-->

Followers of this Blog

2011, ഡിസംബർ 7, ബുധനാഴ്‌ച

Movie Review: ബ്യൂട്ടിഫുള്‍ ഒരു സുന്ദരകാവ്യം

ചെറിയ  തണുപ്പിന്‍റെ  സ്പര്‍ശമുള്ള  രാത്രിയില്‍  ഒരു  പെഗ്  വോഡ്ക  മാത്രം  സിപ്‌  ചെയ്തു  നിലാവിനെ  നോക്കി  നില്‍ക്കുമ്പോള്‍    മനസിലൂടെ  കടന്നു  പോകുന്ന  സുഖമുള്ള  അനുഭൂതി പോലെയാണ് ഒരു  നല്ല  സിനിമ .ബ്യൂട്ടിഫുള്‍ എന്ന  വാക്ക്  അന്വര്‍ത്വമാക്കിയ   ചിത്രം . 3Dയും  വിവാദങ്ങളും  ബാനെറും താരങ്ങളും  അല്ല , സിനിമ  പറയുന്ന  കഥയാണ്  ഒരു  പ്രേക്ഷകനെ    "മനോഹരമായ   സിനിമ " എന്ന്  പറയുവാന്‍  പ്രേരിപ്പിക്കുന്നത്. അത്  തുടക്കത്തിലേ  മനസിലാക്കിയ  എഴുത്തുകാരനാണ്  അനൂപ്‌  മേനോന്‍.  അതോടൊപ്പം തന്നെ    അനൂപ്‌  ഒരു  മികച്ച  അഭിനേതാവ്  കൂടിയാണ്. മത്സരിച്ചുള്ള  അഭിനയം  എന്നത്  മള്‍ട്ടി-സ്റ്റാര്‍  ചിത്രമല്ല, മറിച്ച് കഴമ്പുള്ള  കഥാപാത്രങ്ങളുടെ   ഏറ്റുമുട്ടല്‍  ആണ്. ജയസൂര്യയും  അനൂപ്‌  മേനോനും  ഇവിടെ  അത്തരം ഒരു  ഏറ്റുമുട്ടലിലാണ് .

ചില  ഹോളിവുഡ്  ചിത്രങ്ങളുടെ  ഗന്ധമുള്ള  കാറ്റ്  പതിയെ  വീശി  പോകുന്നുണ്ടെങ്കിലും, ജിവിതം  എന്നത് അതിന്റെ തന്നെ  പല  കോണുകളില്‍   ഒരേ  പോലെ  സംഭവിക്കുന്ന  ചില  കാര്യങ്ങള്‍ക്ക്  സാക്ഷ്യം  വഹിക്കുന്ന  ഒന്നായി  കരുതുമ്പോള്‍  ഇവിടെ  അത്തരം  സാമ്യങ്ങള്‍ക്ക് പ്രേക്ഷകന്‍  മാപ്പു  കൊടുക്കുന്നു. എങ്കിലും  ഇതില്‍  കോപ്പിയടി  എന്നതൊന്നില്ല . ചുറ്റും  ഇരുള്‍  പരക്കുമ്പോള്‍  പ്രകാശം  തേടി  നടന്നു  പോകുന്നവന്  സ്റ്റീഫന്‍  ലൂയിസ്  (ജയസൂര്യ ) എന്ന  കഥാപാത്രം  നല്‍കുന്ന  പോസിറ്റീവ്  എനര്‍ജി  ആണ്  ചിത്രത്തിന്‍റെ  അടിസ്ഥാനമായ  ഭാവം . അയാളുടെ  ജിവിതത്തിലേക്ക്  വരുന്നവര്‍  മിക്കവരും   കയ്യില്‍  വെളിച്ചം കരുതുന്നവരാണ്. അത് ഊതി കെടുത്താന്‍ ആഗ്രഹിക്കാത്ത സ്റ്റീഫന്‍ ലൂയിസ് പറയുന്നത് "നമ്മള്‍ക്ക് വിളക്കു കൊളുത്തി വെച്ചല്ലേ ശീലം" എന്നാണ്.

ചിത്രത്തിലെ  എല്ലാ കഥാപാത്രങ്ങളും  നമ്മളുടെ  ജീവിതത്തിലൂടെ  എപ്പോഴൊക്കെയോ കടന്നു പോയവരാണ്.ജോണ്‍(അനൂപ്‌) എന്ന  പാട്ടുകാരനും അങ്ങിനെ  തന്നെ. ഒരു പക്ഷേ  കോളേജിന്റെ  ഇടനാഴികളില്‍  എവിടെയോ, കോര്‍പ്പറേറ്റ്  ജാലകത്തിന്‍റെ  അരികിലോ  ഒരു  ഗിറ്റാറും  തൂക്കി  നില്ക്കുന്ന  ഒരാള്‍  ആരുടെ  ജീവിതത്തിലാണ് ഇല്ലാതെ  പോകുന്നത് ?. തന്‍റെ  കഴുത്തിനു  താഴെ  ശരീരം  ഉണ്ടോ  എന്നു  പോലും  അറിയാന്‍  കഴിയാത്ത  സ്റ്റീഫന്റെ  അടുത്ത  സുഹൃത്തായി  ജോണ്‍  മാറുന്നത്  ആ  ഗിറ്റാറിന്റെതന്ത്രികളില്‍  നിന്നുയരുന്ന   ശ്രുതിപദങ്ങളിലൂടെയാണ്.ഒരു  ഗാനരംഗവും  ഒരു  മഴനനയലും   കൊണ്ട്  ആ  സൌഹൃദത്തിന്റെ  ആഴം  പ്രേക്ഷകനിലേക്ക്  കൃത്യമായി   പകര്‍ത്തി വെക്കപ്പെടുന്നു. .

ഒരേ  സമയം  പണവും  ശാരീരിക  വൈകല്യവും  ഉള്ള  ഒരാളെ   ചുറ്റി  പറ്റി  നില്‍ക്കുന്ന  എല്ലാത്തരം  ആളുകളും  അവരുടെ  തന്മയഭാവം  പൂണ്ടു  ചിത്രത്തില്‍  നിറഞ്ഞു  നില്‍ക്കുന്നുണ്ട്. "കൂടെ  നിന്ന്  പിന്നില്‍  നിന്നു കുത്തുന്ന  ഒരു  ക്ലൈമാക്സി"നു    ജൂലിയസ്  സീസറിനും  ബ്രൂട്ടസിനും  ഒപ്പം  പഴക്കം ഉണ്ടെങ്കിലും  ചിത്രത്തിന്‍റെ  സസ്പെന്‍സിനെ  അത്  കാര്യമായി  ബാധിച്ചിട്ടില്ല . കൃത്യമായ  അളവും  തൂക്കവുമുള്ള  സംഭാഷണം  സിനിമയെ  വ്യത്യസ്തമായ  ഒരു  തലത്തില്‍  എത്തിച്ചിരിക്കുന്നു.അങ്ങിനെ  ഒരു പുഴ പോലെ  ഒഴുകി  പോകുന്നതിനിടയില്‍  പെട്ടെന്ന്  ഒരു  കല്ലുകടി  പോലെ  "പാതി  സ്വത്ത്‌  നിന്‍റെ  പേരില്‍  എഴുതി  വെച്ചിട്ടും  നീ ..." എന്ന  ക്ലീഷേ ഡയലോഗ് വന്നത്  എന്തുകൊണ്ടെന്നു  ആലോചിച്ചു  തീരും  മുന്നേ  അവസാന  രംഗത്തില്‍  കൃത്യമായ  മറുപടി  പ്രേക്ഷകന്  വേണ്ടി  കാത്തുവെക്കാനും  അനൂപ്‌  മറന്നിട്ടില്ല .

അതിശയോക്തി  ഇല്ലാത്ത നല്ല സൗഹൃദങ്ങളുടെ,നേരില്‍  കാണുന്ന  മനുഷ്യരുടെ, എപ്പോഴെങ്കിലും നമ്മള്‍ അനുഭവിച്ചിട്ടുള്ള  മാനസികവ്യാപാരങ്ങളുടെ , സത്യസന്ധമായ  വെളിപ്പെടുത്തലുകളുടെ, മനസിന്‌  മുകളില്‍  പെയ്തു  വീഴുന്ന  മൃദുല സ്പര്‍ശങ്ങളുടെ  പൂര്‍ണ്ണമായ  ചലച്ചിത്രാവിഷ്ക്കാരമാണ് ബ്യൂട്ടിഫുള്‍.ഗാനങ്ങളുടെ വരികള്‍,സംഗീതം , ചിത്രീകരണം  എല്ലാം   ചിത്രത്തിന്‍റെ  മൂഡ്‌  കൃത്യമായി  ക്രിയേറ്റ് ചെയ്യാന്‍  സഹായിച്ചിട്ടുണ്ട്. ത്രീ കിങ്ങ്സ്  പോലെ  ഒരു  തട്ടു പൊളിപ്പന്‍  പടത്തില്‍  നിന്നും  നല്ലമാറ്റം V K   പ്രകാശ്‌  എന്ന  സംവിധായകനില്‍  ഉണ്ടായത്  മികച്ച  പ്രതീക്ഷ  പ്രേക്ഷകനില്‍  ഉണ്ടാക്കുന്നു. ഓരോ  രംഗങ്ങളും  കൃത്യമായി  ഇണക്കിയ  ശക്തമായ തിരക്കഥ , അതിന്‍റെ  തനിമ  തെല്ലും  ചോരാതെ  പകര്‍ത്തി  എടുക്കാന്‍  പ്രകാശിന്  കഴിഞ്ഞിട്ടുണ്ട് .

കടലിലേക്ക്  ഇറങ്ങി  നില്‍ക്കുന്ന  മുനമ്പില്‍  കഥയുടെ  അവസാന  ഫ്രെയിം  ചെന്നു  നില്‍ക്കവേ,ഒരു  നല്ല  നോവല്‍  വായിച്ചു  തീര്‍ക്കുമ്പോള്‍   ലഭിക്കുന്ന  സുഖമുള്ള  ആലസ്യത്തില്‍  ചാഞ്ഞു  കിടക്കാന്‍ മനസിന്‍റെ  കോണില്‍  എവിടെയോ  ഒരു  മോഹം . Beautiful is a beautiful movie.

2011, ഒക്‌ടോബർ 20, വ്യാഴാഴ്‌ച

വിളിക്കാത്തവന്റെ സദ്യ

കല്ലിന്റെ ഹൃദയം
തുളക്കുന്നൊരുച്ചയുടെ
പൊള്ളുന്ന മണമാണ്
എന്റെ വിശപ്പ്‌...
എച്ചിലുറങ്ങുന്ന
കീറിലക്ക് മുകളില്‍
വട്ടമിടുന്ന കാക്കളുടെ
ചിറകടിയാണ്
എന്റെ ദിശ...

***

തോരനില്‍ പുകയുടെ
നീറുന്ന മണമെന്നൊരു തള്ള,
എന്നെ തുറിച്ചൊരു
കണ്ണുമായരികിലൊരുണ്ണി,
ഇലയില്‍ വെള്ളം തളിക്കാന്‍
മറന്നു മുഷിഞ്ഞ ഞാന്‍,
ഇരുമ്പ് മേശയുടെ
നാലാം കസേരയില്‍
ഇനിയുണ്ടൊരാള്‍.
തവിയില്‍ തുളുമ്പുന്ന
മോരിന്റെ കൂടെ
"ആരെന്ന നോട്ടം"
വിളമ്പുന്നവര്‍.
വിളിക്കാതെ വന്ന്
ഇല നിവര്‍ത്തുന്നവന്
ഇനി വരാനുള്ളത്
പുച്ഛമാര്‍ന്നൊരു
ചിരിയാണ്.

***

വാരി വലിച്ചെന്റെ
വിശപ്പിനെയൂട്ടവേ
ഊര്‍ദ്ധനാളങ്ങളില്‍
ഇരച്ചു കയറിയൊരു
വറ്റ്...
നെറുകില്‍ തട്ടി
തടയും മുന്നേ
തൊണ്ട പൊട്ടിച്ചു
ചാടിയ ചുമ...
പാതിയരഞ്ഞ വറ്റും
ചാറിന്റെ മഞ്ഞകറയും
ചിതറി വീണിടം
നാലാമന്റെ മുണ്ടാണ്...
കണ്ണില്‍ നിന്നാര്‍ത്ത്
പറന്നയീച്ചകള്‍
കരണം പുകയുന്ന
തഴമ്പു നീറ്റലും.

***

ചൂഴ്ന്നിറങ്ങുന്ന
കണ്ണുകള്‍ക്കിടയില്‍
തലതാഴ്ത്തി
നടന്നിറങ്ങുന്നവനെ
കണ്ണില്‍ കൊളുത്തി നീ
പിടയരുത്...

ഇവിടെ ഞാനുമെന്‍
ഇരമ്പുന്ന വിശപ്പുമൊഴികെ
എന്നെ അറിയുന്നവര്‍
ആരുമില്ല;
ഇവിടെ ഞാന്‍
സഹതാപമേറ്റ്
വാങ്ങുന്നോ-
രപമാനിതനുമല്ല;

ഉച്ചയുടെ പൊള്ളല്‍ പോല്‍
കല്ല് തുളക്കുന്ന
വിശപ്പിന്റെ ഗന്ധ-
മുള്ളൊരാള്‍ മാത്രം...

2011, സെപ്റ്റംബർ 14, ബുധനാഴ്‌ച

ഒറ്റുകള്‍ക്കപ്പുറം കവിതയുണ്ടാകുന്നു...

നിന്റെ മൌനത്തിന്
മൂര്‍ച്ഛയുണ്ടെന്നും
വാക്കിനതിരുകള്‍
തീരുന്നിടം മുതല്‍
എന്റെ നെഞ്ചതില്‍
കൊത്തിപ്പറിയുമെന്നു-
മറിഞ്ഞപ്പോഴാണ്
കവിതയില്ലാതെ
ഞാന്‍ കവിയായത്‌

ഒരു ചുംബനം കൊണ്ട്
നീ പൂക്കുമെന്നും
റാന്തലിന്റെ കരി
പടര്‍ന്ന ചുവപ്പ്
നിന്‍ കവിളില്‍ കലര്‍ന്നത്
പ്രണയമാണെന്നും
നരച്ചൊരു സന്ധ്യയുടെ
ചിതറിയ മഴയില്‍
ഒറ്റപ്പെടലിന് നീ
ചുംബനമില്ലാതെന്നെ
ഒറ്റുകൊടുത്തത്‌
വിരഹമെന്നും
പകര്‍ത്തിയെഴുതി
ഞാന്‍ കവിയായത്‌...

ഇന്ന്...
വരിയും വരയും
മുറിഞ്ഞിവിടെ
ഇടനാഴിയില്‍ ഞാന്‍
ചാഞ്ഞിരിക്കുമ്പോള്‍
ഇനിയുമെന്‍ ഹൃദയം നീ
നെടുകെ പിളര്‍ത്തുക
വാക ചുവപ്പ്
മിഴികളിലാഴ്ത്തി
ഉറക്കെ ചിരിച്ചെന്നെ
ഒറ്റിക്കൊടുക്കുക

ഇനിയെന്നിലൊരു കവി-
യെഴുതി തുടങ്ങുവാന്‍
ഒരു മഴ കൂടി
തനിയെ നനയണം
മഴ നനഞ്ഞിരുളി-
ലുറക്കെ കരയണം
രാത്രിയുടെ
വാരിയെല്ലുകള്‍
ഞെരിയുന്ന കലമ്പല്‍
തീരും മുന്‍പ്‌
കനലുകള്‍ കൊണ്ടെന്നെ
പൊള്ളിക്കുവാനും
മുറിവില്‍ കണ്ണുനീ-
രിറ്റിച്ചു നീറ്റാനും
എന്നെ വീണ്ടുമൊരു
കവിയാക്കുവാനും
ഒരിക്കല്‍ കൂടിയെന്നെ
നീ
ഒറ്റുകൊടുക്കുക.

2011, ഓഗസ്റ്റ് 25, വ്യാഴാഴ്‌ച

റോസിന്റെ പേര് - A Book Review on Name of the Rose

Originale Name: Il Nome Della Rosa (Italian)
English Translation: Name of the Rose
Author: Umberto Eco
Gynre: Novel


Il Nome Della Rosa (ഇല്‍ നോമേ ദേല്ലാ റോസാ) എന്ന ഇറ്റാലിയന്‍ നോവലിന്റെ ഇംഗ്ലിഷ് പതിപ്പാണ് Name of the Rose. ഒരു സന്യാസആശ്രമത്തില്‍ നടക്കുന്ന തുടര്‍മരണങ്ങളുടെ മേല്‍ നടക്കുന്ന അന്വേഷണമാണ് നോവലിന്റെ ഇതിവൃത്തം. ഇറ്റാലിയന്‍ എഴുത്തുകാരന്‍ ഉമ്പാര്ത്തോ എക്കോ ആണ് നോവലിസ്റ്റ്. ഷേര്‍ലക് ഹോംസ് കഥകള്‍ പോലെ അനുയായിയുടെ ഓര്‍മകളില്‍ പറയുന്ന ഒരു കുറ്റാന്വേഷണ നോവല്‍ എന്നതിനപ്പുറം ഇത് ഒരു പരന്ന വായനക്ക് പ്രേരിപ്പിക്കുന്ന പുസ്തകം എന്ന് വിശേഷിപ്പിക്കാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. പുസ്തകവായനയില്‍ നിന്നും പുസ്തകകേള്‍വിയിലെക്കുള്ള ചുവടു വെപ്പ് എന്നത് കൂടി ഈ-വായനയിലൂടെ നടന്നു എന്ന് കൂടി പറയാം.

ഒരു ഫ്രാന്‍സിസ്കന്‍ സന്യാസിയായ വില്യം ആണ് പ്രധാനകഥാപത്രം. ഇദ്ദേഹമാണ് ആശ്രമത്തിലെ ലത്തീന്‍ തര്‍ജമ നടത്തിയിരുന്ന ആടെല്‍മോ എന്ന സന്യാസ്യിയുടെ ദുരൂഹമരണത്തെ കുറിച്ച് അന്വേഷിക്കാന്‍ നിയോഗിതനാകുന്നത്. പേര് വില്യം. വില്യം ഓഫ് ബാസ്കര്‍വില്‍സ് എന്ന പേര് കോനന്‍ ഡയലിന്റെ നോവലിനെ ഓര്പ്പിക്കുന്നുവെങ്കിലും അതിനേക്കാള്‍ നിഗൂഡവും ഒരു കാലഘട്ടത്തിന്റെ ചിന്താധാരകളും ചേരുന്നിടത്ത് ഹോണ്ട് ഓഫ് ബാസ്കര്‍വില്‍സ് മറഞ്ഞു പോകുന്നുണ്ട്. സന്യാസആശ്രമത്തിലെ ലൈബ്രറിയെ ചുറ്റിപ്പറ്റിയാണ് കഥയുടെ പോക്ക്. യൂറോപ്പില്‍ മുഴുവന്‍ പ്രചാരം നേടിയ ലൈബ്രറിയായിരുന്നു അവിടെ ഉണ്ടായിരുന്നത്. (ഒരു കുറ്റാന്വേഷകനോവലിന്റെ സങ്കീര്‍ണ്ണത കുറക്കുവാനായിരിക്കണം ആശ്രമത്തിന്റെയും ലൈബ്രറിയുടെയും ഒക്കെ ബ്ലുപ്രിന്‍റ് നോവലിനോപ്പം നല്‍കിയിരിക്കുന്നത്. )
ഇവിടെ നിഗൂഡമായ ചില ഗ്രന്ഥങ്ങള്‍ ഉണ്ട്. ഈ ഗ്രന്ഥങ്ങളുടെ വായന ക്രൈസ്തവമതം ഒരു കാലത്ത്‌ കടന്നു പോയ പ്യൂരിറ്റനിസം എന്ന ജീവിതരീതിയെ ചോദ്യം ചെയ്യും വിധമുള്ള അവസ്ഥസംജാതമാക്കും എന്ന് ഭയം ചില സന്യാസിമാരില്‍ ഉണ്ടായിരുന്നു. ഉദാഹരണമായി ഹാസ്യം ക്രൈസ്തവജീവിതത്തിന് എതിരാണ് എന്ന വിശ്വാസം. അതെ കുറിച്ച് ഒരു അദ്ധ്യായത്തില്‍ തന്നെ പറയുന്നുണ്ട്. ക്രിസ്തു ഒരിക്കലും ചിരിച്ചിട്ടില്ല എന്നും ക്രൈസ്തവര്‍ ഹാസ്യവിരോധികള്‍ ആയിരിക്കണം എന്നും. അരിസ്ടോട്ടില്‍ എഴുതിയ പോയെട്ടിക്സ്‌ എന്ന പുസ്തകത്തിന്റെ രണ്ടാം ഭാഗം ഈ ലൈബ്രറിയില്‍ ഉണ്ട്. തോമസ്‌ അക്വീനാസിനെ പോലുള്ള ദൈവശാസ്ത്രജ്ഞന്മാര്‍ സോക്രട്ടീസിനെ പ്രതിപാദിക്കുന്നത് ഹാസ്യവിരോധാത്മകത തകര്‍ക്കും എന്ന ഭയം ഈ സന്യാസിമാര്‍ക്ക് ഉണ്ടായിരുന്നു. മാത്രമല്ല പോയെടിക്സിന്റെ രണ്ടാം ഭാഗം പറയുന്നത് ഹാസ്യത്തെ കുറിച്ചാണ്. അതിനാല്‍ അങ്ങിനെ ഒരു പുസ്തകമില്ലെന്നും അരിസ്റൊട്ടില്‍ ഹാസ്യവിരോധിയാണ് എന്നും വരുത്തിതീര്‍ക്കാന്‍ ആ പുസ്തകത്തിന്റെ രണ്ടാം ഭാഗം ലൈബ്രറിയില്‍ ഇല്ലാ എന്ന് പ്രചരിപ്പിക്കേണ്ടത് ഇവരുടെ ആവശ്യമായിരുന്നു. കൂടാതെ ലൈബ്രറിയിലേക്കുള്ള വഴിയും ഭിത്തികളും ഒക്കെ അതി നിഗൂഡമാക്കി തീര്‍ത്ത് വായിക്കാന്‍ ആഗ്രഹിക്കുന്നവരെ ലൈബ്രറിയില്‍ നിന്നും അകറ്റി നിര്‍ത്തുകയാണ് ചെയ്തിരുന്നത്.

ആടെല്‍മോയുടെ കൊലപാതകത്തെ കുറിച്ചുള്ള അന്വേഷണം പുരോഗമിക്കെ ആശ്രമാധിപന്‍ അടക്കം അഞ്ചു പേര്‍ കൂടി കൊല്ലപ്പെടുന്നു. ഒടുവില്‍ അന്വേഷണം ലൈബ്രറിയുമായി ബന്ധപ്പെട്ടാണ് എന്ന് മനസിലാവുകയും സൂത്രധാരന്‍ ആരെന്നു വെളിവാകുകയും ചെയ്യുന്നു. എങ്കിലും ലൈബ്രറിയും അതിലെ വിലയേറിയ അറിവും കത്തി നശിക്കുന്നിടത്താണ് കഥ അവസാനിക്കുന്നത്.

നേരത്തെ പറഞ്ഞത്‌ പോലെ ഇത് ഒരു പുസ്തകങ്ങളെ കുറിച്ചുള്ള പുസ്തകമാണ്. അത് കൊണ്ട് തന്നെ ഈ നോവല്‍ വായിക്കുന്നതിനു പുറമേ അതില്‍ പ്രതിപാദിക്കുന്ന മറ്റു പല കാര്യങ്ങളും ഗ്രന്ഥങ്ങളും ഒക്കെ അറിയാന്‍ ഒരു പരന്ന വായന കൂടി വേണ്ടി വരുന്നു. അത് കൂടുതല്‍ അറിവ് പ്രദാനം ചെയ്യുന്നു. ഏഴ് ദിവസങ്ങളിലായി തീരുന്ന കഥ ഏഴ് ഭാഗങ്ങളില്‍ ആണ് പറയുന്നത്. ക്രൈസ്തവ ആരാധനക്രമം അനുസരിച്ചാണ് ഭാഗങ്ങള്‍ വേര്‍തിരിചിരിക്കുന്നത്. ലത്തീന്‍ പ്രയോഗങ്ങള്‍ ഒരുപാട് ഉള്ളതിനാല്‍ ഗൂഗിളിന്റെ കാലുപിടിക്കേണ്ടത് കൂടി ഉണ്ട്. ഒരു പക്ഷെ ആ ലൈബ്രറിയില്‍ എത്തിപ്പെടാന്‍ ഒരു വായനക്കാരന് വേണ്ടി വരുന്ന ബുദ്ധിമുട്ട് ഈ പുസ്തകം വായിക്കുന്നയാള്‍ക്ക് മേല്പറഞ്ഞ ചില ബുദ്ധിമുട്ടുകള്‍ കൊണ്ട് നേരിട്ട് ബോധ്യമാവുന്നു എന്നാണ് എനിക്ക് തോന്നുന്നത്. രചനാശൈലി കൊണ്ട് ഏറെ മികവ് പുലര്‍ത്തുന്ന ഗ്രന്ഥം ആദ്യം അനുഭവിക്കേണ്ടി വരുന്ന വായനാക്ലേശം കടന്നു കിട്ടിയാല്‍ വളരെ നല്ല വായനാസുഖം നല്‍കുന്നു. ഒപ്പം ചരിത്രം മറിച്ചു നോക്കാന്‍ ഒരു പ്രേരണയും പുത്തന്‍ അറിവുകളും.

