-->

Followers of this Blog

2014, സെപ്റ്റംബർ 2, ചൊവ്വാഴ്ച

ഉൽപ്പന്റെ ചാട്ടം


ചാട്ടം എന്നത് ഒരൊന്നര സാഹസീകമായ സംഗതിയാണ്. എന്ന് പറയുമ്പോള്‍ പലതരത്തിലുള്ള ചാട്ടങ്ങള്‍ അതില്‍ പെടും. വേലിചാട്ടം, മതിലുചാട്ടം, റോഡിനു വട്ടം ചാട്ടം മുതല്‍ ഒരു കമ്പനീന്ന് മറ്റൊരു കമ്പനിയിലേക്കുള്ള ചാട്ടം വരെ സംഗതി അതിഭീകരസാഹസീകമായ ഇടപാടാണ്. അത്തരത്തിലുള്ള ഒരു വന്‍ചാട്ടമാണ് നുമ്മട ബാല്യകാലസഖനും സഹപാഠിയും സഹചാരിയുമൊക്കെയായ ഉല്‍പന്‍ നടത്തിയത്. ഉല്‍പ്പന്‍ പിന്നീട് ലോപിച് ഉപ്പനായതും വളര്‍ച്ചയുടെ ഘട്ടത്തില്‍ ഒന്നാംതരം വെള്ളമടിക്കാരനായ കാലത്ത് കണ്ണുചുവന്നു ഉപ്പന്റെ (പരുന്തിന്‍റെ ഫാമിലിയില്‍ വരുന്ന ഒരു പക്ഷി) കണ്ണിനെ തോല്‍പ്പിച്ചതും ഉല്‍പ്പന്റെ ജീവചരിത്രത്തിലെ പ്രധാന അധ്യായങ്ങളാണ്. അത്രയൊക്കെ പ്രധാനമല്ലെങ്കിലും വളരെ അ പ്രധാനമല്ലാത്ത ഒരധ്യായമാണ് ഉല്‍പ്പന്റെ “ആ ചാട്ടം”.


ചെള്ളപ്പുറമെന്ന് പറയുമ്പോള്‍ ഭൂമിശാസ്ത്രപരമായി ചതുപ്പ് സ്ഥലമാണ്. തോടുകളും കൈത്തോടുകളും അതിനു കുറുകെ ഒറ്റത്തടി പാലങ്ങളും പുല്‍ത്തകിടികളും കണ്ടല്‍കാടുകളും ഒപ്പൂത്തലും മുള്‍ക്കാടുകളും നിറഞ്ഞ ഒരു ആമസോണ്‍ സെറ്റപ്പ്. അതാണ്‌ നുമ്മട കുട്ടിക്കാല തട്ടകം. ആയതിനാല്‍ മേല്‍പ്പറഞ്ഞ ചാട്ടങ്ങള്‍ക്ക് പുറമേ ഞങ്ങള്‍ സ്വന്തമായി വികസിപ്പിച്ചെടുത്ത ജിയോഗ്രഫിക്കല്‍ വരൈറ്റിയുള്ള മറ്റു പലചാട്ടങ്ങളും ഉണ്ടായിരുന്നു. തോടിനു കുറുകെ ചാട്ടം, കര്‍ട്ടന്‍ പ്ലാന്റിന്റെ (ഒരിനം വള്ളിച്ചെടി)വള്ളി കൂട്ടി കെട്ടി ടാര്‍സന്‍ ലെവലില്‍ കൂകി വിളിച്ചുള്ള വള്ളിച്ചാട്ടം, തോട്ടിറമ്പില്‍ നില്‍ക്കുന്ന മരങ്ങളില്‍ നിന്നും കരണം മറിഞ്ഞ് തോട്ടില്‍ ചാട്ടം അങ്ങിനെ വന്‍ വറൈറ്റികള്‍. എന്ന് മാത്രമല്ല പുതിയ വറൈറ്റികള്‍ കണ്ടു പിടിക്കുന്നതിലും അതിനു പറ്റിയ ലൊക്കേഷനുകള്‍ തപ്പിയെടുക്കുന്നതിലും ഞങ്ങള്‍ നിരന്തരം വ്യാപൃതരായിരുന്നു.

