലോകം പറയുന്ന ഷിന്ടക ടണല് പാത.

കുറച്ചു ദൂരെ മാറി ഒരു പാക്കിസ്ഥാനി ഉറക്കെ ഫോണില് സംസാരിക്കുന്നു. അയാള് ഇടയ്ക് കരയുന്നുണ്ട്. ഒരാള് പരസ്യമായി ഫോണില് വിളിച്ചു കരയുന്ന കാഴ്ച ഞാന് ആദ്യമായി കാണുന്നതല്ല. ഇന്റര്‍ നെറ്റ് കഫെകളില്‍, ചെറിയ ഗള്ളികളിലെ നടപ്പാതകളില്‍, ഈന്തപ്പനയുടെ തണലരികില്‍ ഒക്കെ. ഇവിടെ ചിതറിതീരുന്ന ജീവിതങ്ങളുടെ ബാക്കിപത്രമാണ് ഈ നിറയുന്ന കണ്ണുകള്‍. അയാളുടെ ഓര്‍മ്മകളില്‍ ഒരു പക്ഷെ തന്റെ മകന്റെയോ മകളുടെയോ കുഞ്ഞു ചിരിയും പിണക്കവുമാകാം. ഒറ്റപെടലിന്റെ പരിഭവമാകാം. ഇങ്ങനെ ഒരുപാട് പരിഭവങ്ങള്‍ ഇത് ഭാഷയിലും ഭാവത്തിലും പറഞ്ഞാലും ചെറിയ കല്ലുകളിലും പടവിലും തട്ടിയുടയുന്ന വാക്കുകളില്‍ ഈ ഓളങ്ങള്‍ മറുപടി പറയുന്നു.

ഇവിടെ ഇരുന്നു തല പൂഴ്ത്തി വെച്ചു കരയുന്നവര്. നാട്ടിലേക്ക് വിളിച്ചു വിതുമ്പുന്നവര്. ഇവിടെ വെച്ച് തന്നെ പറഞ്ഞ പ്രണയത്തിന്റെ ചിതാഭസ്മം ഇവിടെ തന്നെ ഒഴുക്കുന്നവര്. മുനിസിപ്പാലിറ്റി നിയമങ്ങള് ശക്തമായത് കൊണ്ടാവാം കീറിപ്പറന്നൊഴുകുന്ന പ്രണയലേഖനങ്ങളും പടര്ന്ന മാഷിവാക്കുകളും കുറവാണ്. പക്ഷെ ഇവിടെയിരുന്നു പ്രണയിക്കുന്നവര് ഒട്ടും കുറവല്ല. തീരത്തോട് ചേര്ന്നുള്ള പടവുകളില് അവര് നിരന്നിരിക്കുന്നു. ചിലര്ക്ക് ഭാഷയുടെയോ ദേശത്തിന്റെയോ വിശ്വാസങ്ങളുടെയോ അതിര്ത്തികളില്ല.

