-->

Followers of this Blog

2014, സെപ്റ്റംബർ 30, ചൊവ്വാഴ്ച

അടുത്തതായി ഫയര്‍ ഡാന്‍സ് ബൈ ഉല്‍പ്പന്‍

എ ആര്‍ റഹ്മാന്‍റെ പാട്ട്... പ്രഭുദേവയുടെ ഡാന്‍സ്... ഇതൊക്കെ ടിവിയില്‍ കണ്ട് വായും പൊളിച്ച് ഫാനിന്‍റെ പങ്കയുമെണ്ണി കിടക്കുമ്പോള്‍ ഉല്‍പന് ഒരു വെളിപാടുണ്ടായി. എന്താ? സിനിമാറ്റിക് ഡാന്‍സ് പഠിക്കണം... എന്തിനാ? എന്ന് വെച്ചാ അതായിരുന്നു അപ്പോഴത്തെ ഒരു സ്റ്റൈല്‍...
സംഗതി 1990 കളുടെ സെക്കണ്ട് ഹാഫ്. സിനിമാറ്റിക് ഡാന്‍സായിരുന്നു അന്നത്തെ ട്രെന്‍ഡ്. ഫ്രീക്കന്മാര്‍ മുതല്‍ ഓള്‍ഡ്‌ ജെനറേഷന്‍ വരെ വഴിയെ നടന്നു പോകുന്നതിനിടയില്‍ ഒരു കാര്യോമില്ലാതെ വണ്‍ ടൂ... വണ്‍ ടൂ ത്രീ യെന്നും പറഞ്ഞ് സ്റ്റെപ്പിട്ട് നടക്കുന്ന കാലം. നെറ്റിയുടെ പരിസരപ്രദേശങ്ങളില്‍ വരുന്ന ചെമ്പിപ്പിച്ച മുടി, കാതില്‍ തൂക്കിയിട്ട കുരിശോ കുപ്പിച്ചില്ലോ ഒന്നു വീതം, കഴുത്തിലും കൈയിലും അഞ്ചെട്ട് കളറിലെ ചരടുകള്‍ കൂട്ടി പിണച്ചിട്ടത് രണ്ടു വീതം, ടൈറ്റ് ജീന്‍സ് നരപ്പിച്ചത് ഒന്ന്, നരപ്പിക്കാതെ തുട ഭാഗത്ത് കീറിയത് ഒന്ന് (ഒരു വര്‍ഷത്തേക്ക് രണ്ടു ജീന്‍സ്... അതാണതിന്‍റെയൊരു ഇന്തുക്കൂട്ട്.)... പിന്നെ അന്ന് ഇന്നത്തെ പോലെ ജട്ടിയുടെ ബ്രാന്‍റ് കാണിക്കുന്ന പരിപാടി മാത്രം ഇല്ലായിരുന്നു. ഇങ്ങനെ പച്ചപരിഷ്കാരിയായി സ്റ്റെപ്പിട്ട് നടക്കുന്ന തന്നെ സ്വപ്നത്തില്‍ കണ്ട് ഉല്‍പ്പന്‍ ഒരു രണ്ടു കിലോ കുളിര് അപ്പോ തന്നെ കോരിയിട്ടു. പിന്നെ ഇറങ്ങി നടന്നു... പച്ച മണ്ണ് വാരിയിടാന്‍ പറ്റിയ കണ്ണുള്ള ഗുരുവിനേം തേടി.