അങ്ങിനെ ചാടി നടക്കുന്ന ഒരു ദിവസം. ഞങ്ങള്‍ ആണ്‍പിള്ളേര്‍ എല്ലാം കൂടി തോട്ടില്‍ ജലക്രീഡകളില്‍ ഏര്‍പ്പിട്ടിരിക്കുന്ന സമയം. മുങ്ങാം കുഴിയിട്ട് മറ്റവന്റെ കാലില്‍ പിടിച്ചു വലിക്കുക, ചെള്ള കുത്തിയെടുത്ത് തലയില്‍ പോത്തുക മുതലായ കലാപരിപാടികളില്‍ മുഴുകിയിരിക്കുന്നു. പെമ്പിള്ളേര്‍ കരയില്‍ നിന്ന് ആടിന് കൊടുക്കാനുള്ള ഉപ്പൂത്തലൊടിക്കുന്നു. ഈ ആടുവളര്‍ത്തല്‍ ഞങ്ങള്‍ ചെള്ളപ്പുറംകാരുടെ ഒരു പ്രത്യേകതയാണ്. അവയ്ക്ക് വേണ്ട പുല്ലും ഉപ്പൂത്തലും കൊണ്ടുകൊടുക്കല്‍ പെമ്പിള്ളാരുടെ ഡ്യൂട്ടിയും. അങ്ങിനെ ജലക്രീഡകളും ഉപ്പൂത്തലൊടിക്കലും സമാന്തരമായി പുരോഗമിക്കവേ പെട്ടെന്ന് കൂട്ടത്തിലോരുത്തന്‍ ആല്‍ക്കമിദീസ് ചാടിയത് പോലെ രണ്ടു ചാട്ടം ചാടിയിട്ട് ഒരലര്‍ച്ച. സംഗതിയെന്തെന്നറിയാന്‍ ഞങ്ങളവന്‍റെ ചന്തിക്കാണ് ആദ്യം നോക്കിയത്. സംഭവം എന്താന്നു വെച്ചാല്‍ ആ തോട്ടില്‍ ഞണ്ടുകളുണ്ട്. നീര്‍ക്കോലി, ചേര, കുട്ടപ്പാമ്പ്, കരിമീന്‍, നച്ചക്ക, പള്ളത്തി, ചെമ്മീന്‍, കാരമീന്‍, തുടങ്ങിയ തോടിന്റെ അവകാശികളില്‍ പ്രമുഖരാകുന്നു പ്രസ്തുത ഞണ്ടുകള്‍. അതുങ്ങള് ഒരു പ്രകോപനവുമില്ലാതെ ഞങ്ങളുടെ ചന്തിക്കും മറ്റു ചിലയിടങ്ങളിലും കരവേല കാണിക്കുന്നതും ഞങ്ങള്‍ അലറി വിളിക്കുന്നതും സ്വാഭാവിക സംഭവമാണ്. അതിന്‍റെ അടിസ്ഥാനത്തിലാണ് ഞങ്ങളവന്റെ ചന്തി പരിശോധിച്ചത്. ബട്ട്‌... സംഗതിയതൊന്നുമല്ല കാര്യം. ലവന്‍ ഒരു പുതിയ വറൈറ്റി കണ്ടു പിടിച്ചിരിക്കുന്നു. അതിന്‍റെ സന്തോഷത്തിലാണ് മേല്‍വിവരിച്ച അലര്‍ച്ചയുണ്ടായത്.

കരയില്‍ നില്‍ക്കുന്ന ഒരു പൂപ്പരത്തി. അതിന്‍റെ കൊമ്പുകളില്‍ ഒത്ത ഒരെണ്ണം തോട്ടിലേക്ക് നീണ്ടു നില്‍ക്കുന്നു. അറ്റത്ത് നിലയുറപ്പിച്ച് ചാടാന്‍ പാകത്തിന് ഒരുഗ്രന്‍ കവരയും. അഡീഷണലി, കൊമ്പിന് താഴെ രണ്ടര ആള്‍ പൊക്കത്തില്‍ മുള്‍ക്കാട്. ദാറ്റ് മീന്‍സ് സംഗതി അതിസാഹസീകം. ചാട്ടം കൊമ്പിന്റെ അറ്റത്തു കേറി മുള്‍ക്കാടിനു മുകളിലൂടെ സമ്മര്‍സോള്‍ട്ടടിച്ച് തോട്ടിലേക്ക്. വണ്ടര്‍ഫുള്‍... ടെരിഫിക് കണ്ടുപിടിത്തം.