2011, ഓഗസ്റ്റ് 24, ബുധനാഴ്‌ച

മതിലുകള്‍...



ആ സംഗതി എന്ത് ചെയ്തു?

യേത് സംഗതി?

ഘോര ഘോര സുന്ദരമായി ഒരു രൂപക്ക്‌ തരാന്ന് പറഞ്ഞ അരി?

അതോ? അറിഞ്ഞിട്ടിപ്പോ എന്തിനാ?

അല്ല! ഓണത്തിനെങ്ങാനും കിട്ടുവോന്നറിയാനാ...?

കിട്ടീല്ലെങ്കിലെന്താ?

ഓ... ഒന്നുമില്ല... അതെന്റെ വോട്ടായിരുന്നു...

2011, ഓഗസ്റ്റ് 15, തിങ്കളാഴ്‌ച

ജപ്പാനില്‍ ആളുകള്‍ സമരം ചെയ്യുന്നത്....

കുട്ടിക്കാലത്ത് ഏതോ ഒരു സ്വാതന്ത്ര്യദിന പ്രത്യേകചലച്ചിത്രത്തിലാണ് ജപ്പാനിലെ സമരരീതിയെ കുറിച്ച് കേള്‍ക്കുന്നത്. നമ്മുടെ നാട്ടില്‍ തൊട്ടതിനും പിടിച്ചതിനും ഒക്കെ പണിമുടക്കുണ്ടാക്കി രാജ്യത്തിന്റെ ഉല്പാദനശേഷി കുറക്കുന്ന സമരപരിപാടികളെ ചോദ്യം ചെയ്യുന്ന വിധം ജപ്പാനിലെ അധിക ജോലി സമരം എന്നെ വല്ലാതെ ആവേശഭരിതനാക്കിയിരുന്നു. എന്ന് മാത്രമല്ല, ഇതേക്കുറിച്ച് പല പ്രസംഗങ്ങളിലും ഞാന്‍ വാചാലനായിട്ടുമുണ്ട്. ഘോരഘോരം ലേഖന മത്സരങ്ങളില്‍ നീട്ടിപ്പരത്തി എഴുതിയിട്ടുമുണ്ട്. പക്ഷെ ഇനി അങ്ങിനെ എഴുതേണ്ടിയോ പറയേണ്ടിയോ വന്നാല്‍ ഒന്ന് ഗ്രിപ്പിട്ടെ സംസാരിക്കൂ...



എന്ത് കൊണ്ടാണ് ജപ്പാനിലെ ജനങ്ങള്‍ അധിക ജോലി സമരത്തില്‍ ഏര്‍പ്പെടുന്നത്? അവരുടെ കഠിനാദ്ധ്വാന ശീലവും ചരിത്രവും പ്രകൃതിയും ഏല്‍പ്പിച്ച ദുരന്തങ്ങളെ അതിജീവിച്ച ഒരു ജനതയുടെ ഇച്ഛാശക്തിയെയും അനുകരിക്കേണ്ടത് തന്നെ. പക്ഷെ ഇങ്ങനെ അധികജോലി സമരം കൊണ്ട് എങ്ങിനെയാണ് ഒരു കമ്പനി സമ്മര്‍ദ്ദത്തില്‍ ആവുകയും തൊഴിലാളി സമരം വിജയിക്കുകയും ചെയ്യുന്നത് എന്ന കാര്യത്തില്‍ കലശലായ ഒരു സംശയം ഉണ്ടായിരുന്നു. പിന്നെ എങ്ങിനെയെങ്കിലും തൊഴിലാളിയെ ഞെക്കിപ്പിഴിയാന്‍ കാത്തിരിക്കുന്ന ഒരു സമൂഹത്തില്‍ ഇത്തരം ഒരു സമരത്തിന്റെ സാധ്യത എന്ത് എന്നതും.



ജപ്പാനിലെ ഒരു സാമ്പത്തികതന്ത്രം എന്നത് ഡിമാന്റ്റ്‌ അനുസരിച്ചുള്ള ഉത്പാദനം എന്നതാണ്. അതായത്‌ ഉല്പാദനസമയത്തിന്റെ വേഗത കൂട്ടി ഒരു ഉല്പന്നത്തിന്റെ ഓര്‍ഡര്‍ ലഭിക്കുന്നതിനനുസരിച്ച് അതിവേഗം ഉപയോക്താവിന്റെ കയില്‍ എത്തിക്കുക. എനിക്കിപ്പോള്‍ ഒരു കാര്‍ വേണമെങ്കില്‍ ഇന്ത്യയില്‍ സാധാരണഗതിയില്‍ ഞാന്‍ ഒരു ഷോറൂമില്‍ ചെന്ന് കാര്‍ ഓര്‍ഡര്‍ ചെയ്യുകയും അവരുടെ വെയര്‍ഹൌസില്‍ നിന്ന് കാര്‍ എത്തുകയും ചെയ്യും. എന്നാല്‍ ജപ്പാനില്‍ വെയര്‍ഹൌസിംഗ് എന്ന ആശയം തന്നെ കുറവാണ്. ലഭിക്കുന്ന ഓര്‍ഡര്‍ അനുസരിച്ചുള്ള ഉദ്പാദനം. അങ്ങിനെ ഉല്പന്നങ്ങള്‍ കൂടുതല്‍ ഉണ്ടാക്കി വെക്കുമ്പോള്‍ വരുന്ന വെയര്‍ ഹൌസിംഗ്, വേസ്റ്റേജ്, ഡിസ്പോസല്‍ തുടങ്ങിയ അധിക ചെലവുകള്‍ ഒഴിവാക്കുന്ന തന്ത്രം. ഇതാണ് അധികജോലി സമരങ്ങള്‍ക്ക്‌ പിന്തുണ നല്‍കുന്ന ഫാക്ടര്‍.



ദിവസവും എട്ടു മണിക്കൂര്‍ ജോലിചെയ്യുന്ന തൊഴിലാളി സമരത്തിന്റെ ഭാഗമായി രണ്ടുമണിക്കൂര്‍ കൂടുതല്‍ ജോലി ചെയ്യുമ്പോള്‍ ഇരുപതു ശതമാനം വര്‍ദ്ധന ഉദ്പാദനത്തില്‍ ഉണ്ടാവും. അതായത്‌ നൂറുകാര്‍ ആവശ്യമുള്ളിടത്ത്‌ നൂറ്റിഇരുപത് കാര്‍ ഉത്പാദിപ്പിക്കപ്പെടും. ഇങ്ങനെ അധികം വരുന്ന കാര്‍ തീര്‍ച്ചയായും വെയര്‍ഹൌസ് ചെയ്യേണ്ട അധികചെലവ്‌ കമ്പനിക്ക്‌ ഉണ്ടാകും. ഇത് കുറഞ്ഞ എക്സപയറി കാലയളവ് ഉള്ള ഭക്ഷ്യ ഉദ്പന്നങ്ങള്‍ ആണെങ്കില്‍ അധികം വരുന്ന ഉല്പന്നങ്ങള്‍ സംരക്ഷിക്കുന്ന ചെലവ് കൂടാതെ ഇവ ദ്രുതകാലയളവില്‍ നശിച്ചുപോവുകയും അത് ഡിസ്പോസ്‌ ചെയ്യേണ്ടി വരികയും ചെയ്യും. ഇത് പോരെ ഒരു കമ്പനി സമ്മര്‍ദ്ദത്തിലാവാന്‍. സത്യത്തില്‍ ഈ അധികജോലി സമരം കമ്പനിക്ക് നഷ്ടമാണ് ഉണ്ടാക്കുന്നത്.



ഇന്ത്യയില്‍ ഇത് പോലെ സമരം ചെയ്തത് കൊണ്ട് കാര്യമില്ല എന്ന് മനസിലായില്ലേ. അഥവാ ഈ സമരം കൊണ്ട് എന്തെങ്കിലും ഇഫക്റ്റ്‌ ഉണ്ടാവണം എങ്കില്‍ സ്റ്റോര്‍ ചെയ്യാന്‍ പറ്റാത്ത ഉല്പന്നങ്ങള്‍ ഉണ്ടാക്കുന്ന തൊഴില്‍ ശാലകള്‍ ആയിരിക്കണം. പക്ഷെ ആവശ്യത്തിന് സ്റ്റോറിംഗ്, വെയര്‍ഹൌസിംഗ് സിസ്റ്റം ഉള്ള നമ്മുടെ നാട്ടില്‍ അതെത്രമാത്രം പ്രായോഗികമാണ് എന്ന് കണ്ടറിയണം. അത് വരെ ഈ പണിമുടക്ക് തന്നെ ഇങ്ങനെ കണ്ടോണ്ടിരിക്കാം.

2011, ജൂലൈ 12, ചൊവ്വാഴ്ച

ജനിക്കാനൊരിടം

ജോസഫ്‌
നീ എവിടെയാണ്?

ഇവിടെ തിരഞ്ഞ
വീടുകള്‍ക്കൊന്നും
തുറക്കാന്‍പറ്റുന്ന
വാതിലുകളില്ല.
ഒരിടയന്റെ ഗുഹ വേണം
കാലിയുടെ കച്ചയും,
അവളുടെ വേദനയില്‍
ഞാനും പുളയുന്നു.
ദൈവമേ!
ഞാനിവിടെയാണ്...

ജോസഫ്‌!
നീ എവിടെയാണ്?

ഒരിടയന്റെ ബോഗിയില്‍...
ആടിയുലയുന്ന
ഇരുമ്പിന്റെ
മണമുണ്ടിവിടെ
താഴേ തുറക്കുന്ന
ചെറു വാതിലുണ്ട്...
ഇവിടെയവള്‍
പേറ്റുനോവിറക്കുന്നു
ദൈവമേ!!
ഞാനിവിടെയാണ്...


ജോസഫ്‌!
നീ എവിടെയാണ്?


ഇരുമ്പിന്‍മണമുള്ള
പാളത്തിനരികില്‍..
വാല്‍നക്ഷത്രവും
ജ്ഞാനികളും കാണാതെ
ഇവിടെയിന്നലെ
യേശു പിറന്നു.
പാഞ്ഞു വരുന്നത്
പുക തീര്‍ന്ന വണ്ടിയുടെ
ചൂളം വിളിയാണ്.
ദൈവമേ!!
ഞാനിവിടെയാണ്.


(ട്രെയിനിലെ
കക്കൂസ്ദ്വാരത്തിലൂടെ ട്രാക്കില്‍വീണ ചോരക്കുഞ്ഞിന്)

ട്രാന്‍സ്ഫര്‍

അന്നെനിക്ക് കരപ്പന്‍ വന്ന് ശരീരമാകെ പൊട്ടലും ചീറ്റലുമായിരുന്ന കാലത്ത്‌ അമ്മച്ചി പ്രാര്‍ത്ഥിച്ചു. "അന്തോണീസ്‌ പുണ്യാളാ, ഇന്റ കുഞ്ഞിന്‍റ കരപ്പന്‍ പോയാ ചെട്ടിക്കാട് വന്ന് ഒരുവെട്ടി തിരി കത്തിച്ചേക്കാമേ."



ഇന്നലെ അമ്മച്ചീ വീണ്ടും പ്രാര്‍ത്ഥിച്ചു. "അന്തോണീസ്‌ പുണ്യാളാ, ഇന്റ പെന്‍ഷന്‍ നേരത്ത് കിട്ടിയാ കലൂര് വന്ന് ഒരുവെട്ടി തിരി കത്തിക്കാമേ"



അന്തോണീസ്‌ പുണ്യാളനെ കലൂരേക്ക് ട്രാന്‍സ്ഫര്‍ കൊടുത്തു വിട്ട കാര്യം ഞാനറിയാതെ പോയി.

2011, ജൂലൈ 1, വെള്ളിയാഴ്‌ച

റേറ്റിംഗ് കൂട്ടാന്‍ ഏഷ്യാനെറ്റ്‌ എന്തും ചെയ്യും?

ഒരു പരിപാടിയുടെ റേറ്റിംഗ് കൂട്ടാന്‍ ചാനലുകള്‍ പല തറ വേലകളും കാണിക്കുന്ന കാലമാണിത്‌. കൂട്ടക്കരച്ചില്‍, കെട്ടിപ്പിടുത്തം, കുമ്മിയടി മുതല്‍ കൂട്ടയടി വരെ പരീക്ഷിച്ച് പ്രേക്ഷകരുടെ ക്ഷമയുടെ നെല്ലിപ്പലകയുടെ സ്ക്വയര്‍ ഫീറ്റ്‌ വരെ അളന്നെടുപ്പിച്ച ചരിത്രമുള്ള ചാനലുകള്‍ കേരളത്തിലുണ്ട്. താരങ്ങളുടെ വിഴുപ്പലക്കി ചെളിയും പതയും ഒഴുക്കി വിട്ട് ഈയിടെ കണ്ട ഒരുപരിപാടിയാണ് കൈരളിയുടെ താ'റോ'ത്സവം. താറടി മൊത്തം ടെലികാസ്റ്റ് ചെയ്ത് പ്രേക്ഷകരെ കൂട്ടിയതില്‍ ചാനല്‍ വിജയിച്ചു എന്ന് മാത്രമല്ല, പല താരങ്ങളുടെയും "തനി സ്വവാവം" പരസ്യമായി കാണിക്കാന്‍ കൂടെ കഴിഞ്ഞിരിക്കുന്നു എന്നതില്‍ ടി. പരിപാടിയുടെ കുളാണ്ടര്‍ കൂടി ആയ സെന്തിലിന് അഭിമാനിക്കാം.

അതൊരു വഴിക്ക്‌ നിക്കട്ടെ. ജഗദീഷിന്റെ അവതരണം, രെഞ്ജിനിയുടെ സഹിക്കാന്‍ പറ്റാത്ത മലയാളം ഇതൊന്നും പോരാഞ്ഞ് ദാണ്ടെ ഗാനങ്ങളെ വിലയിരുത്താന്‍ ഒരുത്തനെ വിളിച്ചു സ്റ്റുഡിയോയില്‍ വെച്ചിരിക്കുന്നു. എന്റെ അഭിപ്രായത്തില്‍ "ഇവനൊക്കെ ജനിച്ച നാട്ടില്‍ ആണല്ലോ ഞാന്‍ ഗാനഗന്ധര്‍വന്‍ ആയതെന്ന്" ഓര്‍ത്ത്‌ യേശുദാസ്‌ ആത്മഹത്യ വരെ ചെയ്യാന്‍ പ്രേരിപ്പിക്കുന്ന ഒരുത്തന്‍ സന്തോഷ്‌ പണ്ഡിതന്‍. ഏഷ്യാനെറ്റ്‌ ന്യൂസ് ചാനലിലെ അപ്രിയ ഗാനങ്ങള്‍ ആണ് രംഗം.

ന്യൂസ് ചാനലുകള്‍ ഏറെയുള്ള കേരളത്തില്‍ എനിക്ക് കാണാന്‍ ഇഷ്ടമുള്ള വാര്‍ത്താചാനലാണ് ഏഷ്യാനെറ്റ്‌ ന്യൂസ്‌. ആറോ ഏഴോ വര്‍ഷമായി ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്യുന്ന ആറുമണിക്കുള്ള വാര്‍ത്തയുടെ സ്ഥിരം പ്രേക്ഷകന്‍ കൂടിയാണ്. കുറച്ച് നിലവാരമുള്ള ഈ ചാനലിലാണ് ഇത്തരം ഒരു ദൌര്‍ഭാഗ്യം സംഭവിച്ചിരിക്കുന്നത്. മലയാള സിനിമാഗാനത്തെയും, സംഗീതശാഖയെയും അങ്ങേയറ്റം നെഞ്ചോടു ചേര്‍ത്ത്‌ വെച്ച് നില്‍ക്കുന്ന മലയാളിയുടെ മുഖത്ത് കാര്‍ക്കിച്ചു തുപ്പിയിട്ട് വേണോ ചാനലിന് റേറ്റ് കൂട്ടാന്‍? പന്ന്യന്‍ രവീന്ദ്രനെ പോലെയുള്ള സമൂഹത്തില്‍ അംഗീകരിക്കപ്പെട്ട വ്യക്തികള്‍ മലയാളഗാന ശാഖയെ വിലയിരുത്തി പോരുന്ന ഒരു പരിപാടിയിലാണ് ഇത്തരം ആഭാസം കാണിച്ചു കൂട്ടുന്നത്. ബഹു. ടി എന്‍ ഗോപകുമാര്‍, ജോണ്‍ ബ്രിട്ടാസ്, അളകനന്ദ തുടങ്ങിയ വിവരമുള്ളവര്‍ ഇപ്പോഴും ഇതേ ചാനലില്‍ അല്ലെ എന്ന കാര്യത്തില്‍ സംശയം തോന്നും വിധമാണ് ഇത്തരം തരം താഴ്ന്ന പരിപാടികളുടെ സംപ്രേഷണം.

ഇനി ലവന്‍ മോശമാണ് എന്ന് പറഞ്ഞ ഗാനങ്ങള്‍ ഒന്ന്. കരിമിഴിക്കുരുവിയെ കണ്ടീല. പാട്ട് അവനു ബോധിച്ചില്ല. ഇത് പോലെ തോന്നിക്കുന്ന ചില പാട്ടുകള്‍ പിന്നീടും കേട്ടിട്ടുള്ളത് കൊണ്ട് അതങ്ങു ഇഷ്ടപ്പെട്ടില്ല പോലും. സംഗീതത്തില്‍ രാഗം എന്നൊരു സംഭവം ഉണ്ടെന്നും ഒരേ രാഗത്തിലുള്ള പാട്ടുകള്‍ക്ക് ആരോഹണത്തിലും അവരോഹണത്തിലും സാമ്യത ഉണ്ടാകുമെന്നും ഒക്കെ അത്യാവശ്യം വിവരമുള്ള ഒരാസ്വാദകന് മനസിലാക്കാവുന്നതെ ഉള്ളൂ. അല്ലെങ്കില്‍ തന്നെ ഇവനൊക്കെ എന്തോന്ന് രാഗം എന്തോന്ന് അവരോഹണം? ദേവാനന്ദ്‌ എന്നൊരു നല്ല ഗായകനെ മലയാള സിനിമയ്ക്ക് നല്‍കിയ മികച്ച ഒരു ഗാനത്തിലാണ് ഒരുത്തന് അപ്രിയത തോന്നിയിരിക്കുന്നത്.

രണ്ടാമത്തെ പാട്ട്. അനുരാഗവിലോചനനായി. തള്ളെ എനിക്കറിയാമേലാഞ്ഞിട്ടു ചോദിക്കുവാ. ഇവനെന്തിനാ ലാല്‍ ജോസിനോടും വിദ്യാസാഗറിനോടും ഇത്ര കലിപ്പ്? ചിത്രത്തിന്റെ വിഷ്വല്‍ പോരത്രേ. ഇനി ഇപ്പൊ അര്‍ച്ചനാകവിയെ കൊണ്ടോ കൈലാഷിണോ കൊണ്ടോ മൂണ്‍വോക് നടത്തിക്കണമായിരിക്കും വിഷ്വല്‍ എഫെക്റ്റ്‌ കിട്ടാന്‍. ഇല്ലെങ്കില്‍ നായികയുടെ 'ശ്വാസോച്ഛാസം ചെയ്യുന്ന ഡെഡ്ബോഡി' യും കെട്ടിപ്പിടിച്ചു നായകന്‍ പാടിയാലും മതി. ക്യാമറയുടെ ഫ്രെയിമും ലെന്‍സും കൊമ്പാക്ടും എന്താണെന്നറിയാന്‍ ടിയാന്റെ രാധയും അംഗനവാടി ടീച്ചറും ഒക്കെ കണ്ടാല്‍ മതി, എന്തൊരു വിഷ്വല്‍ ട്രീറ്റ്‌.

ഇതിനിടയില്‍ ഓന്റെ നാണം കെട്ട പാട്ടുകളെ കുറിച്ചുള്ള വിശേഷങ്ങളും. ശരിയാണ്, എവന്റെ വൃത്തികെട്ട പാട്ടും മേടും ഒക്കെ ഞങ്ങള്‍ കണ്ടു. കേരളത്തില്‍ അത്യാവശ്യം വിവരവും മാന്യതയും ഉള്ള ആളുകളുടെ എണ്ണം കൂടുതലായത് കൊണ്ട് എല്ലാവരും പുളിച്ച തെറി "പരസ്യമായി" വിളിക്കുന്നില്ല എന്ന് കരുതി ബാബുരാജ്, ദക്ഷിണാമൂര്‍ത്തി, യേശുദാസ്‌, ചിത്ര, വേണുഗോപാല്‍, രവീന്ദ്രന്‍ മാഷ്‌, ദേവരാജന്‍ മാഷ്‌, ഓ എന്‍ വി, ജോണ്‍സണ്‍, ജയചന്ദ്രന്‍ തുടങ്ങിയ അനുഗ്രഹീതരായ ഒരുപാട് കലാകാരന്മാര്‍ വളര്‍ത്തി വലുതാക്കിയ ഒരു പ്രസ്ഥാനത്തെ വിലയിരുത്താന്‍, സംഗീതം തൊട്ടു തീണ്ടിട്ടില്ലാത്ത ഒരുത്തനെ അതും അതിന്റെ പേരില്‍ ഇതാണോ മലയാളം പാട്ട് എന്ന് നാണം കേട്ട് നില്‍ക്കാന്‍ ഇടയാക്കിയ ചില വിവരദോഷികളില്‍ പെട്ട ഒരുത്തനെ, ആ വിവരദോഷത്തില്‍ അഭിമാനം കൊള്ളുന്ന ഒരു മരക്കഴുതയെ കൊണ്ടു വന്നു സ്റ്റുഡിയോയില്‍ ഇരുത്തിയ ഏഷ്യാനെറ്റ്‌ ഒരിക്കലും മാപ്പര്‍ഹിക്കുന്നില്ല.

ഒരു വ്യഭിചാരിണി ആളുകളെ കൂട്ടുന്നതും ആകര്‍ഷിക്കുന്നതും, ഒരു മഹദ്‌വ്യക്തി ആളുകളെ ആകര്‍ഷിക്കുന്നതും രണ്ട് വിധത്തിലാണ്. ഇതില്‍ ഇതു വേണം എന്ന് കേരളത്തില്‍ ചാനലുകള്‍ തീരുമാനിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. പ്രത്യേകിച്ച് ഏഷ്യാനെറ്റിന്...

2011, ജൂൺ 29, ബുധനാഴ്‌ച

സംവിധായകരെ ആവശ്യമുണ്ട്

താഴെ പറയുന്നത് ത്രെഡുകള്‍ സംവിധാനം ചെയ്യാന്‍ ആളെ ആവശ്യമുണ്ട്. നിര്‍മ്മാതാക്കളുമായി വരുന്ന സംവിധായകര്‍ക്ക് മുന്‍ഗണന.



എന്റെ കയ്യില്‍ ചില കഥകളുണ്ട്. എന്ന് കരുതി ഇന്നലെ പൊട്ടിമുളച്ച പുല്ലന്‍ എന്നൊന്നും പറയേണ്ട കാര്യമില്ല. കഴിഞ്ഞ പത്തിരുപത്തഞ്ചു വര്‍ഷമായി സിനിമാ ഇന്ടസ്ട്രിയില്‍ പ്രവര്‍ത്തിച്ചു വരുന്നൊരാളാ ഞാന്‍. കൊച്ചാപ്പന്‍ ബ്ലാക്കില്‍ ടിക്കറ്റ്‌ എടുത്ത്‌ ധ്വനി എന്ന സിനിമ കാണിച്ചു തരുമ്പോ അന്നെന്റെ നാലാമത്തെ പിറന്നാളാ. എന്നിട്ടും ഒരു വയസു കുറച്ചുപറഞ്ഞ കൊച്ചാപ്പന്‍ ഒരു ടിക്കറ്റ് മാത്രമേ എടുത്തുള്ളൂ. അന്ന് തുടങ്ങിയതാ ഈ ഇറവറന്‍സ്, ഐ മീന്‍ സിനിമ കാണുന്ന പരിപാടി. അതാ അപ്പൊ എന്റെ അനുഭവസമ്പത്ത്‌ എന്ന് പറയുന്നത്.





