"ഇന്നിനി രാത്രി പോണോ?" കാദറിക്ക.
"പോണമിക്കാ"
"ഇപ്പീ നേരം കെട്ട നേരത്ത പോക്കെന്തിനാന്നാ ഞാഞ്ചോദിക്കണെ?, അലീമില്ല... വണ്ടീമില്ല... നടന്നു തന്നെ കുന്നെറങ്ങണോയ്. ഈയിരുട്ടത്ത് വെല്ലവളവളപ്പ്നും തീണ്ടിയാ?"
"വായടക്ക് ആണ്ട്രൂസേ. ഒരെടത്ത് നീങ്ങാനിരിക്കുമ്പ തന്നെ തിരുവാ വളച്ചോണം" അംബിചേട്ടന്‍ ചൊടിച്ചു. നാലോ അഞ്ചോ കിലോ മീറ്റര്‍ ഇറക്കം മുഴുവന്‍ എന്റെ കൂടെ അംബി ചേട്ടന്‍ ഉണ്ടായിരുന്നു. വൈത്തിരിക്കുന്നിനു താഴെ ചെറിയ വെട്ടം പരന്ന വഴി കണ്ടപ്പോള്‍ മാത്രമാണ് അയാളുടെ ടോര്‍ച്ച് കണ്ണടച്ചത്.
"കാശിണ്ടാ?"
"ഓ! കുറച്ച് അഡ്വാന്‍സ് വാങ്ങി."
"ഉം. ഇതും കൂടെ ഇരിക്കട്ടെ." ചുരുട്ട് പോലെ പൊതിഞ്ഞ നൂറിന്റെ നോട്ടുകള്‍ അംബി ചേട്ടന്‍ ബാഗില്‍ തിരുകി.
"നെന്റ ഫ്രെണ്ടോരുത്തി എവടന്നാ കേറുന്നെ?"
"പാളയത്തൂന്ന്‍"
'ഊം നോക്കിപ്പോ"
ആളുകള്‍ തിങ്ങി തൂങ്ങിയാടി വന്ന ഒരു ജീപ്പ് മുന്നില്‍ ഇരച്ചു നിന്നു. കല്‍പ്പറ്റക്കുള്ള വണ്ടിയാണ്.
"വാങ്ങ്ലൂര്‍ക്ക് പോണ ബസ് വൈത്തിരിക്ക് നിര്‍ത്തും... അന്നാലും ഈയ് കല്പറ്റക്ക് പോയി നിന്നോ. അതാവുമ്മോ സുവറാക്കാല്ല."
ബാഗ് പിറകില്‍ തൂക്കി ഒരു കാല്‍ ജീപ്പിന്റെ ഫുട്ബോര്‍ഡില്‍ ഊന്നി ഞാനും അതില്‍ ഒരു ഭാഗമായി.
"അവിട ചെന്നാ നീ എന്താ പറാമ്പോണെ?"
****
ബാഗേജ് കാബിനില്‍ ബാഗ് തിരുകി കേറ്റി സീറ്റില്‍ അമര്‍ന്നിരിക്കുമ്പോള്‍ അന്നയും അതെ ചോദ്യം ആവര്‍ത്തിച്ചു.
"How ya going to do this?"
"I dont know"
"Then?"
ഇടക്കിടെ റോഡിനേക്കാള്‍ ഉയരമുള്ള മതിലുകളോ വേലിക്കെട്ടുകളോ മുറിച്ചു വീണിരുന്ന വെട്ടം വിന്‍ഡോ ഗ്ലാസിലൂടെ എന്റെ മുഖത്ത് വീണു കൊണ്ടിരിന്നു. അന്നയുടെ ചോദ്യം ഒഴിവാക്കി പുറത്തേക്ക് നോക്കിയിരിക്കാനാണ് അന്നേരം തോന്നിയത്. എന്താണ് പറയേണ്ടത് എന്ന് അപ്പോഴും മനസ്സില്‍ വ്യക്തമായിരുന്നില്ല. ബാംഗ്ലൂരേക്ക് ആദ്യമായിട്ടാണ്. സ്ഥലം ഒരു പിടിപാടുമില്ല. അത് കൊണ്ടാണ് അന്നയെ കൂടി കൂട്ടിയത്.
