-->

Followers of this Blog

2014, ഡിസംബർ 8, തിങ്കളാഴ്‌ച

നിന്‍റെ ഒരു ഫോട്ടോ തര്വോ?

എന്‍റെ അതേ പ്രായമുള്ള മൂന്ന് സ്ത്രീകളോട് ഞാനിന്ന്‍ ചോദിച്ചു, ‘ഇത് പോലെ ഒരു ചോദ്യം നീ ഫേസ് ചെയ്തിട്ടുണ്ടോ’ എന്ന്. ഒരാള്‍ വളരെ ലാഘവത്തോടെ മറുപടി പറഞ്ഞ് ചിരിച്ചു തള്ളി. രണ്ടാമത്തെയാള്‍ തിരക്കിലാണ് എന്ന് തോന്നുന്നു. അത് കൊണ്ട് മറുപടി പറഞ്ഞില്ല. മൂന്നാമത്തെയാള്‍ കുറച്ച് ആലങ്കാരികമായിട്ടാണ് മറുപടി പറഞ്ഞത്. “ആ ചോദ്യത്തില്‍ I felt LOVED”.

ഈ ചോദ്യത്തിന് ഈ കാലയളവില്‍ കാര്യമായ പ്രസക്തിയില്ല. ഫേസ്ബുക്കിലും വാട്ട്‌സാപ്പിലും പ്രൊഫൈല്‍ പിക്കും പിന്നെ ഒരുപാട് മീഡിയ മെസ്സേഞ്ചറും ഒക്കെ ഉള്ളപ്പോള്‍ അങ്ങിനെ ഒരു ചോദ്യം തന്നെ അസ്ഥാനത്താണ്.
പിന്നെ, കാണണം എന്ന് തോന്നുമ്പോള്‍ കാണാന്‍ ഇന്ന് വലിയ പ്രതിബന്ധങ്ങള്‍ ഒന്നുമില്ല. അതുകൊണ്ട് തന്നെ ഒരു പക്ഷെ ഇങ്ങനെയൊരു ചോദ്യം തന്നെ നമ്മള്‍ മറന്നു പോയിക്കാണും.
ഇത് ഒരു പില്‍ക്കാലത്തിന്‍റെ ചോദ്യമാണ്.ഇന്നിപ്പോള്‍ ഫേസ്ബുക്കില്‍ കണ്ടിഷ്ടപ്പെട്ടൊക്കെയാണ് പ്രണയം ആരംഭിക്കുന്നത്. അതിന് രാജ്യത്തിന്‍റെയോ ഭാഷയുടെയോ അതിരുകള്‍ പോലുമില്ല. ഞാന്‍ പറയുന്നത് ചെറിയ അതിരുകള്‍ ഉണ്ടായിരുന്ന കാലത്തെക്കുറിച്ചാണ്. അവിടെ കണ്ടുമുട്ടല്‍ നാട്ടിന്‍പുറത്തോ, അമ്പലത്തിലോ, പള്ളിയിലോ, പഠിക്കുന്ന സ്ഥലത്തോ, ജോലിസ്ഥലത്തോ അതുമല്ലെങ്കില്‍ സ്ഥിരമായി യാത്ര ചെയ്യുന്ന വഴികളിലോ ഒക്കെയാണ്. അവിടെ ഒരു പ്രണയം പറഞ്ഞു കഴിഞ്ഞാല്‍ അടുത്ത പ്രധാനകടമ്പയാണ് പെണ്‍കുട്ടിയുടെ ഫോട്ടോ ചോദിച്ചു വാങ്ങുന്നത്. സ്വകാര്യമായി സംസാരിക്കാന്‍ സാഹചര്യങ്ങള്‍ വളരെ കുറവുള്ള ആ കാലഘട്ടത്തില്‍ പുസ്തകത്താളിന്‍റെ മറവുകളിലോ, പേഴ്സിന്‍റെ ഒരു കോണിലൊ ഒക്കെ ഒളിപ്പിച്ചു വെച്ച അവളുടെ ഫോട്ടോയെടുത്ത് കൈയില്‍ പിടിച്ച് മണിക്കൂറുകള്‍ വരെ തള്ളി നീക്കുന്നത് ആ ഫോട്ടോയില്‍ നോക്കി മനസിലെ ചിന്തകളും, മോഹങ്ങളും ഒക്കെ പങ്കുവെച്ചിട്ടാണ്.

