-->

Followers of this Blog

2014, സെപ്റ്റംബർ 14, ഞായറാഴ്‌ച

സംഗതിയെല്ലാം ഒന്നല്ലേ ചേട്ടാ?

അങ്ങിനെയിരിക്കെ നുമ്മട നവോദയ അപ്പച്ചനൊരു പൂതി; പണ്ട് വവ്വാലായി പറന്നു പോയ 3ഡി കുട്ടിച്ചാത്തനെ ‘പുതിയ കുപ്പി’യിലടച്ച് പുറത്തെടുത്താലോ എന്ന്. സംഗതി ഞങ്ങളറിയുന്നത് 1997 ഫെബ്രുവരിയിലോ മാര്‍ച്ചിലോ പുറത്തിറങ്ങിയ രാഷ്ട്രദീപിക സിനിമയില്‍ നിന്നാണ്. ബാക്ക് കവറിലേം സെന്‍റര്‍സ്പ്രെഡിലേം മാന്യമായി മാത്രം വസ്ത്രം ധരിച്ച് പോസ് ചെയ്തു നില്‍ക്കുന്ന നടിമാരെ കാണാന്‍ വേണ്ടി മാത്രം വാങ്ങിയിരുന്ന സംഗതിയാ ഈ രാഷ്ട്രദീപിക സിനിമ, യേത്?. എന്തായാലും വാര്‍ത്ത കണ്ടതോടെ ഞങ്ങള്‍ക്കൊരിത്. ആ ഇതിനു കാരണം 9ആം ക്ലാസിലെ മാര്‍ട്ടിസാറാ. പുള്ളിക്കാരനാ 3ഡി പടം പുലിയാണെന്ന് പറഞ്ഞ് ഞങ്ങളെ കൊതിപ്പിച്ചിരുന്നത്. വിവരമറിഞ്ഞപ്പോ ഉല്‍പ്പനും പൂതിയായി. പക്ഷെ ഒരു പ്രശ്നം... ഉല്‍പ്പന്‍ ഒന്‍പതാം ക്ലാസില്‍ പഠിച്ചട്ടില്ല. അതൊരു ഭീകരമായ ഫ്ലാഷ്ബാക്കാ.

ഉല്‍പ്പന്‍ എട്ടാം ക്ലാസില്‍ നിന്ന് ഒരു കണക്കിന് പാസായി ഒന്‍പതിലേക്ക് കാലെടുത്ത് കുത്താന്‍ നില്‍ക്കുന്ന കാലം. അപ്പോഴാ ഉല്‍പ്പന്റെ ചേട്ടന് വീട്ടുകാര്‍ കല്യാണാലോചനകള്‍ നടത്തുന്നത്.

ഉല്‍പ്പന് വിട്ടുനില്‍ക്കാന്‍ പറ്റോ? പുള്ളി അങ്ങ് തുനിഞ്ഞിറങ്ങി. നാലഞ്ച് പെണ്ണുകാണല്‍, ഉറപ്പിക്കല്‍, അച്ചാരകല്യാണം, പോക്കുവരവ്, മനസമ്മതം, അത്താഴൂട്ട്, കല്യാണം, അലമാരി കൊണ്ടുവരല്‍, ഒന്നാം വിരുന്ന്, രണ്ടാം വിരുന്ന്‍ അങ്ങിനെ സകലതും തീര്‍ത്ത് വന്നപ്പോഴേക്കും ക്ലാസ് തുടങ്ങി രണ്ടു മാസം കഴിഞ്ഞു. ഒരു തിങ്കളാഴ്ച ദിവസം ക്ലാസിലേക്ക് കേറിച്ചെന്ന ഉല്‍പ്പനെ കണ്ടു തിരിച്ചറിയാതെ പോയ ക്ലാസ് ടീച്ചര്‍ അതിക്രൂരമായി രണ്ടൂന്ന്‍ ചോദ്യങ്ങള്‍ ഉന്നയിച്ചു.

“നീയാരാ? എന്താ വേണ്ടേ? ഹു ആര്‍ യു? വാട്ട്‌ യു വാണ്ട്? തൂ കോന്‍ ഹേ?”