എന്റെ മൌനത്തിന്റെ അര്‍ത്ഥം മനസിന്റെ അസ്വസ്ഥതയാണ് എന്ന് മനസിലാക്കിയത് കൊണ്ടോ എന്തോ, അന്ന പിന്നെ ഒന്നും ചോദിച്ചില്ല. അവളുടെ ഇടതു കൈ ഒരു വളയം പോലെ എന്റെ വലതു കയില്‍ ചുറ്റി വെച്ച് അവള്‍ തോളിലേക്ക് ചാഞ്ഞു കിടന്നു.
***
"പുതുസാ ആളാ, അംബി സേട്ടാ"
ഡിഗ്രിയുടെ നൂലാമാലകള്‍ അഴിഞ്ഞു തീരും മുന്‍പ് കൈയില്‍ അംബി ചേട്ടന്‍ വെച്ച് തന്ന ഉളിയുമായി വൈത്തിരി മല കയറുമ്പോള്‍ എന്റെ മുഖത്തേക്ക് അപരിചിതമായ നോട്ടമയച്ച് അവന്‍ ചോദിച്ചു.
"പേരെന്ന സേട്ടാ?"
"അനീഷ്"
"നല്ല പെരാക്കുമേ... നാന്‍ മാരിക്കണ്ണ്‍... എല്ലാരും കണ്ണാ എന്ന് കൂപ്പിടും... അമ്മാവുക്കും കണ്ണാ പേര് താന്‍ പുടിക്കും" തമിഴും മലയാളവും കലര്‍ന്ന അവന്റെ ഭാഷ മനസിലാക്കാന്‍ ഞാന്‍ ഒരുപാട് ബുദ്ധിമുട്ടിയിരുന്നു.
"ആസാരിയാ?"
"ഉം"
കാപ്പി ചെടികള്‍ക്കിടയിലൂടെ സമര്‍ത്ഥനായ ഒരു സര്‍ക്കസുകാരനെ പോലെ അവന്‍ കുന്ന് കേറി കൊണ്ടിരുന്നു.
"ഇനി എത്ര പോണം അംബി ചേട്ടാ?" എന്റെ കാലുകള്‍ തളര്‍ന്നു തുടങ്ങിയിരുന്നു.
"ഇപ്പൊ കേറീതിന്റെ അത്രേം കൂടി"
"താ സേട്ടാ ബേഗ്"
എന്റെ എതിര്‍പ്പ് വക വെക്കാതെ അവന്‍ ബാഗ് വാങ്ങി തോളിലിട്ടു. കുന്ന് കയറി തീരും വരെ അവന്‍ നിര്‍ത്താതെ സംസാരിച്ചു കൊണ്ടിരുന്നു. അവന്റെ സംസാരത്തെക്കാള്‍ അംബി ചേട്ടന്‍ തമിഴ് പറയാന്‍ പെടുന്ന പാടാണ് ആ കയറ്റത്തിന്റെ ആയാസം ഇടക്കെങ്കിലും ഇല്ലാതാക്കിയത്.
***
ഒരു വശത്ത് കൂട്ടിയിട്ടിരിക്കുന്ന ചിന്തേര്‍ പോടി. ഒരു വശത്ത് അടുക്കി വെച്ചിരിക്കുന്ന മരഉരുപ്പടികള്‍. ഒരു മൂലയോട് ചേര്‍ത്ത് പലക കൂട്ടി അടിച്ചിരിക്കുന്ന വലിയ വീതിയുള്ള പലക തട്ട്. അംബി ചേട്ടന്റെ കണ്ണില്‍ "ഒന്ന് നടൂ നീര്‍ക്കാ"നുള്ള കട്ടില്‍. ബാഗ് തട്ടിന്റെ ഒരു മൂലയിലേക്ക് ഒതുക്കി വെച്ച് ഞാനിരിന്നു.