ഇതിനിടയില്‍ ഞാന്‍ തല ഉയര്‍ത്തി മെലിന്റയെ നോക്കി. അവള്‍ ഇപ്പോഴും നിര്‍വികാരമായി കണ്ണുകളെ മേയാന്‍ വിട്ടിരിക്കുകയാണ്. ഇരുതീരത്തിലുമായി ഉയര്‍ന്നു നില്‍ക്കുന്ന കെട്ടിടങ്ങള്‍ക്കിടയിലൂടെ അവളുടെ കണ്ണുകള്‍ അലഞ്ഞു നടക്കുന്നു. ജലതരംഗങ്ങലുണര്‍ത്തി വരുന്ന കാറ്റ് അവളുടെ മുടിയിഴകളെ അലോസരപെടുത്തുന്നു. കാറ്റില്‍ പടര്‍ന്നിരിക്കുന്ന പുകമണം ഇവിടുത്തെ സീഷേകളില്‍ നിന്നാണ്. ഹുക്ക പോലെയിരിക്കുന്ന സീഷേകളില്‍ നിന്നും പുകവലിച്ചിരിക്കുന്നവരാരും. നാട്ടിലെ വഴിയരികിലിരുന്നു ബീഡി വലിച്ചു തള്ളുന്നവരുടെ കൊച്ചു വര്‍ത്തമാനങ്ങള്‍ അനുസ്മരിപ്പിക്കുന്നില്ല. ആരും ആരെയും കേള്‍ക്കാതെ സ്വയം നിര്‍മിച്ച കൊച്ചു ലോകത്തിനുള്ളില്‍ നിന്നും പുക പുറത്തേക്കു തള്ളി കൊണ്ടിരിക്കുന്നു. അത് കൊണ്ട് തന്നെ ഇവിടം ശബ്ദമുഖരിതമല്ല. വഴി വാണിഭക്കാരുടെ ബഹളമൊഴിച്ചാല്‍..

“Arun let’s move”

മെലിന്റ ഒരു ഞെട്ടലില്‍ നിന്നെന്നത് പോലെയാണ് അത് പറഞ്ഞത്.

“Meli. A moment please. Few more lines to go”

"വെന്റ വാ" മലയാളത്തില്‍ പഠിച്ചു വെച്ചിട്ടുള്ള ചെറിയ വാക്കുകള്‍ ഇപ്പോഴും അവളെ കൊണ്ട് നന്നായി ഉച്ചരിപ്പിക്കാന്‍ എനിക്ക് കഴിഞ്ഞിട്ടില്ല. ശ്യാം, നിനക്ക് ഞാന്‍ ഇനി പിന്നീടെഴുതാം. വിസിറ്റ് വിസയില്‍ ഇവിടെ എത്തി ജോലിതേടി അലയുമ്പോള്‍ ഒരല്പം ആശ്വാസം തേടി ഇവിടെ വന്നിരിക്കുന്നവരെ കുറിച്ച്, ഈ തീരത്ത് കൊഞ്ചി കളിച്ച്ചോടുന്ന കുഞ്ഞിക്കാലുകളെ കുറിച്ച്, ഇവിടെ വിടര്‍ന്നും പൊഴിഞ്ഞും തീര്‍ന്ന പ്രണയങ്ങളെ കുറിച്ച്, കൂട്ടുകൂടി വരുന്നവരുടെ കൊച്ചു വര്ത്തമാനങ്ങളെ കുറിച്ച്, പ്രവാസമൊഴിഞ്ഞു പോവുമ്പോള്‍ ഈ തീരത്തോട് യാത്ര പറയാനെത്തുന്നവരെ കുറിച്ച്...

ഇപ്പോള്‍ ഞാന്‍ ഇവളെ യാത്രയാക്കട്ടെ. ഇനിയൊരിക്കലും ഒരുപക്ഷെ ഇവളെ ഞാന്‍ ഇനി നേരില്‍ കാണില്ലല്ലോ. അടുത്ത വെള്ളിയാഴ്ച മുതല്‍ ഈ തീരത്ത് ഞാന്‍ തനിച്ചാണ്.

2010, മേയ് 8, ശനിയാഴ്‌ച

അമ്മയോട്

നിന്റെ കണ്പീലിയില്
തട്ടിയുടഞ്ഞു പതിക്കുന്ന
മിഴി നീര് കണങ്ങള്
പൊതിഞ്ഞെടുത്തൊരു
ചെമ്പില കുമ്പിളില്
ചേര്ത്ത് വെക്കുന്നു ഞാന്
ഇടവഴിയില് മുല്മുനകള്
കീറിയെന് കാലു പിടയുമ്പോള്
മുറിവില് പുരട്ടിയെന്
നീറ്റലടക്കാന്...