ഇനി കാര്യത്തിലേക്ക് കടക്കാം. നല്ല കഥ ഇല്ലാത്തത് കൊണ്ട് ചില ത്രെഡുകള്‍ നല്‍കി മലയാളസിനിമയെ ഒന്ന് താങ്ങി നിര്‍ത്തിയേക്കാം എന്ന ഉദേശ്യം മാത്രമേ ഈ കഥപറച്ചിലില്‍ ഉള്ളൂ.



ത്രെഡ് ഒന്ന്



കരുവേലിപ്പടിയിലെ കടല്‍ക്കൊള്ളക്കാര്‍



കടലീ പോകുന്ന കൊച്ചീക്കാരുടെ സ്ലാംഗാണ് സിനിമയുടെ ഹൈലൈറ്റ്. ഫിഷിംഗ് ബോട്ടില്‍ പോയി കൊള്ള നടത്തുന്ന സ്പാനര്‍ ചാക്കോയുടെയും സംഘത്തിന്റെയും കഥയാണ് ഇത്. മറ്റുബോട്ടുകാര് പിടിച്ചോണ്ട് വരുന്ന മത്തിയും കൊഴുവയും പൂളാനും കൊള്ളയടിക്കലാ യെവന്മാരുടെ പണി. നായിക ചാളമേരി കൊല്ലം കടപ്പുറത്ത് നിന്നും കൊച്ചി കാണാന്‍ അപ്പന്‍റെ വള്ളത്തില്‍ കേറി വരുന്നതും അവരെ സ്പാനര്‍ ചാക്കോയും സംഘവും കിഡ്നാപ്പടിക്കുന്നതും, "നീയൊക്കെ മുടിഞ്ഞു പോകത്തെ ഒള്ളെടാ" എന്ന് ചാളമേരിയുടെ തന്തപ്പടി ശപിക്കുന്നതും ഒക്കെ ആണ് മൊത്തത്തില്‍ സിനിമയുടെ ഫസ്റ്റ് പാര്‍ട്ട്‌. മോഹന്‍ലാലിന്‍റെ ഡേറ്റ് കിട്ടുവാണേല്‍ ഒരു അഞ്ചാറു വര്‍ഷത്തേക്ക് തന്നെ വാങ്ങിച്ചേക്കണം. പടത്തിന്റെ മൂന്നാല് ഭാഗങ്ങള്‍ കൂടി ഓരോ വര്‍ഷവും ഇറക്കാനുള്ളതാ.



ത്രെഡ് രണ്ട്



അമ്മച്ചി: മോഹന്‍ചദാരോയില്‍ പണ്ട് അടക്കം ചെയ്ത രാജാക്കന്മാരുടെ ഡെഡ്ബോഡികള്‍ തപ്പി പോകുന്ന നായിക. ലക്ഷ്മി നായരുടെ മാജിക്‌ ഓവന്‍ പോലൊരു പുസ്തകം പണ്ട് അവിടെ ഉണ്ടായിരുന്ന ഒരു കൊട്ടാരം അരി വെപ്പുകാരി എഴുതിയിരുന്നു. അത് തപ്പിപ്പിടിക്കാനാ ഈ പോക്ക്. തീഹാര്‍ ജെയിലില്‍ കിടന്നു നരകിക്കുന്ന നായകന് അങ്ങോട്ടുള്ള വഴി അറിയാം. അങ്ങിനെ പുള്ളിക്കാരനേം രക്ഷിച്ച് നായിക ഒരു എയര്‍ ഇന്ത്യാ വിമാനത്തില്‍ മോഹന്‍ചദാരോയിലേക്ക് പോകുന്നു. പിന്നെ അവിടെ ഉണ്ടാകുന്ന പ്രശ്നങ്ങള്‍ ആണ് അമ്മ എന്ന ത്രെഡ്. ഇതിന്റെ രണ്ടാം ഭാഗം ഇപ്പോള്‍ തന്നെ പിടിക്കാം "അമ്മച്ചി തിരിച്ചു വരുന്നു" അതിന്റെം സ്ക്രിപ്റ്റ്‌ റെഡിയാണ്. വേണേല്‍ ടൈറ്റില്‍ മാറ്റി, അമ്മച്ചി റീലോഡഡ് എന്ന്‍ പടച്ചു വിടാം. നായികയുടെ റോളില്‍ മമ്ത കസറും, നായകനായി സൗത്ത്‌ ഇന്ത്യയില്‍ മാത്രം കണ്ടു വരുന്ന ഇംഗ്ലിഷ് സംസാരിക്കുന്ന അപൂര്‍വ്വയിനം ജീവി എന്ന നിലയില്‍ പ്രിഥ്വിരാജ് തന്നെ ആയിക്കോട്ടെ.



ത്രെഡ് മൂന്ന്



മുഖമാറ്റം



കുടമാറ്റം, കൈമാറ്റം, വെച്ചുമാറ്റം പോലെ ഒക്കെ സിമ്പിള്‍ ആയി ചെയ്യാവുന്ന ത്രെഡാണ് മുഖമാറ്റം. എന്ന്‍ മാത്രമല്ല ഇതൊരു മള്‍ട്ടിസ്റ്റാര്‍ ചിത്രം പോലെ ഇറക്കാവുന്നതുമാണ്. അതായത്‌ മമ്മൂട്ടി പോലീസ്‌, മോഹന്‍ ലാല്‍ കള്ളക്കടത്ത്‌, ലാലിന്‍റെ അനിയന്‍ ദിലീപ്‌, സുരേഷ് ഗോപി പോലീസ്‌, ജയറാം പോലീസ്, എന്തിന് ഗിന്നസ്‌ പക്രു വരെ പോലീസ്‌. തന്റെ മകനെ കൊന്ന ലാലിനെ തട്ടുമെന്ന് പ്രതിജ്ഞ ചെയ്യുന്ന മമ്മൂട്ടി. അവസാനം ലാല്‍ വലയിലാവുന്നു. പക്ഷെ ലാലിന്റെ സംഘത്തെ തകര്‍ക്കാന്‍ മമ്മൂട്ടിയെ ലാലിനെ പോലെ അഭിനയിക്കാന്‍ പോലീസ്‌ മേധാവികള്‍ നിര്‍ബധിക്കുന്നിടത്ത് കഥ മാറുകയാണ്. ലാലിന്റെ മുഖം ചെത്തി എടുത്ത്‌ മമ്മൂട്ടിക്ക് ഫിറ്റ്‌ ചെയ്യുന്നു. മമ്മൂട്ടിയുടെ മുഖം ചെത്തി എടുത്ത്‌ തല്‍ക്കാലം ഉപ്പിലിടുന്നു. സംഗതി മുഖം മാറ്റി മമ്മൂട്ടി കത്തി കേറുമ്പോള്‍ ലാല്‍ മമ്മൂട്ടിയുടെ ഉപ്പിലിട്ട മുഖം എടുത്ത് ഫിറ്റ്‌ ചെയ്യുന്നു. അവസാനം കള്ളനാര് പോലീസ്‌ ആര് എന്നറിയാന്‍ വയ്യാത്തത് മുടിഞ്ഞ ടെന്‍ഷന്‍. സിനിമ സൂപ്പര്‍ ഹിറ്റാകും.



ത്രെഡ് നാല്



തങ്കക്കണ്ണ്‍: ഇന്ത്യക്ക്‌ വേണ്ടി ചാരപ്രവര്‍ത്തി നടത്തുന്ന നായകന്‍. പേര് ബോണ്ട ജയിംസൂട്ടി. ബോണ്ടയുടെ നായികയായി വരുന്നത് പക്കിസ്ഥാന്റെ സ്പൈ ഗേള്‍. ജയിംസൂട്ടി പാക്കിസ്ഥാന്റെ രാസായുധ ഫാക്ടറിയില്‍ റെയ്ഡ്‌ നടത്തുകയും പിടിയിലാവുകയും പിന്നീട് സ്വന്തം ബുദ്ധി ഉപയോഗിച്ച് ഫാക്ടറി തവിട് പൊടിയാക്കി രക്ഷപെടുകയും ചെയ്യുന്നു. മമ്മൂട്ടിയെ ബോണ്ടയായും, റീമ കല്ലിങ്കലിനെ ബോണ്ടിയായും കാസ്റ്റ് ചെയ്യാം.



മറ്റുചില കഥകള്‍ കൂടി ഒറ്റവരിയില്‍ പറയാം





വിഴിഞ്ഞം ഹാര്‍ബര്‍: മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ കേരളവും തമിഴ്‌നാടും തമ്മില്‍ അടിയാകുകയും അങ്ങിനെ തമിഴ്‌നാട് വിഴിഞ്ഞം ഹാര്‍ബറില്‍ കൊണ്ട് പോയി ബോംബിടുന്നതും ആണ് ത്രെഡ്. ഇതിന്റെ കേരളത്തിന്‌ വേണ്ടി യുദ്ധം ചെയ്യാന്‍ പോകുന്ന നായകന് നായികയായ ഒരു നെഴ്സുമായി ലൈന്‍ ആകുന്ന പ്രണയ കഥയും സിനിമയില്‍ കൊള്ളിക്കാം.



ചൊവ്വാ ആക്രമണം: പണം പലിശക്ക്‌ കൊടുത്ത എല്ലാ ചൊവ്വാഴ്ചയും വന്നു പലിശ വാങ്ങുന്ന "അന്യ"സംസ്ഥാന പാണ്ടികളെ അറ്റാക്ക്‌ ചെയ്തു ഒതുക്കുന്നതാണ് കഥ.



സുഭാഷ്‌ പാര്‍ക്ക്‌: കുറെ പല്ലികളെ ഈ പാര്‍ക്കിലിട്ടു വളര്‍ത്തി വലുതാക്കി അവസാനം പാല് കൊടുത്ത കൈക്ക്‌ തന്നെ അവ കടിക്കുന്നതാണ് ത്രെഡ്.





കൂടാതെ അവതാരം, നാളെകള്‍ മരിക്കുന്നില്ല, സത്യം നുണപറയുന്നു, വെള്ളമേ ഉലകം, എട്ടുകാലി പരമു, സൂപ്പര്‍ പരമു, വവ്വാല്‍ പരമു, തുള പരമു തുടങ്ങി പത്തിരുന്നൂറ് കഥകള്‍ കൂടി എന്‍റെ കയ്യില്‍ ഉണ്ട്. അപേക്ഷിക്കേണ്ട വിലാസം



കാമരുണ്‍ ചുള്ളിക്കല്‍

ഹോളിവുഡ്‌ പറമ്പില്‍

ലോസ്ആഞ്ചലസ് പി ഒ

2011, ജൂൺ 20, തിങ്കളാഴ്‌ച

രാധയും വേടനും

അക്രൂരതേരേറി പായുന്ന
കണ്ണന്റെ പിന്നാലെ
പാഞ്ഞൊരു
രാധ...
വേടന്റെ മടിയില്‍
തലചായ്ച്ചുറങ്ങുമ്പോള്‍
മുടികീറി പായുന്ന
വിരലുകള്‍
ശിലപോല്‍
പരുത്തതെന്ന്!!

രാധേ!, വില്ലോട്
ഞാണ് വലിച്ചറ്റം
മുറുക്കുന്ന വിരലിത്‌
വേണുവൂതുന്ന
കാറ്റിന്‍റെ കുളിരല്ല;
രാധേ! വില്ല് കുലക്കുവാന്‍
വിരലോട്
മുന ചേര്‍ക്കും
പരുപ്പതില്‍
വെണ്ണ വീണുടയുന്ന
മൃദുവാക്കുമില്ല.

വേടാ! മോഷ്ടിച്ച
ചേലപോല്‍ മൃദുലമാ-
പ്രണയവും കണ്ണന്റെ
വിരലുകളും
വേടാ! കാണുന്ന
മയിലിന്‍റെ നെഞ്ചിലേ-
ക്കിരുതല മൂര്‍ച്ഛയുടെ
ശരമെയ്യുക
പീലി പറിച്ചു നിന്‍
വിരലില്‍ കൊരുക്കുക
മൃദുവായ് തഴുകിയെന്‍
പ്രണയമുണര്‍ത്തുക.

രാധേ! കാലില്‍
ശരമേറ്റു
വീണമയിലിതിന്‍
ഒറ്റപ്പീലിയെന്‍
വിരലില്‍ കൊരുത്തത്
രാധേ! ഇത് നിന്റെ
പ്രണയം തന്നെയോ?

മുനമുറിപ്പാടില്‍
പരക്കുന്ന ചോര
തൊട്ടതിന്‍ മണം
പാര്‍ത്ത് രാധ
"കണ്ണാ! ഇത് നിന്‍റെ
പാദങ്ങളല്ലയോ"

2011, ജൂൺ 16, വ്യാഴാഴ്‌ച

കണ്ണനിലേക്ക്

"ഇന്നിനി രാത്രി പോണോ?" കാദറിക്ക.

"പോണമിക്കാ"

"ഇപ്പീ നേരം കെട്ട നേരത്ത പോക്കെന്തിനാന്നാ ഞാഞ്ചോദിക്കണെ?, അലീമില്ല... വണ്ടീമില്ല... നടന്നു തന്നെ കുന്നെറങ്ങണോയ്. ഈയിരുട്ടത്ത്‌ വെല്ലവളവളപ്പ്നും തീണ്ടിയാ?"

"വായടക്ക് ആണ്ട്രൂസേ. ഒരെടത്ത് നീങ്ങാനിരിക്കുമ്പ തന്നെ തിരുവാ വളച്ചോണം" അംബിചേട്ടന്‍ ചൊടിച്ചു. നാലോ അഞ്ചോ കിലോ മീറ്റര്‍ ഇറക്കം മുഴുവന്‍ എന്റെ കൂടെ അംബി ചേട്ടന്‍ ഉണ്ടായിരുന്നു. വൈത്തിരിക്കുന്നിനു താഴെ ചെറിയ വെട്ടം പരന്ന വഴി കണ്ടപ്പോള്‍ മാത്രമാണ് അയാളുടെ ടോര്‍ച്ച് കണ്ണടച്ചത്.

"കാശിണ്ടാ?"

"ഓ! കുറച്ച് അഡ്വാന്‍സ്‌ വാങ്ങി."

"ഉം. ഇതും കൂടെ ഇരിക്കട്ടെ." ചുരുട്ട് പോലെ പൊതിഞ്ഞ നൂറിന്റെ നോട്ടുകള്‍ അംബി ചേട്ടന്‍ ബാഗില്‍ തിരുകി.

"നെന്റ ഫ്രെണ്ടോരുത്തി എവടന്നാ കേറുന്നെ?"

"പാളയത്തൂന്ന്‍"

'ഊം നോക്കിപ്പോ"

ആളുകള്‍ തിങ്ങി തൂങ്ങിയാടി വന്ന ഒരു ജീപ്പ്‌ മുന്നില്‍ ഇരച്ചു നിന്നു. കല്‍പ്പറ്റക്കുള്ള വണ്ടിയാണ്.

"വാങ്ങ്ലൂര്‍ക്ക് പോണ ബസ്‌ വൈത്തിരിക്ക് നിര്‍ത്തും... അന്നാലും ഈയ് കല്പറ്റക്ക് പോയി നിന്നോ. അതാവുമ്മോ സുവറാക്കാല്ല."

ബാഗ്‌ പിറകില്‍ തൂക്കി ഒരു കാല്‍ ജീപ്പിന്റെ ഫുട്ബോര്‍ഡില്‍ ഊന്നി ഞാനും അതില്‍ ഒരു ഭാഗമായി.

"അവിട ചെന്നാ നീ എന്താ പറാമ്പോണെ?"

****

ബാഗേജ്‌ കാബിനില്‍ ബാഗ് തിരുകി കേറ്റി സീറ്റില്‍ അമര്‍ന്നിരിക്കുമ്പോള്‍ അന്നയും അതെ ചോദ്യം ആവര്‍ത്തിച്ചു.

"How ya going to do this?"

"I dont know"

"Then?"

ഇടക്കിടെ റോഡിനേക്കാള്‍ ഉയരമുള്ള മതിലുകളോ വേലിക്കെട്ടുകളോ മുറിച്ചു വീണിരുന്ന വെട്ടം വിന്‍ഡോ ഗ്ലാസിലൂടെ എന്റെ മുഖത്ത് വീണു കൊണ്ടിരിന്നു. അന്നയുടെ ചോദ്യം ഒഴിവാക്കി പുറത്തേക്ക്‌ നോക്കിയിരിക്കാനാണ് അന്നേരം തോന്നിയത്‌. എന്താണ് പറയേണ്ടത്‌ എന്ന് അപ്പോഴും മനസ്സില്‍ വ്യക്തമായിരുന്നില്ല. ബാംഗ്ലൂരേക്ക് ആദ്യമായിട്ടാണ്. സ്ഥലം ഒരു പിടിപാടുമില്ല. അത് കൊണ്ടാണ് അന്നയെ കൂടി കൂട്ടിയത്‌.

എന്റെ മൌനത്തിന്റെ അര്‍ത്ഥം മനസിന്റെ അസ്വസ്ഥതയാണ് എന്ന് മനസിലാക്കിയത് കൊണ്ടോ എന്തോ, അന്ന പിന്നെ ഒന്നും ചോദിച്ചില്ല. അവളുടെ ഇടതു കൈ ഒരു വളയം പോലെ എന്റെ വലതു കയില്‍ ചുറ്റി വെച്ച് അവള്‍ തോളിലേക്ക് ചാഞ്ഞു കിടന്നു.

***

"പുതുസാ ആളാ, അംബി സേട്ടാ"

ഡിഗ്രിയുടെ നൂലാമാലകള്‍ അഴിഞ്ഞു തീരും മുന്‍പ്‌ കൈയില്‍ അംബി ചേട്ടന്‍ വെച്ച് തന്ന ഉളിയുമായി വൈത്തിരി മല കയറുമ്പോള്‍ എന്റെ മുഖത്തേക്ക്‌ അപരിചിതമായ നോട്ടമയച്ച് അവന്‍ ചോദിച്ചു.

"പേരെന്ന സേട്ടാ?"

"അനീഷ്‌"

"നല്ല പെരാക്കുമേ... നാന്‍ മാരിക്കണ്ണ്‍... എല്ലാരും കണ്ണാ എന്ന് കൂപ്പിടും... അമ്മാവുക്കും കണ്ണാ പേര് താന്‍ പുടിക്കും" തമിഴും മലയാളവും കലര്‍ന്ന അവന്റെ ഭാഷ മനസിലാക്കാന്‍ ഞാന്‍ ഒരുപാട് ബുദ്ധിമുട്ടിയിരുന്നു.

"ആസാരിയാ?"

"ഉം"

കാപ്പി ചെടികള്‍ക്കിടയിലൂടെ സമര്‍ത്ഥനായ ഒരു സര്‍ക്കസുകാരനെ പോലെ അവന്‍ കുന്ന് കേറി കൊണ്ടിരുന്നു.

"ഇനി എത്ര പോണം അംബി ചേട്ടാ?" എന്റെ കാലുകള്‍ തളര്‍ന്നു തുടങ്ങിയിരുന്നു.

"ഇപ്പൊ കേറീതിന്റെ അത്രേം കൂടി"

"താ സേട്ടാ ബേഗ്"

എന്റെ എതിര്‍പ്പ് വക വെക്കാതെ അവന്‍ ബാഗ് വാങ്ങി തോളിലിട്ടു. കുന്ന് കയറി തീരും വരെ അവന്‍ നിര്‍ത്താതെ സംസാരിച്ചു കൊണ്ടിരുന്നു. അവന്റെ സംസാരത്തെക്കാള്‍ അംബി ചേട്ടന്‍ തമിഴ്‌ പറയാന്‍ പെടുന്ന പാടാണ് ആ കയറ്റത്തിന്റെ ആയാസം ഇടക്കെങ്കിലും ഇല്ലാതാക്കിയത്.

***

ഒരു വശത്ത് കൂട്ടിയിട്ടിരിക്കുന്ന ചിന്തേര്‍ പോടി. ഒരു വശത്ത് അടുക്കി വെച്ചിരിക്കുന്ന മരഉരുപ്പടികള്‍. ഒരു മൂലയോട് ചേര്‍ത്ത്‌ പലക കൂട്ടി അടിച്ചിരിക്കുന്ന വലിയ വീതിയുള്ള പലക തട്ട്. അംബി ചേട്ടന്റെ കണ്ണില്‍ "ഒന്ന് നടൂ നീര്‍ക്കാ"നുള്ള കട്ടില്‍. ബാഗ് തട്ടിന്റെ ഒരു മൂലയിലേക്ക് ഒതുക്കി വെച്ച് ഞാനിരിന്നു.

"കുളിക്കണ്ടേ?"

വിയര്‍ത്തു കുളിച്ച് കുന്നിന്റെ ഓരോ മടക്കിലും ഇരിക്കുമ്പോള്‍ എത്രയും പെട്ടെന്ന് മുകളിലെത്തി ഒന്ന് കുളിച്ചാല്‍ മതി എന്നായിരുന്നു. പക്ഷെ ഇവിടെ എത്തി നിമിഷങ്ങള്‍ക്കുള്ളില്‍ ശരീരത്ത് പടര്‍ന്നു കയറിയ തണുപ്പില്‍ ഫ്രെഷായതു പോലെ അപ്പോള്‍ തോന്നി.

"സേട്ടാ" അത് കണ്ണനാണ്. ഞങ്ങള്‍ക്ക്‌ കഴിക്കുവാനുള്ള ഭക്ഷണം കൊണ്ടു വന്നതാണ്. സാധാരണ ഭക്ഷണം വെച്ചുണ്ടാക്കി കഴിക്കും. ഇത് ഇന്നത്തേക്ക്‌ മാത്രമാണ്. കുളികഴിഞ്ഞു വന്ന് ഡയറി നിവര്‍ത്തിയിരുന്ന എന്റെ അടുത്ത്‌ അവന്‍ വന്നിരുന്നു.


"എന്ന സേട്ടാ ഇത്"

"ഒന്നുമില്ലെടാ"

"നീങ്ക എന്ന പടിക്കിറത്? അപ്പ സേട്ടന്‍ ആസാരിയല്ല?

"പടിക്കുന്നതല്ലടാ, എഴുതുവാ"

ആശാരി പണിക്ക് വന്ന ഞാന്‍ എന്തെഴുതാന്‍ എന്ന അര്‍ത്ഥത്തില്‍ അവനെന്നെ നോക്കി. പിന്നെ ചോറും കറികളും അടങ്ങിയ തട്ടു പാത്രം നിരത്തി വെച്ച് അവന്‍ പുറത്തേക്ക്‌ പോയി.

***

"കണ്ണന്‍ എന്ന മാരിക്കണ്ണ്‍... പതിനാറ് വയസുകാരന്‍. അപ്പാ തണ്ണി ഊത്തി ഊത്തി എരിന്തിട്ടാര്. തമിഴ്‌ നാട്ടിലെ ഏതോ ഒരു ഉള്‍ഗ്രാമത്തില്‍ നാലോ അഞ്ചോ മാസത്തില്‍ ഒരിക്കല്‍ അവന്‍ വരുന്ന ദിവസം നോക്കി കടക്കാരെ സമാധാനപ്പെടുത്തുന്ന അമ്മ. അക്ക വലിയ പഠിപ്പുകാരിയാണ് അവന്. പെരിയ കോളേജില്‍ ആരുടെയോ കാരുണ്യം കൊണ്ട് പഠിക്കുന്നു. ഇവിടെ കാപ്പിക്കുരു പറിക്കാനും തേയില നുള്ളാനും വരുന്ന അവന്റെ നാട്ടുകാരി സുമക്കന്റെ കൂടെ രണ്ട് വര്ഷം മുന്‍പ്‌ വണ്ടി കേറി പോന്നു. ഒരാഴ്ച കാപ്പിക്കുരു പറിച്ചാല്‍ കിട്ടുന്ന കാശ് ഒരു മരം വെട്ടിയാല്‍ കിട്ടും എന്ന കണക്കുകൂട്ടല്‍ അവനെ പതിനഞ്ചാം വയസില്‍ മരം വെട്ടുകാരനാക്കി. അമ്മ, അക്ക, പല മരങ്ങളുടെ കരുത്ത്‌, നാട്ടിലെ കോവില്‍, പൊങ്കല്‍, കൂട്ടിവെക്കുന്ന പണം. ഇതാണ് കണ്ണന്‍ എന്ന മാരിക്കണ്ണ്‍."