ഒട്ടും സമയം കളയാതെ ഞങ്ങള്‍ നീന്തി കരപ്പത്തെത്തി. ഓരോരുത്തരായി പൂപ്പരത്തിയില്‍ വലിഞ്ഞു കേറാന്‍ തുടങ്ങി. ഉല്‍പ്പന്‍ ഇത്തരം സന്ദര്‍ഭങ്ങളില്‍ ഏറ്റവും അവസാനമേ ചാടൂ. പ്രത്യേകിച്ച് പെണ്‍കിടാങ്ങള്‍ ഓഡിയന്‍സായി ഉള്ളപ്പോള്‍. ഞങ്ങളുടെ ചാട്ടങ്ങളെ കടത്തി വെട്ടുന്ന ചാട്ടം കാഴ്ച വെച്ച് കയ്യടി നേടുക എന്നത് ലവന്‍റെ ഒരു വീക്നെസാണ്. അന്നും ഉത്പന്‍ അവസാനമാണ് കയറിയത്.

ഞങ്ങള്‍ ഓരോരുത്തരായി ചാടാന്‍ തുടങ്ങി. ചിലര്‍ റിവേര്‍സ് ഡൈവിംഗ്, ചിലര്‍ ചരിഞ്ഞു ചാടി, ചിലര്‍ സമ്മര്‍ സോള്‍ട്ട്, അങ്ങിനെ അവസാനം ഉത്പന്‍റെ സീനെത്തി. പെണ്‍കിടാങ്ങള്‍ ഉപ്പൂത്തലൊടിക്കല്‍ നിര്‍ത്തി ഉത്പന്‍റെ ഷോ കാണാന്‍ കണ്ണുകൂര്‍പ്പിച്ചു. ഉത്പന്‍ കവരയില്‍ കാലുകളുറപ്പിച്ചു. കൈകള്‍ ആയത്തിലാട്ടി.

റെഡി... വണ്‍... ടൂ... ഉത്പന്‍ ചാടാന്‍ കൈ ഉയര്‍ത്തലും..
വാട്ട്‌ ദ ഹെല്‍..
ഉല്‍പ്പനുടുത്തിരുന്ന തോര്‍ത്ത് മുണ്ട് അഴിഞ്ഞു താഴേക്ക്. അടിയില്‍ ആവശ്യത്തിനു സംഗതികള്‍ ഇട്ടിട്ടുണ്ട് എങ്കിലും ഉല്‍പ്പന്‍ ബ്രേക്കിട്ട് തോര്‍ത്തില്‍ പിടിക്കാന്‍ ഒരു ശ്രമം നടത്തി... പക്ഷെ സ്പ്രിംഗ് ആക്ഷനിലായിരുന്ന കൊമ്പ് ഉത്പനെ എടുത്തടിച്ചത് പോലെ താഴേക്കിട്ടു. ഉത്പന്‍ നേരെ മുള്‍ക്കാട്ടിലേക്ക്... വാനിഷ്... ഒരു മാതിരി മുതുകാടിന്റെ വാനിഷിംഗ് ബ്യൂട്ടിയെ പോലെ ഉത്പന്‍ മുള്‍ക്കാട്ടില്‍ വാനിഷായി. കരയിലും വെള്ളത്തിലും കിടക്കുന്നവര്‍ ചിരിക്കണോ അലറണോ എന്നറിയാതെ 360 ഡിഗ്രിയില്‍ വായും പൊളിച്ചിരുന്നു... സംഗതി ഈ സീന്‍ അമല്‍ നീരദ് സിനിമയില്‍ സ്ലോമോഷന്‍ പോലെ കുറച്ചു നേരം അങ്ങിനെ ടെന്‍ഷനടിച്ചു നിന്നു. കുറച്ച് നേരം കഴിഞ്ഞ് കാട്ടില്‍ നിന്നും ഉത്പന്‍റെ ഞരക്കം കേട്ടുതുടങ്ങിയപ്പോഴാണ് സീന്‍ ഒന്ന് മാറ്റിപ്പിടിക്കാനുള്ള ബോധം ഞങ്ങള്‍ക്കുണ്ടായത്.

