-->

Followers of this Blog

2009, ജൂൺ 2, ചൊവ്വാഴ്ച

സ്വര്‍ഗസ്ഥനായ ഞങ്ങളുടെ പിതാവേ

ക്രിസ്തു പഠിപ്പിച്ച പ്രാര്‍ത്ഥന(Lord’s Prayer or Pater Noster)യാണു സ്വര്‍ഗസ്ഥനായ ഞങ്ങളുടെ പിതാവേ എന്നു തുടങ്ങുന്ന പ്രാര്‍ത്ഥന. ഒരു പക്ഷേ ഏതു റിത്തിലുമുള്ള ക്രിസ്ത്യാനികള്‍ ഒരുവിടുന്ന പ്രാര്‍ത്ഥനയാണിത്. 2007-ലെ ഉയര്‍പ്പു ഞായര്‍ ദിവസം, കത്തോലിക്കരും, പ്രോട്ടെസ്റ്റന്റ്സും, ഓര്‍ത്തഡോക്സ് വിഭാഗക്കാരുമടക്കം ഏകദേശം 2 ബില്യണ്‍ വിശ്വാസികള്‍ നൂറിലധികം ഭാഷകളില്‍, ഈ പ്രാര്‍ത്ഥന ഒരുവിടുകയോ, ആലപിക്കുകയോ, വായിക്കുകയോ ചെയ്തിട്ടുണ്ട് എന്നാണു കണക്കാക്കപ്പെടുന്നത് (വൈകി പീഡിയ). ദൈവശാസ്ത്രപരമോ, ആചാരപരമോ, ആയിട്ടുള്ള വ്യത്യാസങ്ങളില്‍ ക്രൈസ്തവര്‍ വിഘച്ചിച്ചു നില്‍ക്കുന്നുണ്ടെങ്കിലും, ഈ പ്രാര്‍ത്ഥന അവര്‍ക്കൊരു ഏകൈക ഭാവം നല്‍കുന്നുണ്ട്.
ബൈബിളില്‍ ഈ പ്രാര്‍ത്ഥന കാണപ്പെടുന്നത്: ഒന്നു, യേശു കപടഭക്തിയേ വിമര്‍ശിക്കുന്നിടത്തും(വി. മത്തായി 6 :9-13), രണ്ട്, ഗിരിപ്രഭാഷണം (വി. ലൂക്കാ 11:2-4) നടത്തുന്നിടത്തുമാണു. പ്രാര്‍ത്ഥിക്കുവാന്‍ വേണ്ടി മാത്രം പ്രാര്‍ത്ഥിക്കുന്നവരേ വിമര്‍ശിച്ചു കൊണ്ട് യേശു എങ്ങിനേ പ്രാര്‍ത്ഥിക്കണം എന്നു പഠിപ്പിക്കുന്നതായാണു മത്തായിയുടെ സുവിശേഷത്തില്‍ കാണുന്നത്. പ്രാര്‍ത്ഥനയുടെ ക്രമവും വിഷയവും എന്തായിരിക്കണെമെന്നതിനെയൊക്കെ അവലംബിച്ച് ഈ പ്രാര്‍ത്തനയുടെ പല വ്യാഖാനങ്ങളും ഉണ്ടായിട്ടുണ്ട്. ക്രിസ്ത്യന്‍ ആത്മീയത അനുസരിച്ച് ഒരു പ്രാര്‍ത്തനയ്ക്ക് പ്രധാനമയും നാലു ഭാഗങ്ങളാണുള്ളത്:
1. ആരാധന(Adoration): ദൈവത്തേയും അവിടുത്തേ മഹത്വത്തേയും സ്മരിച്ച് ആരാധിക്കുകയും സ്തുതിക്കുകയും ചെയ്യുന്നു.
2. പശ്ചാത്താപവും പാപപ്പൊറുതി യാചിക്കലും (Act of Repentence): ചെയ്തു പോയ തെറ്റുകളേറ്റു പറയുകയും മാപ്പപേക്ഷിക്കുകയും ചെയ്യുന്നു.
3. നന്ദിയര്‍പ്പണം (Thanks Giving): അനുഗ്രഹങ്ങള്‍ക്ക് നന്ദി പറയുന്നു.
4. അപേക്ഷകളും മാധ്യസ്ഥ സഹായവും (Supplication and Intercession): ആവശ്യങ്ങള്‍ നിറവേറ്റാനായി അപേക്ഷിക്കുന്നു.
