താഴെ പറയുന്നത് ത്രെഡുകള്‍ സംവിധാനം ചെയ്യാന്‍ ആളെ ആവശ്യമുണ്ട്. നിര്‍മ്മാതാക്കളുമായി വരുന്ന സംവിധായകര്‍ക്ക് മുന്‍ഗണന.
എന്റെ കയ്യില്‍ ചില കഥകളുണ്ട്. എന്ന് കരുതി ഇന്നലെ പൊട്ടിമുളച്ച പുല്ലന്‍ എന്നൊന്നും പറയേണ്ട കാര്യമില്ല. കഴിഞ്ഞ പത്തിരുപത്തഞ്ചു വര്‍ഷമായി സിനിമാ ഇന്ടസ്ട്രിയില്‍ പ്രവര്‍ത്തിച്ചു വരുന്നൊരാളാ ഞാന്‍. കൊച്ചാപ്പന്‍ ബ്ലാക്കില്‍ ടിക്കറ്റ് എടുത്ത് ധ്വനി എന്ന സിനിമ കാണിച്ചു തരുമ്പോ അന്നെന്റെ നാലാമത്തെ പിറന്നാളാ. എന്നിട്ടും ഒരു വയസു കുറച്ചുപറഞ്ഞ കൊച്ചാപ്പന്‍ ഒരു ടിക്കറ്റ് മാത്രമേ എടുത്തുള്ളൂ. അന്ന് തുടങ്ങിയതാ ഈ ഇറവറന്‍സ്, ഐ മീന്‍ സിനിമ കാണുന്ന പരിപാടി. അതാ അപ്പൊ എന്റെ അനുഭവസമ്പത്ത് എന്ന് പറയുന്നത്.
ഇനി കാര്യത്തിലേക്ക് കടക്കാം. നല്ല കഥ ഇല്ലാത്തത് കൊണ്ട് ചില ത്രെഡുകള്‍ നല്‍കി മലയാളസിനിമയെ ഒന്ന് താങ്ങി നിര്‍ത്തിയേക്കാം എന്ന ഉദേശ്യം മാത്രമേ ഈ കഥപറച്ചിലില്‍ ഉള്ളൂ.
ത്രെഡ് ഒന്ന്
കരുവേലിപ്പടിയിലെ കടല്‍ക്കൊള്ളക്കാര്‍
കടലീ പോകുന്ന കൊച്ചീക്കാരുടെ സ്ലാംഗാണ് സിനിമയുടെ ഹൈലൈറ്റ്. ഫിഷിംഗ് ബോട്ടില്‍ പോയി കൊള്ള നടത്തുന്ന സ്പാനര്‍ ചാക്കോയുടെയും സംഘത്തിന്റെയും കഥയാണ് ഇത്. മറ്റുബോട്ടുകാര് പിടിച്ചോണ്ട് വരുന്ന മത്തിയും കൊഴുവയും പൂളാനും കൊള്ളയടിക്കലാ യെവന്മാരുടെ പണി. നായിക ചാളമേരി കൊല്ലം കടപ്പുറത്ത് നിന്നും കൊച്ചി കാണാന്‍ അപ്പന്‍റെ വള്ളത്തില്‍ കേറി വരുന്നതും അവരെ സ്പാനര്‍ ചാക്കോയും സംഘവും കിഡ്നാപ്പടിക്കുന്നതും, "നീയൊക്കെ മുടിഞ്ഞു പോകത്തെ ഒള്ളെടാ" എന്ന് ചാളമേരിയുടെ തന്തപ്പടി ശപിക്കുന്നതും ഒക്കെ ആണ് മൊത്തത്തില്‍ സിനിമയുടെ ഫസ്റ്റ് പാര്‍ട്ട്. മോഹന്‍ലാലിന്‍റെ ഡേറ്റ് കിട്ടുവാണേല്‍ ഒരു അഞ്ചാറു വര്‍ഷത്തേക്ക് തന്നെ വാങ്ങിച്ചേക്കണം. പടത്തിന്റെ മൂന്നാല് ഭാഗങ്ങള്‍ കൂടി ഓരോ വര്‍ഷവും ഇറക്കാനുള്ളതാ.
