ചിലരിപ്പോഴും 1980 ലാണ്. അവര്‍ നിരന്ന് നിന്ന് സമരം ചെയ്യുന്നു. “ആദ്യം ദാരിദ്യ്രം മാറ്റൂ... എന്നിട്ടാകാം കമ്പ്യൂട്ടര്‍”. അവര്‍ക്ക് ഒരു മാറ്റവുമില്ല. ഇന്നലെ മംഗള്യാന് ചൊവ്വയുടെ ഭ്രമണപഥത്തില്‍ പ്രവേശിക്കുമ്പോഴും അവര്‍ അതെ വെയിലത്ത് തന്നെ നില്ക്കുന്നു. (ഇത് ഇടതുപക്ഷ പ്രസ്ഥാനത്തിനങ്ങള്‍ക്ക് നേരെയുള്ള വിമര്‍ശനമല്ല. മറിച്ച്, ഇത്തരം മനോഭാവമുള്ള എല്ലാവര്ക്കും നേരെയാണ്.) അവരുടെ വാദങ്ങള്‍ പ്രത്യക്ഷത്തില്‍ കരുണാപൂര്‍ണ്ണമാണ്. കോടിക്കണക്കിന് പേര് പട്ടിണിയില്‍ കിടക്കുമ്പോള്‍ 450 കോടി മുടക്കി ഈ റോക്കറ്റ് വിടുന്നത് എന്തിനാണ്? അത് ദരിദ്രര്‍ക്ക് നല്കിയിരുന്നെങ്കില് അവര്‍ ഒരു നേരത്തെ ഭക്ഷണമെങ്കിലും കഴിക്കില്ലേ? എന്നിട്ട് ഇതൊന്നും കാണാതെ നമ്മള് ചൊവ്വയില്‍ എത്തിയതില്‍ അഹങ്കരിക്കുന്നു. എന്തൊരു നാടാണിത്.?
ശരിയാണ് 450 കോടി ദരിദ്രരായ എല്ലാവര്ക്കും വീതിച്ചു കൊടുത്താല്‍ കുറഞ്ഞപക്ഷം ഒരാള്‍ക്ക് 100 രൂപാ വെച്ച് കിട്ടും. അത് കൊണ്ട് സുഭിക്ഷമായി ഒരു നേരം കഴിക്കാം. അതോടെ നമ്മളുടെ ദാരിദ്ര്യം തീരുമെങ്കില്‍ ഇതാണ് നമ്മള് ചെയ്യേണ്ടിയിരുന്നത്. പക്ഷെ ആ ഒരു നേരം കഴിഞ്ഞിട്ട് നമ്മള് എന്ത് ചെയ്യും. അടുത്ത 450 കോടി വിഭജിക്കുന്നത് കാത്തിരിക്കണോ? അങ്ങിനെ മൂന്ന് നേരത്തേക്ക് 1000 കോടി രൂപാ വെച്ച് നമ്മള്‍ക്ക് ദിവസേന ഭാഗിച്ചു കൊടുക്കാം.
1956-ല്‍ ഇന്ത്യന്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന് വേണ്ടിയിട്ടാണ് ഇന്ത്യ ആദ്യമായി ഒരു കമ്പ്യൂട്ടര്‍ വാങ്ങുന്നത് (HEC-2M). അന്നത് വാങ്ങാന്‍ പത്ത് ലക്ഷം രൂപാ ചെലവാക്കിയതില്‍ തുടങ്ങിയതാണ് നമ്മളുടെ ഈ ദാരിദ്ര്യ മുറുമുറുപ്പ്. പിന്നീട് 1980 കളില്‍ സ്ഥാപനങ്ങളില്‍, പ്രധാനമായും ബാങ്കുകളില്‍ കമ്പ്യൂട്ടര്‍വത്കരണം ആരംഭിച്ചപ്പോള്‍ ഇതേ മുറുമുറുപ്പുമായി നമ്മള് തെരുവിലേക്കിറങ്ങി. “വിഡ്ഢിത്തം” എന്ന് മൂന്ന് തവണ വിളിച്ചു കൂവി. അന്ന് ദരിദ്രരായിരുന്നവരില് പലരും ഇന്ന് മക്കള്‍ കംപ്യൂട്ടറിന് മുന്നിലിരുന്ന് നേടിയ സമൃദ്ധിയില്‍ ആനന്ദിക്കുന്നു. ദാരിദ്ര്യം മാറ്റി തിരയൊക്കെ ഒടുങ്ങിയ ശേഷം കടലില്‍ വഞ്ചിയിറക്കാന്‍ നോക്കിയിരുന്നെങ്കില്‍ നമ്മള്‍ക്ക് ഈ സമൃദ്ധി ഇപ്പോഴും അന്യമായിരുന്നേനെ.