ഇവയെല്ലാം പൂര്‍ണ്ണമായിട്ടല്ലെങ്കില്‍ തന്നെയും ഉള്‍ക്കൊള്ളിച്ചിരിക്കുന്ന പ്രാര്‍ത്ഥനയാണു ഇത്. "സ്വര്‍ഗസ്ഥനായ ഞങ്ങളുടെ പിതാവേ അങ്ങയുടെ നാമം പൂജിതമാകണമേ" എന്ന ഭാഗം ദൈവത്തേ സ്തുതിക്കുന്നതാണു. "ഞങ്ങളോട് തെറ്റു ചെയ്യുന്നവരോട് ഞങ്ങള്‍ ക്ഷമിക്കുന്നത് പോലേ ഞങ്ങളുടെ തെറ്റുകളും ക്ഷമിക്കേണമേ" എന്നത് അനുതാപത്തിന്റേയും, "അന്നന്നു വേണ്ടുന്ന ആഹാരം ഇന്നും നല്‍കണമേ" എന്നത് അപേക്ഷകളുടെയും ഭാവമുള്‍ക്കൊള്ളുന്ന ഭാഗങ്ങളാണു. ഓരോ വരികളേയും ഉദ്ധരിച്ച് അവയുടെ വ്യാഖാനങ്ങളും നിലവിലുണ്ട്. മദര്‍ തെരേസ പറയുന്നത് സ്വര്‍ഗഥനായ ഞങ്ങളുടെ പിതാവേ എന്ന വാചകത്തിന്റെ അന്തരാര്‍ത്ഥങ്ങളേക്കുറിച്ച് ധ്യാനിക്കുവാന്‍ ദിവസങ്ങള്‍ വേണ്ടി വരുമെന്നാണു. അത്രമാത്രം ഗഹനമായ ഒരു പ്രാര്‍ത്ഥന നിശ്ചിന്തേന പലരും ഉരുവിട്ടു പോകുന്നതില്‍ വൈപരീത്യവുമുണ്ട്. കാരണം പ്രാര്‍ത്ഥനയ്ക്ക് വേണ്ടി മാത്രം പ്രാര്‍ത്ഥിച്ചിരുന്ന ഒരു സമൂഹത്തേ “ഇങ്ങനെ പ്രാര്‍ത്തിക്കുവിന്‍” എന്നു പറഞ്ഞു ക്രിസ്തു പഠിപ്പിച്ച പ്രാര്‍ത്ഥനായാണു ലവലേശം ബോധ്യമില്ലാതേ ചൊല്ലിക്കുട്ടുന്നത്. ആ വിഷയം അവിടെ നില്‍ക്കട്ടേ.
ഈ പ്രാര്‍ത്ഥനയുടെ മൂലരൂപം ഗ്രീക്കിലാണുള്ളത്. പിന്നീട് ലത്തീനിലേക്കും സിറിയനിലേക്കും തര്‍ജ്ജമചെയ്യപ്പെട്ടു. ഏ.ഡി. 650-ല്‍ ആണു ഇംഗ്ളീഷിലേക്ക് ആദ്യമായി പരിഭാഷപ്പെടുത്തിയത്. എങ്കിലും ഏ.ഡി. 1662 ചര്‍ച്ച് ഒഫ് ഇംഗ്ളണ്ട് പരിഭാഷപ്പെടുത്തിയതാണു പൂര്‍വ രൂപമായി പരിഗണിക്കപ്പെട്ടിട്ടുള്ളത്. 1928-ല്‍ അമ്മേരിക്കയിലേ എപിസ്കോപല്‍ ചര്‍ച്ച് ഈ രൂപത്തില്‍ ചെറിയ മാറ്റങ്ങള്‍ വരുത്തി. 1988-ല്‍ ഇക്യുമെനികല്‍ ഇംഗ്ളീഷ് ലാങ്വെജ് ലിറ്റര്‍ജിക്കല്‍ കണ്‍സല്‍ട്ടേഷനാണു മോഡേണ്‍ ഇംഗ്ളീഷിനു അനുസൃതമായി രൂപമാറ്റം വരുത്തിയത്. മത്തായിയുടെ സുവിശേഷത്തിലേ പ്രാര്‍ത്തനയുടെ പഴയരൂപത്തില്‍ കടം (Debt) എന്ന വാക്ക് പിന്നീട് തെറ്റ്, അതിക്രമങ്ങള്‍, പാപങ്ങള്‍ (trespasses or sin) എന്നാക്കി മാറ്റിയിട്ടുണ്ട്. എങ്കിലും