ഡയറിയില്‍ ഇത്രയും എഴുതി ഞാന്‍ പാറമുകളിലേക്ക് ചാഞ്ഞുകിടന്നു. പുളിപ്പന്‍ ഓറഞ്ച് തൂങ്ങികിടക്കുന്ന ചില്ലകള്‍ക്കിടയിലൂടെ ആകാശം നോക്കി കിടക്കെ എന്റെ കണ്ണുകള്‍ അടഞ്ഞു പോയി.

***

"സേട്ടാ...സേട്ടാ"

ബസ്‌ ഏതോ സ്റ്റോപ്പില്‍ നിന്ന് നീങ്ങി തുടങ്ങുവാണ്.

കൈയില്‍ ഒരു വലിയ ഇരുമ്പ്‌ പെട്ടിയുമായി ഒരാള്‍. അത് ബാഗേജ്‌ കാബിനില്‍ വെക്കാന്‍ കണ്ടക്ടര്‍ സമ്മതിക്കുന്നില്ല. അയാളുടെ കൈയില്‍ തൂങ്ങി ഒരു ചെറുക്കന്‍.

"കൊഞ്ചനേരം കൊളന്തയ പാപ്പീങ്കളാ?" അയാള്‍ പെട്ടിയെയും കുട്ടിയേയും ഒരുമിച്ച് പിടിക്കാന്‍ വല്ലാതെ കഷ്ടപ്പെടുന്നുണ്ടായിരുന്നു. മറ്റൊന്നും ആലോചിക്കാതെ അന്ന ആ കുട്ടിയെ എടുത്ത്‌ മടിയിലിരുത്തി. മൂക്കിള അടിയുമ്പോള്‍ തോന്നുന്നത് പോലെ ഒരു ഗന്ധം എന്റെ മൂക്കിലേക്ക് അടിച്ചുകയറി. അന്നയില്‍ നിന്ന് ഞാന്‍ കുറച്ച് അകന്നിരുന്നു. പിന്നെ കാറ്റ്‌ കേറാനായി വിന്‍ഡോ ഗ്ലാസ്‌ പാതി തുറന്നു വെച്ചു. അന്നക്ക്, പക്ഷെ, ഭാവഭേദം ഒന്നുമില്ല. പൊടിയോ താരനോ ഇടകലര്‍ന്നു കിടക്കുന്ന അവന്റെ മുടി അവള്‍ വിരലുകള്‍ കൊണ്ട് ചീകി വെക്കുന്നു. അന്ന അങ്ങിനെയാണ്. അവളുടെ ചിന്തകള്‍ അവളുടെ അച്ഛന്‍ കൂട്ടി വെക്കുന്ന ലക്ഷങ്ങളുടെ കണക്കിന് താഴെയാണ്.

***

"സേട്ടാ... അനീസേട്ടാ" ഓറഞ്ച് മരത്തിന്റെ ചില്ലകള്‍ക്കിടയില്‍ കണ്ണന്റെ കറുത്ത മുഖം.

"എന്ന മയക്കം സേട്ടാ.. എത്ര കൂപ്പിട്ടു?

ഞാന്‍ എണീറ്റിരുന്നു.

"ഒടമ്പ് വലിക്കിതെന്നു അംബിസേട്ടന്‍ പറഞ്ഞ്. കീളെ പോകമലെ ഇങ്കെ കിടന്നാ വലി കുറയാത്"

പനിയും ശരീരം വേദനയും വല്ലാതെ വലക്കുന്നുണ്ടായിരുന്നു. പക്ഷെ മരുന്ന് വാങ്ങാന്‍ കുന്നിറങ്ങണം. അതോര്‍ത്തപ്പോള്‍ചുരുണ്ട് കൂടി കിടക്കാനാണ് തോന്നിയത്‌.

"താ..ഇത് കളിച്ച് പാര്" അവന്‍ എന്റെ നേരെ ഒരു ഗുളിക നീട്ടി. അവന്‍ താഴെ പോയി വാങ്ങി കൊണ്ടുവന്നതാണ്. അവന്റെ നിഷ്കളങ്കതയിലേക്ക് ഞാന്‍ നോക്കിയിരുന്നു.

"നാ ഊരുക്ക്‌ പോവാ."

ഞാന്‍ അപ്പോഴാണ് അതോര്‍ത്തത്. പൊങ്കലിന് അവന്‍ നാട്ടില്‍ പോകുന്നത് കാര്യം.

"ഇത് നീ വെച്ചോ" കുറച്ച് പണം. "അക്കക്ക് പുതിയ ഉടുപ്പ് വാങ്ങി കൊടുക്ക്‌. നീയും വാങ്ങ്"

"വേണ്ട സേട്ട.."

"സാരമില്ല. നീ വെച്ചോ"

അവന്റെ പഴയ മുഷിഞ്ഞ സഞ്ചിക്ക് പകരം എന്റെ ബാഗ് തോളില്‍ ഇട്ട് അവന്‍ കുന്നിറങ്ങി പോകുമ്പോള്‍ മനസില്‍ ഒരു ശൂന്യത നിറഞ്ഞു.

***

"പെരിയ കമ്പനിയാ സേട്ടാ."

പൊങ്കലിന്റെയും നാട്ടിലെയും വിശേഷങ്ങളെക്കാള്‍ അവന് പറയാനുണ്ടായിരുന്നത് അക്കക്ക് ബാംഗ്ലൂരില്‍ സോഫ്റ്റ്‌വെയര്‍ എന്‍ജിനീയറായി ജോലി കിട്ടിയ കഥയായിരുന്നു.

"അമ്മാവും ബാന്ഗ്ലൂര്‍ക്ക് കലമ്പും"

"പിന്നെ നീ എന്തിനാ മടങ്ങി വന്നെ."

"നമ്മക്കെല്ലാം എന്ന തേവൈ, സേട്ടാ".

അവന്‍ പിന്നെ മരങ്ങളുടെ കരുത്തിനെ കുറിച്ച് പറഞ്ഞു. പൊങ്കല്‍, കോവില്‍ എല്ലാം.

***

അന്ന് പകല്‍ പെയ്തു കൊണ്ട് തന്നെ ഇരുന്നു.

"ഇനി മരം വരവ് കുറയും. അണ്ണന്‍മാരൊക്കെ നാട്ടില്‍ പോവും. മഴക്കാലം കഴിഞ്ഞു നോക്കിയാല്‍ മതി."

അംബി ചേട്ടന്‍ ഇവിടെ വര്‍ഷങ്ങളായി ജോലി ചെയ്യുന്നു. മഴയും വെയിലും മാറുന്നതനുസരിച്ച് പാടികള്‍ ഒഴിയുന്നതും നിറയുന്നതും അയാള്‍ക്ക്‌ കൃത്യമായി അറിയാം.

"എല്ലാരും പോകോ?" ഞാന്‍ ചോദിച്ചു.

"മിക്കവാറും. വഴുക്കല്‍ കൊണ്ട് മരം കേറാന്‍ പറ്റൂല. ന്നാലും കുറച്ച്‌ പേര് തങ്ങും."

ചിന്തേര് തള്ളിയ മരം അളന്നു ഞാന്‍ മാര്‍ക്ക്‌ ചെയ്തു കൊണ്ടിരുന്നു.

തലക്ക് മുകളില്‍ പ്ളാസ്റിക് കവറും മുണ്ടും ഒക്കെ കൊണ്ട് മറച്ച് ആരൊക്കെയോ ഓടുന്നു. അംബി ചേട്ടന്‍ പുറത്തേക്കിറങ്ങി എന്തോ വിളിച്ചു ചോദിച്ചു.

"നീയാ കൊടയിങ്ങേടുക്ക്"

"എന്താ എന്ത് പറ്റി?"

"കൊടെയെടുക്കെടാ കഴുവേറി"

മഴനനഞ്ഞ് ഞാനും അയാളുടെ കൂടെ ഇറങ്ങി. പാറകള്‍ക്കിടയിലൂടെയുള്ള വഴിച്ചാലില്‍ വെള്ളം കുത്തിയോഴുകുന്നു. കലങ്ങി മറിഞ്ഞു വരുന്ന ചെളി ചവിട്ടി തെറിപ്പിച്ച് അതി വേഗത്തില്‍ ഞങ്ങള്‍ നടന്നു. പിന്നെ പിന്നെ ചെളി വെള്ളത്തില്‍ കലര്‍ന്ന ചുവപ്പ് നിറം കാലുകളുടെ വേഗം കുറച്ചു.

തിങ്ങി കൂടിനിന്ന മരം വെട്ടുകാരെ വകഞ്ഞു മാറ്റി മുന്നോട്ടു പോകുമ്പോള്‍ കണ്ണനെന്നും മാരിക്കണ്ണെന്നും പേരുകള്‍ മാറി കേട്ടു. മഴവെള്ളത്തില്‍ കലര്‍ന്ന രക്തം അവന്റെതാകല്ലേ എന്ന് പ്രാര്‍ഥിക്കുകയായിരുന്നു ഞാന്‍. പാറകള്‍ക്കിടയില്‍ ചിതറിക്കിടക്കുന്ന അവന്റെ മുഖത്തിന്റെ ചിത്രം മങ്ങി വന്ന എന്റെ ബോധം മറക്കുവോളം ആ പ്രാര്‍ത്ഥന ഞാന്‍ മനസ്സില്‍ ഒരുവിട്ടിരുന്നു.

***

പായയില്‍ പൊതിഞ്ഞു കെട്ടിയ അവന്റെ ശരീരം മൂടിനിന്ന നനവ്‌ പറ്റിയ തടികള്‍ തീ പിടിക്കാന്‍ മടിച്ചു നിന്നു. കാപ്പിക്കുരു വേകുന്നതോ മരപ്പൊടി നനഞ്ഞതോ ആയ ഗന്ധം പറ്റി നിന്ന അവന്റെ ഷര്‍ട്ടുകളും മുണ്ടും ഒക്കെ ബാഗില്‍ എടുത്ത്‌ വെക്കുകയായിരുന്നു ഞാന്‍.

"ഇന്നിനി രാത്രി പോണോ" കാദറിക്ക

"പോണമിക്ക. ഇതൊക്കെ അവരുടെ വീട്ടുകാരെ എല്പ്പിക്കണ്ടേ."

***
"ഉം. ഇതും കൂടെ ഇരിക്കട്ടെ." ചുരുട്ട് പോലെ പൊതിഞ്ഞ നൂറിന്റെ നോട്ടുകള്‍ അംബി ചേട്ടന്‍ ബാഗില്‍ തിരുകി. "ഇത് വരെ ഉള്ള അവന്റെ പണിക്കാശ് പറ്റു കഴിച്ചും കൊറച്ച് കൂടുതലുമുണ്ട്" അയാളുടെ തൊണ്ട ഇടറി.

***
"നീ എന്താ നോക്കുന്നത്?"

കാപ്പിക്കുരു മണം പരന്ന ഷര്‍ട്ട് നോക്കിയിരുന്ന എന്നെ നോക്കി അന്ന ചോദിച്ചു.

"ഒന്നുമില്ല."

"ഊം എത്താറായി."

കുറച്ച് ദൂരം കൂടെ മുന്നോട്ട് പോയി ബസ്‌ നിന്നു. എല്ലാവരും ഇറങ്ങുവാണ്. ഒരു ചിരിയോടെ അന്നയുടെ നെഞ്ചില്‍ ചാരിയിരുന്ന് ഉറങ്ങിയിരുന്ന കുട്ടി എണീറ്റു. ഇരുമ്പ്‌ പെട്ടി ചുമന്ന വന്ന അവന്റെ അപ്പന്റെ കൂടെ കൈ പിടിച്ച് അവനും ബസിറങ്ങി. എല്ലാവരും ഇറങ്ങുകയാണ്.

ബസില്‍ നിന്നിറങ്ങി അവസാനം വിളിച്ച നമ്പറിലേക്ക് വിളിച്ചു, ബസിന്റെ തൊട്ടടുത്ത്‌ നിന്ന അയാള്‍ അടുത്തേക്ക്‌ വന്നു.

"അനീസ്‌?""

"യെസ്, കണ്ണന്റെ?"

"യാരുമേ വരമാട്ടാ"

"അവന്റെ അമ്മാ, അക്കാ"

"യാരുക്ക്‌, മാരിക്കാ?, അവെല്ലമേ അവങ്ക അപ്പവോട ചിന്നവീട്ടുകാര്.. അന്ത പൊണ്ണുക്ക് വേല കെടച്ചത്ക്കപ്പ്രം ഊരേ കലമ്പി ഇങ്കെ വന്താച്ച്."

"കണ്ണനെന്താ അവരുടെ കൂടെ പോവതിരുന്നത്?"

"എതുക്ക്?"

***

"കണ്ണന്റെ സുഹൃത്ത്‌ എന്ന് പറഞ്ഞ അയാള്‍ അവന്റെ അക്കയുടെ കമ്പനിയില്‍ വാച്ച്മാനാണ്. അയാളുടെ മറുപടിയിലെ അമ്മയും അക്കയും കണ്ണനും വേറെ ആരോ ആണ് എന്ന് തോന്നി. അപ്പന്‍ മരിച്ച ശേഷം അവന്റെ അമ്മ അവരുടെ മകളെ കൂട്ടി സ്വന്തം വീട്ടിലേക്ക് പോയി. പിന്നെ ഒരു സുമതി അക്കനാണ് അവനെ വൈത്തിരിയില്‍ കൊണ്ട് വന്നത്. നാലോ അഞ്ചോ മാസം കൂടുമ്പോള്‍ അവന്‍ നാട്ടില്‍ വരും. അയാളുടെ കൈയില്‍ കുറച്ചു പണം കൊടുത്തു വിടും. അതൊക്കെ അവന്റെ അമ്മയെ ഏല്‍പ്പിച്ചിരുന്നു എന്നാണ് അയാള്‍ പറയുന്നത്. പക്ഷെ അപ്പോഴും ചുരുള്‍ നിവരാതെ ഇരുന്ന നൂറിന്റെ നോട്ടുകളിലേക്കുള്ള അയാളുടെ ആര്‍ത്തി പൂണ്ട നോട്ടത്തില്‍ അത് സത്യമാണ് എന്ന്‍ എനിക്ക് തോന്നിയില്ല. കുറച്ച് ദൂരെ മാറി അയാള്‍ ഉപേക്ഷിച്ച് കളഞ്ഞു പോയ ബാഗില്‍ കാപ്പിക്കുരു മണം പടര്‍ന്ന അവന്റെ ഷര്‍ട്ട് ഉണ്ടോ എന്നുറപ്പ് വരുത്തി തിരികെ തോളില്‍ ഇടുമ്പോള്‍ അന്ന എന്നെ നോക്കി ചിരിച്ചു. എങ്ങുമേത്താതെ പോകുന്ന എന്റെ യാത്രകളില്‍ കൂടെ ഉണ്ടാകുന്ന അവള്‍ക്കിത് പുതിയ അനുഭവമായിരുന്നില്ല."

കണ്ണനെ കുറിച്ച് നേരത്തെ എഴുതിയ വരികളില്‍ പകുതിയും വെട്ടിക്കളഞ്ഞു ഇത് കൂടി എഴുതി ചേര്‍ത്ത്‌ ഞാന്‍ ഡയറി അടച്ചു വെച്ചു. ബസ്‌ ബാംഗ്ലൂരില്‍ നിന്നും മടങ്ങുകയാണ്.

2011, ജൂൺ 15, ബുധനാഴ്‌ച

എന്റെ മഷിക്കുപ്പി

കഴുത്തറ്റം പൂണ്ട്

മണ്ണില്‍

വറ്റിയ പൊട്ട-

കുളത്തിന്റെ നെഞ്ചില്‍ നി-

ന്നടര്‍ത്തി മാറ്റിയ

ബ്രില്ലിന്റെ കുപ്പി.



കാരം കലക്കിയ

വെള്ളത്തിലിട്ട്

നീ ജ്ഞാനസ്നാനം കൊണ്ടത്‌

പെന്‍സിലക്ഷരങ്ങള്‍

മാഞ്ഞ കാലത്ത്‌.



ആറുരൂപക്കപ്പന്‍

അരിക്ക് തികയാതെ

അമ്പതു പൈസക്ക്

വിലയിട്ട നീലത്തിന്‍

കൂടാണ്

അക്ഷരത്തിന്

നിറം നീലയാണ്

എന്ന് പറഞ്ഞത്‌



തിളച്ച കലത്തില്‍

അരിവാരിയിടും മുന്‍പ്‌

അമ്മ കോരിമാറ്റിയ

ഒരു ഗ്ലാസ് വെള്ളത്തില്‍

നീലമലിഞ്ഞ

നാറാത്ത മഷിയാണ്

എന്റെ കയ്യക്ഷരവും

യൂണിഫോമിന്റെ

നരച്ച നീലിമയും.



ഒന്‍പതാം ക്ലാസിന്റെ

പടിയില്‍ തട്ടി

കഴുത്തൊടിഞ്ഞ

മരണം വരും വരെ

ചിതലുകള്‍ കൂടി

കുടിയവകാശം

എഴുതിയ

പലകകെട്ടു മേശയില്‍

എന്റെ വരികള്‍ക്ക്

കൂട്ടിരുന്നതാണ്

എന്റെ മഷിക്കുപ്പി.

2011, ജൂൺ 8, ബുധനാഴ്‌ച

ഉസ്കൂള്‍ ഓര്‍മ്മകള്‍

എന്റെ പേര്
---------------------

ഹാജര്‍ ബുക്കില്‍
ടീച്ചറിന്റെ കണ്ണ്
താഴുമ്പോള്‍
ഞാന്‍ തിരയുന്നത്
എന്റെ പേര്

സൌജന്യപുസ്തക
യൂണിഫോം ലിസ്റ്റില്‍
തിരയുന്നതെന്റെ പേര്

കഞ്ഞിയിലെ വറ്റിനെ
വിരലാല്‍ തിരുമി
പശ ചേര്‍ത്ത
നെയിം സ്ലിപ്പില്‍
എന്റെ പേര്

മെയ്‌മാസത്തില്‍
ചൂടിറങ്ങുമ്പോള്‍
ജയിക്കാന്‍ തിരയുന്നത്
എന്റെ പേര്

ഫീസടക്കാനുള്ള
അവസാനതീയതിയില്‍
ഞാന്‍ തിരയാതിരുന്നതും
എന്റെ പേര്

പിന്നെയൊരു
രണ്ടക്ക റോള്‍ നമ്പറിനു
വഴിമാറിയതും
എന്റെ പേര്.


ലീവ് ലെറ്റര്‍
------------------

സിന്‍സ്‌ ഐ വാസ്‌...

മഴയെ മറയാക്കിയത്
ഇല്ലാത്ത പശുവിന്റെ
കൊമ്പിനെ പേടിച്ചത്
ഉണങ്ങിയ യൂണിഫോം
വീണ്ടും നനച്ചത്
അമ്മൂമ്മമാര്‍ വീണ്ടും
വീണ്ടും മരിച്ചത്‌...
വയറിയാതെ
വയറു വേദനിച്ചത്..

അമ്മയുടെ കയ്യൊപ്പ്‌
മോഷ്ടിച്ച് മടിയുടെ
ലീവുകള്‍ മായ്ക്കാന്‍
കത്തെഴുതിയത്‌.


കഞ്ഞിപ്പുര
_________________

താഴെയൊരു കാര്‍മേഘ
പടലം നിറച്ചു
പുകയുന്നൊരു പുര
വടക്കത്തെ മൂലയില്‍

പാതിവെന്തുടയാത്ത
പുഴുക്കല്‍ ചോറിനു
പൂഴിവെന്ത
മണമാണ്

എരിവില്ല; രണ്ടു-
ണക്ക മുളകിന്റെ
കഷണം, ഉപ്പില്‍
കുതിര്‍ന്നത്
പയറിന്റെ ഗന്ധം

രണ്ട് ബക്കറ്റാഴത്തില്‍
മുങ്ങാംകുഴിയിട്ട്
പരതിവറ്റുകള്‍
തീര്‍ത്ത വിശപ്പാണ്
ഈ പുരയുടെ
ചരിത്രം


മോഷണം
-------------------

ഒരടയ്ക്ക
ചുവന്ന തൊലിക്ക്
ആറു നാരങ്ങ മുട്ടായി
ഉണങ്ങിയ തൊലി
ക്കഞ്ചു കടലാസ് മുട്ടായി

കല്ലേറ് ദൂരത്തി-
നപ്പുറം കൊലുന്നനെ
തൂങ്ങിയാടുന്ന
കവുങ്ങിന്‍ കുലകള്‍
കല്ലെത്താതെ മടങ്ങിയ
മോഹം പോല്‍
ചില്ല് കൂട്ടിലെ
മുട്ടായി നിറങ്ങള്‍

ഇക്കടക്ക് മുന്നില്‍
നിരത്തിയോ-
രടക്കാ മണികള്‍
മോഷ്ടിച്ചതിന്
നിങ്ങളുടെ കടയില്‍
തന്നെ വിറ്റതിന്.
ദാമു ചേട്ടനോട്
മാപ്പര്‍ഹിക്കുന്ന
മോഷണത്തിന്‍
ഏറ്റു പറച്ചില്‍..


ബൈനോക്കുലര്‍
-------------------------

നിനക്ക് പകുത്ത് വെച്ച
ബ്ലോക്കിലേക്ക് നട്ട്
നാല് കണ്ണുകള്‍
രണ്ടെണ്ണമെന്റേത്
രണ്ടെണ്ണം പെരുന്നാള്‍
പറമ്പില്‍
ഞാന്ന് കിടന്ന
ബൈനോക്കുലറിന്റെ.

തുടയും ലെന്‍സിന്റെ
കണ്ണും പൊട്ടിച്ചു
നിന്നിലേക്കുള്ള ദൂരം
അളന്നു കൂട്ടിയത്‌
ടോമിസാറിന്റെ ചൂരലും
ജീവശാസ്ത്രത്തിന്റെ
സമവാക്യങ്ങളും

2011, ജൂൺ 6, തിങ്കളാഴ്‌ച

മാതൃഭൂമിയുടെ നിങ്ങള്‍ക്കും വിലയിരുത്താം അഥവാ എഡിറ്റര്‍ക്ക്‌ കത്തി വെക്കാം

വളരെ യാദൃച്ചികമായിട്ടാണ് മാതൃഭൂമി ഫ്രെയിം എന്ന കോളത്തില്‍ പുതിയ ചിത്രങ്ങളെ പ്രേക്ഷകര്‍ക്കും വിലയിരുത്താം എന്ന കോളം കണ്ടത്‌. അത് നല്ലകാര്യമായി തോന്നി. മാണിക്യകല്ല്‌ എന്ന ചിത്രത്തിന്റെ റിവ്യൂ പോസ്റ്റ്‌ ചെയ്തു. കാലം മാറിയിട്ടും കത്രികവെപ്പ്‌ മാറിയിട്ടില്ല എന്നനുസ്മരിപ്പിക്കും വിധമാണ് മോഡറേറ്റ് ചെയ്യാന്‍ വേണ്ടി പോയ റിവ്യൂ തിരിച്ചു വന്നത്.
ഡബിള്‍സ് എന്ന സിനിമയെ കുറിച്ച് പറഞ്ഞ ഭാഗത്ത്‌ "ആ സിനിമയുടെ ഷൂട്ടിംഗ് സ്കെജ്യൂള്‍ന് പോയ നേരത്ത് മമ്മൂക്കയും നാദിയ മൊയ്തുവും കൂടി മിക്സഡ്‌ ഡബിള്‍സ് കളിച്ചു പഠിച്ചിരുന്നെങ്കില്‍ ടെന്നിസില്‍ ഇന്ത്യക്ക്‌ ഒരു ഗ്രാന്‍ഡ്‌സ്ലാം എങ്കിലും കിട്ടിയേനെ. " ഇങ്ങനെ പറഞ്ഞ ഭാഗം കാണ്മാനില്ല. ഇതില്‍ എന്തെങ്കിലും സഭ്യത കുറവോ സംസ്കാരശൂന്യതയോ ബഹുമാനപ്പെട്ട എഡിറ്റര്‍ കണ്ടോ ആവോ? "ആ പോട്ട് പുല്ല്" എന്ന് കരുതി വിട്ടു കളഞ്ഞു. രണ്ടു ദിവസം മുന്‍പ്‌ സീനിയേഴ്സ് എന്ന സിനിമയുടെ റിവ്യൂ അവിടെ ഇട്ടു. സംഗതി ഉഷാര്‍. കുരിശുമരണം കഴിഞ്ഞു മൂന്നാം ദിവസമാണ് റിവ്യൂ ഉയര്‍ത്തെഴുന്നേറ്റത്. അതും സമ്പൂര്‍ണ്ണ വികലാംഗനായി.