"കുളിക്കണ്ടേ?"
വിയര്‍ത്തു കുളിച്ച് കുന്നിന്റെ ഓരോ മടക്കിലും ഇരിക്കുമ്പോള്‍ എത്രയും പെട്ടെന്ന് മുകളിലെത്തി ഒന്ന് കുളിച്ചാല്‍ മതി എന്നായിരുന്നു. പക്ഷെ ഇവിടെ എത്തി നിമിഷങ്ങള്‍ക്കുള്ളില്‍ ശരീരത്ത് പടര്‍ന്നു കയറിയ തണുപ്പില്‍ ഫ്രെഷായതു പോലെ അപ്പോള്‍ തോന്നി.
"സേട്ടാ" അത് കണ്ണനാണ്. ഞങ്ങള്‍ക്ക് കഴിക്കുവാനുള്ള ഭക്ഷണം കൊണ്ടു വന്നതാണ്. സാധാരണ ഭക്ഷണം വെച്ചുണ്ടാക്കി കഴിക്കും. ഇത് ഇന്നത്തേക്ക് മാത്രമാണ്. കുളികഴിഞ്ഞു വന്ന് ഡയറി നിവര്‍ത്തിയിരുന്ന എന്റെ അടുത്ത് അവന്‍ വന്നിരുന്നു.
"എന്ന സേട്ടാ ഇത്"
"ഒന്നുമില്ലെടാ"
"നീങ്ക എന്ന പടിക്കിറത്? അപ്പ സേട്ടന്‍ ആസാരിയല്ല?
"പടിക്കുന്നതല്ലടാ, എഴുതുവാ"
ആശാരി പണിക്ക് വന്ന ഞാന്‍ എന്തെഴുതാന്‍ എന്ന അര്‍ത്ഥത്തില്‍ അവനെന്നെ നോക്കി. പിന്നെ ചോറും കറികളും അടങ്ങിയ തട്ടു പാത്രം നിരത്തി വെച്ച് അവന്‍ പുറത്തേക്ക് പോയി.
***
"കണ്ണന്‍ എന്ന മാരിക്കണ്ണ്‍... പതിനാറ് വയസുകാരന്‍. അപ്പാ തണ്ണി ഊത്തി ഊത്തി എരിന്തിട്ടാര്. തമിഴ് നാട്ടിലെ ഏതോ ഒരു ഉള്‍ഗ്രാമത്തില്‍ നാലോ അഞ്ചോ മാസത്തില്‍ ഒരിക്കല്‍ അവന്‍ വരുന്ന ദിവസം നോക്കി കടക്കാരെ സമാധാനപ്പെടുത്തുന്ന അമ്മ. അക്ക വലിയ പഠിപ്പുകാരിയാണ് അവന്. പെരിയ കോളേജില്‍ ആരുടെയോ കാരുണ്യം കൊണ്ട് പഠിക്കുന്നു. ഇവിടെ കാപ്പിക്കുരു പറിക്കാനും തേയില നുള്ളാനും വരുന്ന അവന്റെ നാട്ടുകാരി സുമക്കന്റെ കൂടെ രണ്ട് വര്ഷം മുന്‍പ് വണ്ടി കേറി പോന്നു. ഒരാഴ്ച കാപ്പിക്കുരു പറിച്ചാല്‍ കിട്ടുന്ന കാശ് ഒരു മരം വെട്ടിയാല്‍ കിട്ടും എന്ന കണക്കുകൂട്ടല്‍ അവനെ പതിനഞ്ചാം വയസില്‍ മരം വെട്ടുകാരനാക്കി. അമ്മ, അക്ക, പല മരങ്ങളുടെ കരുത്ത്, നാട്ടിലെ കോവില്‍, പൊങ്കല്‍, കൂട്ടിവെക്കുന്ന പണം. ഇതാണ് കണ്ണന്‍ എന്ന മാരിക്കണ്ണ്‍."