പലറീത്തുകളിലും ഇപ്പൊഴും കടം എന്ന പ്രയോഗം തെറ്റ് എന്നര്‍ത്ഥത്തില്‍ തന്നെ ഉപയോഗിക്കുന്നുണ്ട്. റോമന്‍ കത്തോലികര്‍ പൊതുവേ പ്രാര്‍ത്ഥനയുടെ അവസാനഭാഗത്തു വരുന്ന "എന്തു കൊണ്ടെന്നാല്‍ രാജ്യവും ശക്തിയും മഹത്വവും അങ്ങയുടേതാകുന്നു" എന്ന ഭാഗം ഒരു മിച്ച് ചേര്‍ത്ത് ചൊല്ലാറില്ല. എങ്കിലും റോമന്‍ റിത്തിലുള്ള കുര്‍ബാനയില്‍ ഈ ഭാഗം വേര്‍തിരിച്ചു ചൊല്ലാറുണ്ട്. "അന്നന്നു വേണ്ടുന്ന ആഹാരം" എന്നതിനേ "ഞങ്ങള്‍ക്ക് ആവശ്യമായ ആഹാരം " എന്നാണു സിറിയന്‍ റീത്തില്‍ പറയുന്നത്. എന്തൊക്കെയായാലും ഈ പ്രാര്‍ത്ഥന ലൂക്കയുടെയും മത്തായിയുടെയും സുവിശേഷഭാഗങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ളതാണു എന്ന കാര്യത്തില്‍ തര്‍ക്കമില്ല.
ഗൂഗിളില്‍ "Our father in Heaven" എന്നു സെര്‍ച്ച് ചെയ്തപ്പോള്‍ പലഭാഷകളിലേ ഈ പ്രാര്‍ത്ഥനയും ചെറിയൊരു ചരിത്രവും കിട്ടി. ഇതാര്‍ക്കെങ്കിലും ഉപകരിക്കുമോ ഇല്ലയോ എന്നറിയില്ല. എങ്കിലും ഒരു മൂച്ചിനു അവയുടെ ഉച്ചാരണവും പറ്റുമെങ്കില്‍ വാക്കുകളുടെ അര്‍ത്ഥവും കിട്ടുമോന്നറിയാനുള്ള അന്വേഷണത്തില്‍ കിട്ടിയത് ചുവടേ ചേര്‍ക്കുന്നു. വാക്കുകളുടെ അര്‍ത്ഥ കണ്ടുപിടിക്കുക അത്ര ബുദ്ധിമുട്ടുള്ള കാര്യമല്ലാത്തതിനാല്‍ അവ മുഴുവന്‍ പകര്‍ത്തി വെച്ച് പോസ്റ്റ് നീട്ടുന്നില്ല. എങ്കിലും സംശയമുണ്ടെങ്കില്‍ ചോദിക്കാന്‍ മറക്കണ്ട കേട്ടോ.
മലയാളം : സത്യവേദപുസ്തകം, പഴയ മലയാളം, പി.ഒ.സി.
ലത്തീന്‍ : Pater Noster with Pronunciation
ഗ്രീക്ക് : Πάτερ ἡμῶν with Pronunciation
സംസ്കൃതം : भो अस्माकं स्वर्गस्थ पितः with Pronunciation
English: (1988) (1928) (1662)
ജെര്‍മ്മന്‍ : Das Vaterunser with Pronunciation
ഇറ്റാലിയന്‍ : Padre Nostro with Pronunciation
ഫ്രെഞ്ച്: Notre père with Pronunciation

1 അഭിപ്രായം:

The Eye പറഞ്ഞു...

Dear Arun..

Very nice to read this post..
You have done well..

Really went in to the prayer that Jesus taught..

Thanks for this post..!