-->

Followers of this Blog

2009, ഒക്‌ടോബർ 31, ശനിയാഴ്‌ച

അവള്‍ പെണ്ണായ ദിവസം

വെള്ളമുണ്ട് കീറിയെടുത്ത്
അമ്മ അവളുടെ വീട്ടിലേക്ക്
പായുമ്പോള്‍...
“നീ വരണ്ട യ്പ്പോ
അവള് പെണ്ണായേക്കണ്”


കാവലിരുന്ന
പല്ല് കൊഴിഞ്ഞ മോണയൊരെണ്ണം
വേലിയുടെ നേരെ
കണ്ണുമുരുട്ടി
“ബ്ടന്ന് പോ ചെക്കാ,
ഓള് പെണ്ണായേക്കണ്”


വള്ളിനിക്കറില്‍
മണ്ണു പുരണ്ട ഉണ്ണിയപ്പം
“ന്താദ്” ഹംസ.
“അവള് പെണ്ണായേക്കണ്”
പല്ലിട കുത്തിയിരിക്കുമ്പോള്‍
കൊതി തീരാതെ ഹംസ
“ഓളിനിയെന്നാ നീം പെണ്ണാകണേ?“


സന്ധ്യയില്‍ ചാരനിറം ചേരുമ്പോള്‍
പള്ളിമണി കേട്ടിട്ടും
വേലിയുടെ അരികില്‍
അന്നവള്‍ വന്നില്ല
അച്ഛന്‍ കൊണ്ടുവന്ന
പൊതി പലഹാരവുമായി.

ഇത്താക്കിന്റെ പീടികത്തിണ്ണ...
മഴ നനയാതിരിക്കാന്‍
നമ്മളിവിടെയാണ്
കയറിനിന്നത്

നിന്റെയും എന്റെയും
പുസ്തകം ചുമന്നിവിടെയാണ്
ഞാന്‍ തളര്‍ന്നിരുന്നത്.

“ഇനി നീ ഇവിടെ കാത്ത് നിക്കണ്ട
ന്റെ കൂടെ നടക്കേണ്ട

“ഞാന്‍ പെണ്ണായേക്കണ്”


നീ പെണ്ണായതില്‍
അന്ന് ഞാനാദ്യമായി കരഞ്ഞു.


ഇനി നീയൊരിക്കലും
എന്റെ മുന്നില്‍ വരില്ലല്ലോ
മണ്ണിന്റെ കറപറ്റിയ
ഷെമ്മീസുമിട്ട്.

2009, ഒക്‌ടോബർ 10, ശനിയാഴ്‌ച

വാഴക്കോടന് ഒരു മംഗളപത്രം

വ്യത്യസ്താനാമൊരു ബ്ലോഗറാം വാഴയെ
മൊത്തത്തിലാരും തിരിച്ചറിഞ്ഞില്ല
ചളുവടിക്കുന്നോര്‍ക്കുന്നോര്‍ക്ക്
തലവനാം വാഴ
ചളുവടിക്കാത്തപ്പോള്‍
ഗായകന്‍ വാഴ
വെറുമൊരു വാഴയല്ലിവനൊരു ബ്ലോഗന്‍

വാഴന്‍ ഒരു പോഴന്‍
ചളുവടി വീരന്‍ അതിലോലന്‍
അടിപൊളി ബ്ലോഗന്‍
പ്രിയതോഴന്‍ നമ്മുടെ
വാഴ വാഴ വാഴ

ഉലകം ചിരിക്കുന്ന പോസ്റ്റുമായെത്തി
ബൂലോകം ചുറ്റുന്ന പോഴത്തരങ്ങള്‍ (2)
ബ്ലോഗാശയത്തിന്റെ മുക്കിലും കോണിലും
നര്‍മ്മാശയങ്ങള്‍ തൂക്കുന്ന വീരന്‍

ബൂലോകര്‍ക്കെല്ലാര്‍ക്കും സ്നേഹിതന്‍ വാഴ
വാഴക്കോടു നിന്നും വേരറ്റ വാഴ

വാഴന്‍ ഒരു പോഴന്‍
ചളുവടി വീരന്‍ അതിലോലന്‍
അടിപൊളി ബ്ലോഗന്‍
പ്രിയതോഴന്‍ നമ്മുടെ
വാഴ വാഴ വാഴ

