എ ആര്‍ റഹ്മാന്‍റെ പാട്ട്... പ്രഭുദേവയുടെ ഡാന്‍സ്... ഇതൊക്കെ ടിവിയില്‍ കണ്ട് വായും പൊളിച്ച് ഫാനിന്‍റെ പങ്കയുമെണ്ണി കിടക്കുമ്പോള്‍ ഉല്‍പന് ഒരു വെളിപാടുണ്ടായി. എന്താ? സിനിമാറ്റിക് ഡാന്‍സ് പഠിക്കണം... എന്തിനാ? എന്ന് വെച്ചാ അതായിരുന്നു അപ്പോഴത്തെ ഒരു സ്റ്റൈല്‍...
സംഗതി 1990 കളുടെ സെക്കണ്ട് ഹാഫ്. സിനിമാറ്റിക് ഡാന്‍സായിരുന്നു അന്നത്തെ ട്രെന്‍ഡ്. ഫ്രീക്കന്മാര്‍ മുതല്‍ ഓള്‍ഡ് ജെനറേഷന്‍ വരെ വഴിയെ നടന്നു പോകുന്നതിനിടയില്‍ ഒരു കാര്യോമില്ലാതെ വണ്‍ ടൂ... വണ്‍ ടൂ ത്രീ യെന്നും പറഞ്ഞ് സ്റ്റെപ്പിട്ട് നടക്കുന്ന കാലം. നെറ്റിയുടെ പരിസരപ്രദേശങ്ങളില്‍ വരുന്ന ചെമ്പിപ്പിച്ച മുടി, കാതില്‍ തൂക്കിയിട്ട കുരിശോ കുപ്പിച്ചില്ലോ ഒന്നു വീതം, കഴുത്തിലും കൈയിലും അഞ്ചെട്ട് കളറിലെ ചരടുകള്‍ കൂട്ടി പിണച്ചിട്ടത് രണ്ടു വീതം, ടൈറ്റ് ജീന്‍സ് നരപ്പിച്ചത് ഒന്ന്, നരപ്പിക്കാതെ തുട ഭാഗത്ത് കീറിയത് ഒന്ന് (ഒരു വര്‍ഷത്തേക്ക് രണ്ടു ജീന്‍സ്... അതാണതിന്‍റെയൊരു ഇന്തുക്കൂട്ട്.)... പിന്നെ അന്ന് ഇന്നത്തെ പോലെ ജട്ടിയുടെ ബ്രാന്‍റ് കാണിക്കുന്ന പരിപാടി മാത്രം ഇല്ലായിരുന്നു. ഇങ്ങനെ പച്ചപരിഷ്കാരിയായി സ്റ്റെപ്പിട്ട് നടക്കുന്ന തന്നെ സ്വപ്നത്തില്‍ കണ്ട് ഉല്‍പ്പന്‍ ഒരു രണ്ടു കിലോ കുളിര് അപ്പോ തന്നെ കോരിയിട്ടു. പിന്നെ ഇറങ്ങി നടന്നു... പച്ച മണ്ണ് വാരിയിടാന്‍ പറ്റിയ കണ്ണുള്ള ഗുരുവിനേം തേടി.