അപ്രതീക്ഷിതമായ ഈ ചോദ്യശരങ്ങള്‍ക്ക് മുന്നില്‍ ഉല്‍പ്പന്‍ തകര്‍ന്നടിഞ്ഞു. ഒടുവില്‍ ഉല്‍പ്പനെ തിരിച്ചറിയാനുള്ള തിരിച്ചറിയല്‍ കാര്‍ഡ്, വില്ലേജ് ഓഫിസറുടെ സാക്ഷ്യപത്രം, ഉല്‍പ്പന്റെ സ്വന്തം മോന്തയുടെ പടവും അതിന്‍റെ ഫോട്ടോസ്റ്റാറ്റും അങ്ങിനെ ഒരു നടക്ക് നടന്നാല്‍ കിട്ടാത്ത സാധനങ്ങളും കൂട്ടത്തില്‍ പാരെന്‍റ്സിനേം കൊണ്ടുവന്നാല്‍ ക്ലാസില്‍ കേറ്റാമെന്ന് ക്ലാസ് ടീച്ചര്‍ പറഞ്ഞു. മറ്റെന്തും സഹിക്കാം, ഈ വിഷയത്തില്‍ പാരെന്‍റ്സിനെ ഉള്‍പ്പെടുത്തിയത് ഉല്‍പ്പന് തീരെ പിടിച്ചില്ല. ഈ വിഷയത്തില്‍ തന്‍റെ പൂര്‍ണ്ണമായ പ്രതിഷേധം അറിയിച്ചിട്ട് ഉല്‍പ്പന്‍ സ്കൂളിന്‍റെ പടിയിറങ്ങി. പിന്നെ സ്കൂള്‍ യൂത്ത് ഫെസ്റ്റിവലിന് പെമ്പിള്ളാരെ വായ്‌നോക്കാനും, പ്രായപൂര്‍ത്തിയായ ശേഷം വോട്ട് ചെയ്യാനും വേണ്ടിയല്ലാതെ ആ പ്രദേശത്തേക്ക് ഉല്‍പ്പന്‍ പോയിട്ടില്ല.
കമിംഗ് ബാക്ക് ടു ദി പോയിന്‍റ്. ഒന്‍പതാം ക്ലാസില്‍ പഠിച്ചവര്‍ മാത്രമേ 3ഡി സില്‍മ കാണാന്‍ പാടുള്ളൂ എന്ന് ഇന്ത്യന്‍ ഭരണ ഘടനയില്‍ ഇല്ലാത്തതിനാലും സംഗതി സിവിലോ ക്രിമിനലോ ആയ ഒഫന്‍സ് അല്ലാത്തതിനാലും ഉല്‍പ്പനേം സിനിമയ്ക്ക് കൂട്ടാന്‍ ഞങ്ങള്‍ തീരുമാനിച്ചു.