ഡയറിയില്‍ ഇത്രയും എഴുതി ഞാന്‍ പാറമുകളിലേക്ക് ചാഞ്ഞുകിടന്നു. പുളിപ്പന്‍ ഓറഞ്ച് തൂങ്ങികിടക്കുന്ന ചില്ലകള്‍ക്കിടയിലൂടെ ആകാശം നോക്കി കിടക്കെ എന്റെ കണ്ണുകള്‍ അടഞ്ഞു പോയി.
***
"സേട്ടാ...സേട്ടാ"
ബസ് ഏതോ സ്റ്റോപ്പില്‍ നിന്ന് നീങ്ങി തുടങ്ങുവാണ്.
കൈയില്‍ ഒരു വലിയ ഇരുമ്പ് പെട്ടിയുമായി ഒരാള്‍. അത് ബാഗേജ് കാബിനില്‍ വെക്കാന്‍ കണ്ടക്ടര്‍ സമ്മതിക്കുന്നില്ല. അയാളുടെ കൈയില്‍ തൂങ്ങി ഒരു ചെറുക്കന്‍.
"കൊഞ്ചനേരം കൊളന്തയ പാപ്പീങ്കളാ?" അയാള്‍ പെട്ടിയെയും കുട്ടിയേയും ഒരുമിച്ച് പിടിക്കാന്‍ വല്ലാതെ കഷ്ടപ്പെടുന്നുണ്ടായിരുന്നു. മറ്റൊന്നും ആലോചിക്കാതെ അന്ന ആ കുട്ടിയെ എടുത്ത് മടിയിലിരുത്തി. മൂക്കിള അടിയുമ്പോള്‍ തോന്നുന്നത് പോലെ ഒരു ഗന്ധം എന്റെ മൂക്കിലേക്ക് അടിച്ചുകയറി. അന്നയില്‍ നിന്ന് ഞാന്‍ കുറച്ച് അകന്നിരുന്നു. പിന്നെ കാറ്റ് കേറാനായി വിന്‍ഡോ ഗ്ലാസ് പാതി തുറന്നു വെച്ചു. അന്നക്ക്, പക്ഷെ, ഭാവഭേദം ഒന്നുമില്ല. പൊടിയോ താരനോ ഇടകലര്‍ന്നു കിടക്കുന്ന അവന്റെ മുടി അവള്‍ വിരലുകള്‍ കൊണ്ട് ചീകി വെക്കുന്നു. അന്ന അങ്ങിനെയാണ്. അവളുടെ ചിന്തകള്‍ അവളുടെ അച്ഛന്‍ കൂട്ടി വെക്കുന്ന ലക്ഷങ്ങളുടെ കണക്കിന് താഴെയാണ്.
***
"സേട്ടാ... അനീസേട്ടാ" ഓറഞ്ച് മരത്തിന്റെ ചില്ലകള്‍ക്കിടയില്‍ കണ്ണന്റെ കറുത്ത മുഖം.
"എന്ന മയക്കം സേട്ടാ.. എത്ര കൂപ്പിട്ടു?
ഞാന്‍ എണീറ്റിരുന്നു.
"ഒടമ്പ് വലിക്കിതെന്നു അംബിസേട്ടന്‍ പറഞ്ഞ്. കീളെ പോകമലെ ഇങ്കെ കിടന്നാ വലി കുറയാത്"
പനിയും ശരീരം വേദനയും വല്ലാതെ വലക്കുന്നുണ്ടായിരുന്നു. പക്ഷെ മരുന്ന് വാങ്ങാന്‍ കുന്നിറങ്ങണം. അതോര്‍ത്തപ്പോള്‍ചുരുണ്ട് കൂടി കിടക്കാനാണ് തോന്നിയത്.
"താ..ഇത് കളിച്ച് പാര്" അവന്‍ എന്റെ നേരെ ഒരു ഗുളിക നീട്ടി. അവന്‍ താഴെ പോയി വാങ്ങി കൊണ്ടുവന്നതാണ്. അവന്റെ നിഷ്കളങ്കതയിലേക്ക് ഞാന്‍ നോക്കിയിരുന്നു.