ത്രെഡ് രണ്ട്
അമ്മച്ചി: മോഹന്‍ചദാരോയില്‍ പണ്ട് അടക്കം ചെയ്ത രാജാക്കന്മാരുടെ ഡെഡ്ബോഡികള്‍ തപ്പി പോകുന്ന നായിക. ലക്ഷ്മി നായരുടെ മാജിക് ഓവന്‍ പോലൊരു പുസ്തകം പണ്ട് അവിടെ ഉണ്ടായിരുന്ന ഒരു കൊട്ടാരം അരി വെപ്പുകാരി എഴുതിയിരുന്നു. അത് തപ്പിപ്പിടിക്കാനാ ഈ പോക്ക്. തീഹാര്‍ ജെയിലില്‍ കിടന്നു നരകിക്കുന്ന നായകന് അങ്ങോട്ടുള്ള വഴി അറിയാം. അങ്ങിനെ പുള്ളിക്കാരനേം രക്ഷിച്ച് നായിക ഒരു എയര്‍ ഇന്ത്യാ വിമാനത്തില്‍ മോഹന്‍ചദാരോയിലേക്ക് പോകുന്നു. പിന്നെ അവിടെ ഉണ്ടാകുന്ന പ്രശ്നങ്ങള്‍ ആണ് അമ്മ എന്ന ത്രെഡ്. ഇതിന്റെ രണ്ടാം ഭാഗം ഇപ്പോള്‍ തന്നെ പിടിക്കാം "അമ്മച്ചി തിരിച്ചു വരുന്നു" അതിന്റെം സ്ക്രിപ്റ്റ് റെഡിയാണ്. വേണേല്‍ ടൈറ്റില്‍ മാറ്റി, അമ്മച്ചി റീലോഡഡ് എന്ന്‍ പടച്ചു വിടാം. നായികയുടെ റോളില്‍ മമ്ത കസറും, നായകനായി സൗത്ത് ഇന്ത്യയില്‍ മാത്രം കണ്ടു വരുന്ന ഇംഗ്ലിഷ് സംസാരിക്കുന്ന അപൂര്‍വ്വയിനം ജീവി എന്ന നിലയില്‍ പ്രിഥ്വിരാജ് തന്നെ ആയിക്കോട്ടെ.
ത്രെഡ് മൂന്ന്
മുഖമാറ്റം
കുടമാറ്റം, കൈമാറ്റം, വെച്ചുമാറ്റം പോലെ ഒക്കെ സിമ്പിള്‍ ആയി ചെയ്യാവുന്ന ത്രെഡാണ് മുഖമാറ്റം. എന്ന്‍ മാത്രമല്ല ഇതൊരു മള്‍ട്ടിസ്റ്റാര്‍ ചിത്രം പോലെ ഇറക്കാവുന്നതുമാണ്. അതായത് മമ്മൂട്ടി പോലീസ്, മോഹന്‍ ലാല്‍ കള്ളക്കടത്ത്, ലാലിന്‍റെ അനിയന്‍ ദിലീപ്, സുരേഷ് ഗോപി പോലീസ്, ജയറാം പോലീസ്, എന്തിന് ഗിന്നസ് പക്രു വരെ പോലീസ്. തന്റെ മകനെ കൊന്ന ലാലിനെ തട്ടുമെന്ന് പ്രതിജ്ഞ ചെയ്യുന്ന മമ്മൂട്ടി. അവസാനം ലാല്‍ വലയിലാവുന്നു. പക്ഷെ ലാലിന്റെ സംഘത്തെ തകര്‍ക്കാന്‍ മമ്മൂട്ടിയെ ലാലിനെ പോലെ അഭിനയിക്കാന്‍ പോലീസ് മേധാവികള്‍ നിര്‍ബധിക്കുന്നിടത്ത് കഥ മാറുകയാണ്. ലാലിന്റെ മുഖം ചെത്തി എടുത്ത് മമ്മൂട്ടിക്ക് ഫിറ്റ് ചെയ്യുന്നു. മമ്മൂട്ടിയുടെ മുഖം ചെത്തി എടുത്ത് തല്‍ക്കാലം ഉപ്പിലിടുന്നു. സംഗതി മുഖം മാറ്റി മമ്മൂട്ടി കത്തി കേറുമ്പോള്‍ ലാല്‍ മമ്മൂട്ടിയുടെ ഉപ്പിലിട്ട മുഖം എടുത്ത് ഫിറ്റ് ചെയ്യുന്നു. അവസാനം കള്ളനാര് പോലീസ് ആര് എന്നറിയാന്‍ വയ്യാത്തത് മുടിഞ്ഞ ടെന്‍ഷന്‍. സിനിമ സൂപ്പര്‍ ഹിറ്റാകും.
ത്രെഡ് നാല്
തങ്കക്കണ്ണ്‍: ഇന്ത്യക്ക് വേണ്ടി ചാരപ്രവര്‍ത്തി നടത്തുന്ന നായകന്‍. പേര് ബോണ്ട ജയിംസൂട്ടി. ബോണ്ടയുടെ നായികയായി വരുന്നത് പക്കിസ്ഥാന്റെ സ്പൈ ഗേള്‍. ജയിംസൂട്ടി പാക്കിസ്ഥാന്റെ രാസായുധ ഫാക്ടറിയില്‍ റെയ്ഡ് നടത്തുകയും പിടിയിലാവുകയും പിന്നീട് സ്വന്തം ബുദ്ധി ഉപയോഗിച്ച് ഫാക്ടറി തവിട് പൊടിയാക്കി രക്ഷപെടുകയും ചെയ്യുന്നു. മമ്മൂട്ടിയെ ബോണ്ടയായും, റീമ കല്ലിങ്കലിനെ ബോണ്ടിയായും കാസ്റ്റ് ചെയ്യാം.