നെഞ്ചില്‍ തലോടുന്ന ആ ആ ആ
നെഞ്ചില്‍ തലോടുന്ന
മൈലാഞ്ചി പോലെ
ചാനലില്‍ പാട്ടുകള്‍ പാടുന്ന വാഴ
സെന്റിക്കഥകളും മണ്ടത്തരങ്ങളും
പോഴത്തരങ്ങളായ് മാറ്റുന്ന വീരാ

വ്യത്യസ്തനാമൊരു ബ്ലോഗനാം വാഴയെ
മൊത്തത്തില്‍ നമ്മള്‍ തിരിച്ചറിയുന്നു
ബ്ലോഗ്ഗുനാടിന്റെ അഭിമാനമാണവന്‍
നര്‍മ്മലോകത്തെ അതികായനാണവന്‍
തോഴനാം വാഴെ നിനക്കഭിവാദ്യം



എടോ വാഴെ ഇതു തനിക്കു തന്നെ ഞാന്‍ ഡെഡിക്കേറ്റ് ചെയ്തിരിക്കുന്നു. തന്റെ തിരിച്ചു വരവിനു എല്ലാവിധ ആശംസകളും...

2009, ഒക്‌ടോബർ 5, തിങ്കളാഴ്‌ച

കേള്‍ക്കാന്‍ കൊതിച്ചത്...

അന്നെന്റെ വാക്കുകള്‍ക്കും
നിന്റെ മൌനത്തിനുമിടയില്‍
നീ നെയ്തു വെച്ച
അകലമുണ്ടായിരുന്നു


ഇന്നു
നീ പറഞ്ഞു തുടങ്ങുമ്പോള്‍
എന്റെ കാതുകള്‍
മരവിച്ചിരിക്കുന്നു
ഇനിയെന്റെ മൃതിയോട് നീ
സല്ലപിച്ചു കൊള്ളുക...

2009, സെപ്റ്റംബർ 29, ചൊവ്വാഴ്ച

പ്രേമലേഖനം പാര്‍ട്ട് 2

പാര്‍ട്ട് വണ്‍ ബേപ്പൂര്‍ സുല്‍ത്താനാകിയ ബഷീര്‍ എഴുതിക്കഴിഞ്ഞു. അതു വായിച്ചിട്ടുള്ളോര് തല്ലാന്‍ വടിയുമായി നിന്നോ...

കഥാപാത്രങ്ങള്‍ മ്മടെ കേശവന്‍ നായരും സാറാമ്മയു തന്നെ പിന്നെ ചില ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളും

പ്രേമലേഖനം പാര്‍ട്ട് 2

കേശവന്‍ നായര്‍ വീണ്ടും പ്രേമലേഖനം എഴുതാനിരുന്നു.

പ്രിയപ്പെട്ട സാറാമ്മേ,
ജീവിതം യൌവ്വനതീഷ്ണവും, ഹൃദയം പ്രേമസുരഭിലവുമായിരിക്കുന്ന ഈ അസുലഭ കാലഘട്ടത്തില്‍…