ആവശ്യമറിയിച്ചപ്പോള്‍ ദക്ഷിണ ചോദിച്ചു. കൂടെ ഒരു ഡയലോഗും “ഇന്‍റെ അമ്മ പണ്ട് പഠിപ്പിച്ച ‘മലന്കൊറവാ’ കളിച്ച് ദക്ഷിണക്ക് ഡിസ്കൌണ്ട് ഒന്നും വാങ്ങാന്‍ നോക്കണ്ട. 101 രൂപാ... അതില്‍ ഒരു രൂപാ തുട്ടായി തന്നെ വെക്കണം. ലത്‌ പണ്ടാരത്തില്‍ ഇടാനൊള്ളതാ. പിന്നെ മൊത്തത്തില്‍ ഒന്ന് ഗാര്‍നിഷ് ചെയ്യാന്‍ അടക്ക ഒന്ന്, വെറ്റില ഒന്ന്.”
അങ്ങിനെ സിനിമാറ്റിക് ഡാന്‍സാകുന്ന അനന്തസാഗരത്തിലേക്ക് ഉല്‍പ്പന്‍ തലയും കുത്തിയൊരു ചാട്ടം. പക്ഷെ അതില്‍ കിടന്നുള്ള നീന്തല്‍ അത്രയേളുപ്പമല്ലെന്ന്‍ ആദ്യദിവസം തന്നെ ഉല്‍പ്പന് മനസിലായി. എന്ന് വെച്ച് “രൂവാ നൂറ്റൊന്നാ ലവന്‍റെ കാലില്‍ കിടക്കുന്നേ. അതു മൊതലാക്കാതെ ഈ ഉല്‍പ്പന്‍ കളം വിടുന്ന പ്രശ്നമില്ല”. കാര്യം ശരി ഒറ്റ നോട്ടത്തില്‍ വലത്തോട്ടും ഇടത്തോട്ടും മേല്‍പ്പോട്ടും കീഴ്പ്പോട്ടും കൈയും കാലുമിട്ട് പെടപ്പിക്കുന്ന സിമ്പിള്‍ പരിപാടിയാണ് തോന്നുമെങ്കിലും ലതല്ല, സംഗതി ഒരുമാതിരി തൊന്തരവ്‌ പിടിച്ച പണിയാണെന്ന് മനസിലായി തുടങ്ങിയപ്പോള്‍ ഉല്‍പ്പന്‍ സ്റ്റെപ്പൊന്ന്‍ മാറ്റിപ്പിടിച്ചു.
“ആശാനെ കുറച്ചൂടെ സിമ്പിളായ എന്തേലും... അതായത് കാണുമ്പോ സിനിമാറ്റിക് പോലെയിരിക്കുന്ന എന്തേലും?”
“ദേര്‍ ഈസ്‌ നൊ ഷോട്ട്-കട്ട് ടൂ ദി വേള്‍ഡ് ഓഫ് ദി ഡാന്‍സ് ഓഫ് ദി സിനിമാറ്റിക് മി. ഉല്‍പ്പന്‍. ഹാര്‍ഡ് വര്‍ക്കണം” ഇതും പറഞ്ഞ് ആശാന്‍ രണ്ട് അഡീഷണല്‍ സ്റ്റെപ്പ് കൂടെയിട്ടു.
ആശാന്‍ പറഞ്ഞ ഇംഗ്ലീഷും പിന്നാലെ വന്ന സ്റ്റെപ്പും മനസിലാകാതെ ഉല്‍പ്പന്‍ വീണ്ടും പറഞ്ഞു.
“ആശാന്‍ വിചാരിച്ചാ നടക്കും... മാത്രമല്ല ആശാനെ പോലെ സ്റ്റെപ്പിടുന്ന ആശാന്മാര്‍ ഈ സൗത്ത് ഇന്ത്യയില്‍ തന്നെ വേറെയാരുമില്ലാശാനെ.” ലതില്‍ ലാശാന്‍ വീണു. ആ കുഴിയില്‍ വീണു കിടന്ന് ആശാന്‍ കൂലങ്കഷമായി തന്നെ ചിന്തിച്ചു.