“നിന്‍റെ ഒരു ഫോട്ടോ തര്വോ?” എന്ന ചോദ്യത്തിന് മുന്നില്‍ അവള്‍ ആദ്യം പകക്കുന്നതും, ‘ഇപ്പൊ തരാന്‍ പറ്റില്ലെന്നു’ പറയുന്നതും പിന്നെ വിറയ്ക്കുന്ന കൈകള്‍ കൊണ്ട് കൈമാറുന്ന പുസ്തകത്തില്‍ ഫോട്ടോ ഒളിപ്പിച്ചു വെക്കുന്നതും, ‘വേറെ ആരേം കാണിക്കരുത്’ എന്ന് പറയുന്നതും, അല്പം കൂടി ധൈര്യം വരുന്ന കാലത്ത് ‘ഇയാളുടെ ഒരു ഫോട്ടോ എനിക്കും തര്വോ’ എന്ന് ചോദിക്കുന്നതും, ആ ഫോട്ടോ കൈയില്‍ പിടിച്ച് കിനാവ്‌ കണ്ടിരിക്കുമ്പോള്‍ വീട്ടുകാര് പൊക്കുന്നതും, അല്ലെങ്കില്‍ പുസ്തകത്തില്‍ നിന്ന് ഊര്‍ന്ന് വീഴുന്ന ഫോട്ടോ പിടിക്കപ്പെടുന്നതും അങ്ങിനെ ചില സുന്ദരമായ ചിലത് ഈ ചോദ്യത്തിന് പറയാനുണ്ട്. അത് കൊണ്ടാണ് ആ ചോദ്യം അനുഭവിച്ച എന്‍റെ സുഹൃത്ത് “I felt LOVED” എന്ന് പറയുന്നത്.

അത് ഒരു പ്രണയകാലത്തിന്‍റെ ചോദ്യമാണ്... സുന്ദരമായ ഒരു പ്രണയ കാലത്തിന്‍റെ... തമ്മില്‍ കാണാനും സംസാരിക്കാനുമെല്ലാം ഉത്സവമോ, പള്ളിപ്പെരുന്നാളോ, യുവജനോല്‍സവമോ ഒക്കെ വരാന്‍ കാത്തുനിന്നിരുന്ന സുന്ദരമായ ഒരു കാലത്തിന്‍റെ…

ഇന്ന് തുറന്നു നോക്കിയാല്‍ കാണാന്‍ ഫേസ്ബുക്കില്‍ ചിത്രമുള്ളപ്പോള്‍ ഇനിയവന്‍റെയൊ അവളുടെയോ ചിത്രം ഒരു പുസ്തകത്തിലും നമ്മള്‍ക്ക് മറക്കേണ്ടതില്ല. പോക്കറ്റ് ഇന്റര്‍നെറ്റില്‍ ഒതുക്കി വെക്കാന്‍ കഴിയുന്നതിനാല്‍ പേഴ്സിന്‍റെ കോണുകളും ഒഴിഞ്ഞു തന്നെ കിടക്കുന്നു. പ്രണയത്തോടെ, വെമ്പലോടെ, ഒരു ചങ്കിടിപ്പോടെ കൈമാറിയിരുന്ന ആ ചോദ്യത്തിന് കാലം വഴിമാറിക്കഴിഞ്ഞു. എങ്കിലും വെറുതെ... ഒരു സുഖകരമായ ഓര്‍മ്മയില്‍ നിന്ന് കൊണ്ട് എനിക്ക് നിന്നോടിങ്ങനെ ചോദിക്കാന്‍ തോന്നുന്നു.

“നിന്‍റെ ഒരു ഫോട്ടോ തര്വോ?”

3 അഭിപ്രായങ്ങൾ:

ajith പറഞ്ഞു...

ഫോട്ടോയ്ക്കൊക്കെ വല്ലാതെ വിലയുണ്ടായിരുന്ന കാലം, പ്രായം!

ulukaa പറഞ്ഞു...

നന്നായി!
ചിതലരിച്ച ഓർമകളിലേക്ക്... വർഷങ്ങൾക്ക്‌ മുന്നേ എന്റെ പെഴ്സിനകതും ഉണ്ടായിരുന്നു ഒരു ഫോടോ, രണ്ടു മുടിയും പിണഞ്ഞു കെട്ടി മുന്നിലേക്ക് ഇട്ട ചുരുലമുടികളുമായി വെള്ള കുപ്പായവും നീല പാവാടയും ഉടുത് ബെഞ്ചിൽ ഇരിക്കുന്ന ഇന്ന് മുഖം മനസ്സിലേക്ക് ഓർമ വരാത്ത ഒരു പെണ്‍ കുട്ടിയുടെ ഫോടോ. അനിയൻ ആ ഫോടോ അമ്മയ്ക്ക്‌ ഒറ്റൂ കൊടുത്തതും അച്ഛന്റെയും കാരണവൻമാരുടെയും അടിയുടെ ചൂടും, ഇടയ്ക്ക് ഓർമകളുടെ ബാണ്ടകെട്ടഴിക്കുമ്പോൾ മനസിലേക്ക് തികട്ടി വരും.

Thus Testing പറഞ്ഞു...

Thakn you Ajith & Ulukka