2010, മേയ് 5, ബുധനാഴ്‌ച

ആ എസ് എം എസ്

പ്രിയേ ആ എസ് എം എസ് നീ എന്ത് ചെയ്തു?

ഏത് എസ് എം എസ്?

ഉത്തമഗീതം പോലെ കടും പ്രണയമാര്ന്ന എസ് എം എസ്...

അതോ, തിടുക്കപ്പെട്ട് അറിയുന്നതെന്തിന്?

ഡിലീറ്റ് ചെയ്തോ എന്നറിയാനാ

ചെയ്തെന്കിലെന്ത്?

ഓ ഒന്നുമില്ല

അതെന്താ നിന്റെ ഹൃദയമായിരുന്നോ അത്?

ഹേയ്! അതൊന്നുമല്ല. നിന്റെ കെട്ടിയോന് കാണും മുന്പ് അതങ്ങ് ഡിലീറ്റ് ചെയ്തേക്കാന് പറയാനാ.

2010, ഏപ്രിൽ 20, ചൊവ്വാഴ്ച

ഒരു പ്രൊഫണല് നാടകത്തിന്റെ ഓര്മ്മയ്ക്ക്

അന്നൊരു വെള്ളിയാഴ്ച ആയിരുന്നു. എ ഡി ആറും, ടോബിയും ഞാനും ഒരാവശ്യവുമില്ലാതെ, പ്രൊഫഷണല് നാടകമത്സരം കാണാന് തീരുമാനിച്ച ദിവസം. അങ്ങിനെ ഒരു വെള്ളിയാഴ്ച ഇനി ഒരു നാടകചരിത്രത്തില്പോലും ഉണ്ടാകരുതെന്ന് കേരളത്തിലെ പ്രൊഫഷണല് നാടകക്കാര് ഒന്നടങ്കം കൂട്ടപ്രാര്ത്ഥന നടത്തിയ ദിവസം.

എ ഡി ആറും ടോബിയും എന്റെ പഴയ കമ്പനിയായ പൂര്ണ്ണത്തിലെ സുഹൃത്തുക്കളാണ്. ഞങ്ങള് മൂന്നുപേരും പൂര്ണ്ണത്തിലെ നാടകവേദിയില് ഇടിമിന്നി നിന്നിരുന്നവര്, ( ഇടി മിന്നിയല്ല; ഇടി വെട്ടേറ്റു നില്ക്കുന്ന തെങ്ങുകളാണെന്ന് ചില പരദൂഷികള് പറയും; വെറും അസൂയ കൊണ്ടാ) നാടകമാകുന്ന മഹാസാഗരത്തില് മുങ്ങിത്തപ്പി കണ്ട ചപ്പും ചവറുമൊക്കെ വാരിയെടുത്തവര്. എ ഡി ആറും പിന്നെ ഞാനും ഒന്ന് രണ്ട് മിനിനാടകങ്ങളെഴുതി അവതരിപ്പിച്ചു കയ്യടി (കൈ നീട്ടി കിട്ടുന്ന അടി) വാങ്ങുകയും, സ്വതവേ ശാന്തശീലരായ പൂര്ണ്ണം എഞ്ജിനിയേഴ്സിനെ, ഗുണ്ടകളൂടെ നിലവാരം വരെ എത്തിച്ച ചരിത്രമുള്ളവരുമാണ്. നായകവേഷത്തിനായി കടിപിടി കൂടാത്തവനും അഥവാ നായക വേഷം കിട്ടിയില്ലെങ്കില് സ്വന്തമായി ഡയലോഗ് സപ്ളൈ ചെയ്തു, നായകനെ നിലംപരിശാക്കുന്നവനുമാ ഈ ടോബി. തന്റെ പെര്ഫോമന്സ് കാണാന് ചാന്സ് നഷ്ടപ്പെട്ടവരെ അടുത്ത ദിവസം തന്നെ പൂര്ണ്ണത്തിലെ ഫൂഡ്കോര്ട്ടില് വിളിച്ചുകൂട്ടി സ്പെഷല് ഷോ നടത്തി കയ്യടി വാങ്ങുന്ന ഏര്പ്പാടു കൂടി കക്ഷിക്കുണ്ട്.