ഏറണാകുളത്തെ സരിതയിലാണ് പടം റിലീസ്. ആദ്യഷോയ്ക്ക് തന്നെ ടിക്കറ്റ് റിസര്‍വ് ചെയ്തു. എന്ന് പറയുമ്പോള്‍ സരിത, സവിത, സംഗീത വഴി കോളേജില്‍ പഠിക്കാന്‍ പോകുന്ന ഒരു ഫ്രീക്കനാണ് സംഗതി ചെയ്തു തന്നത്. മാങ്ങാപറിക്കല്‍, തെങ്ങുകേറ്റം, പുല്ലുപറി, വഴിവെട്ട്, കച്ചറവാരല്‍ തുടങ്ങിയ വിവിധകൊട്ടേഷന്‍ വര്‍ക്ക് വഴി നേടിയ ചില്ലറകള്‍ പോക്കറ്റില്‍ നിറച്ചു വെച്ച് ഞങ്ങള്‍ ഏറണാകുളത്തിന് വെച്ചു പിടിച്ചു. കാശിമ്മിണി ചെലവുള്ള എടപാടാണെന്നാ ഫ്രീക്കന്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. പോകും വഴി ഒരു 3ഡി സിനിമ കാണുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ പറ്റി ഞങ്ങള്‍ വിശദമായി ചര്‍ച്ച ചെയ്തു. ഒന്നാമതായി കണ്ണടവെച്ചു മാത്രമേ പടം കാണാവൂ. അല്ലേല്‍ സംഗതി കണ്ണിനു കേടാണ്. അതുകൊണ്ട് തന്നെ ഉത്സവപറമ്പില്‍ നിന്ന് വാങ്ങിയ കൂളിംഗ് ഗ്ലാസുകള്‍ ഓരോന്ന് വീതം ഞങ്ങള്‍ കൈയില്‍ കരുതിയിരുന്നു. രണ്ടാമതായി പടത്തില്‍ അമ്പ്, തീപ്പന്തം, വെടിയുണ്ട മുതലായ പീസുകള്‍ നമ്മുടെ നേരെ വരും. അന്നേരം പേടിക്കാതെ വിരിമാറ് കാണിച്ചു കൊടുക്കണം. ഫുള്‍ ക്യാമറ ട്രിക്കായതിനാല്‍ ഒന്നും സംഭവിക്കില്ല.
അങ്ങിനെ ഞങ്ങള്‍ തീയട്ടറില്‍ എത്തി. സംഗതി കണ്ട് ഒരു രണ്ടു മൂന്ന് മിനിറ്റ് വായും പൊളിച്ച് ഞങ്ങള്‍ അങ്ങിനെ നിന്നു. ഓലമേഞ്ഞ മിഡ്-ലാന്‍റ് കൊട്ടകയായിരുന്നു അത്രേം നാള്‍ ഞങ്ങളുടെ ഉള്ളില്‍ തീയറ്റര്‍ എന്ന് പറഞ്ഞാല്‍. ഇതിപ്പോ ഒരു മാതിരി സലിംകുമാര്‍ പറഞ്ഞത് പോലെ കുടിലില്‍ നിന്നും കൊട്ടാരത്തില്‍ കേറിയ അവസ്ഥ.

ആണ്ടെ ഫ്രീക്കന്‍ ഒരു മൂലക്ക് നിന്ന്‍ ടിക്കറ്റ് വീശിക്കാണിക്കുന്നു. പിന്നേ ഒന്നും ആലോചിച്ചില്ല. ഓന്റെ കൈയ്യീന്ന്‍ ടിക്കറ്റും തട്ടിപ്പറിച്ച് ഒറ്റയോട്ടം. ഡോറില്‍ നിന്ന ടിക്കറ്റ് ചെക്കര്‍ സ്റ്റോപ്പ്‌ സിഗ്നല്‍ ഇട്ടതു കൊണ്ടുമാത്രം ഞങ്ങള്‍ സഡന്‍ ബ്രേക്കിട്ട് നിന്നു. പുള്ളിക്കാരന് ഒരേ നിര്‍ബന്ധം. അയാള് വില്‍ക്കുന്ന കണ്ണട തന്നെ വാങ്ങണം. ഞങ്ങള് കൊണ്ടു ചെന്ന കല്യാണിബ്രാന്‍റ് കൂളിംഗ് ഗ്ലാസ് ഉപയോഗിച്ചോളാം എന്ന് പറഞ്ഞിട്ട് പുള്ളി സമ്മതിച്ചില്ല. . ഒടുവില്‍ ഫ്രീക്കന്‍ ഇടപെട്ട് കണ്ണട വാങ്ങി, സിനിമ കണ്ടിറങ്ങുമ്പോള്‍ പുള്ളി പൈസ തിരിച്ചു തരും എന്ന ഒറ്റ ഉറപ്പില്‍.
പിന്നെയങ്ങോട്ട് ആന കരിമ്പിന്‍ കാട്ടിലേക്ക് കേറിയ പോലെയായിരുന്നു കാര്യങ്ങള്‍. മിഡ്-ലാന്‍റ് തിയറ്ററിലെ മരക്കസേരകളിലൂടെ ചാടി ചാടി പോകുന്ന അതെ സ്കില്ലില്‍ സീറ്റുകള്‍ക്കും അതിലിയിരിക്കുന്നവരുടെ തലകള്‍ക്കും മുകളിലൂടെ ഹഡില്‍സ് ജമ്പടിച്ച് ഞങ്ങള്‍ സീറ്റിലെത്തി. “യെവന്‍മാര് എവിടന്നടെയ്” എന്ന ഭാവത്തില്‍ പുച്ഛത്തില്‍ നോക്കിയവന്മാരെ മൈന്റ് ചെയ്യാതെ ഞങ്ങള്‍ സീറ്റ് മുന്നോട്ടും പിന്നോട്ടും സ്ലൈഡ് ചെയ്തും കൂവി വിളിച്ചും എസിയില്‍ തണുത്ത് വിറച്ചും സംഗതികള്‍ ആഘോഷിച്ചു കൊണ്ടിരിക്കെ പടം തുടങ്ങി.