കൊടച്ചക്രം. സാറാമ്മയ്ക്കിഷ്ടം ബ്ളോഗുകളാണു. എന്നു കരുതി കേശവന്‍നായര്‍ക്ക് ഈ വരികളല്ലാതെ മറ്റൊന്നും വായില്‍ വരുന്നില്ല. പ്രണയിക്കുന്ന വകയില്‍ അവളു പറഞ്ഞ മാസശമ്പളം പുഷ്പം പോലെ കൊടുക്കാനുള്ള വരുമാനം കേശവന്‍ നായര്‍ക്കുണ്ട്. പക്ഷേ നാലാളു വായിക്കുന്നൊരു ബ്ലോഗുണ്ടോ? സാറാമ്മ അത്തരമൊരു ഡിമാന്റ് വെക്കുമെന്നു ഒരു ഫീകര സ്വപ്നത്തില്‍ പോലും കേശവന്‍ നായര്‍ ഓര്‍ത്തില്ല. അപ്പിയിടാന്‍ മുട്ടിയ പട്ടിയേ പോലെ ഈ ചോദ്യത്തിനു ചുറ്റും കേശവന്‍ നായര്‍ മോങ്ങിയും മണ്ടിയും നടന്നു. സാറാമ്മയ്ക്ക് ഇദം പ്രഥമമായെഴുതിയ പ്രേമലേഖനമല്ലാതെ മറ്റൊന്നും എഴുതി ശീലമില്ലാത്ത അയാള്‍ ബ്ളോഗുകളില്‍ നോക്കി കണ്ണു തള്ളിയിരുന്നു. കണ്ണുതള്ളി പണ്ടാരമടങ്ങിയിട്ടെന്തു കാര്യം? എന്തെങ്കിലും ഏഴുതി സാറാമ്മയെ പ്രീതിപ്പെടുത്തിയിട്ടു തന്നെ ബാക്കി. അല്ലേല്‍ അവളുകൊള്ളാവുന്ന ഒരു ബ്ളോഗറുടെ കൂടെ പോകും. സാറാമ്മേ നിന്റെ പ്രേമത്തിനായ് മാത്രമാണു ഞാനിതെഴുതുന്നത്, എന്ന ഒറ്റ മൂച്ചില്‍ കേശവന്‍ നായര്‍ എഴുതിത്തുടങ്ങി.

ചെമ്മാനും ചെരുപ്പുകുത്തിക്കും കൈ വെക്കാവുന്ന ഏരിയ എന്ന നിലയില്‍ പ്രണയം തന്നെ കയ്യിട്ടുവാരി. അപ്പൊ ത്രെഡ് അതാണു പ്രേമനൈരാശ്യം. പണ്ടു ലിറ്റ്റേച്ചര്‍ ക്ളാസ്സില്‍ ഈ പരുവത്തില്‍ കഥകള്‍ എഴുതി ആരാധികമാരെ സൃഷ്ടിക്കുകയും ആരാധികമാരില്‍ ചിലര്‍ കാമുകിമാരാകുകയും ചെയ്യുന്നതു കണ്ടു തന്റെ പുച്ഛം മലപോല്‍ വളരുകയും അതിനു മുകളില്‍ അവരുടെ പ്രണയമരം വളരുകയും ചെയ്ത നാളുകളില്‍ കേശവന്‍ നായര്‍ അവളൂമാരെ മരമണ്ടികള്‍ എന്നും കൂപമണ്ഡൂകങ്ങളെന്നും എന്നും വിളിച്ചു. അതൊക്കെ പറഞ്ഞിട്ടു ഇനി കാര്യമില്ല. കഥ തുടങ്ങിയേക്കാം.

സുന്ദരനായ ഒരു നായകന്‍. അതു താന്‍ തന്നെയായിക്കോട്ടെ. അല്ലേല്‍ വേണ്ട. സാറാമ്മ തെറ്റിദ്ധരിക്കും. നായകനു വേറെ പേരു കൊടുക്കം. സുകുമാരന്‍. സുകു എന്നു വിളിക്കാം. നായിക മേരി. ഇതിലൊരാളെ പുവര്‍ ഫെല്ലോ ആക്കണം. എന്നാലേ സെന്റിമെന്റ്സ് വര്‍ക്കൌട്ടാകൂ. അല്ലെങ്കില്‍ എന്തെങ്കിലും കഴിവുകേടുണ്ടാക്കണം . കഴിവുകേട് അറിഞ്ഞുകൊണ്ടുള്ള പ്രണയത്തിനു പണ്ടേ മാര്‍ക്കറ്റു കൂടുതലാ. എന്തായാലും മേരിയേപ്പിടിച്ചങ്ങ് ദരിദ്രയാക്കിയേക്കാം. സുകുവെന്നാണു പേരെങ്കിലും, കക്ഷി താന്‍ തന്നെയാകയാല്‍ സ്വയം ദരിദ്രനാകാന്‍ കേശവന്‍ നായര്‍ മടിച്ചു. (കേശവനാളു ഷോവനിസ്റ്റാ).