“ഒരു പണിയൊണ്ട്... പക്ഷെ നീ...” ആശാന്‍ സംശയത്തോടെ ഉല്‍പ്പനെ നോക്കി. “പറ്റുമാശാനെ എനിക്ക് പറ്റും” ഉല്‍പ്പന്‍ ആശാന് ധൈര്യം നല്‍കി. “ഉം... നോക്കാം”. സംഗതി മറ്റൊന്നുമല്ല “ഫയര്‍ ഡാന്‍സ്”
“ഫയര്‍ ഡാന്‍സ്!! കൊള്ളാം, കേള്‍ക്കുമ്പോള്‍ തന്നെ ഒരിതൊണ്ട്. ദേ നോക്ക്യേ, രോമമൊക്കെ അങ്ങെഴുന്നെറ്റ് റിപ്പബ്ലിക്ക് ദിനത്തിന് പരേഡടിക്കാന്‍ പാകത്തിന് നില്‍ക്കുന്നത് കണ്ടോ ആശാനെ”
“വാട്ട്! രോമമോ, ഈ കളിയില്‍ രോമം പാടില്ല... നാളെ വരുമ്പ സംഗതി മൊത്തത്തില്‍ വടിച്ചേച്ച് വന്നേക്കണം. ക്ലീന്‍ ഷേവ്... തീ കൊണ്ടുള്ള കളിയാ...”
എന്തായാലും സംഗതി കൊള്ളാം... ഒരൊറ്റ സ്റ്റെപ്പ് പഠിക്കണ്ട. സ്റ്റേജിലൂടെ ഒരു പന്തോം പിടിച്ച് ചുമ്മാ തെക്ക് വടക്ക് നടന്നാ മാത്രം മതി... നല്ല കൈയടീം കിട്ടും. മാത്രമല്ല, വഴീക്കൂടി നടന്നു പോവുമ്പം കൊള്ളാവുന്ന തരുണീമണികള്‍ “ദേടീ, നോക്കടീ നമ്മട ഉല്‍പ്പന്‍ ചേട്ടന്‍ പോണ്” “ഉല്‍പ്പന്‍ ചേട്ടനെ സമ്മതിക്കണം, എന്തൊരു ധൈര്യമാ ചേട്ടന്.” “പന്തം കൊണ്ട് ഉല്‍പ്പന്‍ ചേട്ടന്‍ എന്തൊക്കെ കളികളാ കളിക്കുന്നെ” അങ്ങിനെ ചില ഡയലോഗുകള്‍ വിട്ട് തന്നെ നോക്കി വെള്ളമിറക്കും. അങ്ങിനെ ഉല്‍പ്പന്‍റെ സ്വപ്നങ്ങളില്‍ പന്തങ്ങളും തരുണീമണികളും പോസടിച്ച് നില്‍ക്കുകയും ഇതേ സീന്‍ തന്നെ റീവൈന്‍ഡടിച്ച് കണ്ട് ഉല്‍പ്പന്‍ കോരിത്തരിക്കുകയും ചെയ്ത് കാലം കഴിക്കവേ ആ ദിനം വന്നു. ഉല്‍പ്പന്‍റെ പന്തം കൊളുത്തി ഡാന്‍സിന്‍റെ അരങ്ങേറ്റം.
ഞങ്ങള് കാലേകൂട്ടി സ്ഥലത്തെത്തി സ്റ്റേജിന് മുന്നില്‍ തന്നെ സ്ഥാനം പിടിച്ചു. സംഗതി വെടിക്കെട്ട് നമ്പര്‍ ആയത് കൊണ്ട് ആള്‍ക്കാരെ പിടിച്ചിരുത്താന്‍ ഉല്‍പ്പന്‍റെ ഫയര്‍ഡാന്‍സ് ഏറ്റവും അവസാനത്തേക്ക് മാറ്റി വെച്ചിരിക്കുകയാണ്. ഡാന്‍സുകള്‍ മാറി മാറി വന്നു ഒടുവില്‍ അതാ വരുന്നു അനൌണ്‍സ്മെന്‍റ്.