“ഡേയ്... ആരാനുമൊരുത്തന്‍ ഇങ്ങോട്ട് വാടാ..” ഉല്‍പ്പന്റെ ദയനീയമായ SOS.

അക്കാലത്ത് മൊബൈല്‍ ആരുടെ കൈയിലും ഇല്ലാത്തതിനാലും അഥവാ ഫയര്‍ ഫോഴ്സിനെ വിളിച്ചാല്‍ തന്നെ പ്രദേശത്തേക്ക് എത്തിച്ചേരാനുള്ള ഗതാഗതസൗകര്യം അന്നും ഇന്നും ഇല്ലാത്തതിനാലും ഞങ്ങള്‍ തന്നെ നേരിട്ട് രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. ഉപ്പൂത്തലൊടിക്കാന്‍ വന്ന പെണ്‍കിടാങ്ങളുടെ കൈയില്‍ നിന്നും അരിവാള്‍ വാങ്ങി മുള്‍ക്കാട് വെട്ടിയൊതുക്കി ഉല്‍പ്പനെ ഞങ്ങള്‍ പുറത്തെടുത്തു. പരമദയനീയമായിരുന്നു ഉത്പന്‍റെ അവസ്ഥ. അമ്പേല്‍ത്തവരില്ല കുരുക്കളില്‍ എന്ന് പറഞ്ഞത് പോലെ മുള്ളുകൊള്ളാത്ത പ്രൈവറ്റും പബ്ലിക്കുമായ ഒരേരിയ പോലുമില്ലായിരുന്നു ഉത്പന്റെ ശരീരത്തില്‍.

സംഗതി കഴിഞ്ഞു രണ്ടു മൂന്ന് ദിവസം കഴിഞ്ഞു. ഉത്പന്‍റെ ചാട്ടം നാട്ടില്‍ മൊത്തം പാട്ടായി എന്നത് പ്രത്യേകം പറയേണ്ട കാര്യമല്ല. ഒരു ദിവസം ഉത്പനെ അവന്‍റെ വീട്ടിലേക്കുള്ള വഴിയില്‍ കൊണ്ട് ചെന്നാക്കുമ്പോള്‍ വഴിയില്‍ നിന്ന് ഒരപ്പാപ്പന്‍ ഇങ്ങനെ ചോദിച്ചൂ...

“മോനെ മുള്ള് എവിടെയൊക്കെ കേറി?”

“ദേ കാണടോ വല്യപ്പാ” എന്ന് പറഞ്ഞ് ഉടുതുണി പൊക്കണമെന്ന് ഉത്പന് ആഗ്രഹമുണ്ടായിരുന്നെങ്കിലും ഒരു യുദ്ധം കഴിഞ്ഞ പ്രദേശം എന്ന നിലയില്‍ ഉത്പന്റെ ഡോക്ടര്‍ അണ്ടര്‍വെയറിന് അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചിരുന്നത് കൊണ്ട് ദേഷ്യം കടിച്ചമര്‍ത്തി ഉത്പന്‍ വീട്ടിലേക്ക് നടന്നു. ഒരുമാതിരി സലിംകുമാര്‍ മഴത്തുള്ളിക്കിലുക്കത്തില്‍ നടന്നു നീങ്ങുന്നത് പോലെ.

4 അഭിപ്രായങ്ങൾ:

ajith പറഞ്ഞു...

ഹഹഹ
ചാട്ടം പിഴച്ചാല്‍ ആരായാലും..........!!

രസകരമായി എഴുതി

Arun Chullikkal പറഞ്ഞു...

thank you Ajith

Sudheesh Arackal പറഞ്ഞു...

ഹ ഹ ഹ

Sudheesh Arackal പറഞ്ഞു...

ഹ ഹ ഹ