നായകനും നായികയും റെഡിയായ സ്ഥിതിക്ക് ഇനി അവരെ കൂട്ടിമുട്ടിക്കാനൊരിടം വേണം. ചന്തക്കവല, മാവേലി സ്റ്റോര്‍, പള്ളിപ്പറമ്പ്, കുളക്കടവ്, ബസ് സ്റ്റാന്റ് അങ്ങിനെ പ്രണയം പൊട്ടിമുളക്കാന്‍ പോസിബിലിറ്റിയുള്ള പല ഏരിയകളും കേശവന്‍ നായര്‍ തപ്പി നോക്കി. അതൊന്നും കേശവന്‍ നായര്‍ക്ക് പിടിച്ചില്ല. അയാള്‍ സുകുവിനെ ഒരു കള്ളു ഷാപ്പില്‍ കൊണ്ടു ചെന്നിരുത്തി. അവിടെ കറി വിളമ്പാന്‍ മേരിക്കുഞ്ഞിനെയും. മേരിക്കുഞ്ഞിന്റെ മത്തിക്കറിയില്‍ സുകുമാരനും, സുകുമാരന്റെ റെയ്ബാന്‍ കണ്ണടയില്‍ മേരിക്കുഞ്ഞും ആകൃഷ്ടയായതോടു കൂടി, കേശവന്‍ നായര്‍ പ്രണയത്തിന്റെ മാലപ്പടക്കനു ബീഡിക്കുറ്റി വെച്ചു കൊടുത്തു. ചറപറ പൊട്ടിത്തെറിച്ച് അതങ്ങ് കത്തിക്കേറി. അവരുടെ പ്രണയത്തില്‍ മുന്തിരിക്കള്ളും മത്തിച്ചാറും നിറഞ്ഞു.

ഇനി ഇവരുടെ ഇടയില്‍ ഒരു തെറ്റിദ്ധാരണ ഉണ്ടാക്കേണ്ടത് അത്യാവശ്യമാണെന്നു കേശവന്‍ നായര്‍ക്ക് തോന്നി. അതു വഴി അവരുടെ ഇടയില്‍ ഒരു ഉടക്ക് ഉണ്ടാകുകയും, പിന്നെ തെറ്റിദ്ധാരണ മാറുന്ന മുറയ്ക്ക് മാപ്പു പറയല്‍, മാപ്പുകൊടുക്കല്‍, ആശ്വസിപ്പിക്കല്‍, പ്രേമം വര്ദ്ധിപ്പിക്കല്‍ തുടങ്ങിയ മസാലകള്‍ ചേര്‍ക്കാം. ആണ്ടെടാ കിടക്കുന്നു വെടിച്ചില്ലു പോലെ ഒരോപ്ഷന്‍.

മേരിക്കുഞ്ഞിനു സുകു ബീഡിവലിക്കുന്നത് കണ്ടാല്‍ ഹാലിളകും. സുകുവിനെക്കോണ്ട് അക്കാര്യം സത്യപ്രതിജ്ഞ ചൊല്ലിച്ചു നിരോധിച്ചിട്ടുള്ളതുമാണു. അങ്ങിനെ ഇരിക്കെയാണു ഷാപ്പില്‍ സുകുവിരിക്കുന്ന മൂലയില്‍ നിന്നും പുക ‘ഗമഗമാ’ന്നു ഉയര്‍ന്നു വരുന്നത് മേരികണ്ടത്. വിശ്വാസവഞ്ചനയ്ക്ക് ഇതില്‍ പരം എന്തു വേണം. അവള്‍ കെറുവിച്ചു. കെറുവിച്ച് അടിയായി, ഡിവോഴ്സ് വരെ എത്തിച്ച സാഹചര്യത്തിലാണു മിന്നായം പോലേ പുകയുടെ ഉത്ഭവം മേരീ കണ്ടത്. സുന്ദരമായൊരു ആമത്തിരി. ഷാപ്പില്‍ ജനിച്ചു വളര്‍ന്ന കൊതുകുകളുടെ ശല്യം സഹിക്കവയ്യാതെ സുകുമാരന്‍ സ്വന്തം ചെലവില്‍ കത്തിച്ചു വെച്ച ആമത്തിരിയുടെ പുക കണ്ടാണല്ലോ, സുകുവണ്ണനെ തെട്ടിദ്ധരിച്ചതെന്നോര്‍ത്ത് മേരി നെഞ്ചത്തലച്ചു കരഞ്ഞു. അവളുടെ മാറത്തു തടവി സുകുമാരന്‍ അവളെ ആശ്വസിപ്പിച്ചു. അങ്ങിനെ പ്രേമം പൂര്‍വ്വാധികം ശക്തി പ്രാപിച്ചു. എന്നു മാത്രമല്ല ഒടയതമ്പുരാന്‍ വിചാരിച്ചാലും തകര്‍ക്കാനാവില്ലെന്നു അവര്‍ പരസ്പരം മത്സരിച്ച് ഡയലോഗ് വിട്ടു. ആ ഡയലോഗ് വീണ്ടും വീണ്ടും പറയിപ്പിച്ച് കേശവന്‍ നായരും ഒന്നു സുഖിച്ചു. പ്രണയം സെറ്റപ്പായ സ്ഥിതിക്ക് സെന്റിയിലേക്ക് കാലുവെക്കാന്‍ തന്നെ അയാള്‍ ഉറച്ചു.