പടം വിചാരിച്ചത് പോലെ തന്നെ. മുന്നേ പറഞ്ഞ പീസുകള്‍ നുമ്മടെ നേരെ പാഞ്ഞു വരുന്നു. പക്ഷെ ഈ വിഷയത്തില്‍ നേരത്തെ നടത്തിയിരുന്ന ചര്‍ച്ചയുടെ പശ്ചാത്തലത്തില്‍ ഞങ്ങളങ്ങ് വിരിമാറു കാണിച്ചിരുന്നു. എന്ന് മാത്രമല്ല, തൊട്ടപ്പറത്ത് പേടിച്ച് കണ്ണും പൂട്ടി പേടിച്ചിരുന്ന പ്രായത്തിന് ചേരുന്ന തരുണീമണികളെ ഒന്നു ബോധവല്‍ക്കരിക്കുക കൂടി ചെയ്തു. ഈ ബോധവല്‍ക്കരണം ലവളുടെമാരുടെ അപ്പന്മാര്‍ക്കും ആങ്ങളമാര്‍ക്കും പിടിക്കാതെ വരും എന്ന് തോന്നിയപ്പോള്‍ ഞങ്ങള്‍ വീണ്ടും സിനിമയില്‍ ശ്രദ്ധിച്ചു.
സംഭവം ഇന്റര്‍വെല്ലായി. ഇനിയാണ് ഉല്‍പ്പന്റെ സീന്‍. ഉല്‍പ്പന് മുള്ളണം. സംഗതി പിടിച്ചു നിര്‍ത്താന്‍ പറ്റാത്ത അവസ്ഥ. ഒടുവില്‍ സിറ്റിയിലെ തീയറ്ററില്‍ വന്നാല്‍ എങ്ങിനെ മുള്ളണം എന്ന ഫ്രീക്കന്റെ വിശദമായ ക്ലാസിന് ശേഷം ഉല്‍പ്പനെ പുറത്തേക്ക് വിട്ടു. സമയം നീങ്ങി. ഇതിനിടയില്‍ സ്ക്രീനില്‍ നാലഞ്ചു പരസ്യം കാണിച്ചു. പുകവലി ആരോഗ്യത്തിന് ഹാനികരം, സീറ്റില്‍ കാല്‍ വെക്കരുത് മുതലായ വാണിങ്ങുകള്‍ കാണിച്ചു. സിനിമയും തുടങ്ങി. ഉല്‍പ്പനെ കാണാനില്ല. ഞങ്ങള്‍ പരസ്പരം അങ്ങോട്ടുമിങ്ങോട്ടും നോക്കി. ഒടുവില്‍ പുറത്തിറങ്ങി നോക്കാന്‍ തീരുമാനിച്ചു.

