എന്റെ പേര്
---------------------
ഹാജര്‍ ബുക്കില്‍
ടീച്ചറിന്റെ കണ്ണ്
താഴുമ്പോള്‍
ഞാന്‍ തിരയുന്നത്
എന്റെ പേര്
സൌജന്യപുസ്തക
യൂണിഫോം ലിസ്റ്റില്‍
തിരയുന്നതെന്റെ പേര്
കഞ്ഞിയിലെ വറ്റിനെ
വിരലാല്‍ തിരുമി
പശ ചേര്‍ത്ത
നെയിം സ്ലിപ്പില്‍
എന്റെ പേര്
മെയ്‌മാസത്തില്‍
ചൂടിറങ്ങുമ്പോള്‍
ജയിക്കാന്‍ തിരയുന്നത്
എന്റെ പേര്
ഫീസടക്കാനുള്ള
അവസാനതീയതിയില്‍
ഞാന്‍ തിരയാതിരുന്നതും
എന്റെ പേര്
പിന്നെയൊരു
രണ്ടക്ക റോള്‍ നമ്പറിനു
വഴിമാറിയതും
എന്റെ പേര്.
ലീവ് ലെറ്റര്‍
------------------
സിന്‍സ് ഐ വാസ്...
മഴയെ മറയാക്കിയത്
ഇല്ലാത്ത പശുവിന്റെ
കൊമ്പിനെ പേടിച്ചത്
ഉണങ്ങിയ യൂണിഫോം
വീണ്ടും നനച്ചത്
അമ്മൂമ്മമാര്‍ വീണ്ടും
വീണ്ടും മരിച്ചത്...
വയറിയാതെ
വയറു വേദനിച്ചത്..
അമ്മയുടെ കയ്യൊപ്പ്
മോഷ്ടിച്ച് മടിയുടെ
ലീവുകള്‍ മായ്ക്കാന്‍
കത്തെഴുതിയത്.
കഞ്ഞിപ്പുര
_________________
താഴെയൊരു കാര്‍മേഘ
പടലം നിറച്ചു
പുകയുന്നൊരു പുര
വടക്കത്തെ മൂലയില്‍
പാതിവെന്തുടയാത്ത
പുഴുക്കല്‍ ചോറിനു
പൂഴിവെന്ത
മണമാണ്
എരിവില്ല; രണ്ടു-
ണക്ക മുളകിന്റെ
കഷണം, ഉപ്പില്‍
കുതിര്‍ന്നത്
പയറിന്റെ ഗന്ധം
രണ്ട് ബക്കറ്റാഴത്തില്‍
മുങ്ങാംകുഴിയിട്ട്
പരതിവറ്റുകള്‍
തീര്‍ത്ത വിശപ്പാണ്
ഈ പുരയുടെ
ചരിത്രം
മോഷണം
-------------------
ഒരടയ്ക്ക
ചുവന്ന തൊലിക്ക്
ആറു നാരങ്ങ മുട്ടായി
ഉണങ്ങിയ തൊലി
ക്കഞ്ചു കടലാസ് മുട്ടായി
കല്ലേറ് ദൂരത്തി-
നപ്പുറം കൊലുന്നനെ
തൂങ്ങിയാടുന്ന
കവുങ്ങിന്‍ കുലകള്‍
കല്ലെത്താതെ മടങ്ങിയ
മോഹം പോല്‍
ചില്ല് കൂട്ടിലെ
മുട്ടായി നിറങ്ങള്‍
ഇക്കടക്ക് മുന്നില്‍
നിരത്തിയോ-
രടക്കാ മണികള്‍
മോഷ്ടിച്ചതിന്
നിങ്ങളുടെ കടയില്‍
തന്നെ വിറ്റതിന്.
ദാമു ചേട്ടനോട്
മാപ്പര്‍ഹിക്കുന്ന
മോഷണത്തിന്‍
ഏറ്റു പറച്ചില്‍..