ഇവരെ പിരിക്കുന്നതാണു ക്ളൈമാക്സ്. എന്നു മാത്രമല്ല അവരു പിരിയുമ്പോ വായിക്കുന്നവരു മൂക്കുപിഴിഞ്ഞു പണ്ടാരടങ്ങണം. മേരിക്കുഞ്ഞിനു ഒരു കല്യാണ ആലോചന കൊണ്ടു വന്നാലോ? അതില്‍ മനം നൊന്തു പാടുന്ന സുകുവിന്റെ ഘോര ശബ്ദം കേശവന്‍ നായര്‍ക്ക് സുഖിച്ചില്ല. അവിഹിത ഗര്‍ഭമുള്ള ഏതെങ്കിലും പെണ്ണിനെ സുകുമാരന്റെ തലയില്‍ കെട്ടി വെച്ച് മേരിക്കുഞ്ഞിനെ തെറ്റിദ്ധരിപ്പിക്കാം എന്നു വെച്ചാല്‍ ആമത്തിരി സംഭവത്തിനു ശേഷം മേരിക്ക് സുകുവിനു ഒടുക്കത്തെ വിശ്വാസമാണു. സുകുവിനു ക്രൂരനായ ഒരപ്പനുണ്ടാകി മേരിയെ തട്ടിക്കളയുക, കള്ളു കുടിച്ച് കടം കേറി സുകു ആത്മഹത്യ ചെയ്യുക, മേരിക്കു നന്മ വരാന്‍ സുകു ഒഴിഞ്ഞു മാറുക, സുകു വിഷമദ്യം കഴിച്ചൊ ടിപ്പര്‍ ലോറി കേറിയൊ പടിയാകുക തുടങ്ങിയ നൂറായിരം ഓപ്ഷനുകള്‍ കേശവന്‍ നായര്‍ ചിന്തിച്ചു കൂട്ടി.

തേരാപ്പാരാ നടന്നിരുന്ന സുകുവിനെ ഒരു സുപ്രഭാതത്തില്‍ കേശവന്‍ നായര്‍ കള്ളവണ്ടി കയറ്റി ബോബെക്കു പറഞ്ഞയച്ചു. പോയി രണ്ട് മാസത്തിനുള്ളില്‍ മേരിക്കുഞ്ഞിനെ വെറെ കല്യാണവും കഴിപ്പിച്ചു. നിരാശയുടെ ആഴക്കടലിന്റ് കരയില്‍ ചങ്കുപൊട്ടി പാട്ടു പാടാന്‍ സുകുവിന്റെ ഘോരശബ്ദത്തിനു അനുമതി കൊടുത്ത് കേശവന്‍ നായര്‍ തന്റെ പ്രഥമ ബ്ളോഗ് പോസ്റ്റ് ചെയ്തു.

