അക്രൂരതേരേറി പായുന്ന
കണ്ണന്റെ പിന്നാലെ
പാഞ്ഞൊരു
രാധ...
വേടന്റെ മടിയില്‍
തലചായ്ച്ചുറങ്ങുമ്പോള്‍
മുടികീറി പായുന്ന
വിരലുകള്‍
ശിലപോല്‍
പരുത്തതെന്ന്!!
രാധേ!, വില്ലോട്
ഞാണ് വലിച്ചറ്റം
മുറുക്കുന്ന വിരലിത്
വേണുവൂതുന്ന
കാറ്റിന്‍റെ കുളിരല്ല;
രാധേ! വില്ല് കുലക്കുവാന്‍
വിരലോട്
മുന ചേര്‍ക്കും
പരുപ്പതില്‍
വെണ്ണ വീണുടയുന്ന
മൃദുവാക്കുമില്ല.
വേടാ! മോഷ്ടിച്ച
ചേലപോല്‍ മൃദുലമാ-
പ്രണയവും കണ്ണന്റെ
വിരലുകളും
വേടാ! കാണുന്ന
മയിലിന്‍റെ നെഞ്ചിലേ-
ക്കിരുതല മൂര്‍ച്ഛയുടെ
ശരമെയ്യുക
പീലി പറിച്ചു നിന്‍
വിരലില്‍ കൊരുക്കുക
മൃദുവായ് തഴുകിയെന്‍
പ്രണയമുണര്‍ത്തുക.
രാധേ! കാലില്‍
ശരമേറ്റു
വീണമയിലിതിന്‍
ഒറ്റപ്പീലിയെന്‍
വിരലില്‍ കൊരുത്തത്
രാധേ! ഇത് നിന്റെ
പ്രണയം തന്നെയോ?
മുനമുറിപ്പാടില്‍
പരക്കുന്ന ചോര
തൊട്ടതിന്‍ മണം
പാര്‍ത്ത് രാധ
"കണ്ണാ! ഇത് നിന്‍റെ
പാദങ്ങളല്ലയോ"
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