ബൈനോക്കുലര്‍
-------------------------
നിനക്ക് പകുത്ത് വെച്ച
ബ്ലോക്കിലേക്ക് നട്ട്
നാല് കണ്ണുകള്‍
രണ്ടെണ്ണമെന്റേത്
രണ്ടെണ്ണം പെരുന്നാള്‍
പറമ്പില്‍
ഞാന്ന് കിടന്ന
ബൈനോക്കുലറിന്റെ.
തുടയും ലെന്‍സിന്റെ
കണ്ണും പൊട്ടിച്ചു
നിന്നിലേക്കുള്ള ദൂരം
അളന്നു കൂട്ടിയത്
ടോമിസാറിന്റെ ചൂരലും
ജീവശാസ്ത്രത്തിന്റെ
സമവാക്യങ്ങളും
8 അഭിപ്രായങ്ങൾ:
ബൈനോകുലറിലൂടെ നീ പ്രതിനിധീകരിക്കുന്ന ഒരു സാധാരണക്കാരന്റെ സ്കൂള്‍ ജീവിതം. ഗൃഹാതുരത്വം എന്നതിനേക്കാള്‍ കുറെ കുത്തും വരകളും കൊണ്ട് ഒരു ബുക്ക് നിറയുന്ന സ്കെചെസ്- അതാണ് ഈ കവിത എനിക്ക് തന്നത്. അതിലെവിടെയോ ഞാനും നിന്റെ രൂപം കടമെടുത്തിരുന്നു. പിന്മുറികളിലെങ്ങോ ഇരുണ്ടു പോയ ഒരു കാലത്തിന്റെ സ്വന്തം രംഗങ്ങള്‍... കുപ്പിവളപ്പൊട്ടുകള്‍ പോലെ ചിതറിക്കിടക്കുമ്പോഴും ഒരു മുഴുവനായ കുപ്പിവളയെ സങ്കല്പങ്ങളിലേക്ക് എത്തിച്ചിരിക്കുന്നു ഈ എഴുത്ത്. നന്നായി. :)
@ ജ്യോതി:
ചിതറി കിടക്കുന്നത് തന്നെ. അത് കൂട്ടി വെച്ചാല്‍ ഭംഗി പോകും. താങ്ക്സ് ജ്യോതി
Good ones...
By the way, the new theme looks awesome. Suits your site content well...
Thank you Nasra
Yes, Arun you are at it !
Thank you Sasi Kumar
എരിവില്ല; രണ്ടു-
ണക്ക മുളകിന്റെ
കഷണം, ഉപ്പില്‍
കുതിര്‍ന്നത്
പയറിന്റ ഗന്ധം
ഈ വരികളിൽ മാത്രം എന്തോ ഒരു സുഖമില്ലായ്മ...
ആശയത്തിലല്ല കെട്ടോ...അടുക്കിവെയ്ക്കലിൽ...
ബാക്കിയെല്ലാം അതിമനോഹരം....കഞ്ഞിപ്പുരയും ലീവ് ലെറ്ററുമെല്ലാം മിക്കവരും മറന്നു വച്ചത്....
ചോറു വറ്റു തേച്ചൊട്ടിച്ച നെയിം സ്ലിപ്പുകളാൽ വൃത്തികേടാക്കിയ പുസ്തകപ്പുറംചട്ട....
ഉണക്കമുളകിന്റെ കഞ്ഞിപ്പുരയിലെ കഞ്ഞിപ്പയറിന്റെ മൂക്കിലടിച്ച് കയറുന്ന ഗൃഹാതുരത്വമുണർത്തുന്ന ഗന്ധം....ഹാ മനോഹരം കൂട്ടുകാരാ....
രഞ്ജിത്ത് നന്ദി. ഇനിയുള്ള എഴുത്തില്‍ ശ്രദ്ധിക്കുന്നതാണ് കേട്ടോ.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