കേശവന്‍ നായര്‍ പണ്ടു പണ്ടു പുച്ഛിച്ച മരമണ്ടികള്‍(ണ്ടന്മാര്‍) ബ്ളോഗിനെ വളഞ്ഞു കൂടി സ്തുതി പാടുകയും പൂമാലയര്‍പ്പിക്കുകയും ചെയ്തു. അതു കേട്ട് സാറാമ്മ നിര്‍വൃതിയടഞ്ഞു. കേശവന്‍ നായര്‍ വീണ്ടും വീണ്ടുമെഴുതി. പറഞ്ഞതും പറയാത്തതുമായ പ്രണയങ്ങള്‍ ബൂലോകത്ത് വിലസ്സി നടന്നു. നായകന്റെ ആത്മഹത്യ, നായികയുടെ ആത്മഹത്യ, നായികയുടെ വിവാഹം അഥവാ നായകന്റെ വിരഹം, നായകന്റെ മാറാരോഗം, ക്രൂരനായ അപ്പന്മാര്‍, ഇന്നും കാത്തിരിക്കുന്ന നായിക തുടങ്ങിയ ക്ളൈമാക്സുകള്‍ വായിച്ച്, കൂപമണ്ഡൂകങ്ങള്‍ മൂക്കുചീറ്റി. ആവര്‍ത്തന വിരസ്സത, പുതുമയില്ലായ്മ എന്നൊക്കെ പറഞ്ഞു ചെളിയെറിഞ്ഞ വിവരമില്ലാത്തവരെ കേശവന്‍ നായര്‍ മൈന്റ് ചെയ്തില്ല. എന്നു മാത്രമല്ല ചില കമന്റുകള്‍ വേസ്റ്റ് ബാസ്കറ്റില്‍ കമഴ്ത്തുകയും ചെയ്തു.

കേശവന്‍ നായരെ സംബന്ധിച്ചിടത്തോളം എഴുത്ത് എന്നു പറയുന്നത് ജീവിതത്തിലേക്ക് തിരിച്ചു വെച്ച 50X20 ft. കണ്ണാടിയാണു. ജീവിതത്തില്‍ പ്രണയമാവര്‍ത്തിക്കുന്നിടത്തോളം കാലം എഴുത്തിലും ആവര്ത്തിക്കാമെന്നിരിക്കെ എന്തോന്നു ആവര്‍ത്തന വിരസത. ഇതൊക്കെ പറഞ്ഞു നടക്കുന്നവന്മാരുടെ മൂക്കിടിച്ചു പരത്തണം. മാത്രമല്ല, പരത്തിയ മൂക്കില്‍ മുളകുപൊടി കൂടി വിതറിയിട്ടേ കേശവന്‍ നായരുടെ കലിപ്പടങ്ങിയുള്ളൂ.

കമന്റുകളും ഫോളോവെര്‍സുകളും നിറഞ്ഞ കേശവന്‍ നായരുടെ ബ്ളോഗില്‍ സാറാമ്മ വശംവദയായി. അങ്ങിനെ കേശവന്‍ നായരുടെ ജീവിതത്തിലും പ്രണയം പുഷ്പിച്ചു. കണ്ണില്‍ കണ്ട വഴിയിലൂടെ അവര്‍ ചുമ്മാ ആടിപ്പാടി നടന്നു. ഇതില്‍ക്കൂടുതല്‍ എന്തു പറവാന്‍.

ഇതിഃ ശ്രീ കേശവീയ ബ്ളോഗാത്മ്യം സമാപ്തം.

2009, സെപ്റ്റംബർ 23, ബുധനാഴ്‌ച

മനസാക്ഷിക്കു മുന്നില്‍ വിജയിച്ച്...

"I have fought my battle to my heart content, although
I fail in glory."