ഇങ്ങനെയുള്ള ലവന്മാരാണു അഖിലകേരളാ പ്രൊഫെഷണല് നാടകമത്സരം കാണാന് പോയതു. അതും കിലോക്കണക്കിന് ഗോള്ഡ് തരാമെന്ന് പറഞ്ഞാലും സമ്മതിക്കാത്ത നൈറ്റ് ഷിഫ്ടും ഇരന്നു വാങ്ങി. നാടകത്തിന്റെ പേര് “തിരുക്കുടുംബം” രചന “നാരായണന് കുട്ടി”. അന്നത്തെ ഷിഫ്റ്റ് തീര്ന്നപാതി, തീരാത്തപാതി, മൂന്നും കൂടെ പാലാരിവട്ടത്തേക്ക് വെച്ചടിച്ചു. പോകുന്ന വഴി ഞാന് എന്റെ നാടകരംഗത്തെക്കുറിച്ചുള്ള അറിവ് തുമ്പും വാലുമില്ലാതെ പറഞ്ഞ് കൊടുത്ത് ആത്മനിര്വൃതിയടയുകയും ഡ്രാമാസ്കോപ്, കൊടച്ചക്രം മുതലായ എനിക്കറിയാവുന്നതും മറ്റവന്മാര്ക്ക് കേട്ടാല് ഒറ്റയടിക്ക് മനസ്സിലാവാത്തതുമായ വാക്കുകളൊക്കെ പറഞ്ഞ് ചുമ്മാ ആളാകുകയും ചെയ്തു.

പക്ഷെ, നാടകം തുടങ്ങുന്നതിന് മുന്പ് ഒരു ബാലേക്കാരന് പള്ളീലച്ചന് നാടകത്തെക്കുറിച്ച് ഒന്നു രണ്ടു വാക്കു സംസാരിക്കുന്നതായിരിക്കും എന്ന അനൌന്സ്മെന്റ് എന്നെ അസ്വസ്ഥനാക്കി. താന് കുറച്ചു മുമ്പ് ചുമ്മാ തട്ടിവിട്ട പുളുവടികള് പൊളിച്ചടുക്കാന് ഇങ്ങനെ ഒരു സംഗതി നാടകത്തിനു മുന്പ് നടത്തുമെന്നു ഞാന് സ്വപ്നത്തില് പോലും കരുതിയില്ല. എന്തായാലും സംഗതി തുടങ്ങി, ‘നാടകരംഗത്തെ പരിപ്രേക്ഷ്യങ്ങള്’. കൊള്ളാം എന്നെ വെട്ടുന്നവനാ ഈ പള്ളീലച്ചന് വായില് കൊള്ളാത്ത വാക്കാ പുള്ളിടെം ആയുധം. പരിപ്രേക്ഷ്യം എന്നവാക്കിന്റെ അര്ത്ഥം കണ്ടു പിടിക്കാന് ഒരു പതിനാറു ദിവസം വെക്കേഷന് എടുത്തേക്കാം എന്നു ടോബിയും എ ഡി ആറും അപ്പൊ തന്നെ തീരുമാനിച്ചു. ആ വാക്കിനെക്കുറിച്ച് വലിയ പിടിപാടില്ലാത്തതിനാല് അച്ചനും അതെപറ്റി ഒരക്ഷരം മിണ്ടിയില്ല. പുള്ളിക്കാരന് അച്ചന്മാരുടെ സ്ഥിരം പരിപാടിയായ, ചെക്കൊസ്ളൊവക്യ, ടുണീഷ്യ, അന്റാര്ട്ടിക്ക, മെസ്സൊപ്പൊട്ടേമിയ, ഗിട്ടൊശ്ശ്ക്കിസ്താന്, കൊടകര, വടകര, ചാലക്കുടി തുടങ്ങിയ നാടുകളില് സഞ്ചരിച്ച തള്ളുകഥകളുമായി കത്തിക്കയറി, ഏകദേശം ആഫ്രിക്കയിലും പ്രാന്തപ്രദേശങ്ങളിലും എത്തിയപ്പോള് പ്രതികരണശേഷി നഷ്ടപ്പെടാത്ത ഒരു ചേട്ടന് കലിപ്പായി. ‘നിര്ത്തിയിട്ട് നാടകം തുടങ്ങടൊ’എന്ന ഒരൊറ്റ ഡയലോഗില് അച്ചന്റെ പരിപ്രേക്ഷ്യം ഫുള്സ്റ്റോപ്പടിച്ചു.