റിവ്യൂവിന്റെ മുഴുവന്‍ ഭാഗവും ഇവിടെ ഒരു പോസ്റ്റ്‌ ആയി ഇട്ടിരുന്നു. അതില്‍ എഡിറ്റ്‌ ചെയ്തു കളയാന്‍ മാത്രം എന്താണുള്ളത് എന്ന് മനസിലായില്ല. എഡിറ്ററല്ലേ; ശമ്പളം വാങ്ങുന്നതല്ലേ; എന്തെങ്കിലുമൊക്കെ എഡിറ്റി നോക്കണ്ടേ എന്ന് കരുതിയാണ് സഖാവ് എഡിറ്റര്‍ അത് ചെയ്തതെങ്കില്‍ അതിനെ ഘോരഘോരമായി തന്നെ ഞാന്‍ പിന്താങ്ങുന്നു. ഒരാളുടെ കഞ്ഞിയില്‍ മണ്ണിട്ട്‌ ഒരു റിവ്യൂ പോസ്റ്റ്‌ ചെയ്തു എന്ന പേരുദോഷം കേള്‍പ്പിക്കാന്‍ എനിക്ക് മേല. എല്ലാവരും എഡിറ്റിംഗ്ന്റെ അവകാശികള്‍.

പക്ഷെ! ഒരു കാര്യം ശ്രദ്ധിക്കണം. "പുതിയ റിലീസുകള്‍ നിങ്ങള്‍ക്കും വിലയിരുത്താം. നിങ്ങള്‍ കണ്ട പുതിയ സിനിമകളെക്കുറിച്ച് അഭിപ്രായം രേഖപ്പെടുത്താനുള്ള വേദിയാണിത്." എന്നൊന്നും പരസ്യമായി കേറി അങ്ങ് പ്രഖ്യാപിച്ചു കളയക്കരുത്. കുറച്ചു കൂടെ സംയമനം പാലിച്ച് അഥവാ നിങ്ങള്‍ എന്തെങ്കിലും വിലയിരുത്തുവാണേല്‍ 'ഞാന്‍ കേറി അങ്ങ് കത്രിക വെക്കും' എന്ന് കൂടി പറയുവാണേല്‍, വിലയിരുത്തുന്നവര്‍ അങ്ങവിടെ കാണും പോലെ Super, Kidilan, Kidilol kidilan, Hit തുടങ്ങി ഒറ്റവാക്കില്‍ ഉത്തരമെഴുതി സായൂജ്യമടയും.

ഇനി സിനിമയുടെ റിവ്യൂ ഇങ്ങനെ ഇരിക്കണം എന്ന് അങ്ങേക്ക്‌ വെല്ല മുന്‍ധാരണയും ഉണ്ടെങ്കില്‍ അതും പ്രസ്തുത പേജില്‍ അമ്പതു വാക്കില്‍ കവിയാതെ ഉപന്യസിക്കാവുന്നതാണ്. പ്രിന്റ്‌ എഡിഷന്‍ ഒന്നുമല്ലല്ലോ ആവശ്യത്തിന് സ്ഥലമെടുത്ത് എഴുതിയാലും തരക്കേടൊന്നും വരാനില്ല. അഥവാ ഒന്നോ രണ്ടോ എംബി കൂടുതല്‍ എടുത്താലും കണ്ണടക്കാവുന്ന കേസല്ലേ ഉള്ളു.

ഇത്തരം കാര്യങ്ങള്‍ പരിഹരിച്ച ശേഷം വിവരത്തിനു ഒരു കുറിപ്പടി കൂടി അയക്കണം എന്ന് വിനീതനായ പ്രേക്ഷകന്‍ അഭ്യര്‍ത്ഥിക്കുന്നു. ഇനി അഥവാ പരിഹരിക്കാന്‍ താല്‍പര്യമില്ലെങ്കില്‍ "നിങ്ങള്‍ക്കും വിലയിരുത്താം അഥവാ എഡിറ്റര്‍ക്ക്‌ കത്തി വെക്കാം." എന്ന് മേല്പ്പടി ടൈറ്റില്‍ മാറ്റണം എന്നും താഴ്മയായി അപേക്ഷിച്ചു കൊണ്ട്. സുലാന്‍.

മരുപ്പച്ചയായി സീനിയേര്സ്

സീനിയേഴ്സ് ഒരു തരത്തില്‍ പറഞ്ഞാല്‍ മള്‍ട്ടിസ്റ്റാര്‍ ചിത്രമാണെങ്കിലും ചൈനടൌണ്‍ പോലെ നിരാശപ്പെടുത്തിയില്ല എന്നതാണ് ഒറ്റവാക്കില്‍ പറയാവുന്ന പ്രതികരണം. 'ചൈനാ ടൌണി'ല്‍ വീണ പൂച്ച പച്ചവെള്ളം കണ്ടാലും ഭയക്കും എന്ന അവസ്ഥയില്‍ നില്‍ക്കുമ്പോഴാണ് സീനിയേഴ്സ് കണ്ടേക്കാം എന്ന തീരുമാനമെടുക്കുന്നത്. സിനിമ കാണാന്‍ പ്രേരിപ്പിക്കുന്ന ട്രെയിലര്‍, പിന്നെ നേരത്തെ കണ്ടു വന്നവരുടെ അഭിപ്രായം ഇതൊക്കെ കൂട്ടിവായിച്ചാണ് സിനിമ കണ്ടത്‌. നല്ല ചിത്രം. കുഴപ്പമില്ലാതെ എന്റര്‍ടെയിനര്‍.

സിനിമയില്‍ ഉടനീളം നിലനില്‍ക്കുന്ന സസ്പെന്‍സ് ആണ് സീനിയെഴ്സിന്റെ വിജയത്തില്‍ ഒരു വലിയ പങ്കുവഹിച്ചത്‌. സസ്പെന്‍സ്‌ എന്ന് പറഞ്ഞാല്‍ സിനിമയിലെ ഓരോ രംഗവും സസൂഷ്മം വീക്ഷിക്കുന്നവരെ പോലും കബളിപ്പിക്കുന്ന ക്ലൈമാക്സിലേക്ക് സിനിമയെ എത്തിക്കാന്‍ തിരക്കഥയ്ക്ക് കഴിഞ്ഞിട്ടുണ്ട്. നായകന്‍ ജയറാം ആണെങ്കിലും ഏറ്റവും കൂടുതല്‍ സ്കോര്‍ ചെയ്യുന്നതായി തോന്നിയത്‌ ബിജുമേനോനാണ്. വളരെ നാച്വറലായി തനിക്ക്‌ ഹാസ്യം വഴങ്ങുമെന്ന് ബിജുമേനോന്റെ അച്ചായന്‍ തെളിയിച്ചു എന്ന് വേണം പറയാന്‍. കുഞ്ചാക്കോ ബോബന്‍ കുറച്ചുകൂടെ ഇരുത്തം വന്ന അഭിനയം കാണിച്ചിരിക്കുന്നു. മനോജ്‌ കെ ജയന്‍ കുറച്ച് ഓവര്‍ ആക്ടിംഗ് ആയത് ക്ലിക്ക് ചെയ്യാമായിരുന്ന ഒരു കഥാപാത്രത്തെ കൈവിട്ടുകളയുന്നതില്‍ കലാശിച്ചു. എങ്കിലും മതില് ചാട്ട രംഗം ചിരിയുണര്‍ത്തി.

ജയറാമിന്റെ കഥാപാത്രമാണ് കഥ മുന്നോട്ട് കൊണ്ട് പോകുന്നതെന്കിലും സ്ത്രീ കഥാപാത്രങ്ങള്‍ക്കടക്കം തുല്യപ്രാധാന്യം നല്‍കിയാണ് ചിത്രത്തിന്റെ രചന. ആരാണ് വില്ലന്‍ എന്ന ചോദ്യത്തിന് പലപ്പോഴായി പലരിലേക്കും വിരല്‍ ചൂണ്ടാന്‍ പ്രേക്ഷകനെ പ്രേരിപ്പിക്കുന്ന സ്ക്രിപ്റ്റിങ്ങ് പ്രത്യേകം എടുത്ത്‌ പറയേണ്ടതാണ്. സുരാജിന്റെ കഥാപാത്രം ഒരു തമാശക്ക് വേണ്ടി തിരുകികയറ്റിയതാണ് എന്ന് തോന്നും വിധം ചിലരംഗങ്ങള്‍ ബോറാവുന്നുണ്ട് എന്നത് സിനിമയുടെ മൈനസ്‌ പോയിന്റാണ്. 

പാട്ടുകള്‍ക്ക്‌ തമിഴ്‌ ചുവ ഉള്ളത് കൊണ്ടാണോ എന്നറിയില്ല കൊറിയോഗ്രഫി വിജയ്‌ ചിത്രങ്ങളെ പകര്‍ത്തിയത് പോലെ തോന്നി. പ്രത്യേകിച്ച് ഒന്നും പറയാനില്ലെങ്കിലും പാട്ട് 'തട്ട് പൊളിപ്പന്‍' ഗണത്തില്‍ പെടുത്താം. ക്യാമറ വളരെ നന്നായി കൈകാര്യം ചെയ്തിട്ടുണ്ട്. പ്രത്യേകിച്ച് കാര്‍മന്‍ നാടകം, രാത്രി സീന്‍, ക്ലൈമാക്സ് രംഗങ്ങള്‍ ഒക്കെ നന്നായി തന്നെ പകര്‍ത്തിയിരിക്കുന്നു. ലാലു അലക്സ് നിമിഷങ്ങള്‍ മാത്രമുള്ള സാന്നിധ്യം കൊണ്ട് തന്നെ പ്രേക്ഷകനെ ചിരിപ്പിപ്പിട്ടാണ് പോകുന്നത്.  ജഗതി, സിദ്ദിക്ക്, ഷമ്മിതിലകന്‍, വിജയരാഘവന്‍ എന്നിവരും തങ്ങളുടെ റോളുകള്‍ നന്നായി കൈകാര്യം ചെയ്തിരിക്കുന്നു. പോക്കിരിരാജ എന്നെ പോലെ ഒരു പ്രേഷകനില്‍ ഉണ്ടാക്കി വെച്ച മോശം ഇമ്പ്രഷന്‍ മാറ്റാന്‍ ഒരു പരിധിവരെ വൈശാഖിന് കഴിഞ്ഞു എന്ന് വേണം പറയാന്‍. സീനിയേഴ്സ് കൊള്ളാം.

2011, മേയ് 23, തിങ്കളാഴ്‌ച

ബട്ടത്രിയുടെ സംബവാമി

ആരാണീ ബട്ടത്രി? എന്താണീ സംബവാമി?

ഇതിനെല്ലാം മറുപടി പറയാം. അതിനു മുന്‍പ്‌ നിങ്ങള്‍ American/British Accent, Pronunciation എന്നിവ അരച്ചും പാതി ചവച്ചും ഒക്കെ കലക്കി കുടിച്ചിരിക്കണം. ഇനി അഥവാ അമ്മിക്കല്ലില്‍ അരക്കാന്‍ എന്തേലും ബുദ്ധിമുട്ടുണ്ടെല്‍, പറഞ്ഞാല്‍ മതി.  മിക്സിയില്‍ അരച്ച്, സ്പൂണില്‍ കോരിത്തന്ന് സായിപ്പോ മദാമ്മയോ കേട്ടാല്‍ തരിച്ചു നില്‍കുന്ന സ്പോക്കന്‍മാരും സ്പോക്കികളും ആക്കി പുറത്തിറക്കുന്ന ഒന്നാം ക്ലാസ്‌ ഇന്‍സ്റ്റിറ്റ്യൂട്ട്-കള്‍ നാനാമൂലക്കും നെറ്റിപ്പട്ടം കെട്ടി നില്‍പ്പുണ്ട്. ചുമ്മാ ഒരു കൈ നോക്കിയാല്‍ ഈ പറയുന്ന സാധനമൊക്കെ പുഷ്പം പോലെ പഠിക്കാം. ഞാനും ആറുമാസം ഈ പെടാപാട് പെട്ട് സര്‍ട്ടിഫിക്കറ്റ്‌ ഒക്കെ വാങ്ങിയിട്ടുള്ളതാ...



ഒരു ഭാഷ അതിന്റെ എല്ലാ ഗുണങ്ങളോടും കൂടെ സ്വായത്തമാക്കുന്നത് വളരെ നല്ല കാര്യമാണ്. ഇംഗ്ലീഷ്‌ ഭാഷ അതിന്റെ ഉച്ചാരണ ശുദ്ധിയോടു കൂടി തന്നെ പഠിക്കാനും സംസാരിക്കാനും ശ്രമിക്കുന്നതും വളരെ നല്ല കാര്യമാണ്. ദൃശ്യാ-ശ്രാവ്യ മാധ്യമങ്ങളിലെ അവതാരകരും, പബ്ലിക്‌ സ്കൂളുകളിലെ കുട്ടികളും ഒക്കെ ഇത്തരം ശ്രമങ്ങള്‍ നടത്തുന്നവരാണ്. വളരെ നല്ലത്. ഹോട്ടല്‍ അല്ല ഹൊട്ടേല്‍ (Hotel) ആണ് എന്നും, മക്‌ ഡോണാള്‍ഡ്‌ അല്ല ഡോനല്‍ഡ് (Donald) ആണ് എന്നും, ഇതെല്ലാം സിംബ്ലി അല്ല സിംപ്ലി (Simply) ആണ് എന്നുമൊക്കെ തിരിച്ചറിയാനും അതനുസരിച്ച് ഇംഗ്ലീഷ് ഭാഷ ശരിയായി ഉച്ചരിക്കാനും ഇത്തരം ശ്രമങ്ങള്‍ ഉപകരിക്കും. എന്നാല്‍ മറുഭാഷയായ ഇംഗ്ലീഷ്-ല്‍ കാണിക്കുന്ന ഈ താല്പര്യം മലയാളത്തില്‍ കാണിക്കുന്നുണ്ടോ?



ഇന്നലെ ഞാന്‍ ഒരു നൃത്തനാടകം കാണാന്‍ പോയി. 'സംബവാമി" യുഗേ യുഗേ' based on "നരായണീയം" written by "ബട്ടത്രി". എന്താണീ സം'ഭ'വം എന്ന് ഞാന്‍ ഒന്ന് ശങ്കിച്ചു. ബട്ടത്രി മറ്റാരുമല്ല. നാരായണീയം എഴുതിയ മേല്‍പ്പത്തൂര്‍ നാരായണ ഭട്ടതിരി തന്നെ, സ്ക്രീനില്‍ അദ്ദേഹത്തിന്റെ ചിത്രം തെളിഞ്ഞപ്പോള്‍ ആണ് ബട്ടത്രി ഭട്ടതിരിയാണ് എന്ന കാര്യം എനിക്ക് തിരിഞ്ഞത്. എങ്ങിനെയാ അദ്ദേഹം ബട്ടത്രി ആയത് എന്ന് ചോദിച്ചാല്‍, മലയാളവാക്കുകള്‍ ഉച്ചരിക്കാന്‍ ബുദ്ധിമുട്ടുണ്ടായിരുന്ന ബ്രിട്ടീഷുകാര്‍ അത്തരം വാക്കുകള്‍ തങ്ങള്‍ക്ക് വഴങ്ങുന്നത് പോലെ ഉച്ചരിച്ചു എന്ന് വേണം പറയാന്‍. സംഗതി എളുപ്പം അഥവാ ഇട്ലി, പുട്ടു, കഞ്ചി, മേനന്‍, ബട്ടത്രി, പരാസി, പാല്‍ഗട്ട്, കൊരച്ച് കൊരച് തുടങ്ങിയ സുന്ദരന്‍ വാക്കുകള്‍ വീണു കിട്ടി. പാവം സായിപ്പല്ലേ, പോട്ടേന്ന് വെക്കാം. പക്ഷെ ഒരല്പം എരിവും ഉപ്പും പുളിയുമൊക്കെ കൂട്ടി ശീലിച്ച നമ്മുടെ നാവിന് ഈ വാക്കൊന്നും വഴങ്ങാതെ ഇരിക്കുന്നില്ലല്ലോ. പിന്നെ എന്തിന്  നമ്മള്‍ ഇത് ഏറ്റു  പിടിക്കണം?



മലയാളത്തിലെ ഒരു പ്രശസ്ത ഗായികയെ കഴിഞ്ഞ രണ്ടു വര്‍ഷമായി ഒരു അവതാരക വിളിക്കുന്നത്‌ ചീത്തര്‍ ചേച്ചി എന്നാണ്. മലയാളികള്‍ കാണുന്ന പരിപാടിയല്ലേ. ചിത്ര എന്ന് പറയാന്‍ അത്ര വലിയ ബുദ്ധിമുട്ടൊന്നും ഇല്ലല്ലോ.  പിന്നെ എന്ത് കൂടോത്രമാണ് ചിത്രയെ ചീതര്‍ചേച്ചി എന്ന് വിളിക്കാന്‍ പ്രേരിപ്പിക്കുന്നത് എന്ന് മനസിലാവുന്നില്ല. എനിക്ക് തോന്നുന്നത് ഇവരുടെ ഒക്കെ കയ്യില്‍ എന്തോ യന്ത്രം ഉണ്ടെന്നാണ്. അതായത്‌ ഏതെങ്കിലും ഒരു മലയാള വാക്കോ പേരോ ഈ യന്ത്രത്തോട് പറഞ്ഞാല്‍ അതിന്റെ ആംഗലേയവത്കരിച്ച ഉച്ചാരണം തിരികെ നല്‍കുന്ന ഏതോ ഒരു യന്ത്രം. അല്ലാതെ ഇത്ര കഷ്ടപ്പെട്ട് അനാവശ്യമായ നീട്ടലും കുറുക്കലും നിറഞ്ഞ ഉച്ചാരണം വേറെ എങ്ങും കിട്ടില്ല.

ഒരന്യഭാഷക്കാരന്‍റെ ഉച്ചാരണവൈകല്യം മൂലം ചില വാക്കുകള്‍ക്ക് ഉണ്ടായ അഭംഗി അതെ ഭാഷക്കാരനായ ഒരാള്‍ തോളത്ത്‌ ചുമന്ന് നടക്കുന്നത് അപഹാസ്യമാണ്. എന്നാല്‍ ചിലരെ സംബന്ധിച്ചിടത്തോളം വാക്കിന്റെ ശരിയായ ഉച്ചാരണം ഉപയോഗിക്കുന്നതാണ് അപഹാസ്യം എന്ന് വന്നാല്‍ എന്ത് ചെയ്യും. ഉദാഹരണമായി ഇവിടെ ദുബായില്‍ നടക്കുന്ന കൂട്ടായ്മകളില്‍ സ്വയം പരിചയപ്പെടുത്തുന്നത് ശ്രദ്ധിക്കു.



"അയാം ശ്രുതി മേനന്‍"

"മേനോന്‍?"

"യെസ്, മേനന്‍"



മേനന്‍ അങ്ങിനെ വികലമായി പറഞ്ഞാലേ "തങ്ങളും പരിഷ്ക്കാരികള്‍' ആണെന്ന് അവര്‍ക്ക്‌ തന്നെ ബോധ്യമുണ്ടാകൂ. ഇങ്ങനെ ഒരു 'പരിഷ്ക്കാര' ബോധം മുന്നില്‍ നിരന്നു നില്‍ക്കുന്നത്‌ കൊണ്ടാണ് വേദിയില്‍ എത്തുന്നവര്‍ ഭട്ടതിരിയെ ബട്ടത്രിയും അദേഹം എഴുതിയ നാരായണീയം  "നരായനീയവും" ഒക്കെ ആയി പോകുന്നത്. ഇത് പൊള്ളയായ പരിഷ്കാരബോധമാണ്. കേള്‍ക്കുന്നവരില്‍ ഈ ഉച്ചാരണം ചിരിക്കുള്ള വകയോ, അസഹ്യതോ ആണ് ഉണ്ടാക്കുന്നത്. ഇംഗ്ലീഷ്‌ വാക്കുകള്‍ വികലമായി ഉച്ചരിക്കുന്നത് കേള്‍ക്കുമ്പോള്‍ തോന്നുന്ന അതേ അരോചകവും അപഹാസ്യവുമായ വികാരമാണ്, മലയാളം വികലമായി ഉച്ചരിക്കുമ്പോഴും തോന്നുന്നത് എന്ന് ഇത്തരക്കാര്‍ മനസിലാക്കുന്നുണ്ടോ എന്നറിയില്ല. എന്തായാലും അത് നല്‍കുന്ന പരിഷ്കാരബോധം തികച്ചും അറിവില്ലായ്മയില്‍ നിന്നും ഉണ്ടാകുന്നതാണ്.

ഈ അറിവില്ലായ്മ ഇപ്പോള്‍ തിരുത്തിയില്ലെങ്കില്‍ മലയാളഭാഷയുടെ ഉച്ചാരണം ദിനം പ്രതി വികലമായി കൊണ്ടിരിക്കും. ഇംഗ്ലിഷ് വൃത്തിയായി ഉച്ചരിക്കാന്‍ കാണിക്കുന്ന അതേ താല്പര്യവും ശ്രദ്ധയും ശ്രമവും മലയാളത്തില്‍ കൂടെ കാണിക്കാവുന്നതാണ്. കുറഞ്ഞ പക്ഷം സം"ബ"വാമി യുഗേ യുഗേ എന്ന് പറയാതിരിക്കാന്‍ എങ്കിലും.

2011, മേയ് 17, ചൊവ്വാഴ്ച

ചക് ദേ പോലൊരു മാണിക്യക്കല്ല്

കുറച്ചു ദിവസം മുന്‍പ്‌ മാതൃഭൂമിയില്‍ വായിച്ചു, സിനിമയില്‍ പറയാന്‍ ആകെ കൂടി അറുപതിനടുത്ത് പ്രമേയങ്ങള്‍ മാത്രമേ ഉള്ളു അത്രേ. അത് വെച്ചാ ഉള്ളത് കൊണ്ട് ഓണം പോലെ ലോക സിനിമയില്‍ മൊത്തമായി നൂറായിരക്കണക്കിന് സിനിമകള്‍ വെള്ളിത്തിരയില്‍ എത്തുന്നത്. ആലോചിച്ചു നോക്കിയപ്പോള്‍ ശരിയാണ്. ജീവിതത്തിലും ആവര്‍ത്തനങ്ങള്‍ തന്നെ അല്ലെ നടക്കുന്നത്. ഒരാള്‍ ജനിക്കുന്നു, വളരുന്നു. ചിലര്‍ പണത്തില്‍ വളരുന്നു, ചിലര്‍ പണമില്ലാതെ വളരുന്നു, ഗുണ്ടാ പണിക്ക് പോകുന്നു, നേരെ വഴിക്കും വളഞ്ഞ വഴിക്കും പോകുന്നു,  പ്രണയിക്കുന്നു, കല്യാണം കഴിക്കുന്നു, കുട്ടികള്‍ ഉണ്ടാകുന്നു, ചിലര്‍ക്ക്‌ ദത്ത്‌, മക്കള്‍ വളരുന്നു അവരും പഴയപോലെ തന്നെ. യുദ്ധം, വൈരം, കൊള്ളയടി, പോലീസ്‌, കള്ളന്‍, നല്ലവന്‍, കെട്ടവന്‍, എല്ലാം ആവര്‍ത്തനങ്ങള്‍ അതൊക്കെ വെള്ളിത്തിരയില്‍ വീഴുന്നു എന്ന് പറയാം. ആവര്‍ത്തനം ഇല്ല, പ്രതിഫലനം മാത്രം. അത് കൊണ്ടാണ് കൂള്‍ റൈഡ് (ഹോളിവുഡ്‌) പോലൊരു ചക്ദേ (ബോളിവുഡ്‌) എന്നും ചക് ദേ പോലൊരു മാണിക്യക്കല്ല് (മലയാളം) എന്നും പറയാന്‍ തീരുമാനിച്ചത്. ഒന്നും അനുകരണമല്ല എന്ന് സ്വയം പറഞ്ഞു വിശ്വസിപ്പിക്കുന്നതും.