"നാ ഊരുക്ക് പോവാ."
ഞാന്‍ അപ്പോഴാണ് അതോര്‍ത്തത്. പൊങ്കലിന് അവന്‍ നാട്ടില്‍ പോകുന്നത് കാര്യം.
"ഇത് നീ വെച്ചോ" കുറച്ച് പണം. "അക്കക്ക് പുതിയ ഉടുപ്പ് വാങ്ങി കൊടുക്ക്. നീയും വാങ്ങ്"
"വേണ്ട സേട്ട.."
"സാരമില്ല. നീ വെച്ചോ"
അവന്റെ പഴയ മുഷിഞ്ഞ സഞ്ചിക്ക് പകരം എന്റെ ബാഗ് തോളില്‍ ഇട്ട് അവന്‍ കുന്നിറങ്ങി പോകുമ്പോള്‍ മനസില്‍ ഒരു ശൂന്യത നിറഞ്ഞു.
***
"പെരിയ കമ്പനിയാ സേട്ടാ."
പൊങ്കലിന്റെയും നാട്ടിലെയും വിശേഷങ്ങളെക്കാള്‍ അവന് പറയാനുണ്ടായിരുന്നത് അക്കക്ക് ബാംഗ്ലൂരില്‍ സോഫ്റ്റ്‌വെയര്‍ എന്‍ജിനീയറായി ജോലി കിട്ടിയ കഥയായിരുന്നു.
"അമ്മാവും ബാന്ഗ്ലൂര്‍ക്ക് കലമ്പും"
"പിന്നെ നീ എന്തിനാ മടങ്ങി വന്നെ."
"നമ്മക്കെല്ലാം എന്ന തേവൈ, സേട്ടാ".
അവന്‍ പിന്നെ മരങ്ങളുടെ കരുത്തിനെ കുറിച്ച് പറഞ്ഞു. പൊങ്കല്‍, കോവില്‍ എല്ലാം.
***
അന്ന് പകല്‍ പെയ്തു കൊണ്ട് തന്നെ ഇരുന്നു.
"ഇനി മരം വരവ് കുറയും. അണ്ണന്‍മാരൊക്കെ നാട്ടില്‍ പോവും. മഴക്കാലം കഴിഞ്ഞു നോക്കിയാല്‍ മതി."
അംബി ചേട്ടന്‍ ഇവിടെ വര്‍ഷങ്ങളായി ജോലി ചെയ്യുന്നു. മഴയും വെയിലും മാറുന്നതനുസരിച്ച് പാടികള്‍ ഒഴിയുന്നതും നിറയുന്നതും അയാള്‍ക്ക് കൃത്യമായി അറിയാം.
"എല്ലാരും പോകോ?" ഞാന്‍ ചോദിച്ചു.
"മിക്കവാറും. വഴുക്കല്‍ കൊണ്ട് മരം കേറാന്‍ പറ്റൂല. ന്നാലും കുറച്ച് പേര് തങ്ങും."
ചിന്തേര് തള്ളിയ മരം അളന്നു ഞാന്‍ മാര്‍ക്ക് ചെയ്തു കൊണ്ടിരുന്നു.
തലക്ക് മുകളില്‍ പ്ളാസ്റിക് കവറും മുണ്ടും ഒക്കെ കൊണ്ട് മറച്ച് ആരൊക്കെയോ ഓടുന്നു. അംബി ചേട്ടന്‍ പുറത്തേക്കിറങ്ങി എന്തോ വിളിച്ചു ചോദിച്ചു.
"നീയാ കൊടയിങ്ങേടുക്ക്"
"എന്താ എന്ത് പറ്റി?"
