കഴുത്തറ്റം പൂണ്ട്
മണ്ണില്‍
വറ്റിയ പൊട്ട-
കുളത്തിന്റെ നെഞ്ചില്‍ നി-
ന്നടര്‍ത്തി മാറ്റിയ
ബ്രില്ലിന്റെ കുപ്പി.
കാരം കലക്കിയ
വെള്ളത്തിലിട്ട്
നീ ജ്ഞാനസ്നാനം കൊണ്ടത്
പെന്‍സിലക്ഷരങ്ങള്‍
മാഞ്ഞ കാലത്ത്.
ആറുരൂപക്കപ്പന്‍
അരിക്ക് തികയാതെ
അമ്പതു പൈസക്ക്
വിലയിട്ട നീലത്തിന്‍
കൂടാണ്
അക്ഷരത്തിന്
നിറം നീലയാണ്
എന്ന് പറഞ്ഞത്
തിളച്ച കലത്തില്‍
അരിവാരിയിടും മുന്‍പ്
അമ്മ കോരിമാറ്റിയ
ഒരു ഗ്ലാസ് വെള്ളത്തില്‍
നീലമലിഞ്ഞ
നാറാത്ത മഷിയാണ്
എന്റെ കയ്യക്ഷരവും
യൂണിഫോമിന്റെ
നരച്ച നീലിമയും.
ഒന്‍പതാം ക്ലാസിന്റെ
പടിയില്‍ തട്ടി
കഴുത്തൊടിഞ്ഞ
മരണം വരും വരെ
ചിതലുകള്‍ കൂടി
കുടിയവകാശം
എഴുതിയ
പലകകെട്ടു മേശയില്‍
എന്റെ വരികള്‍ക്ക്
കൂട്ടിരുന്നതാണ്
എന്റെ മഷിക്കുപ്പി.
5 അഭിപ്രായങ്ങൾ:
എന്നെ ഒന്ന് സമ്മതിക്കണം .മുഴുവനും അങ്ങ് വായിച്ചു കളഞ്ഞു ....
jaikishan ചിരിപ്പിച്ച്, ഹ് മം!
മഷിക്കുപ്പി പറഞ്ഞത് കുറച്ച് മനസ്സിലായി..
മുഴുവനും തലയില്‍ കയറീല്ല
ജയ്കൃഷ്ണന്‍ നിശാസുരഭി
നന്ദി
സ്കൂള്‍ കാലത്തേക്ക് കൊണ്ട് പോയി ഈ കവിത... ബ്രില്ലിന്റെ മഷിക്കുപ്പി, കഞ്ഞിവെള്ളത്തില്‍ നീലം കലക്കി,അതില്‍ മുക്കിയെടുത്ത യൂണിഫോം ...എല്ലാം കണ്മുന്നില്‍ തെളിയുന്നു,
മഷിക്കുപ്പി കൊള്ളാം :)
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