മോശം പറയരുതല്ലോ, നൂറും ഇരുന്നൂറും രൂപ മുടക്കിയാണ് 'മള്‍ട്ടിപ്ലക്സില്‍' ഘടാഘടിയന്‍ " ചൈനാ ടൗണും ഡബിള്‍സും കണ്ടത്‌. മക്കളെ കണ്ടും മാമ്പൂ കണ്ടും മാത്രമല്ല; മമ്മൂക്കയെ കണ്ടും ലാലേട്ടനെ കണ്ടും കൊതിക്കരുത്‌ എന്ന ഒരു പഴഞ്ചൊല്ലുണ്ട് എന്ന് കൂടി അന്ന് തന്നെ തിരിച്ചറിഞ്ഞു. റാഫി മെക്കാര്‍ട്ടിന്‍ ഇനി ചെയ്യേണ്ടത്‌ ഫ്രെഡ്‌ ക്വിമ്പി ഉണ്ടാക്കിയ ടോം ആന്‍ഡ്‌ ജെറി (പഴയത്, ഇപ്പോഴത്തെ അല്ല) തുടര്‍ച്ചയായി കാണുകയും ടോം (മോഹന്‍ ലാല്‍) , ജെറി (മമ്മൂട്ടി), ബുള്‍ഡോഗ് (സുരേഷ് ഗോപി), ലിറ്റില്‍ മൗസ് (ദിലീപ്‌), ട്വീറ്റി (ജയറാം) അങ്ങിനെ ഒക്കെ നിരത്തി വെച്ച് തിരക്കഥ എഴുതി സംവിധാനം ചെയ്യലാണ്. പ്രത്യേകിച്ച് കോമണ്‍സെന്‍സ്‌ ഒന്നും വേണ്ട. എന്ന് വെച്ചാല്‍ ചീഫ്‌ മിനിസ്റ്ററേ ചാക്കില്‍ കെട്ടി വെച്ച് (അതും തെരഞ്ഞെടുപ്പ് ചൂട് പിടിച്ചിരിക്കുന്ന സമയത്ത്‌) ചുമന്നോണ്ട് നടന്നാല്‍ ഒരു പട്ടിയും ചോദിക്കില്ല എന്ന ലെവലില്‍ പ്രേക്ഷകന്റെ സെന്സിനെ തരം താഴ്ത്തും വിധം ഇനിയും കഥകള്‍ പടച്ചു വിടാനുള്ള അവകാശം നിങ്ങള്‍ക്ക്‌ പതിച്ചു നല്‍കിയിരിക്കുന്നു എന്ന്.

ഡബിള്‍സ്ന്റെ കാര്യം ഞാന്‍ ഒന്നും പറയുന്നില്ല. ആ സിനിമയുടെ ഷൂട്ടിംഗ് സ്കെജ്യൂള്‍ന് പോയ നേരത്ത് മമ്മൂക്കയും നാദിയ മൊയ്തുവും കൂടി മിക്സഡ്‌ ഡബിള്‍സ് കളിച്ചു പഠിച്ചിരുന്നെങ്കില്‍ ടെന്നിസില്‍ ഇന്ത്യക്ക്‌ ഒരു ഗ്രാന്‍ഡ്‌സ്ലാം എങ്കിലും കിട്ടിയേനെ. സ്കൂള്‍ കലോല്‍സവത്തില്‍ പോലും ഈ നിലവാരത്തില്‍ നാടകങ്ങള്‍ വരല്ലേ എന്ന് കൂടി പ്രാര്‍ഥിക്കുന്നു. ഇത്തരം ഒരു സാഹചര്യത്തില്‍ ആണ് മാണിക്യക്കല്ല് കാണുന്നത് എന്നത് കൊണ്ടാണ് പ്രമേയം മുന്‍പ്‌ ചവച്ചു തുപ്പിയതെങ്കിലും 'പടം കൊള്ളാം' എന്ന് പറയാന്‍ പ്രേരിപ്പിക്കുന്നത്.

നൂറു ശതമാനം തോല്‍വിയുള്ള സ്കൂളില്‍ മാഷായി വരുന്ന വിനയചന്ദ്രന്‍ (പൃഥ്വി രാജ്). അപ്പോള്‍ തന്നെ മനസ്സില്‍ ഷാരൂഖ്‌ ഖാന്‍ ഹോക്കി സ്റ്റിക്ക് പിടിച്ചു വരുന്ന രംഗം മനസ്സില്‍ വന്നു കഴിഞ്ഞു. പിന്നെ ആ സ്കൂളിനെ നേരെ ആക്കാനുള്ള ശ്രമങ്ങള്‍, ക്ലൈമാക്സ് അപ്പോള്‍ തന്നെ നമ്മള്‍ക്ക് പ്രവചിക്കാം. ആ സ്കൂളിലെ അധ്യാപകരും വിദ്യാര്‍ത്ഥികളും എല്ലാ സിനിമയിലെയും പോലെ ആദ്യം പുതിയ മാഷ്‌ കൊണ്ട് വരുന്ന മാറ്റങ്ങളെ പുച്ഛത്തോടെ കാണുകയും പിന്നീട് ആകൃഷ്ടരാകുകയും ചെയ്യുന്നു. ഇതില്‍ ഒരു ചെറിയ സസ്പെന്‍സ് ഉള്ളത് പൃഥ്വിരാജ് ആരാണ് എന്നതാണ്. അത് ഞാന്‍ ഇവിടെ പറഞ്ഞു ഇനിയും കാണാനുള്ളവരുടെ രസത്തെ കൊല്ലുന്നില്ല. അങ്ങിനെ കാണികള്‍ പ്രതീക്ഷിച്ച ശുഭ പര്യവസാനത്തില്‍ കാര്യങ്ങള്‍ എത്തി നില്‍ക്കുന്നിടത്ത് സിനിമ അവസാനിക്കുന്നു.

സന്തോഷം കൊണ്ട് കണ്ണ് നനയുന്ന രംഗങ്ങള്‍ കൂടിയിണക്കിയത്‌ തിരക്കഥയെ ശക്തമാക്കിയിരിക്കുന്നു. പാട്ടുകള്‍ ചിലത് ഏച്ചു കെട്ടി വെച്ചതിനാല്‍ മുഴച്ചു നില്‍ക്കുന്നു. എങ്കിലും കേള്‍ക്കാന്‍ കുഴപ്പമില്ല. ഗ്രാമത്തിന്റെ ഫ്രെയിം നന്നായി പകര്‍ത്താന്‍ ക്യാമറാമാന് കഴിഞ്ഞിട്ടുണ്ട്. ഒരിക്കല്‍ പോലും പ്രേക്ഷകന്‍ വണ്ണാന്‍ മല (സിനിമയിലെ ഗ്രാമം)  വിട്ടു പോകുന്നില്ല എന്നത് ആ ചിത്രങ്ങളുടെ മിഴിവ് നല്‍കുന്ന ഗുണമാണ്. ആര്‍കും വെല്ലു വിളി ഉയര്‍ത്തുന്ന കഥാപാത്രങ്ങളോ സങ്കീര്‍ണ്ണതകളോ സിനിമയില്‍ ഇല്ലാത്തതിനാല്‍ അഭിനയ മികവ് അളക്കേണ്ടതില്ല. എല്ലാവരും അവരവരുടെ രംഗങ്ങള്‍ നന്നായി ചെയ്തിരിക്കുന്നു. പുതുമയില്ലെങ്കിലും പ്രേക്ഷകന്‍ തീയറ്റര്‍ വിടുമ്പോള്‍ നിരാശപ്പെടുന്നില്ല.

പലരും പറഞ്ഞതെങ്കിലും മലയാള സിനിമയ്ക്ക് വേണ്ടത്‌ മള്‍ട്ടി സ്റ്റാര്‍ ചിത്രങ്ങളോ, സൂപ്പര്‍ സ്റ്റാര്‍ ചിത്രങ്ങളോ അല്ല; പ്രേക്ഷകന്റെ ആസ്വാദന നിലവാരത്തെ അംഗീകരിക്കുന്ന ചിത്രങ്ങളാണ് എന്ന് ഒന്നുകൂടി പറയുന്നു.  മാണിക്യകല്ല്‌ പോയി കണ്ടോളൂ. കുഴപ്പമില്ലാത്ത ചിത്രം.  ആരാണീ ചിത്രത്തിലെ മാണിക്യക്കല്ല് എന്ന് പറയാന്‍ കഴിയില്ല. എല്ലാം മാണിക്യം തന്നെ.

2011, ഏപ്രിൽ 4, തിങ്കളാഴ്‌ച

മമ്മൂക്കയും ബെസ്റ്റ്‌ ആക്ടറും

ചില സമയങ്ങളില്‍ ഞാനിങ്ങനെ തൊട്ടതിനും പിടിച്ചതിനുമൊക്കെ ചുമ്മായിരുന്നു ചിരിച്ചു കളയും. ഒരു മാതിരി ആക്കിയ ചിരി. അതിപ്പോ ലാലേട്ടനോട് സ്നേഹക്കൂടുതല്‍ ഉള്ളത് കൊണ്ടോ മമ്മുക്കയുടെ ഗ്ലാമര്‍ കണ്ടു പിങ്കിയും ഡിങ്കിയും, തങ്കി, ചൊങ്കി, വങ്കി അങ്ങിനെയുള്ള സകല പെണ്മണികളും "മമ്മുക്ക! ഐ ലവ് യു" എന്ന് യാതൊരു നാണവുമില്ലാതെ പബ്ലിക്‌ ആയി വിളിച്ചു കൂവുന്നത് കണ്ടുള്ള അസൂയയോ അല്ല. ചാനലുകളില്‍ കോമഡി ക്ലിപ്പിങ്ങ്സ് കാണുന്നത് പോലെ ജീവിതത്തിലും ചില ക്ലിപ്പിങ്ങ്സ് വീണു കിട്ടുമ്പോള്‍ അറിയാതെ ചിരിച്ചു പോവുന്നതാ...

സംഗതി ചെന്നപ്പോള്‍ പൂച്ച പോലും കാണാതിരുന്ന ഫെസ്റ്റിവല്‍ സിറ്റി നിമിഷ നേരം കൊണ്ടാ പൂച്ചകളുടെ സംസ്ഥാന സമ്മേളനമായത്. പൂച്ചകള്‍ എന്ന് പറഞ്ഞാല്‍, കണ്ടന്‍ പൂച്ചകള്‍, കുറിഞ്ഞി പൂച്ചകള്‍, കാട്ടു പൂച്ചകള്‍, മാക്കാന്‍ പൂച്ചകള്‍, നല്ല ബ്ലാക്ക്‌ പൂച്ചകള്‍, സര്‍വ്വം പൂച്ചമയം. എല്ലാം കൂടി മത്തി വെട്ടുന്നിടത്ത് വായും പൊളിചിരിക്കുന്നത് പോലെ മമ്മൂക്ക ഇപ്പൊ വരും എന്നും പറഞ്ഞ് വായില്‍ വെള്ളമിറക്കി ഇരിക്കുന്നു. പക്ഷെ വന്നില്ല... പകരം മാധവേട്ടന്‍... മ്മ്ട മാധവനുണ്ണി വന്നു... ഏഷ്യാനെറ്റിന്റെ ചിങ്കന്‍, പുലി, പുപ്പുലി...

ചുവന്ന സാരിയുടുത്ത്‌ നെറ്റിപ്പട്ടം കേട്ടിവന്ന പെണ്ണിനെ "അവതാരം" എന്ന് വിളിക്കുന്നതില്‍ തെറ്റൊന്നുമില്ല. അവള്‍ ഒന്നൊന്നര അവതാരം തന്നെ ആയിരുന്നു. മൊത്തം 28 വെള്ളി 13 സ്വര്‍ണ്ണം 45 വെങ്കലം... "മലയാളത്തില്‍ പ്രഥമ ഉപഗ്രഹ ചാനല്‍ ആയ ഏഷ്യാനെറ്റിന്റെ മിഡില്‍ ഈസ്റ്റ്‌ സംരഭത്തിന്റെ ഒന്നാം വാര്‍ഷിക ആഘോഷങ്ങളിലേക്ക് നിങ്ങള്‍ക്കേവര്‍ക്കും സ്വാഗതം" ഇത്രയും പറഞ്ഞപ്പോള്‍ തന്നെ മെഡല്‍ നിലയില്‍ അവള്‍ മുന്നിലായി. പിന്നെ വെള്ളി മെഡലുകളുടെ ഒരു പൊങ്കാലയിടീല്‍ അല്ലായിരുണോ... ഒരുകണക്കിന് ഒന്നോ രണ്ടോ മെഡല്‍ ഒപ്പിച്ചു മാനം കാക്കാം എന്ന് വിചാരിച്ചു വരുന്ന ഒളിമ്പിക്സ്‌ ഇന്ത്യന്‍ സ്ക്വാഡിനെ പോലെ മാധവനുണ്ണിയണ്ണന്‍ രണ്ട് വാക്ക്‌ (??? എന്താണീ രണ്ടു വാക്ക് എന്ന് പറയുന്നത് എന്ന് അമ്മേണെ എനിക്കിപ്പോഴും അറിയില്ല. പറഞ്ഞു വരുമ്പോള്‍ പത്തു മുപ്പത്ത്രണ്ട് വാക്കായാലും) പറയാന്‍ വേദിയിലേക്ക്.

പക്ഷെ പരിപാടിയില്‍ തടസം... സദസില്‍ നിന്നും സ്റ്റേജിലേക്ക് കയറാന്‍ നോക്കിയ അണ്ണനെ സെക്യൂരിറ്റി കടത്തി വിട്ടില്ല. അറബിക്കെന്ത്‌ മാധവനുണ്ണി... "ഡേയ് ഞാനാ ശരിക്കും മൊതലാളി" എന്ന് അറിയാവുന്ന ഭാഷയില്‍ മാധവണ്ണന്‍. "പോടെയ്‌... ഇന്‍ ദിസ് സ്റ്റേജ് ഓഫ് ഏഷ്യാനെറ്റ്‌ ആന്‍ഡ്‌ മമ്മൂക്ക, യു വില്‍ നാട്ട് സീ എനി ഷോ ഓഫ് ദ ടുഡേ" എന്ന് തടിമാടന്‍ സെക്യൂരിറ്റി... " ഡേയ് ഡേയ് ഡേയ് മണ്ടന്‍ കൊണാപ്പി, യെവനാടെയ് നിനക്കൊക്കെ തുട്ട് തരുന്നത്...കേറ്റി വിടടെയ്‌" കാശിന്റെ കാര്യം പറഞ്ഞാല്‍ അറബിയായാലും മടങ്ങും... അണ്ണന് ക്ലിയറന്‍സ്‌ റെഡി... പക്ഷെ രണ്ടു വാക്ക് പറയാന്‍ വന്ന അണ്ണന്റെ മൊത്തം വാക്ക്‌ വിഴുങ്ങി തൊണ്ടയില്‍ കെട്ടി ഒരുഗ്ലാസ്‌ വെള്ളം കിട്ടുമോ എന്ന് സ്റ്റില്‍ അടിച്ചു നിക്കുന്ന പ്രാര്‍ത്ഥനയോടെ പരിപാടികള്‍ ആരംഭിച്ചു. ആദ്യമായി... "മൈക്ക് ടെസ്റ്റിംഗ്... "

"ഹെലാ... ഛെ... ഛെ... ഛെ... ഹെലാ... ഛെ... ഛെ..." എന്തുവാടെയ്‌ ഇവനിത്ര പുന്ജം..." ഛെ... ഛെ... ഛെ... ടെസ്റ്റ്‌... സ്.. സ്.. സ്.. ഛെ..!!!" അടുത്തതായി "പ്രദ്ളീപ് പത്തുരുളി" ...

ഹൂ ദി ഹെല്‍ ഈസ്‌ ദാറ്റ്‌?"

വെള്ളി നമ്പര്‍ 29... അവതാരം പ്രദീപ്‌ പള്ളുരുത്തി എന്ന് പറഞ്ഞതാ... സംഗതി പല്ല് നാലെണ്ണം ഉളുക്കി താഴെ തെറിച്ചു... ഇക്കണക്കിനു പോയാല്‍ ഈ പെണ്ണിന്റെ മുപ്പത്തി രണ്ടു പല്ലും താഴെ വീഴുമല്ലോ എന്ന് കരുതിയിരിക്കുമ്പോള്‍ ആണ്ടെ തെറിച്ചു വീഴുന്നു പല്ല് മൂന്നെണ്ണം കൂടി.. "പ്ലാലെരി മ്രാണിക്കം"... മഹാബലിക്ക് ശേഷം ഭൂമിക്കടിയില്‍ നിന്നും പൊങ്ങി വന്ന രണ്ടാമത്തെ ആളെന്ന നിലയില്‍ അതും ബൈക്കില്‍, പല്ലിളിച്ചു വന്ന മമ്മൂക്ക ഒന്ന് ഞെട്ടി.. "തള്ളെ അതെത് പടം...!!!" സുരാജും ടിനി ടോമും ഒരു കമ്പനിക്ക്‌ കൂടെ വണ്ടറടിച്ചു...

അങ്ങിനെ പരിപാടി പുരോഗമിച്ചു... കോമഡി സ്കിറ്റുകളും കോമഡി സ്കിറ്റിനെ വെല്ലുന്ന വെള്ളികളുമായി അവതാരവും... ചിരിച്ചു ചിരിച്ചു കൂഴച്ചക്ക പോലെ ആയപ്പോള്‍ അവതാരത്തിനൊരു ഡൌട്ട്... ദുബായ് ഇങ്ങനെ അല്ലല്ലോ, എന്തെങ്കിലും അബദ്ധം പറഞ്ഞാല്‍ അപ്പൊ പ്രതികരിക്കുന്നതാണല്ലോ" ഉടന്‍ മറുപടി... " കുട്ടി!!! നിര്‍ത്തി നിര്‍ത്തി വെള്ളിയിടൂ എന്നാലല്ലേ കൂവാന്‍ പറ്റൂ" (മുന്‍ഷി: വടി കൊടുത്ത് അടി വാങ്ങി...കൊക്കരകോ കോ)

സംഗതി സമ്മാന ദാനത്തിലെത്തി... അഥവാ സമ്മാനം വാങ്ങാന്‍ ആളെ കാണാനില്ല. രേവതി, പത്മപ്രിയ, നാദിയ, രഞ്ജിത്ത്, വേണു... ഇവരൊക്കെ നാല് പാടും തിരയുന്നു... "ദിപ്പ ഇവട എണ്ടാരുന്നെന്നു" കലാഭവന്‍ മണി...

"ആണ്ടെ കിടക്കുന്നു സാധനം." ദിലീപ്‌. നെടുമുടി വേണുവിന്റെ കാലില്‍ സ്രാഷ്ടാംഗം വാല് മടക്കി കിടക്കുന്ന സമ്മാനര്‍ഹന്‍.. അവിടെ നിന്നും മമ്മുക്കയുടെ കാലിലേക്ക്, മമ്മൂക്ക രേവതിക്ക് പാസ്‌ ചെയ്തു.. രേവതിയില്‍ നിന്നും മണിയുടെ കാലിലേക്ക് ഒരു ക്രോസ് പാസ്‌.. മണിയുടെ ഗംഭീരന്‍ സിസര്‍ കട്ട്... അര്‍ഹന്‍ നേരെ ദിലീപിന്റെ കാലിലേക്ക്... എന്റമ്മച്ചി ചാത്തുണ്ണിയാശാന്‍ എങ്ങാനും ഈ കാല്‍വീണു കളി കണ്ടിരുന്നെങ്കില്‍ എന്നൊരു നിമിഷം ഞാന്‍ ഓര്‍ത്തു. പിന്നാലെ വന്ന ഓരോ പന്തുകളും, ഐ മീന്‍ സമ്മാനര്‍ഹരും ഈ അതിവിനയ കാല്‍പന്ത് കളി തുടര്‍ന്നു. സ്റ്റേജിനു പുറത്ത് നിന്ന നാദിര്‍ഷ, ഹരിശ്രീ അശോകന്‍, സലിം കുമാര്‍, കല്പന തുടങ്ങിയവര്‍ സൈഡ് ബെഞ്ചിലിരുന്ന് തങ്ങള്‍ ദുബായ്‌ വരെ ചുമന്നു കൊണ്ട് വന്ന ഗുരുത്വം കാല്‍ വഴി കൊടുക്കാനാവാതെ ചുമ്മാ നോക്കിയിരുന്നു.

കാര്‍ത്തിക്കിന്റെ പാട്ട് ബാക്ക് ഗ്രൗണ്ടില്‍ കേട്ടു കൊണ്ട് ഫെസ്റ്റിവല്‍ സിറ്റി വിടുമ്പോള്‍ ഉള്ളില്‍ ചില ചോദ്യങ്ങള്‍ ബാക്കി;

1. എന്ത് കൊണ്ടാണ് നമ്മുടെ 'അവതാര'ത്തിന് ബെസ്റ്റ്‌ ആക്ടര്‍ സമ്മാനം കൊടുക്കാതെ ഇരുന്നത്? അവള്‍ കഷ്ടപ്പെട്ട് അഭിനയിച്ചതല്ലേ?

2. എന്ത് കൊണ്ടാണ്, കാണികളോട് കയ്യടിക്കാന്‍ വിശിഷ്ടാതിഥികളുടെ പിന്നില്‍ നിന്നും അവതാരക കൈയും കലാശവും കാണിച്ചു കഷ്ടപ്പെടുന്നത്. കയ്യടിക്കേണ്ട കാര്യങ്ങള്‍ക്ക് കയ്യടിക്കാന്‍ കാണികള്‍ക്ക്‌ അറിയില്ലേ? അല്ലെങ്കില്‍ താരങ്ങള്‍ എന്ത് പറഞ്ഞാലും കയ്യടിക്കണം എന്ന നിര്‍ബന്ധം ഏഷ്യാനെറ്റിനോ, മാധവനുണ്ണി സാറിനോ, മമ്മുക്കക്കോ, അവതാരത്തിനോ ഉണ്ടോ??

എന്നെ തല്ലണ്ട ഞാന്‍ നന്നാവില്ല. ശുഭം.

2011, മാർച്ച് 24, വ്യാഴാഴ്‌ച

മഴയില്‍

തിണ്ണയിലേക്ക് കയറി നില്‍ക്കുമ്പോള്‍ ജിംബ്രാന്‍ ഒന്നറഞ്ഞു തുമ്മി. മുന്‍കാലുകള്‍ കൊണ്ട് മൂക്ക് തുടച്ചു. പുതുമഴ പെയ്ത മണ്ണിന്റെ പൊടി മൂക്കില്‍ കയറിയ അസ്വസ്ഥതയിലായിരുന്നു ജിംബ്രാനപ്പോള്‍. കിഴക്ക്‌ നിന്ന് കറുപ്പ് പടരുന്നു.

"നല്ല മഴക്കോളുണ്ട്... ചായ്പ്പങ്ങടച്ചേരെ ചെക്കാ..." കടക്കാരന്‍ ദാമുചോന്‍. "നായ്ക്കളിനി കോലായി നെരങ്ങാന്‍ തൊടങ്ങും..."

നന്ദിയില്ലാത്തവന്‍... ജിംബ്രാന്‍ മനസ്സില്‍ മുരണ്ടു. "ഈനിവിടെ കെടക്കുമ്പ കട തുറന്നാ പോയാലും എനിക്ക് പേടില്ലാ" ന്നു നാഴികക്ക് നാപ്പത്‌ വട്ടം പറയുന്നോനാ... നായ്‌ കേറി നെരങ്ങും പോലും!!!

"ചിമ്രാനോട കെടക്കട്ടെ... അയിന മേടണ്ട..." ജിംബ്രാനെ ഓടിക്കാന്‍ നോക്കിയ ചെക്കനോട് ദാമുചോന്‍ പറഞ്ഞു.

അപ്പൊ നന്ദീണ്ട്, ജിംബ്രാന്‍ പല്ലൊന്നിളിച്ചു. പിന്നെ മുന്‍ കാല്‍ മുന്നോട്ടാഞ്ഞു മൂരി നിവര്‍ത്തി. വാലാട്ടി കൊണ്ട് ദാമുചോനെ നോക്കി.