"കൊടെയെടുക്കെടാ കഴുവേറി"
മഴനനഞ്ഞ് ഞാനും അയാളുടെ കൂടെ ഇറങ്ങി. പാറകള്‍ക്കിടയിലൂടെയുള്ള വഴിച്ചാലില്‍ വെള്ളം കുത്തിയോഴുകുന്നു. കലങ്ങി മറിഞ്ഞു വരുന്ന ചെളി ചവിട്ടി തെറിപ്പിച്ച് അതി വേഗത്തില്‍ ഞങ്ങള്‍ നടന്നു. പിന്നെ പിന്നെ ചെളി വെള്ളത്തില്‍ കലര്‍ന്ന ചുവപ്പ് നിറം കാലുകളുടെ വേഗം കുറച്ചു.
തിങ്ങി കൂടിനിന്ന മരം വെട്ടുകാരെ വകഞ്ഞു മാറ്റി മുന്നോട്ടു പോകുമ്പോള്‍ കണ്ണനെന്നും മാരിക്കണ്ണെന്നും പേരുകള്‍ മാറി കേട്ടു. മഴവെള്ളത്തില്‍ കലര്‍ന്ന രക്തം അവന്റെതാകല്ലേ എന്ന് പ്രാര്‍ഥിക്കുകയായിരുന്നു ഞാന്‍. പാറകള്‍ക്കിടയില്‍ ചിതറിക്കിടക്കുന്ന അവന്റെ മുഖത്തിന്റെ ചിത്രം മങ്ങി വന്ന എന്റെ ബോധം മറക്കുവോളം ആ പ്രാര്‍ത്ഥന ഞാന്‍ മനസ്സില്‍ ഒരുവിട്ടിരുന്നു.
***
പായയില്‍ പൊതിഞ്ഞു കെട്ടിയ അവന്റെ ശരീരം മൂടിനിന്ന നനവ് പറ്റിയ തടികള്‍ തീ പിടിക്കാന്‍ മടിച്ചു നിന്നു. കാപ്പിക്കുരു വേകുന്നതോ മരപ്പൊടി നനഞ്ഞതോ ആയ ഗന്ധം പറ്റി നിന്ന അവന്റെ ഷര്‍ട്ടുകളും മുണ്ടും ഒക്കെ ബാഗില്‍ എടുത്ത് വെക്കുകയായിരുന്നു ഞാന്‍.
"ഇന്നിനി രാത്രി പോണോ" കാദറിക്ക
"പോണമിക്ക. ഇതൊക്കെ അവരുടെ വീട്ടുകാരെ എല്പ്പിക്കണ്ടേ."
***
"ഉം. ഇതും കൂടെ ഇരിക്കട്ടെ." ചുരുട്ട് പോലെ പൊതിഞ്ഞ നൂറിന്റെ നോട്ടുകള്‍ അംബി ചേട്ടന്‍ ബാഗില്‍ തിരുകി. "ഇത് വരെ ഉള്ള അവന്റെ പണിക്കാശ് പറ്റു കഴിച്ചും കൊറച്ച് കൂടുതലുമുണ്ട്" അയാളുടെ തൊണ്ട ഇടറി.
***
"നീ എന്താ നോക്കുന്നത്?"
കാപ്പിക്കുരു മണം പരന്ന ഷര്‍ട്ട് നോക്കിയിരുന്ന എന്നെ നോക്കി അന്ന ചോദിച്ചു.
"ഒന്നുമില്ല."
"ഊം എത്താറായി."
കുറച്ച് ദൂരം കൂടെ മുന്നോട്ട് പോയി ബസ് നിന്നു. എല്ലാവരും ഇറങ്ങുവാണ്. ഒരു ചിരിയോടെ അന്നയുടെ നെഞ്ചില്‍ ചാരിയിരുന്ന് ഉറങ്ങിയിരുന്ന കുട്ടി എണീറ്റു. ഇരുമ്പ് പെട്ടി ചുമന്ന വന്ന അവന്റെ അപ്പന്റെ കൂടെ കൈ പിടിച്ച് അവനും ബസിറങ്ങി. എല്ലാവരും ഇറങ്ങുകയാണ്.