മറ്റുചില കഥകള്‍ കൂടി ഒറ്റവരിയില്‍ പറയാം
വിഴിഞ്ഞം ഹാര്‍ബര്‍: മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ കേരളവും തമിഴ്‌നാടും തമ്മില്‍ അടിയാകുകയും അങ്ങിനെ തമിഴ്‌നാട് വിഴിഞ്ഞം ഹാര്‍ബറില്‍ കൊണ്ട് പോയി ബോംബിടുന്നതും ആണ് ത്രെഡ്. ഇതിന്റെ കേരളത്തിന് വേണ്ടി യുദ്ധം ചെയ്യാന്‍ പോകുന്ന നായകന് നായികയായ ഒരു നെഴ്സുമായി ലൈന്‍ ആകുന്ന പ്രണയ കഥയും സിനിമയില്‍ കൊള്ളിക്കാം.
ചൊവ്വാ ആക്രമണം: പണം പലിശക്ക് കൊടുത്ത എല്ലാ ചൊവ്വാഴ്ചയും വന്നു പലിശ വാങ്ങുന്ന "അന്യ"സംസ്ഥാന പാണ്ടികളെ അറ്റാക്ക് ചെയ്തു ഒതുക്കുന്നതാണ് കഥ.
സുഭാഷ് പാര്‍ക്ക്: കുറെ പല്ലികളെ ഈ പാര്‍ക്കിലിട്ടു വളര്‍ത്തി വലുതാക്കി അവസാനം പാല് കൊടുത്ത കൈക്ക് തന്നെ അവ കടിക്കുന്നതാണ് ത്രെഡ്.
കൂടാതെ അവതാരം, നാളെകള്‍ മരിക്കുന്നില്ല, സത്യം നുണപറയുന്നു, വെള്ളമേ ഉലകം, എട്ടുകാലി പരമു, സൂപ്പര്‍ പരമു, വവ്വാല്‍ പരമു, തുള പരമു തുടങ്ങി പത്തിരുന്നൂറ് കഥകള്‍ കൂടി എന്‍റെ കയ്യില്‍ ഉണ്ട്. അപേക്ഷിക്കേണ്ട വിലാസം
കാമരുണ്‍ ചുള്ളിക്കല്‍
ഹോളിവുഡ് പറമ്പില്‍
ലോസ്ആഞ്ചലസ് പി ഒ
7 അഭിപ്രായങ്ങൾ:
ഹഹഹ എന്റാമ്മോ ചിരിച്ചു മറിഞ്ഞു
ഇനി മേലാല്‍ ഈ മാതിരി ത്രെടും കൊണ്ട് വരല്ലേ
ഇതില്‍ ചിലന്തി മാപ്പിള, അതവ എട്ടുക്കാലി പരമു എന്ന കഥയുണ്ടങ്കെല്‍ ശിവനാണ് ഞാന്‍ ഏറ്റെടുത്തിരുനു
വളരെ താമശയുള്ള പോസ്റ്റ്
ആശംസകള്‍
ഞാന്‍ പരിഗണിക്കാം.
പക്ഷെ "ലാലിന്റെ മുഖം ചെത്തി എടുത്ത് മമ്മൂട്ടിക്ക് ഫിറ്റ് ചെയ്യുന്നു. മമ്മൂട്ടിയുടെ മുഖം ചെത്തി എടുത്ത് തല്‍ക്കാലം ഉപ്പിലിടുന്നു."
ഈ ഭാഗം ചെയ്യാന്‍ പേടിയാണ്.
ആക്രമാണോല്‍സുകരാവാന്‍ സാധ്യതയുണ്ട് .
രണ്ടു പേരുടെയും മുഖം കരിയോയില്‍, മുളകുപൊടി എന്നിവ തേച്ചാല്‍ കൂടുതല്‍ കയ്യടി കിട്ടാം..
ആശംസകള്‍
അംബുജാക്ഷന്റെ കഥ..പോരാ...
മോഹന്‍ലാലിന്റെ ഡേറ്റ് ഉണ്ടേല്‍ എന്റെ കയ്യില്‍ കഥയുണ്ട്...
ഒരു ഗുസ്തിമല്‍സരം കാണാന്‍ പോകുന്ന ലാലേട്ടനെ അവര്‍ അറിയാതെ ചാമ്പ്യന്‍ ആയി തിരഞ്ഞെടുക്കുന്നതും, പഴയ ഒരു ഗുസ്തിക്കാരന്‍ കിരീടം തിരിച്ചുപിടിക്കാന്‍ വരുമ്പോ ഗുസ്തി അറിയാത്ത ലാലേട്ടന്‍ പഴേ ഗുസ്തിക്കാരന്റെ കൈ പിടിച്ചു തിരിച്ചു അങ്ങേരെ തോല്പ്പിക്കുന്നതും.. കരാട്ടെ പാണ്ടി എന്നു പേരിടാം എന്നു കരുതുന്നു...
>>> മുഖമാറ്റം <<<
ഹഹഹ ലത് കലക്കി
ഹിഹിഹി!!
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