അപ്പാപ്പേ!!
ഊം...?
അപ്പാപ്പേ!
എന്താടാ?
ഇങ്ങാട്ട് നോക്കിയേ...
എവിടെ?
ദാ ഈ വെളക്കെലാട്ട്
എന്താ വെളക്കെല്? മണ്ണെണ്ണ തീര്ന്നാ?
ഇല്ലപ്പാപ്പേ! ഇയിന്റെ നിറം കണ്ട? ആദ്യേം, നീല, പിന്ന മഞ്ഞ, പിന്ന കടും ചോപ്പ്, പിന്ന കറുപ്പ്..
ഊം..ആയിനെന്താട?
തെന്ത ങ്ങനെ പല നെറത്തീ കത്തണെ?
അതങ്ങനാ. മ്മടെ ജീവിതം പോലെ. പെലര്‍ച്ചക്ക് കാണുന്ന ആകാശം പോലെ നീലക്കും. വെയില് മൂക്കും പോലെ മഞ്ഞക്കും, മോന്തിക്ക് ചോക്കും കടും ചോപ്പ്, പിന്നെ കറക്കും, കറുത്ത് കറുത്ത് ദാ ആ പുകപോലെ മാഞ്ഞു ഇല്ലാതാവും.
എന്ന് വെച്ചാ?
വെളക്കില് എണ്ണ തീരും മുമ്പേ വെല്ലേം വായിക്കനുന്ടെല്‍ തീര്‍ത്തിട്ട് പോയി കെടക്കു ചെക്കാ. അപ്പാപ്പക്ക് വയ്യ നീ അവിടെ ഇരുന്നു പായാരിക്കാതെ. അമ്മയുടെ സ്വരം ഉയര്‍ന്നു.
***
ചാണക വരളികൊണ്ട് പൊതിഞ്ഞ അപ്പാപ്പന്റെ ശരീരം ചിതയില്‍ കത്തി തീരുമ്പോള്‍ അയാള്‍ നാളങ്ങളിലെ നിറഭേദങ്ങള്‍ നോക്കി നിന്നു. നീലയായി, മഞ്ഞയായി, കടും ചുവപ്പായി, കറുത്ത പുകയായി അപ്പാപ്പന് മാഞ്ഞു പോയി.
***
"ഇനി പത്തു മിനിട്ട് കൂടെ" ഹാളില്‍ ഇരുന്ന മലയാളം ടീച്ചര്‍ ഉറക്കെ വിളിച്ചു പറഞ്ഞു. "തീയുടെ നിറങ്ങള്‍" എന്ന് ചെറു കഥയ്ക്ക് പേരിട്ടു അയാള്‍ തന്റെ പേപ്പര്‍ ടീച്ചര്‍ക്ക് കൊടുത്തു.
"ഇതില്‍ ഗുണപാഠം ഒന്നുമില്ലല്ലോ. മത്സരത്തിനുള്ള കഥക്ക് ഗുണപാഠം വേണമെന്ന് നേരത്തെ പറഞ്ഞതല്ലേ." തിരികെ നല്കിയ പേപ്പര്‍ വാങ്ങാതെ അയാള്‍ ഇറങ്ങി നടന്നു.
***
സ്റ്റാഫ് റൂമിലെ സ്റൌവില്‍ ചായക്ക് വെള്ളം വെച്ചിട്ട് തീപ്പട്ടി കമ്പില്‍ മുനിഞ്ഞു തുടങ്ങിയ തീ പേപ്പറിലേക്ക് പകര്‍ന്നു സ്റൌവിനു തീ കൊളുത്തി. പകുതി കത്തിയ പേപ്പര്‍ ജനലിലൂടെ ടീച്ചര്‍ പുറത്തെക്കെറിഞ്ഞു. തന്റെ "തീയുടെ നിറങ്ങള്‍" കത്തിയമരുന്നത് നോക്കി അയാള്‍ നിന്നു. നീല, മഞ്ഞ, കടും ചുവപ്പ്, കറുപ്പ്. എല്ലാം ജീവിതത്തിന്റെ നിറങ്ങള്‍ ആണ് എന്ന് അപ്പോള്‍ അയാള്‍ക്ക് തോന്നി.
5 അഭിപ്രായങ്ങൾ:
ജീവിതത്തിന്റെ വൈവിധ്യമാര്‍ന്ന നിറങ്ങള്‍ അഗ്നിയില്‍ സ്ഫുടം ചെയ്തത് പോലെ എഴുതിയ കഥ .മനോഹരമായി ...
പറയാന്‍ കഴിയാത്ത എന്തോ പ്രത്യേകതകൊണ്ട് ഈ കഥ എനിക്കിഷ്ടപ്പെട്ടു.
മനോഹരം ..നല്ല കഥ
"ഇതില്‍ ഗുണപാഠം ഒന്നുമില്ലല്ലോ.
ഏതായാലും ഈ കഥയിലെ ഗുണപാഠം
കൊള്ളാം.. ഞാനെടുത്തോട്ടെ...
ചിലപ്പോള ലഹരിയിൽ മുങ്ങി കുളിക്കുമ്പോൾ എന്റെ മനസ്സ് മുഴുവൻ ഇതേ നിറങ്ങള മാത്രമാണ്, ഇഷ്ടപ്പെട്ടു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