ബസില്‍ നിന്നിറങ്ങി അവസാനം വിളിച്ച നമ്പറിലേക്ക് വിളിച്ചു, ബസിന്റെ തൊട്ടടുത്ത് നിന്ന അയാള്‍ അടുത്തേക്ക് വന്നു.
"അനീസ്?""
"യെസ്, കണ്ണന്റെ?"
"യാരുമേ വരമാട്ടാ"
"അവന്റെ അമ്മാ, അക്കാ"
"യാരുക്ക്, മാരിക്കാ?, അവെല്ലമേ അവങ്ക അപ്പവോട ചിന്നവീട്ടുകാര്.. അന്ത പൊണ്ണുക്ക് വേല കെടച്ചത്ക്കപ്പ്രം ഊരേ കലമ്പി ഇങ്കെ വന്താച്ച്."
"കണ്ണനെന്താ അവരുടെ കൂടെ പോവതിരുന്നത്?"
"എതുക്ക്?"
***
"കണ്ണന്റെ സുഹൃത്ത് എന്ന് പറഞ്ഞ അയാള്‍ അവന്റെ അക്കയുടെ കമ്പനിയില്‍ വാച്ച്മാനാണ്. അയാളുടെ മറുപടിയിലെ അമ്മയും അക്കയും കണ്ണനും വേറെ ആരോ ആണ് എന്ന് തോന്നി. അപ്പന്‍ മരിച്ച ശേഷം അവന്റെ അമ്മ അവരുടെ മകളെ കൂട്ടി സ്വന്തം വീട്ടിലേക്ക് പോയി. പിന്നെ ഒരു സുമതി അക്കനാണ് അവനെ വൈത്തിരിയില്‍ കൊണ്ട് വന്നത്. നാലോ അഞ്ചോ മാസം കൂടുമ്പോള്‍ അവന്‍ നാട്ടില്‍ വരും. അയാളുടെ കൈയില്‍ കുറച്ചു പണം കൊടുത്തു വിടും. അതൊക്കെ അവന്റെ അമ്മയെ ഏല്‍പ്പിച്ചിരുന്നു എന്നാണ് അയാള്‍ പറയുന്നത്. പക്ഷെ അപ്പോഴും ചുരുള്‍ നിവരാതെ ഇരുന്ന നൂറിന്റെ നോട്ടുകളിലേക്കുള്ള അയാളുടെ ആര്‍ത്തി പൂണ്ട നോട്ടത്തില്‍ അത് സത്യമാണ് എന്ന്‍ എനിക്ക് തോന്നിയില്ല. കുറച്ച് ദൂരെ മാറി അയാള്‍ ഉപേക്ഷിച്ച് കളഞ്ഞു പോയ ബാഗില്‍ കാപ്പിക്കുരു മണം പടര്‍ന്ന അവന്റെ ഷര്‍ട്ട് ഉണ്ടോ എന്നുറപ്പ് വരുത്തി തിരികെ തോളില്‍ ഇടുമ്പോള്‍ അന്ന എന്നെ നോക്കി ചിരിച്ചു. എങ്ങുമേത്താതെ പോകുന്ന എന്റെ യാത്രകളില്‍ കൂടെ ഉണ്ടാകുന്ന അവള്‍ക്കിത് പുതിയ അനുഭവമായിരുന്നില്ല."
കണ്ണനെ കുറിച്ച് നേരത്തെ എഴുതിയ വരികളില്‍ പകുതിയും വെട്ടിക്കളഞ്ഞു ഇത് കൂടി എഴുതി ചേര്‍ത്ത് ഞാന്‍ ഡയറി അടച്ചു വെച്ചു. ബസ് ബാംഗ്ലൂരില്‍ നിന്നും മടങ്ങുകയാണ്.
2 അഭിപ്രായങ്ങൾ:
നല്ല കഥ. നന്നായി പറഞ്ഞിരിക്കുന്നു.
നല്ല ഒഴുക്കോടെ പറഞ്ഞിരിക്കുന്നു.:))
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