നമ്മുടെ ബൂലോകത്തിലെ ആരോപണത്തിന്‍റെ മറുവശത്തേക്ക് നടന്നു എന്നതില്‍ നിന്നാണു ഇങ്ങനെ ഒരു മറുപടി അനിവാര്യമായത്. സത്യം അവ്യക്തമായി കിടക്കുന്നെങ്കിലും ആധികാരികമായ തെളിവുകള്‍ ലഭിക്കാത്തത് ഇത്തരമൊരു മറുപടിയിലേക്ക് എത്തിച്ചിരിക്കുന്നു. നാലോ അഞ്ചോ ദിവസം നീണ്ടു നിന്ന അന്വേഷണത്തില്‍ സിയാബ് സഹകരിക്കും എന്നു അദ്ദേഹം ഈ-മെയില്‍ മറുപടി നല്‍കിയ പ്രതീക്ഷയിലാണു ഞാനും എന്‍റെ സ്റ്റാന്‍ഡിനോട് അനുകൂലിക്കുന്ന ആളെന്ന നിലയില്‍ മേരിലില്ലി, എന്റെ നാട്ടിലെ ചില സുഹൃത്തുക്കള്‍ എന്നിവരുടെ സഹായത്തോട് കൂടി ഇതിനു വേണ്ടി ഇറങ്ങിത്തിരിച്ചത്. സിയാബിന്റേതു പോലെ കഷ്ടപ്പെട്ടു വളര്‍ന്നു വന്ന സാഹചര്യം, ക്യാന്‍സര്‍ എന്ന രോഗം ഒരാളുടെ ശാരീരിക, മാനസിക അവസ്ഥയെയും എങ്ങിനെ ബാധിക്കുമെന്നു നേരില്‍ കണ്ടിട്ടുള്ള അനുഭവം, കാരുണ്യപ്രവര്‍ത്തനമേഖലയില്‍ വ്യാപരിക്കുന്നവര്‍ക്ക് തടസമായേക്കാവുന്ന അവസ്ഥ, സിയാബിന്‍റെ പ്രയത്നങ്ങളോടുണ്ടായിരുന്ന മതിപ്പ് ഇതെല്ലാമാണു ഈ ഒരു വഴിയിലേക്ക് പ്രേരകമായത്.

നമ്മുടെ ബൂലോകം സിയാബിനെതിരെ ആരോപണങ്ങളുമായി വരുമ്പോള്‍ അയാള്‍ കീമോ തൊറാപ്പിക്കു വിധേയനാകുന്ന സമയമാണെന്ന അറിവ് കിട്ടിയതിനാലാണ് മാനുഷിക പരിഗണന എന്ന വാദവുമായി ഞാനും മേരി ലില്ലിയും രംഗത്തെത്തുന്നത്. കാന്‍സര്‍ രോഗിയെന്നു സിയാബ്‌ സ്വയം സമ്മതിച്ച ശേഷവും അതെ മാനുഷിക പരിഗണന തന്നെ ആണ് അയാള്‍ക്ക്‌ വേണ്ടി നിലയുറപ്പിക്കാന്‍ ഞങ്ങളെ പ്രേരിപ്പിച്ചതും. അയാളുടെ രോഗാവസ്ഥ സത്യമെങ്കില്‍, അയാളെ കാരണമറിയാതെ കല്ലെറിയരുത് എന്ന ധാര്‍മ്മിക ചിന്ത മനസിലുണ്ടായിരുന്നു.

ഇക്കഴിഞ്ഞ തിങ്കളാഴ്ച രോഗത്തിന്‍റെ പൂര്‍ണ വിവരങ്ങള്‍ കൈമാറാം എന്നായിരുന്നു സിയാബ്‌ ഏറ്റിരുന്നത്. പക്ഷെ പറഞ്ഞ തീയതിക്കുള്ളില്‍ രേഖകള്‍ കൈമാറാന്‍ സിയാബ്‌ തയ്യാറായില്ല. തന്‍റെ കൈയില്‍ ചികിത്സയുടെ പൂര്‍ണ വിവരങ്ങള്‍ ഉണ്ടെന്നു പറയുമ്പോഴും അതു മറ്റൊരാള്‍ക്ക് കൈമാറാന്‍ സിയാബ്‌ മാനസികമായി തയ്യാറല്ല എന്നാണു ഇതില്‍ നിന്നും മനസിലാകുന്നത്. രോഗിയുടെ വിവരങ്ങള്‍ മറച്ച് വെക്കാന്‍ അയാള്‍ക്കുള്ള വ്യക്തിപരമായ അവകാശത്തെ അംഗീകരിക്കമെങ്കിലും, അതിന്‍റെ പിന്നില്‍ ഉയര്‍ന്നിട്ടുള്ള സാമ്പത്തീക ആരോപണങ്ങളെ പ്രതിരോധിക്കാന്‍ അയാള്‍ തയ്യാറാകുമെന്ന പ്രതീക്ഷയില്‍ അടുത്ത രണ്ടു ദിവസങ്ങള്‍ കൂടി കാത്തിരുന്നത്. പിടിച്ചു വാങ്ങുക എന്നത് അസാധ്യവുമാണ് . അയാളുടെ കൈയില്‍ ഇനിയും അതവശേഷിക്കുന്നുണ്ടെങ്കില്‍ ഉത്തരവാദിത്തപ്പെട്ടവര്‍ക്ക് കൈമാറി, അസുഖകരമായ ഈ അവസ്ഥയെ അയാള്‍ ഒഴിവാക്കും എന്ന പ്രതീക്ഷ ഇപ്പോഴുമുണ്ട്. പക്ഷെ അതു ഈ വിഷയത്തില്‍ ഞങ്ങള്‍ ഏറ്റെടുത്തിരുന്ന ദൌത്യത്തിനതീതമായി നില്‍ക്കുന്നതാണ്.