ഉല്‍പ്പന്‍റെയും ഞങ്ങളുടേം ഒരിത് വെച്ച് നോക്കുമ്പോള്‍ ടോയിലറ്റില്‍ പോയി ശങ്ക തീര്‍ക്കാനുള്ള സാധ്യത കുറവായതിനാല്‍ ആദ്യം ബൌണ്ടറിമതിലിനരികിലാണ് ഞങ്ങള്‍ ഉല്‍പനെ തിരഞ്ഞത്. പക്ഷെ അവിടെങ്ങും പുള്ളിയെ കണ്ടില്ല. ഒടുവില്‍ ടോയിലെറ്റില്‍ തന്നെ പോയി തപ്പാന്‍ ഞങ്ങള്‍ തീരുമാനിച്ചു.
ചെല്ലുമ്പോള്‍ അതാ ടോയിലെറ്റില്‍ ഉല്‍പ്പന്റെ തല ഒരു ആറര ഏഴടി പൊക്കത്തില്‍. എന്ന് പറയുമ്പോള്‍ കാല് നിലത്തു കുത്തിയിട്ടില്ല. അത് മാത്രമല്ല. ഉല്‍പ്പന്‍റെ കഴുത്ത് സെക്യൂരിറ്റിക്കാരന്‍റെ കൈ സ്റ്റാന്‍റിട്ട് പിടിച്ചിരിക്കുവാ. അതും മതിലില്‍ ചേര്‍ത്തു നിര്‍ത്തി. “എന്നെ വിടടോ, മനുഷനെ മുള്ളാനും സമ്മതിക്കില്ലേ”യെന്ന് ഉല്‍പ്പന്‍ ഞെരങ്ങി പറയുന്നുണ്ട്.
ഞങ്ങളോടിച്ചെന്നു. സെക്യൂരിറ്റിക്കാരനെ പിടിച്ചു മാറ്റി കാര്യം അന്വേഷിച്ചു.

“ഇവന്‍ ദാണ്ടേ ആ വാഷ് ബേസിനില്‍ മൂത്രമൊഴിച്ചു.”

നൂറ്റിക്കോലടി പൊക്കമുള്ള വാഷ് ബേസിനിലേക്ക് ഇവനെങ്ങനെ തന്‍റെ പൈപ്പ് എത്തിച്ചു എന്ന് ആലോചിച്ച് വണ്ടറടിച്ചു നില്‍ക്കുമ്പോള്‍ സെക്യൂരിറ്റി ചേട്ടന്‍ തുടര്‍ന്നു.

“ഞാന്‍ വന്ന് നോക്കുമ്പോ യെവന്‍ ഏങ്ങി നിന്ന് കാര്യം നടത്തുവാ.”

“അതിനെന്തിനാ ചേട്ടന്‍ ഇത്ര കലിക്കുന്നേ” ഉല്‍പ്പന്‍ കേറി ഉടക്കി. “ദേ ആ കാണുന്നവരും ഈ കുന്ത്രാട്ടത്തില്‍ തന്നെയല്ലേ ഒഴിക്കുന്നെ?”

ഉല്‍പ്പന്‍ ചൂണ്ടിക്കാണിച്ച ഭാഗത്തേക്ക് ഞങ്ങള്‍ നോക്കി. ഒരു മാന്യന്‍ കാര്യം നടത്തുവാ.

“അത് യൂറിൻ ക്ലോസറ്റാ” സെക്യൂരിറ്റിക്കാരന്‍.

“അത് ശരി, ഞങ്ങളെപ്പോലുള്ള പാവപ്പെട്ടവര്‍ ഒഴിക്കുമ്പോ അത് വാഷിംഗ് ബേസിന്‍, അവരൊക്കെ ഒഴിക്കുമ്പോ ചേട്ടന്‍ പറഞ്ഞ സാധനം. എന്തൊക്കെയായാലും രണ്ടും ഒരേ വെള്ള പിഞ്ഞാണമല്ലെ ചേട്ടാ”

വായും പൊളിച്ചു നില്‍ക്കുന്ന സെക്യൂരിറ്റിക്കാരനെ വകവെക്കാതെ സിബ്ബും വലിച്ച് കേറ്റി കലിപ്പിച്ച് ഉല്‍പ്പന്‍ ഇറങ്ങിപ്പോയി. എന്നാലും ഇത്രേം പൊക്കമുള്ള വാഷ് ബേസിനിലേക്ക് ഇവനെങ്ങനെ സംഗതിയെത്തിച്ചു എന്നതായിരുന്നു ഞങ്ങളുടെ അന്നത്തെ ചിന്താവിഷയം.

2 അഭിപ്രായങ്ങൾ:

ajith പറഞ്ഞു...

അമ്പടാ ഉല്പാ...
നീ എക്സ്ടന്‍ഷന്‍ പൈപ്പ് ഫിറ്റ് ചെയ്തു അല്ലേ!

Thus Testing പറഞ്ഞു...

@Ajith :)