“അടുത്തതായി നിങ്ങള്‍ ആകാംഷപൂര്‍വ്വം കാത്തിരുന്ന ഫയര്‍ഡാന്‍സ്. ശ്രദ്ധിക്കുക കുട്ടികളും ഗര്‍ഭിണികളും ഹൃദ്രോഗികളും ഈ ഡാന്‍സ് കാണരുതെന്ന് വിനീതമായി അഭ്യര്‍ത്ഥിക്കുന്നു. നെക്സ്റ്റ് ഓണ്‍ ദി സ്റ്റേജ്... മി. ഉല്‍പ്പന്‍... ഉല്‍പ്പന്‍... ഉല്‍പ്പന്‍...” അങ്ങിനെ ഉല്‍പ്പന്‍റെ പേര് അന്തരീക്ഷത്തില്‍ കുറച്ച് നേരം എക്കോയടിച്ചു നിന്നു.
കര്‍ട്ടന്‍ ഉയര്‍ന്നു. ഒരു കൈയില്‍ പന്തവും മറ്റെക്കയില്‍ മണ്ണെണ്ണക്കുപ്പിയുമായി ഉല്‍പ്പന്‍ സ്റ്റില്‍ അടിച്ചു നില്‍ക്കുന്നു. പാട്ടു തുടങ്ങി. വിചാരിച്ച പോലെയല്ല. ഉല്‍പ്പന്‍ കലക്കുവാണ്. വായിലേക്ക് മണ്ണെണ്ണ കമഴ്ത്തുന്നു. പന്തത്തിലേക്ക് ഊതി വിടുന്നു. ഭയങ്കരന്‍ തീഗോളങ്ങള്‍ അന്തരീക്ഷത്തില്‍ പറക്കുന്നു. ഉല്‍പ്പന്‍ സ്വപ്നത്തില്‍ കണ്ട സുന്ദരികള്‍ അതാ മൂലക്കിരുന്ന്‍ കൈയടിച്ച് തുള്ളിച്ചാടുന്നു. ഉല്‍പ്പന്‍ കലക്കിക്കേറുവാണ്. ഇടക്ക് വായിലേക്ക് പന്തം തിരികെ കേറ്റി പുറത്തെടുക്കുന്നു, വീണ്ടും പന്തം ആളിക്കത്തിക്കുന്നു, ദേഹമാകെ പന്തമിട്ടുരക്കുന്നു. ആളുകളുടെ ആര്‍പ്പുവിളികേട്ട് ഒരു നിമിഷത്തില്‍ ഉല്‍പ്പന്‍റെ ആശാന് വരെ ഉല്‍പ്പനോട് ജലസിയടിച്ചു പോയി. അടുത്തത് ഉല്‍പ്പന്‍റെ ക്രൂഷ്യല്‍ സ്റ്റെപ്പാണ്.
ഉല്‍പ്പന്‍ ഉഗ്രന്‍ രണ്ട് തീ ഗോളങ്ങള്‍ പറപ്പിച്ച് തന്‍റെ ലാസ്റ്റ് സ്റ്റെപ്പ് എടുക്കാന്‍ റെഡിയായി. വായില്‍ മണ്ണെണ്ണയൊഴിച്ച് കുപ്പി സഹായിക്ക് എറിഞ്ഞു കൊടുത്തു. എന്നിട്ട് ജീന്‍സിന്‍റെ ഹുക്ക് അഴിച്ച് പന്തം ഫ്രണ്ട് ഏരിയയില്‍ കുത്തിയിറക്കി. ഇനി വലിച്ചെടുത്ത് ഊതി ഫൈനല്‍ തീഗോളം വിടുന്നതോടെ ക്ലൈമാക്സ്. ഉല്‍പ്പന്‍ സംഗതി “ലവിടെ” കുത്തിയിറക്കിയത് കണ്ട് തരുണീമണികള്‍ പേടിച്ച് കണ്ണുകളടച്ചു. പക്ഷെ “യിതൊക്കെയെന്ത്” എന്ന് പറഞ്ഞ് ഉല്‍പ്പന്‍ പന്തമൂരിയെടുത്തു. അതിലേക്ക് മണ്ണെണ്ണയൂതാന്‍ പോകലും “വാട്ട് ദ ഹെല്‍?”