നാടകം തുടങ്ങി, പേര് 'തിരുക്കുടുംബം' ബൈബിള് നാടകമാണു. യേശുവും, മറിയവും, ഔസേപ്പും ചേര്ന്ന തിരുക്കുടുംബത്തിന്റെ കഥ കാണാന് ആളുകള് വായും പൊളിച്ചിരുന്നു. അവരുടെ അടുത്തിരുന്ന വാ പൊളിക്കാന് കഴിയാത്തവര് മൂക്കുംപൊത്തിയിരുന്നു. അത്യാവശ്യം സത്യക്രിസ്ത്യാനികള് എന്ന് കണ്ടാല് തോന്നിക്കോട്ടെ എന്ന് കരുതിയ ചിലര് കൊന്തയെടുത്ത് നമസ്കാരം തുടങ്ങി.

ഓരൊ രംഗങ്ങളും കടന്നു പോയി, തിരുക്കുടുംബത്തിനെ മഷിയിട്ടു നോക്കിയിട്ടു പോലും കാണാനില്ല. ആറേഴു ഭാര്യമാരെക്കൂടാതെ, അനിയന്റെ ഭാര്യയെക്കൂടി അടിച്ചുമാറ്റിയ ഹേറോദേസ്, ഭര്ത്താവിനും പുള്ളിക്കാരന്റെ സെറ്റപ്പിനും വേണ്ടി മണിയറ റെഡിയാക്കുന്ന ഹേറോദേസിന്റെ വൈഫ്. അമ്മയുടെ തോന്ന്യാസം ചോദ്യം ചെയ്ത യോഹന്നാന്റെ തലയെടുക്കാന് അപ്പനെ മാദകനൃത്തം ചെയ്തു മയക്കുന്ന മകള്. കൊള്ളാം പഷ് ക്ളാസ് തിരുക്കുടുംബം, ഇതിനെയാണോ തിരുക്കുടുംബം എന്നു വിളിക്കുന്നതെന്നൊര്ത്ത് അന്തം വിട്ടു നില്ക്കുമ്പോള് ദേ വരുന്നു ഒരു ഇടിവെട്ടു ക്ളൈമാക്സ്. മാതാവും ശിഷ്യന്മാരും വട്ടമേശയ്ക്ക് ചുട്ടുമിരുന്നു തിരിയും കത്തിച്ചു പ്രാര്ത്ഥിക്കുന്നു. ഒപ്പം ഒരനൌണ്സ്മെന്റും “ഇതാ ഒരു തിരുക്കുടുംബം.” കര്ട്ടന്.

ടോബിയും എ ഡി ആറും പരസ്പരം വായും പൊളിച്ച് നോക്കി. "അടി ടോബിച്ചായാ ചുള്ളിയെ" എന്നലറിക്കൊണ്ട് എ ഡി ആര് ചാടിയെണീറ്റു. പക്ഷെ ചുള്ളിയുടെ പൊടിപോലുമുണ്ടായിരുന്നില്ല തല്ലിയൊടിക്കാന്. നാടകത്തിന്റെ ഗതി കണ്ടപ്പോള് തന്നെ ക്ളൈമക്സെത്തും മുന്പെ ടോബിയും എ ഡി ആറും എന്നെ കൈവെക്കുമെന്നുറപ്പായിരുന്നത് കൊണ്ട് ഞാന് നേരത്തെ തന്നെ സ്കൂട്ടായിരുന്നു.