"കട ത്തിരി നേരത്തെ പൂട്ടാ ചിമ്മ്രാനെ... ഈയിടത്തന്നെ നോക്കിയെക്കണേ.." ചില്ല് കുപ്പിയില്‍ നിന്ന് ഒരു മധുരപ്പാവേടുത്ത് ജിംബ്രാനെറിഞ്ഞു കൊടുത്ത് അയാള്‍ കട പൂട്ടാന്‍ തുടങ്ങി. പുറത്ത്‌ വല്ലാതെ ഇരുണ്ടിരിക്കുന്നു. "ആ ടോര്‍ച്ച് കൊണ്ടോക്കോ ചെക്കാ... വയി പെട്ട് പോകണ്ട... അടുത്ത കോളിന് മുന്ന കുടുമ്മം പിടീര്"

ചെക്കന്‍ ഇറങ്ങി നടന്നു. അല്‍പനേരം കഴിഞ്ഞു കട പൂട്ടി ദാമുച്ചോനും.

ശൂന്യതയിലേക്ക് നോക്കി മെല്ലെ മോങ്ങിക്കൊണ്ട് ജിംബ്രാന്‍ കിടന്നു. കാറ്റ് ആഞ്ഞു വീശുന്നു. അടിപാതി ദ്രവിച്ചു തുടങ്ങിയ മരപോസ്റ്റില്‍ ഒരു ബള്‍ബ്‌ തൂങ്ങിയാടുന്നുണ്ട്... അതിന്റെ ആട്ടത്തിനൊപ്പിച്ചു കണ്ണുകള്‍ തെന്നിച്ച് ജിംബ്രാന്‍ തിണ്ണയില്‍ ചടഞ്ഞുകിടന്നു. കാറ്റിന്റെ ഓരിയിടല്‍ കൂടി വന്ന ഒരു നിമിഷത്തില്‍ കണ്ണ്മഞ്ചിക്കുമാറ് ഒരു കൊള്ളിയാന്‍ മിന്നി. പിന്നാലെ നെഞ്ചു നടുക്കി ഒരിടിവെട്ടും... ജിംബ്രാന്‍ പിടഞ്ഞെണീറ്റു. മരപോസ്റ്റില്‍ തൂങ്ങിയിരുന്ന ബള്‍ബ്‌ ഒന്നുമിന്നി മറഞ്ഞു. ഇരുട്ട്... അതിലേക്ക് നോക്കി ജിംബ്രാന്‍ ഒരിയിട്ടു. പിന്നെ വഴിയിലേക്ക്‌ ചാടിയിറങ്ങി ഉറക്കെ കുരച്ചു. രോമങ്ങള്‍ക്കിടയില്‍ ജലത്തുള്ളികള്‍ നിറഞ്ഞു തുടങ്ങിയപ്പോള്‍ തിണ്ണയിലേക്ക് തന്നെ ചാടിക്കയറി. മഴ... കനത്ത മഴ.... ജിംബ്രാന്‍ ഒന്നു കുടഞ്ഞു നിവര്‍ന്നു. എന്നിട്ടും പോകാതിരുന്ന മഴത്തുള്ളികള്‍ നാവു നീട്ടി നക്കി തുടച്ചു കൊണ്ട് വീണ്ടും ചടഞ്ഞു കിടന്നു.

****

തിണ്ണയിലെ കാല്പെരുമാറ്റം... ജിബ്രാന്‍ തലയുയര്‍ത്തി നോക്കി. ചെറിയൊരു നിഴലാട്ടം. ചാടി എണീറ്റ്‌ കുരച്ചു. നിഴലിന്റെ പരുങ്ങല്‍ ജിംബ്രാനെ വെകിളി പിടിപ്പിച്ചു. കുറേക്കൂടി ഉച്ചത്തില്‍ കുരക്കാന്‍ തുടങ്ങി. നിഴലില്‍ നിന്നും അമര്‍ത്തി പിടിച്ച മൂളല്‍... കൊള്ളിയാന്‍ വെട്ടത്തില്‍ രണ്ടു തിളങ്ങുന്ന കണ്ണുകള്‍. നിറയെ രോമം... ജിംബ്രാന്‍ മണം പാര്‍ത്ത് നോക്കി. പിന്നെ ശങ്കിച്ച് അടുത്തേക്ക്‌ ചെന്നു. നീളന്‍ രോമമുള്ള... കണ്ടാല്‍ അറിയാം ആരോ വളര്‍ത്തുന്നതാണ്. അവളുടെ കണ്ണില്‍ വീണ്ടും കൊള്ളിയാന്‍ തട്ടി തിളങ്ങി. നേരിയ ഒരു മോങ്ങലോടെ ജിംബ്രാന്‍ അവളുടെ അടുത്തേക്ക്‌ ചെന്നു. പിന്നെ ഒന്ന് മുരണ്ടു നോക്കി. അവളുടെ കണ്ണുകള്‍ പിടഞ്ഞു തന്നെ നില്‍ക്കുന്നു.

രോമങ്ങളില്‍ ചെളിപൊടി തെറിച്ചു വീണ പാടുകള്‍ മഴ വെള്ളം വീണ് കലങ്ങിയിരിക്കുന്നു. കഴുത്തില്‍ ഒരു തുകല്‍ വളയം. ചെറിയ ചോര പൊടിപ്പും. ആദ്യത്തെ അമ്പരപ്പൊന്നടങ്ങിയപ്പോള്‍ അവള്‍ മെല്ലെ ഒന്ന് ഞെരങ്ങി. ജിംബ്രാന്‍ കാലടികള്‍ പിന്നോട്ട് വെച്ച് അവള്‍ക്കു കൂടി നില്‍ക്കാനുള്ള സ്ഥലം കൊടുത്തു.

മഴ നിര്‍ത്താതെ പെയ്യുന്നു. കടയുടെ പലക പുറത്തോട് ചേര്‍ന്ന് നിന്ന പുറ്റിനു കീഴെ ഒരു ചാല്‍ കീറി വരുന്നുണ്ട്. അതിലെ അതില്‍ നിന്നും ചിതലുകള്‍ ഒറ്റയായും കൂട്ടമായും ഒഴുകി പോകുന്നു. നേരം വെളുത്ത്‌ വരുന്നത് നോക്കി ജിംബ്രാന്‍ കിടന്നു. തന്നോട് ചേര്‍ന്ന് അവളും കിടക്കുന്നുണ്ട്. അവളുടെ കഴുത്തില്‍ ഇന്നലെ താന്‍ നക്കി തുടച്ചു വൃത്തിയാക്കിയ മുറിവില്‍ നിന്നും ചോരമണം പോയിട്ടില്ല. അതില്‍ വന്നിരുന്ന ഈച്ചകളെ ജിംബ്രാന്‍ ആട്ടിയോടിച്ചു.

വെള്ളം തെറിപ്പിച്ചു കൊണ്ട് ഒരു ജീപ്പ്‌ പാഞ്ഞു പോയി. ടയര്‍ കീറി മുറിച്ചു പോയ വഴിയില്‍ വെള്ളം വീണ്ടും ചാലായി നിറയുന്നതും, വെള്ളത്തില്‍ വീണ മുറിവ് മായുന്നതും വളരെ വേഗത്തിലാണ്. അവളുടെ ദേഹത്ത് തെറിച്ചു വീണ തുള്ളികള്‍ കൂടി ജിംബ്രാന്‍ നക്കി തുടച്ചു. അവള്‍ ഒന്ന് കൂടെ ചേര്‍ന്ന് കിടന്നു.

ഒരു രാത്രി കൊണ്ട് അവള്‍ തന്റെ സംരക്ഷണയില്‍ ആയിരിക്കുന്നു. പക്ഷെ കട തുറക്കാന്‍ ചെക്കന്‍ വന്നാല്‍ ഇവളെ ആട്ടിയോടിക്കും. അന്നേരം അവള്‍ തന്നെ ദയനീയമായി നോക്കും. ആ ചെക്കനെ നോക്കി കുരക്കാം എന്ന് കരുതിയാല്‍ അവന്‍ കല്ലെടുത്ത്‌ വീക്കും. അവന്‍ ഇന്ന് വരല്ലേ എന്ന് ജിംബ്രാന്‍ പ്രാര്‍ഥിച്ചു. ദാമുചോന്‍ ആദ്യം വന്നാല്‍ സാരമില്ല...

"ന്താടാ... നെനക്കും കൂട്ടാക്കിയാ... നിപ്പോ രണ്ടാളാ കാവല്‍ല്ലേ...?" എന്ന് പറഞ്ഞ് പൊതിഞ്ഞു കൊണ്ടുവന്ന ചോറ് ബാക്കിയും മീന്‍ മുള്ളും തിണ്ണയുടെ വലത്തേ മൂലക്ക് കൊട്ടിയിടും. അതില്‍ ഒരു ഭാഗം ഇനി ഇവള്‍ക്കും മാറ്റി വെക്കണം...

പക്ഷെ ചെക്കന്‍ അത്രയും നേരമായിട്ടും എത്തിയില്ല. ആശ്വസിച്ചു ജിംബ്രാന്‍ അവളുടെ മുഖത്തോട് തല ചേര്‍ത്ത് വെച്ച് കിടന്നു.

വെള്ളം ചറപറാന്ന് തട്ടി തെറിക്കുന്ന ശബ്ദം. ചെക്കനല്ല. കുറെ കാലടികള്‍ വെള്ളത്തില്‍ തട്ടി തെറിക്കുന്നു.

"എങ്ങടാ പോയാ നോക്കാന്‍... നാശം... നനഞ്ഞു ചീവായി... ആ ചങ്ങല പോക്കായിന്ന് നൂറ്റിക്ക് വട്ടം പറഞ്ഞാ കേക്കില്ലാ... ഈ പ്രായക്കേടില്‍ നി മഴയത്തോടാന്‍... ഒന്നെല്ലാടത്തും പാറി നോക്കിന്‍ കുഞ്ഞേ..."

പ്രായമുള്ള ഒരാള്‍..ഒരു കുട്ടി... വേലിക്കലും ഒഴുക്ക് വെള്ളം കെട്ടാത്തിടത്തും ചെക്കന്‍ പരതി നോക്കുന്നു. അവളെ മറഞ്ഞു നിക്കാന്‍ ജിംബ്രാന്‍ ഒരു വിഫല ശ്രമം നടത്തി നോക്കി...

"ദാ കെടക്കണ് നായിന്റ മോള്..." വന്നപാട് കാലു മടക്കി കിളവന്‍ അവളെ ഒന്ന് തൊഴിച്ചു... വല്ലാതെ മോങ്ങി കൊണ്ട് അവള്‍ പിടഞ്ഞെണീറ്റു. ഒറ്റ ചാട്ടത്തിന് ജിംബ്രാന്‍ അയാളുടെ കാല്‍ വണ്ണയില്‍ പല്ലുകള്‍ താഴ്ത്തി. അയാള്‍ തിണ്ണയില്‍ നിന്നും ചാടി ഇറങ്ങി. തട്ട് പലക ഉയര്‍ത്തി വെക്കാന്‍ വെച്ചിരുന്ന പത്തല്‍ അയാളുടെ കണ്ണില്‍ പെട്ടു. പുറം പൊളിയുമാറു വീണ അടിയുള്ള പോള്ളിച്ചയില്‍ ജിംബ്രാന്‍ ഒന്ന് വളഞ്ഞമര്‍ന്നു. പിന്നെ അടുത്ത അടി വീഴും മുന്‍പ്‌ വഴിയിലേക്ക്‌ ചാടി ഇറങ്ങി. പിറകോട്ട് തിരിഞ്ഞു നോക്കി പായുമ്പോള്‍ അയാളുടെ കയ്യിലെ വടി അവളുടെ പിന്കാലില്‍ വീഴുന്നതും, അവള്‍ ഒരു വശത്തേക്ക് ഞൊണ്ടി ഓടുന്നതും ജിംബ്രാന്‍ കണ്ടു.

****

മഴ തോരുമ്പോള്‍ സന്ധ്യയായി. ദാമുച്ചോന്‍ അന്ന് കട തുറന്നില്ല. പുറം വല്ലാതെ വേദനിക്കുന്നു. ജിംബ്രാന്‍ പലകമേല്‍ വേദനയുള്ള ഭാഗം ഉരച്ച് കൊണ്ടിരുന്നു. ഇടക്കിടെ അവള്‍ പാഞ്ഞു പോയ വഴിയിലേക്ക്‌ നോക്കി. പിന്നെ നിരാശയോടെ കണ്ണുകളെ മടക്കി വിളിച്ചു. രാത്രിയില്‍ മഴ വീണ്ടും കനത്തു. ചീവിടിന്റെ താളത്തില്‍ ഉറക്കത്തിനു വഴി നോക്കി ജിംബ്രാന്‍ കിടന്നു. പുറം പൊളിയുന്ന വേദന. ഇടക്ക് താളം തെറ്റുന്നതും വെള്ളത്തില്‍ തുള്ളികള്‍ പുതിയ താളം ഉണ്ടാക്കുന്നതും കേട്ട് തലയുയര്‍ത്തി. ഒരു കാല്‍ നിലത്തുറക്കാതെ അവളുടെ നിഴല്‍ വരുന്നത് ജിംബ്രാന്‍ കണ്ടു..

****

"വര്‍ക്കത്തോള്ള എനാന്ന തോന്നണെ..." പ്രതീക്ഷിച്ച പോലെ കൂലിക്കാരന്‍ ചെക്കന്‍ അവളെ ഒന്നും ചെയ്തില്ല...

"ന്നാ പിന്ന നീ കൊണ്ടോക്കോ.."

"കാലൊന്ന് ചതഞ്ഞേക്ക്ണ്"

"സാരല്ലടാ... ഭംഗീണ്ടല്ല... ഇയ് വളത്തിക്കോ"

****

കടപൂട്ടാന്‍ നേരവും ജിംബ്രാന്‍ പലകമറയോട് ചേര്‍ന്ന് കിടക്കുവായിരുന്നു.

"എനക്കിന്നു അനക്കൂലെ ചിമ്രാനെ...?" കുറച്ചു മാറി വീണ മധുരപ്പാവ് എത്തിപ്പിടിക്കാന്‍ കഴിയാതെ ജിംബ്രാന്‍ കിടന്നു. കാലു കൊണ്ട് ദാമുച്ചോന്‍ അത് ജിംബ്രന്റെ മുന്നിലേക്ക്‌ തട്ടിയിട്ടു. ഒരു പകല്‍ കൊണ്ട് വെള്ളം വഴിമാറി പോയിരിക്കുന്നു. ജീപ്പ്‌ പാഞ്ഞു പോയ ടയര്‍ പാടില്‍ കെട്ടി നിക്കുന്ന വെള്ളത്തില്‍ കാലൊന്നു അനക്കി കഴുകി ദാമുച്ചോന്‍ നടന്നകന്നു. ഒരിഞ്ചു കൂടി മാറി കിടക്കുന്ന മധുരപ്പാവിലെക്ക് ജിംബ്രാന്‍ ദയനീയമായി നോക്കി.

****

"ഊം.. കുഴീത്‌ മതീടാ... നീയതിനെ വലിച്ചിട്..."

കുഴിയുടെ അകത്ത്‌ കടക്കാതെ പോയ ജിംബ്രാന്റെ മരവിച്ച വാല്‍ ദാമുച്ചോന്‍ കൈക്കോട്ടു കൊണ്ട് കുഴിയിലേക്ക്‌ തിരുകി കയറ്റി. മഴ ചന്നം വീണു തുടങ്ങി. പാതി ഉണങ്ങിയ മണ്ണ് ജിംബ്രാന്റെ മുഖത്തേക്ക് വടിചിടുമ്പോള്‍ കൂലിക്കാരന്‍ പയ്യന്റെ കണ്ണിലും മഴ പെയ്തിരുന്നു...

കുറച്ചു മാറി കടത്തിണ്ണ മുതല്‍ പയ്യന്റെ വീടിന്റെ വേലി വരെ ജിംബ്രാന്റെ പിന്‍കാലുകളുടെ ഇഴഞ്ഞ പാടുകള്‍. പിന്നെ അവിടെ നിന്നും ജീപ്പ് ടയര്‍ തേഞ്ഞിടത്ത്‌ ചിതറി വീണ കട്ട ചോര തുള്ളികള്‍ വരെ ആ പാട് ഇഴഞ്ഞു കിടന്നു. അതിനു മുകളില്‍ പെയ്തിറങ്ങിയ മഴത്തുള്ളികളില്‍ ചുവപ്പ് കലര്‍ന്ന് ഒരു ചാല്‍ ജിംബ്രാന്‍ ഇഴഞ്ഞ വഴികളിലൂടെ ടയര്‍ പാടില്‍ ഒഴുകി ഇറങ്ങി. മഴ വീണ്ടും കനക്കവേ, ദാമുച്ചോന്‍ ചായ്പ്‌ ചാരാന്‍ തുടങ്ങിയിരുന്നു.

****

2011, മാർച്ച് 11, വെള്ളിയാഴ്‌ച

സ്വവര്‍ഗ്ഗം

"ഇനി വേറെ ആലോചന നോക്കണ്ട ഓപ്പോളേ, ഇതങ്ങ്ട് ഒറപ്പിക്കാം"

"ഓലോട് ഒന്ന് പറയാതെങ്ങനാ?"

"ഇനിപ്പോ ചോദ്യോം പറച്ചിലും ഒന്നും വേണ്ട... എത്ര നാളെന്നു വെച്ചാ ഓപ്പോളും സാവീം ഇങ്ങനെ…”

“എന്തേലും ഒരു നല്ല ജോലി കിട്ടുമെന്നാ ഓല്.. ഇത്രേം പടിപ്പില്ലേ..?”

“അഞ്ചാറു കുട്ട്യോക്ക് ടൂശന്‍കൊടുക്കാനാ ഇക്കണ്ട പടിപ്പിനു പോയെ”

“എന്തിനോക്കെയോ വേറെ അപേക്ഷ വിട്ടത്രേ”

“ഊം...പ്രത്യേകം വിളിക്കാന്‍ ആരേലും ഉണ്ടേല്‍പറഞ്ഞാ മതി... ഞാനിറങ്ങുന്നു..."

തന്റെ കല്യാണം തീരുമാനിക്കപ്പെട്ടത് ഈ വിധത്തിലാണ് എന്ന് സാവിത്രി ഓര്‍ത്തു. “അല്ലെങ്കില്‍തന്നെ അച്ഛന്‍ കാട് കേറി പോയ വഴി കേറി വന്ന ദാരിദ്ര്യം ഇതില്‍കൂടുതല്‍ഒരു സൌഭാഗ്യം കൊണ്ടുതരാനില്ല.” അമ്മ... ശരിയാണ്..എമ്പാടു നിലം, തോപ്പ്, ഇരുന്നു തിന്നാലും തീരാത്ത നെല്ല്. കഴുത്തില്‍തൂക്കം പോരാത്ത താലിയുമിട്ട് താന്‍പടിയിറങ്ങിയപ്പോള്‍അമ്മ ആശ്വസിച്ചു കാണണം.

“ഇതിപ്പോ ധര്‍മ്മകല്യാണത്തിന്റെ ഗതികേട് കളരിപറമ്പിനില്ല. ന്റ കുട്ടി ഒരു ദീനക്കാരനായി പോയി... ഇല്ലേല്‍പൊന്നില്‍മൂടിയെ ഇവിടെ ഒരു പെണ്ണ് പടി കേറു... പൊന്നിന് തുല്യം പടിപ്പു വെച്ചാരും ഇഞ്ഞിവടെ തിന്നാന്‍ ഉണ്ടാക്കണ്ട...”

അങ്ങിനെ പിറുപിറുത്ത്‌ വാതില്‍ക്കല്‍ വിശറി വീശി ചാരുകസാലയില്‍കിടക്കുന്നയാള്‍ ശിവശങ്കരന്റെ വല്യച്ഛനാണ്. പിറുപിറുപ്പ് എന്നാല്‍ എല്ലാവരും കേള്‍ക്കണം എന്നാണ് വല്യച്ഛന്. അന്നത്തേത് തനിക്കുള്ള നിര്‍ദ്ദേശമാണ് എന്ന അര്‍ത്ഥത്തില്‍ ശങ്കര്‍ തന്നെ നോക്കി ചിരിച്ചു. തണുത്ത ഭാവം ഇപ്പോഴും നിറഞ്ഞു നില്‍ക്കുന്ന ആ മുഖത്തിന്‌ ആ ചിരി ഒരംഭംഗിയായിരുന്നു. പിന്നെ പിന്നെ ആ ചിരി സാധാരണമാണ് എന്നവള്‍ക്ക് മനസിലായി. ചോദ്യത്തിനും ഉത്തരത്തിനും ദേഷ്യത്തിനും സങ്കടത്തിനും അയാള്‍ അങ്ങിനെയാണ് പ്രതികരിച്ചിരുന്നത്. ഇന്ടര്‍വ്യൂനു കോള്‍ ലെറ്റര്‍ വന്നത് പറഞ്ഞപ്പോഴും, വല്യച്ഛന്‍ എതിര്‍ത്തപ്പോഴും അതെ ചിരി അയാളുടെ മുഖത്ത് എച്ചില്‍ പോലെ കിടന്നു. തന്റെ ശരീരത്തില്‍ പടര്‍ന്നു കയറുമ്പോള്‍ ഒഴികെ. അപ്പോള്‍ മാത്രമാണ് അയാള്‍ ഭര്‍ത്താവായിരുന്നത്.

ഒന്നുകില്‍ പുസ്തകത്തിന്‌ മുന്നിലോ, അല്ലെങ്കില്‍ അടുപ്പിനു മുന്നിലോ ആയിരുന്നു സുമ ചിറ്റ. അങ്ങിനെ അല്ലാതെ അവരെ കാണുന്നത് അനിയനെ കൊല്ലിച്ചവള്‍ എന്ന് വല്യച്ഛന്‍ പ്രാകുമ്പോഴാണ്. ആ സമയത്ത് അവര്‍ തലകുമ്പിട്ട് പിന്നാലയില്‍ പോയിരുന്നു. കരയില്ല. വെറുതെ കണ്ണ് മിഴിച്ച് ദൂരേക്ക്‌ നോക്കിയിരിക്കും. ഈ വലിയ വീട്ടില്‍ അവരുടെ ലോകം പുസ്തകത്തിലോ അടുക്കളയിലോ ഒതുങ്ങി തീര്‍ന്നിരുന്നു. ആ ലോകത്തേക്ക്‌ വളരെ പെട്ടെന്നാണ് താന്‍ കടന്നു കൂടിയത്. അല്ലെങ്കില്‍ മറ്റൊരു ലോകം തുറന്നെടുക്കാനുള്ള ശ്രമത്തില്‍ സുമ ചിറ്റ തന്റെ ലോകമാകുകയായിരുന്നോ?

തന്നെക്കാള്‍ പത്തു വയസു മാത്രം മൂപ്പുള്ള സുമ ചിറ്റ പത്ത്രണ്ട് വര്ഷം മുന്‍പാണ് ശങ്കറിന്റെ ഇളയച്ഛന്റെ ഭാര്യയാവുന്നത്. കവിതയും കഥയും ഒക്കെ ആയി നടന്ന ഇളയച്ഛന് ചേര്‍ന്ന ഭാര്യയായിരുന്നു സുമ ചിറ്റ. ഒരുപാട് വായനയും എഴുത്തും ഒക്കെ ഉണ്ടായിരുന്നത്രെ. ഇളയച്ഛന്റെ രണ്ടാം കുടിയുടെ കാര്യം ചിറ്റ അറിയും വരെ താളനിബദ്ധമായ ഒരു കവിതയായിരുന്നു അവരുടെ ജീവിതം. പിന്നീട് കേട്ട കഥകള്‍ ശരിയെന്ന ചെറിയച്ഛന്റെ ഏറ്റുപറച്ചില്‍ മുതല്‍ അതിന്റെ താളം തെറ്റി തുടങ്ങി. പാമ്പ് തീണ്ടി ചെറിയച്ചന്റെ നീലച്ച ശരീരം മുന്നില്‍ കിടന്നപ്പോഴും സുമ ചിറ്റയുടെ കണ്ണുകള്‍ വരണ്ടു കിടന്നു.

"സാവി..."

കട്ടിലില്‍ തല കുമ്പിട്ടിരിക്കുകയായിരുന്നു അപ്പോള്‍ സാവിത്രി.

"ങ്ങ്ഹ്!!! ചിറ്റയോ??"

"വിഷമിക്കണ്ട മോളെ..."

"ന്നാലും ഞാന് ഒരുപാട് കൊതിച്ച ജോലിയാ ചിറ്റെ... ഇന്റെര്‍വ്യൂനുന്നു പോയിട്ട് കിട്ടീല്ലാച്ചാലും ഇത്രേം വെഷമില്ലാരുന്നു... പോണ്ടാന്നു പറഞ്ഞു വല്യച്ചന്‍..."