ബില്യണ്‍ ഡോളര്‍ വ്യവസായമാണ് സ്പേസ് വ്യവസായം. മംഗള്‍യാന്റെ വിജയത്തോടെ ഇന്ത്യ ഈ വ്യവസായത്തില്‍ വിശ്വസ്തമായ നിക്ഷേപക മേഖലയാകുകയാണ്. സംശയത്തോടെ ഇന്ത്യയിലെ ബഹിരാകാശ ശാസ്ത്രലോകത്തെ നോക്കിയിരുന്നവര് ഇന്ന് ആത്മവിശ്വാസത്തോടെ നോക്കുന്നു. മംഗള്യാന് ഭ്രമണപഥത്തിലെത്തി നിമിഷങ്ങള്‍ക്കുള്ളില്‍ വിവരക്കൈമാറ്റത്തില്‍ നാസ പ്രകടിപ്പിച്ച താല്‍പ്പര്യം ശ്രദ്ധിക്കുക. ശ്രമിച്ച പകുതിയിലധികം രാജ്യങ്ങളും പരാജയപ്പെട്ട മേഖലയാണിത്. അവിടെ ഇന്ത്യ വരിച്ച വിജയം ഈ മേഖലയില്‍ നിക്ഷേപകരെ ആകര്‍ഷിക്കാനും, കൊമെഴ്ഷ്യല്‍ വിക്ഷേപണങ്ങള്‍, ഇതര രാജ്യങ്ങളുടെ ബഹിരാകാശ ഗവേഷങ്ങള്‍ക്കും പ്രവര്‍ത്തങ്ങള്‍ക്കും സഹായകമായ സാങ്കേതികതയുടെ വിപണനം എന്നിവയുടെ സാധ്യത വര്ദ്ധിച്ചിപ്പിരിക്കുന്നു. തങ്ങളുടെ തൊഴില്‍ സാധ്യതകളെ വാനോളം ഉയര്‍ത്താന്‍ വിദ്യാര്‍ത്ഥികള്‍ക്കും യുവജങ്ങള്‍ക്കും ഒരുള്പ്രേരകം കൂടിയാണ് ഇത്തരം വിജയങ്ങള്‍. നമ്മള് ഇതൊക്കെ കണ്ടില്ലെന്ന് നടിച്ച് ദാരിദ്ര്യകഥയുടെ കറുത്തകണ്ണടകള്‍ വെച്ച് ഇരുട്ടില്‍ തപ്പി നടക്കുന്നത് അബദ്ധമാണ്. അതൊരു അബദ്ധമായിരുന്നു എന്ന് തിരിച്ചറിഞ്ഞ് വിളിച്ചു പറയുമ്പോഴേക്കും നമ്മള് ഒരുപാട് പിന്നിലേക്ക് നടന്നു പോയിട്ടുണ്ടാവും.
ദരിദ്രരായവരെ മറക്കൂ എന്നതല്ല ഈ നോട്ടിന് പിന്നിലുള്ള ആശയം. അവര്‍ക്ക് വേണ്ടിയുള്ള ദാരിദ്ര്യനിര്‍മാര്‍ജ്ജന യജ്ഞങ്ങള്‍ക്ക് ഒരു വശത്ത് നടക്കുമ്പോള്‍ മറുവശത്ത് അവരുടെ മക്കള്‍ക്ക് വേണ്ടിയുള്ള സാധ്യതകളുടെ പുതിയ ലോകം തുറന്നു വെക്കേണ്ടതും രാജ്യത്തിനാവശ്യമാണ്. അതങ്ങിനെയല്ല, ഇന്ന് തന്നെ ദാരിദ്ര്യം മാറ്റണം എന്നാണ് വിചാരമെങ്കില് നിങ്ങള്‍ക്ക് ഈ കടല്‍ത്തീരത്ത് ഇരിക്കാം... തിരമാലകള്‍ തീരുമ്പോള്‍ ഇറക്കുവാനുള്ള വഞ്ചിയില്‍ ചാരി. ബാക്കിയുള്ളവര്‍ തിരകളെ മുറിച്ച് സമുദ്രത്തിന്റെ അനന്തസാധ്യതകളിലേക്ക് ഇറങ്ങി ചെല്ലട്ടേ. ജയ്ഹിന്ദ്.
2 അഭിപ്രായങ്ങൾ:
സമ്പൂര്ണ്ണപുരോഗമനം ആണ് ലക്ഷ്യം
ശരിയായ കാര്യം. ഇത്തരം പദ്ധതികളെല്ലാം ഭാവിയില്‍ കൂടുതല്‍ സമ്പത്ത് നേടുന്നതിന് സഹായിക്കും എന്നതിന് സംശയമില്ല. എന്നാല്‍ സൃഷ്ടിക്കുന്ന സമ്പത്തിന്റെ ഉടമ ആര് എന്നതാണ് ചോദ്യം.
privatise profit and socialise loss എന്നാണ് ലോകം മൊത്തം ആധുനിക മാനേജ്മന്റ് നിയമം. അതുകൊണ്ടാണ് ഇപ്പോഴും ദാരിദ്ര്യം നിലനില്‍ക്കുന്നത്. അമേരിക്കയില്‍ സാമ്പത്തിക മാന്ദ്യമുണ്ടായപ്പോള്‍ അതിന്റെ ഭാരം താങ്ങിയത് ദരിദ്ര ജനങ്ങളാണ്. പക്ഷേ അപ്പോഴും ബാങ്ക്കാര്‍ക്ക് ലാഭം മാത്രം.
വിജയങ്ങളെ കൊട്ടിഘോഷിക്കുമ്പോള്‍ നാം എപ്പോഴും ഓര്‍ക്കണം ഈ കാര്യം.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