വൈകുന്നേരം ബിരിയാണി അടിക്കാന് മാറ്റിവെച്ചിരുന്ന കാശു കൊടുത്തു വാങ്ങിയ നാടകടിക്കറ്റ് ചവച്ചു തുപ്പിയിട്ടും എ ഡി ആറിനു കലിപ്പു തീര്ന്നില്ല. നാരായണന് കുട്ടിയുടെ മൂന്നുനാലു തലമുറയിലെ പിതാമഹന്മാരെ വായില്തോന്നിയതൊക്കെ വിളിച്ചുപറഞ്ഞു പാവം കലിപ്പടക്കി. എ ഡി ആറിന്റെ കലിപ്പിന് തുല്യമായി അന്നേരം എന്തെങ്കിലും ഉണ്ടായിരുന്നെങ്കില് അത് ടോബിയുടെ നിരാശ മാത്രമായിരുന്നു. ഇതു തിരുക്കുടുംബമല്ല, തിരിക്കുടുംബാമണെന്നു പറഞ്ഞു പ്രാകി ടോബി പൂര്ണ്ണം വഴി പോകുന്ന ബസില് കയറിയതോടെ ഒരു പ്രഫണല് നാടകം കാണണമെന്ന ആഗ്രഹത്തിനും ലാസ്റ്റ് കാര്ഡ് കാണിച്ചിരുന്നു. ശുഭം.

2010, ഏപ്രിൽ 10, ശനിയാഴ്‌ച

തണലില്‍...



ഒരുകിയെന്‍ വേരുകളായിരം ചുടു
ചോര വീണ നിന്‍ മാറിലാഴ്ത്തി
ഊറ്റിയെടുത്തതാണീ പച്ചമര-
തണലുമതിന്‍ ചെറുകുളിര്‍മ്മയും...

2010, ഏപ്രിൽ 1, വ്യാഴാഴ്‌ച

വൈദ്യുതി ചാര്‍ജ്ജ് വര്‍ദ്ധിക്കുമ്പോള്‍...

ഏടീയെ..ദാണ്ടെ ഇവിടെയുണ്ടായിരുന്ന രണ്ടയേണ് ബോക്സിലൊന്ന് കാണുന്നില്ല, നീയെങ്ങാനും കണ്ടാരുന്നോ?

അതു ഞാന് വില്‍ക്കാന് വെച്ചു.

വില്‍ക്കാനോ
?

അതേ...നിങ്ങള്ക്ക് ഒരേ സമയം രണ്ടെണ്ണം വേണ്ടല്ലൊ.

വേണ്ടാ... പക്ഷെ നീയല്ലേ പറഞ്ഞതു രണ്ടണ്ണമുണ്ടെല് സമയലാഭാണെന്ന്?

ഇതിയാന് വീട്ടില് നില്ക്കുന്ന നേരം പണ്ടു ചെരട്ടാ കത്തിച്ചു ഒരാഴ്ചത്തേക്കുള്ളതു തേച്ചു വെക്കുമാരുന്നല്ലൊ. അന്നും സമയോക്കെ ഓണ്ടാര്‍ന്ന്...

അപ്പൊ ചിരട്ടപുകയടിച്ചു ഞാന് കറുത്തുപോകുമെടി. മേരിക്കുഞ്ഞിന്റെ ഭര്‍ത്താവിനെപ്പോലേ ഞാനും വെളുക്കണ്ടായോ?