കോലിന്‍റെ അറ്റത്തുണ്ടായിരുന്ന പന്തം കാണുന്നില്ല. അടുത്ത സെക്കന്റില്‍ ഉല്‍പ്പന്‍റെ അലര്‍ച്ചയുയര്‍ന്നു ഒപ്പം അടിവാരത്തു നിന്നും കട്ടപ്പുകയും. അലര്‍ച്ചയില്‍ വായിലുണ്ടായിരുന്ന മണ്ണെണ്ണ കുറെയൊക്കെ ഉല്‍പ്പന്‍ തന്നെ വിഴുങ്ങി. ബാക്കി നെഞ്ചിലൂടെ ഒഴുകിയിറങ്ങി നേരെ അടിവാരത്തിലേക്ക്. സംഗതിയാകെ ബഹളമയം. പെട്ടെന്ന് ഒരു ശബ്ദമുയര്‍ന്നു.
“ചവുട്ടി കെടത്തെടാ”.
ഠമാര്‍!!!!!
ഓവര്‍ ലോഡ് കേറി ട്രാന്‍സ്ഫര്‍ അടിച്ചു പോയത് പോലെ ഒരു ശബ്ദം. പിന്നാലെ ഉല്‍പ്പന്‍റെ ദയനീയമായ രോദനവും.
ഉടനെ ഉല്‍പ്പനെ പൊക്കി ഞങ്ങള്‍ ആശുപത്രിയില്‍ എത്തിച്ചു. ഒരുമാതിരി ഇടിവെട്ടേറ്റവനെ പാമ്പു കടിച്ച പോലത്തെ സീനായിരുന്നു ഉല്‍പ്പന് ആശുപത്രിയില്‍. അടിയന്തിരപ്രദേശങ്ങളില്‍ ഒരു ബോംബ്‌ സ്ഫോടനത്തിന് ശേഷമുള്ള കെടുതികള്‍. അതും പോരാഞ്ഞ് അകത്ത് കേറിയ മണ്ണെണ്ണ കഴുകാന്‍ കുടലും ആമാശയും പുറത്ത് വലിച്ചിട്ടുള്ള വയറുകഴുകലും. ഒന്ന് രണ്ടാഴ്ചത്തെ ഹോസ്പിറ്റല്‍ വാസത്തിനു ശേഷം ഉല്‍പ്പന്‍ പുറത്തിറങ്ങി. വഴീക്കൂടി പോവുമ്പം ഉല്‍പ്പന്‍റെ സ്വപ്നസുന്ദരികള്‍ എതിരെ വരുന്നു. അവര്‍ ഉല്‍പ്പനെ നോക്കി വെള്ളമിറക്കാതെ തന്നെ ഡയലോടിക്കുന്നു. സംഗതി സ്ക്രിപ്റ്റില്‍ മാറ്റമൊന്നുമില്ലെങ്കിലും ഇപ്പോള്‍ കേള്‍ക്കുമ്പം ലതില്‍ മറ്റെന്തോ കൊള്ളിച്ചത് പോലെ. ലവളുമാരുടെ ചിരികൂടെ കേട്ടപ്പോള്‍ അതങ്ങ് ഞങ്ങള്‍ ഉറപ്പിക്കുകയും ചെയ്തു.
“ദേടീ, നോക്കടീ നമ്മട ഉല്‍പ്പന്‍ ചേട്ടന്‍ പോണ്”
“ഉല്‍പ്പന്‍ ചേട്ടനെ സമ്മതിക്കണം, എന്തൊരു ധൈര്യമാ ചേട്ടന്.”
“പന്തം കൊണ്ട് ഉല്‍പ്പന്‍ ചേട്ടന്‍ എന്തൊക്കെ കളികളാ കളിക്കുന്നെ”
====

5 അഭിപ്രായങ്ങൾ:

അജ്ഞാതന്‍ പറഞ്ഞു...

kalakki aashane

ajith പറഞ്ഞു...

ഉല്പന്‍ സീരീസ് സൂപ്പറാകുന്നുണ്ട് കേട്ടോ!

Thus Testing പറഞ്ഞു...

Thank you Ajith & Unknown friend

അജ്ഞാതന്‍ പറഞ്ഞു...

goog

സുധി അറയ്ക്കൽ പറഞ്ഞു...

ഹ ഹ ഹ .ഉൽപ്പു ഇനി എന്ന ചെയ്യും??