ബൂലോകവുമായി ആരോഗ്യപരമായ സംവാദം നടന്നു എന്നു തന്നെയാണു കരുതുന്നത്. അനോണിമസ് അഭിപ്രായങ്ങളും വ്യക്തിഹത്യയും അപവാദമാണ്. സംവാദത്തില്‍ പറഞ്ഞിരുന്നത് പോലെ രേഖകള്‍ സമയബന്ധിതമായി നല്‍കാന്‍ കഴിയാത്തതില്‍ ഞങ്ങള്‍ ഇതില്‍ നിന്നും പിന്മാറുകയാണ് . ഇതില്‍ തോല്‍വിയും ജയവുമുണ്ട്. ഞങ്ങളെ എതിര്‍ത്തവര്‍ പോലും നേരില്‍ വിളിച്ച് ശ്രമങ്ങളെ അഭിനന്ദിച്ചത് അംഗീകാരമായി തന്നെ കണക്കാക്കുന്നു. മാത്രമല്ല, ആരോപണം കേട്ടയുടനെ ഒരാളെ മുന്‍വിധിയോട് കൂടി സമീപിച്ചില്ല എന്നതും പിന്നിട് അയാള്‍ നിരപരാധിയാണു എന്ന തിരിച്ചറിവില്‍ മനസാക്ഷി വേദനിക്കില്ല എന്നതും ഞങ്ങള്‍ക്ക് അഭിമാനത്തിനു വകയുള്ള കാര്യങ്ങളാണ് . നാലുവശത്തു നിന്നും വിമര്‍ശനങ്ങള്‍ ഉയരുമ്പോഴും ഞങ്ങള്‍ക്ക് ആത്മവിശ്വാസം നല്‍കിയ എല്ലാവര്‍ക്കും നന്ദി പറയുന്നു.

ഗ്യാലറിയില്‍ ഇരുന്നു കയ്യടിച്ചില്ല, മൂക്കത്ത് വിരല്‍ വെച്ചില്ല, കളത്തിലിറങ്ങി കഴിവിന്‍റെ പരമാവധിയില്‍ നന്നായി തന്നെ പരിശ്രമിച്ചു. മനസാക്ഷിക്കു മുന്നില്‍ വിജയിച്ചും എതിര്‍ത്തവര്‍ക്കുമുന്നില്‍ പരാജിതരായും ഞങ്ങള്‍ പിന്തിരിയുന്നു. സത്യം അവ്യക്തത നീക്കി, മാതൃകപരമായ ജ്വാലയോടെ പുറത്തുവരും എന്ന പ്രതീക്ഷയില്‍ തന്നെ. കാലവിളംത്തില്‍ സത്യം തന്നെ ജയിക്കും. കല്ലെറിയാം, അപഹസിക്കാം, ആരോപണങ്ങളുമായി മുന്നോട്ട് വരാം. ഞങ്ങള്‍ ഇവിടെത്തന്നെയുണ്ട്, നിങ്ങളുടെ മുന്നില്‍.