ഓ...അതൊന്നമര്‍ത്തിത്തേച്ച് കുളിച്ചാ മതി കരിയങ്ങ് പോയ്ക്കോളും...പിന്നേയ് അവിടെ വെറുതെ നിക്കുവാണെല് ഇങ്ങടൊന്ന് വന്നേ...

എന്തോന്നിനാ?

ഇങ്ങു വാ മനുഷ്യാ...ഞാന് പിടിച്ചിട്ട് ഇതനങ്ങുന്നില്ല.

എന്റീശ്വരാ നീ നടുവുളുക്കാന് തന്നെ തീരുമാനിച്ചാണൊ..ഇതിപ്പോന്തിനാ ഈ അരകല്ല്?

നിങ്ങള്‍ക്ക് അരകല്ലില് അരക്കുന്ന ചമ്മന്തി ഇഷ്ടമാണെന്നു, മമ്മി പറഞ്ഞു.

യെപ്പാ?

അതൊക്കെ പറഞ്ഞ്...
പറഞ്ഞതൊക്കെയെനിക്കറിയാം...പക്ഷെ അതൊരൊന്നൊന്നരക്കൊല്ലം മുന്‍പല്ലെ? യെനിക്കണെങ്കി ഇപ്പൊ നിന്റെ മിക്സിച്ചമ്മന്തിയില്ലാതെ പറ്റുകേലാ..

നോക്കിനില്‍ക്കാതെ പിടിക്ക് മനുഷ്യാ..

നീയെന്റെ നടുവൊടിക്കും.

ആ അമ്മിക്കല്ലും ഒരകല്ലും കൂടിയിങ്ങട് അടുപ്പിച്ചോ?

കൊള്ളാം. ഇതും നീ വില്‍ക്കാന് പോവാണോ? എന്റമ്മൂമ്മയ്ക്ക് സ്ത്രീധനം കിട്ടിയതാ ഇതൊക്കെ.
എന്നിട്ടാണോ ഇതൊക്കെ തൂത്തു തുടയ്ക്കാത്തത്?

എന്തൊ? നീ തന്നെയല്ലേ പറഞ്ഞത് ഇതൊക്കെ ഒള്ള സ്ഥലം കളയും വെല്ല ചായ്പു പൊരേലും കൊണ്ടിടാന്.. നിങ്ങള് പുരാണം പറയാതെ അതിങ്ങോട് നീക്ക് മനുഷ്യാ...

ശരി നീയും പിടിക്ക്...ഞാനൊറ്റക്ക് കൂടിയാ പോരില്ലാ..

പിന്നേയ്, പോകുന്നതിനു മുന്പ് പറമ്പില് കിടക്കുന്ന ഓല കൂടി ഇങ്ങു വലിച്ചിട്ടേരെ. ഇന്നെനിക്ക് അവധിയാ. ഒന്നു രണ്ടു ചൂലുണ്ടാക്കിയേക്കാം.

അതിനു പുറം തൂക്കാനുള്ള ചൂലു ഇവിടെ ഇരിപ്പുണ്ടല്ലോ?

ഇതകത്തു പെരുമാറാനാണിഷ്ടാ..

അതിനല്ലേ സുന്ദരമായൊരു വാക്വം ക്ളീനറുള്ളതു.

ഹോ അതിന്റെ ശബ്ദം കേള്ക്കുമ്പൊ എനിക്ക് പെരുത്തു വരും.

അതിനു ശബ്ദമില്ലല്ലൊ. ചെലപ്പൊ സൈലെന്സര് കേടായിക്കണും. മെക്കാനിക്കിനെ വിളിപ്പിക്കാം.

അതൊന്നും വേണ്ട. തല്‍ക്കാലം ചൂലുമതി.

കൊള്ളാം നല്ലത്. അപ്പൊ ഇനി ഏയ്റൊബിക്സിനും എക്സെര്സൈസിനും വേറേ കാശു കളയണ്ട.

പിന്നെ വൈകീട്ട് തടിമില്ലില് നിന്നും അറക്കപ്പൊടി വാങ്ങണം. കുറ്റിയടപ്പു വെറുതെ ഇരിക്കുവാ.

അറക്കപ്പൊടീല് പാമ്പ് കേറില്ലെടീ?

അതിനു വെള്ളുള്ളിയോ, കായമോ കലക്കിയൊഴിച്ചോളാം.

ഭിത്തീല് കരി പിടിക്കും..

സാരമില്ലാ

നിന്റെ മൊകം കരുവാളിക്കും..

ഞാന് സഹിച്ചു. കുറ്റിയടപ്പാണേല് ഏതുനേരോം തീ കാണും. ചോറോ കറിയോ ഇടക്കു ചൂടാക്കാമല്ലോ.

അതിനല്ലേയൊരു കിടുകിടിലന് ഓവനുള്ളത്?

അതെടുത്തു പെട്ടിയില് വെച്ചേക്കു. അത്യാവശ്യം വരുമ്പോ എടുക്കാം.

ശരി എന്നാ ഇനി വേറെ പണിയൊന്നുമില്ലല്ലോ. ഞാന് കുളിക്കാന് പോകുവാ..

എന്നാ കിണറ്റീന്ന് വെള്ളമെടുത്തോളു.

ങേ! അതെന്താ ടാങ്കില് വെള്ളമടിച്ചില്ലേ. മോട്ടോര് കേടായാ?

അതൊന്നുമല്ല. എല്ലാദിവസവും മോട്ടോര് അടിക്കുന്നതെന്തിനാ. അത്യാവശ്യത്തിനുള്ള വെള്ളം മാത്രം എടുത്താല് മോട്ടോര് വെച്ചു മൂന്നോ നാലോ ദിവസം കൂടുമ്പോ വെള്ളമടിച്ചാല് മതി. കുളിക്കാനും അലക്കാനും വണ്ടികഴുകാനും കിണറ്റിലേ വെള്ളം പോരെ.

മതി. അതു മതി.

എന്താ ആലോചിക്കുന്നേ?

അതല്ലേടീ...ഇതൊക്കെ പറയുന്നത് നീ തന്നെയാണോ അതോ സ്വപ്നത്തിലാണോ എന്നൊരു ഡൌട്ട്?

നിങ്ങള് കുണുങ്ങി നിക്കാതെ പോയിക്കുളിക്ക് മനുഷ്യാ...

അല്ലെടി ഒരുമനുഷ്യന് ഒറ്റ ദിവസം കൊണ്ട് ഇത്രേം മാറുമോ. എന്നു തുടങ്ങി ഈ രാജ്യസ്നേഹം?

എന്താ…?

അല്ലാ ഈ എനെര്ജി സേവിങ് ഹാബിറ്റ്.

ഓ..അതു സ്നേഹം കോണ്ടൊന്നുമല്ല.

പിന്നാ?

ഇതിയാന്റെ പേരില് ഇനി എടുക്കാന് ലോണ് ഒന്നും ബാക്കിയില്ലല്ലോ.

ഇല്ലാ

കറണ്ടുബില്ലടക്കാന് വായ്പ നല്കുന്ന സ്കീം ഒരു ബാങ്കും തുടങ്ങിയിട്ടുമില്ല.

ഓ ലങ്ങിനെ ഇപ്പ ടെക്നിക് പിടികിട്ടി...ന്നാലും ഈ കിണറ്റിലെ വെള്ളത്തിന്റ്യൊരു സുഖമേ...

ഉം...കാണും കാണും...

ന്നാലും ന്റെ ബാലന് മുപ്പാ ങ്ങട ബോഡിനെ ഞാന് നമിച്ച് ഒറ്റ ദെവസം കൊണ്ട് യെവളെ മാറ്റി കളഞ്ഞല്ലാ….