അത്രയും പറഞ്ഞു തീരുമ്പോള്‍ സാവിത്രി പൊട്ടിക്കരഞ്ഞു പോയി.

"സാരംല്യാ!! ന്റ മോള് കരയാതെ..." സുമ അവളെ ചേര്‍ത്ത് പിടിച്ചു. കൊതുമ്പുനാരു കത്തിയ പുകയുടെ മണവും വിയര്‍പ്പും കലര്‍ന്ന അവരുടെ മാറില്‍ സാവിത്രിയുടെ കണ്ണ് നീര്‍ പടര്‍ന്നു.

അന്ന്‍ മുതല്‍ തന്റെ സങ്കടങ്ങള്‍ അലതല്ലി തീരുന്ന മണ്‍തിട്ടയായിരുന്നു സുമ ചിറ്റ എന്ന് സാവിത്രി ഓര്‍ത്തു. അമ്മ മരിച്ചു പോയ വിവരം ആഴ്ചകള്‍ കഴിഞ്ഞറിഞ്ഞ ദിവസം അവരുടെ നെഞ്ചില്‍ ഞാന്‍ അലമുറയിട്ടു കരഞ്ഞു. മരിച്ച വിവരം പറയാന്‍ വന്ന ചെറിയപ്പനെ വഴിക്ക്‌ വെച്ച് തന്നെ മടക്കി അയച്ചു വല്യച്ചന്‍. തന്നെ കാണാന്‍ പോലും വിട്ടില്ല.

"ദേ!! ഒന്നത്രേടം വരെ പോട്ടെ ഞാന്‍"

"ഉം!!!? എന്താ വിശേഷിച്ച്???

"അമ്മയെ കണ്ടിട്ട് ത്തിരിയായി... ഇങ്ങോട്ടും വരവില്ലല്ലോ??.. രണ്ടീസം കൂടെ നിന്നെച്ചു വരാം..."

"അതിനിപ്പോ ആയമ്മ മണ്ണായിട്ട് മാസം മൂന്നായില്ലേ... ഇനിപ്പോ നെനക്കാരാ അവിടെ കാവലിരിക്കാന്‍..."

അന്ന് താന്‍ അലമുറയിട്ടു കരഞ്ഞു...
ഇളിഞ്ഞ ചിരിയോടെ അന്ന് രാത്രിയിലും മാറില്‍ നിന്നും നേര്യത് അടര്‍ത്തി മാറ്റാന്‍ ശ്രമിച്ച ശങ്കറിന്റെ കൈകള്‍ തട്ടി തെറിപ്പിച്ച് ചിറ്റയുടെ മുറിയിലേക്കാണ് സാവിത്രി ഓടിയത്‌. പിന്നീടൊരിക്കലും ശങ്കറിന്റെ ചൂടുള്ള വായു തന്റെ കവിളില്‍ പതിഞ്ഞിട്ടില്ല. കൊതുമ്പുചാരത്തിന്റെ മണം പച്ചമഞ്ഞള്‍ ഗന്ധത്തിന് വഴി മാറിയ അവരുടെ മാറില്‍ മുഖമമര്‍ത്തിയായിരുന്നു, പിന്നീടുള്ള അവളുടെ രാത്രികള്‍ കടന്നു പോയത്‌.

"ന്താ? ശങ്കരനും സാവിത്രിക്കുമിടയില്‍?" ഈ ചോദ്യം തറവാടിന്റെ പല മൂലകളില്‍ തട്ടി പ്രതിധ്വനിച്ചതല്ലാതെ ആരും മറുപടി അന്വേഷിച്ചു പോയില്ല. ആ വലിയ വീട്ടിലെ മതിലുകള്‍ പല കാര്യങ്ങളിലും മനസിനകത്താണ് എന്ന് തോന്നും. അല്ലെങ്കില്‍ ഭര്‍ത്താവില്ലാത്ത സുമ ചിറ്റയ്ക്കും സൂക്കേട് കാരണം ശിവശങ്കരന്‍ വിവാഹം കഴിച്ച ദരിദ്രവാസി സാവിത്രിക്കും ചുറ്റുമായി ആ മതിലുകള്‍ നിറഞ്ഞു നിന്നു.

"പുതിയ പുസ്തകങ്ങള്‍ ഒന്നുമില്ലേ ചിറ്റെ?"

"ഞാന്‍ വന്നപ്പോ കൊണ്ടോന്നതും, ന്നെ അദ്യേം ഉണ്ടായിരുന്നപ്പോ ഒള്ളതും ഒക്കെ ഉള്ളു. പുറത്ത്‌ പോവാതെ ഞാന്‍ എങ്ങനാ പുത്യ പുസ്തം നോക്കാ"

അവരില്‍ നിന്നൊരിക്കലും വ്യതസ്തമായിരുന്നില്ല താനും എന്ന് സാവിത്രി ഓര്‍ത്തു. പുറത്ത്‌ വരഞ്ഞു പോകുന്ന വഴികള്‍ ഏതോ കഥകളില്‍ വായിച്ച ഓര്‍മ്മക്കപ്പുറം നിക്കുന്നത് പോലെ. പടിവാതിലിലൂടെ കാണുന്ന കാഴ്ചകള്‍ മാത്രമാണ് പുതുതായി അവശേഷിക്കുന്നത്. പിന്നെ ചിറ്റയും. തന്റെ ലോകം അവരിലോക്കൊതുങ്ങി തുടങ്ങിയ ഒരു ദിവസം...

അന്നവരുടെ നെഞ്ചിടിപ്പ്‌ വല്ലാതെ കൂടുതലായിരുന്നു. തന്നെ പുണര്‍ന്നിരുന്ന അവരുടെ കൈകളുടെ കരുത്ത്‌ കൂടി വരുന്നത് പോലെ തോന്നി. നെറുകയില്‍ ചുംബിച്ചു കിടക്കുന്ന ചുണ്ടുകള്‍ താഴേക്ക്‌ ഇഴയുന്നു. ഒരു ഞെട്ടലില്‍ അന്ന് താന്‍ കണ്ണ് തുറന്നു. ചിറ്റയുടെ മാറിടം നഗ്നമായിരുന്നു...

എതിര്‍പ്പ്.... പിന്നെ ഇഷ്ടം....പ്രണയം.

ചിറ്റയെ താന്‍ പ്രണയിച്ചു തുടങ്ങിയിരിക്കുന്നു. ശങ്കര്‍ കിതച്ചു കൊണ്ട് മാറില്‍ തളര്‍ന്നു വീഴുമ്പോള്‍ പോലും തോന്നാതിരുന്ന സ്ത്രീത്വബോധം ചിറ്റയുടെ ഉയര്‍ന്നു വരുന്ന നെഞ്ഞിടിപ്പില്‍ അവള്‍ അറിഞ്ഞു. തെറ്റ്‌ എന്ന് മനസ്സില്‍ ശങ്കിച്ചിടത്തെല്ലാം അവള്‍ ശരിയെന്നു അമര്‍ത്തി എഴുതി വെച്ചു. ഒരിക്കല്‍ കൊളുത്ത് വീഴാതെ പോയ വാതില്‍ തുറന്നു വന്ന ശങ്കറിന് മുന്നില്‍ തുണി വാരി പുതക്കുമ്പോഴും ചിറ്റയുടെ നെഞ്ഞിടിപ്പില്‍ താന്‍ സുരക്ഷിതയാണ് എന്ന് അവള്‍ക്കു തോന്നി.

ശങ്കര്‍ ഒരു നിമിഷം പകച്ച് നോക്കി നിന്നു. പിന്നെ വാതില്‍ അടച്ച് തിരികെ നടന്നു. വല്യച്ഛന്റെ അലര്‍ച്ച ഉയര്‍ന്നു കേള്‍ക്കുമ്പോള്‍ വശങ്ങളിലേക്ക് കോടിപോയ അയാളുടെ കാലുകള്‍ നിലം തൊടാതെ... മരവിച്ച്... ആടികൊണ്ടിരുന്നു...

"എത്തിയോ മോളെ?" ഒരുറക്കത്തില്‍ നിന്നുണര്‍ന്നു ചിറ്റ ചോദിച്ചു. പിന്‍ സീറ്റില്‍ ഇരുന്നു മയങ്ങുകയായിരുന്നു അവര്‍. സെന്റര് മിററിലൂടെ അവരെ നോക്കി പുഞ്ചിരിച്ച് സാവിത്രി പറഞ്ഞു..

"ഇല്ല ചിറ്റെ, ഇനിയും എട്ടു പത്തു കിലോ മീറ്റര്‍ കാണും."

നരയും ചുളിവും അവരുടെ പ്രായത്തെ കവര്‍ന്നു കൊണ്ട് പോയിരിക്കുന്നു. കൈകളിലെ കരുത്തൊഴികെ. ശങ്കര്‍ ആത്മഹത്യ ചെയ്ത പുലവീടി, തറവാട്ടില്‍ നിന്നും പടിയിറങ്ങുമ്പോള്‍ ആ കൈ കരുത്ത്‌ മാത്രമായിരുന്നു തന്റെ ഉറപ്പ്‌. ആരും എതിര്‍ത്ത്‌ പറഞ്ഞില്ല. വല്യച്ഛന്‍ ചാരുകസാലയില്‍ കിടന്ന് അന്നും പതിവ് പോലെ പിറുപിറുത്തു.

"ന്റെ ക്ടാങ്ങളുടെ ആത്മാവ് പൊറുക്കില്ല... നശിക്കും... നരകിക്കും..."

ഒന്നും സംഭവിച്ചില്ല. നശിച്ചില്ല... നരകിച്ചില്ല... ചിറ്റയുടെ കൈയില്‍ അവശേഷിച്ച പൊന്‍ തരി വിറ്റ് വാടക്കൊരു ചെറിയ വീട്... ചെറിയ ചെറിയ ജോലി ചെയ്തു.. പിന്നെ സര്ക്കാര് ജോലിയില്‍ കയറിപ്പറ്റി.

"എനിക്കാ മണ്ണില്‍ ഉറങ്ങണംന്ന്‍ണ്ട് മോളെ..." അവശത കീഴടക്കി തുടങ്ങിയ ഒരു ദിവസം ചിറ്റ പറഞ്ഞു. "നടക്കില്ലാന്നറിയാം, ന്നാലും..."

"ചെയ്തത് തെറ്റായിന്ന് തോന്നണുണ്ടോ, ചിറ്റക്ക്...?

"നെനക്കൊരു ജീവിതല്ല്യാതെ പോയില്ലെന്നോര്‍ക്കുമ്പോ..."

ചിറ്റയുടെ വാ അവള്‍ പൊത്തി പിടിച്ചു. നെറ്റിയില്‍ അമര്‍ത്തി ചുംബിച്ചു. ചുണ്ടുകള്‍ കോര്‍ത്ത്‌ തുടങ്ങുമ്പോള്‍ ചിറ്റയുടെ കൈകളില്‍ കരുത്ത്‌ നിറയുന്നത് അവള്‍ അറിഞ്ഞു...

"വഴിയൊക്കെ മാറി പോയിരിക്കുന്നു അല്ലെ ചിറ്റെ... പേരിനു പോലും വെട്ടു വഴിയില്ല. "

പിറകിലെ മൌനം കണ്ട് അവള്‍ സെന്റര് മിററില്‍ നോക്കി. ചിറ്റ വീണ്ടും മയങ്ങി പോയിരിക്കുന്നു. ഇരുപതിലധികം വര്ഷം കഴിഞ്ഞിരിക്കുന്നു. ചെമ്മണ്‍ പാതയെല്ലാം ടാറിനോ കോണ്‍ക്രീറ്റിനോ അടിയിലാണ്. ദൂരെ നിന്നു തന്നെ തറവാടിനു മുന്നില്‍ വണ്ടികള്‍ നിരന്നു കിടക്കുന്നത് കണ്ട്. മിക്കവാറും എല്ലാവരും എത്തിക്കാണണം.

"അവിടെ കിടന്ന് മരിക്കനോ കഴിയില്ല. ഒന്നാ മണ്ണ് കണ്ടിട്ട് വരാം കുട്ടിയെ..." ഫാമിലി റീയൂണിയന്റെ കാര്യം പറഞ്ഞപ്പോള്‍ ചിറ്റ പറഞ്ഞു.

"പക്ഷെ നമ്മളെ നമ്മള്‍ എങ്ങിനെ അവര്‍ക്ക്‌ മനസിലാക്കി കൊടുക്കും."

"പോവാം... വരുന്നത് പോലെ നോക്കാം..."

മുറ്റത്ത്‌ തണല്‍ പാകിയിടത്തൊക്കെ കാറുകള്‍ പാര്‍ക്ക്‌ ചെയ്തിട്ടിരിക്കുന്നു. ഒഴിഞ്ഞ ഒരിടം നോക്കി സാവിത്രി വണ്ടി പാര്‍ക്ക്‌ ചെയ്തു.

"എത്തി.. ചിറ്റെ..."

ഡ്രൈവിംഗ് സീറ്റില്‍ നിന്നിറങ്ങി പിന്‍ ഡോര് തുറന്നു ചിറ്റയെ തട്ടി വിളിക്കുമ്പോള്‍ അവരുടെ ശരീരം സാവിത്രിയുടെ കൈകളിലേക്ക് ചാഞ്ഞു വീണു.

2011, ജനുവരി 28, വെള്ളിയാഴ്‌ച

ഇരുട്ടിന്റെ കവിത

എനിക്ക് നിറമില്ലായിരുന്നു
നീ എന്നെ കറുപ്പെന്നു വിളിച്ചു.
എന്റെ നെഞ്ചില്‍
വിരല്‍ ചൂഴ്ന്നു വെച്ച്
നിന്റെ കുഞ്ഞുങ്ങള്‍
ചോറുരുളയുണ്ടു,
മറുതയും ഭൂതനും കരിങ്കണ്ണനും
ഒടിയനും ചാത്തന്റെ
കല്ലേറും സാക്ഷികള്‍...

ചോരയൂറ്റാന്‍ അലഞ്ഞൊരു യക്ഷി,
ചോരന്‍, മനസാക്ഷി
വേരറ്റു പോയവന്‍, കണ്ണില്‍
ചോര വരണ്ടവര്‍,
അപഥ സഞ്ചാരിണി,
അറിവ് തീണ്ടാത്തവന്‍,
പേറ്റു നോവറിയാത്ത
എന്നെ മുന്‍ നിര്‍ത്തി
ഇവരെന്റെ മക്കള്‍.
'ഇരുളിന്റെ മക്കളെ'-
ന്നെഴുതി നീ വെച്ചു.

സത്യം...

മരവും മതിലും
ഭൂമിയുടെ പാതിയും
നിഴലും മറയും തട്ടി-
യുടഞ്ഞും പോം വെട്ടം
തോറ്റു മടങ്ങിയ
വഴിയില്‍ പരന്നതാണീ
കറുപ്പതില്‍ തെല്ലുമേയില്ല
എനിക്കേത് പാപവും.

എങ്കിലും...

മരണത്തില്‍ ഗന്ധവും
ഭീതി തന്‍ സ്പര്‍ശവും
ശാപം തിറകെട്ടിയാടിയ
താളവും
എന്റെ നെഞ്ചില്‍ നീ
പതിപ്പിച്ചു വെക്കുക

പകരം...

ഈയിരുളിന്‍ കുളിര്‍മ്മയും
എന്നില്‍ പെയ്യുന്ന
രാ മഴയുടെ തണുപ്പും
രാവിന്റെ ലാവണ്യ-
മെഴുതിയ കവിതയും
എന്‍ നെഞ്ഞത്ത് നീ ചേര്‍-
ന്നണയും മയക്കവും
അളവ് കോല്‍ വെക്കാതെ
നീ അടര്ത്തീടുക

പിന്നെ

മണ്ണെണ്ണ തിരി വെച്ചെന്‍
രാത്രിയെ തോല്പിച്ച
നിന്‍ വീരഗാഥകള്‍ നീട്ടി കുറച്ചു നീ
ചാരുകസേരയില്‍ നന്നേ ഞെളിയുക

2011, ജനുവരി 23, ഞായറാഴ്‌ച

സ്വാതന്ത്രമെന്നത്!!!

പിറന്നിറങ്ങിയ
ഗര്‍ഭപാത്രം
അവരുടേത്!

പഠിച്ചിറങ്ങിയ
വാക്കുകള്‍
അവരുടേത്
വിശ്വസിച്ച ദൈവം
അവരുടേത്

ജനായത്ത വിധിയും
സ്വാത്രത്തിന്റെ രുചിയും
അവരുടേത്

മുന്നില്‍ നിരക്കുന്ന
യാഥാര്‍ത്ഥ്യങ്ങളെ ഭയന്നു
എന്നിലേക്ക് ഞാന്‍
കണ്ണുകള്‍ മൂടവേ,

ഇരുട്ടില്‍
ഞാനടയിരുന്ന
ചിന്തയുടെ കുന്തമുനകളില്‍
ഹൃദയം മുറിഞ്ഞു
വെളുത്ത
കടലാസിനു മുകളില്‍
ഈര്‍ഷ്യയുടെ രക്തപാടുകള്‍
ജല്പനങ്ങളെ മണത്ത
ഉപ്പിന്റെ കണ്ണീരും
ചവര്‍പ്പാര്‍ന്ന വിയര്‍പ്പും
കീറിക്കളഞ്ഞ
തുണ്ടുകളില്‍
കവിതയില്ലായിരുന്നു.

ശ്യാം ചോദിച്ചു
"എന്തോന്നു ആവിഷക്കാര സ്വാതന്ത്ര്യം?
എഴുത്തെല്ലാം
അവനവന്റെ സീയൂസിന്"

*കോക്കസസ് മലയില്‍
നിന്നു കഴുകന്മാര്‍
എന്റെ കരളും കൊത്തി
പറന്നകന്നു.

*എപ്പിതാഫ്:

"ഞങ്ങള്‍ ക്ഷീണിതരാണ്
ബന്ധിതരല്ല!"


* കൊക്കാസസ്: ഇവിടെയാണു പ്രൊമിത്യൂസിനെ ബന്ധിതനാക്കിയതെന്നു ഐതീഹ്യം.
*എപ്പിതാഫ്: ശവക്കല്ലറയിലേ കുറിപ്പ്.


2011, ജനുവരി 2, ഞായറാഴ്‌ച

റിസിഷന്‍ കാലത്തെ പാചകം

ഇന്നത്തെ പാചക രംഗത്തില്‍ ഒരു പ്രത്യേകതരം റെസീപ്പിയാണ് ഉണ്ടാക്കാന്‍ പോകുന്നത്. സംഗതിയുടെ പേര്‌ പെര്‍ഫോമന്‍സ് ഇല തോരന്‍ അഥവാ റിസിഷന്‍ കാലത്തെ പാചകം.

ആവശ്യമുള്ള സാധനങ്ങള്‍

ടീം ലീഡര്‍‍ – ഒന്ന്
ടീം മെംബേര്‍സ് – ആറു മാസമോ ഒരു വര്‍ഷമോ പാകമായത് ആവശ്യത്തിന്‌.
എച്ച് ആര്‍- മേമ്പോടിക്ക്

ജോബ്‌ ക്നോളേജ് – പേരിന്‌ ( പാചകം ചെയ്യുന്ന ആള്‍ ഇതല്പം പ്രത്യേകം കരുതുന്നത് നന്നായിരിക്കും. മാനഹാനി ഒഴിവാക്കാം. )
അച്ചീവ്‌മെന്റ്സ് – ഒന്നോ രണ്ടൊ
കസ്റ്റമര്‍ സാറ്റിസ്ഫാക്ഷന്‍ – കിട്ടുന്നതനുസരിച്ച്.
കൊളീഗ് അപ്രൈസല്‍ – 2
സെമിനാര്‍ - 5
വര്‍ക്ക് ഷോപ്പ് – 1
ടാര്‍ഗറ്റ്- കിലോക്കണക്കിന്
എക്സ്പെക്റ്റേഷന്‍സ്- ആവശ്യത്തിലധികം
കയ്യില്‍ കിട്ടുന്നത് – എന്തും

ഇതിലെ മൂന്ന് ഒഴികെയുള്ള ചേരുവകള്‍ രണ്ടാം ചേരുവയായ ടീം മെമ്പറെ കൊണ്ടോ ടീം ലീഡര്‍നെ കൊണ്ടോ തന്നെ ഒരു തവണ എടുപ്പിക്കാവുന്നതാണ്. എന്നാല്‍ ഒറിജിനല്‍ പാചകത്തില്‍ നമ്മള്‍ അവയൊന്നും ഉപയോഗിക്കുകയില്ല. ഇതിന്റെ മറ്റൊരു പ്രത്യേകത എന്നു പറയുന്നത് ഇതുണ്ടാക്കാന്‍ പ്രത്യേകിച്ച് ഒരടുക്കള വേണമെന്നില്ല എന്നാണു. വല്ല പെന്റ്രിയോ, ബസ് സ്റ്റാന്‍ഡൊ ഒക്കെ ധാരാളം. രണ്ടു കസേര അത്യാവശ്യമാണെന്നു മാത്രം.

ആദ്യമായി തോരന്‍ വെക്കാനുദേശിക്കുന്ന ടീം മെമ്പറെ ആറുമാസം ഏതെങ്കിലും ഒരു ടീമിലിട്ടു നന്നായി വഴറ്റുക. മൂപ്പനുസരിച്ചു ഒരു വര്‍ഷമോ രണ്ടു വര്‍ഷമോ വഴറ്റാം. മെമ്പര്‍ കലിപ്പായി തുടങ്ങുമ്പോ തോരന്‍ വെക്കാന്‍ പാകമായി എന്നു മനസിലാക്കാം.ഇങ്ങനെ പാകമായ മെമ്പറെ എടുത്ത് കസേരയില്‍ വെച്ച്, ഇവാലുവേഷന്‍ ഫോമില്‍ ഇട്ടു വെക്കുക. ഇതില്‍ ഒരു അര മണിക്കൂറെങ്കിലും എങ്ങും തൊടാതെ വെറുതേ ഇളക്കിക്കൊണ്ടിരിക്കാവുന്നതാണ്‌. മെമ്പര്‍ ഒരുമാതിരി വെള്ളം കുടിച്ച് തുടങ്ങുമ്പോ തൊലികളഞ്ഞ അച്ചീവ്‌മെന്റ്സ് ചെറുതായി അരിഞ്ഞ് ക്വാളിറ്റിയിലിട്ടു, കൊളീഗ് അപ്രൈസല്‍, കസ്റ്റമര്‍ സാറ്റിസ്ഫാക്ഷന്‍ എന്നിവ നന്നായി തെളിഞ്ഞു വരുന്നതു വരെ ഒരു കാര്യവുമില്ലാതെ തെളപ്പിച്ചു കൊണ്ടിരിക്കുക. വെന്ത ശേഷം വാങ്ങി വെക്കുക.

ഇനി ചീനച്ചട്ടില്‍ ജോബ് ക്നൊളേജ് ഒഴിച്ചു ചൂടാവുമ്പോള്‍ കമ്മ്യുണിക്കേഷന്‍ ഇട്ടു വറക്കണം. വറുത്ത ജോബ്‌ നോളെജിലേക്ക് കൊത്തിയരിഞ്ഞു വെച്ചിരിക്കുന്ന സെമിനാര്‍, അസ്സൈന്മെന്റ്, വര്ക്‌ഷോപ്പുകള്‍ എന്നിവ ഓരോന്നായി ചേര്ത്തു ചെറുതീയില്‍ വഴറ്റണം. ഇതിനു മുകളിലേക്ക് ഒരല്പം ഇന്നൊവേഷനും ഒരു ടീസ്പൂണ്‍ ഡിപെന്റിബിലിറ്റിയും ചേര്‍ത്ത് ഒരുകപ്പ് പങ്ക്ച്വാലിറ്റിയില്‍ കലക്കി ഒഴിക്കുക. ഒരു ഒന്നൊന്നര മണിക്കൂര്‍ ഇതു തന്നെയിട്ട് ഇളക്കാവുന്നതാണ്‌.

അതിനു ശേഷം നെടുകെ മുറിച്ച് ഞെട്ടു കളയാത്ത ടാര്‍ഗറ്റ്സും കുറച്ചു എഫക്റ്റീവ്‌നെസ്സും ചേര്‍ത്ത് ഒന്നുകൂടി ഇളക്കിയതിനു ശേഷം കുറച്ചു കമ്പനി പോളിസി ഇട്ടു കലക്കി അണ്ടം കീറിനില്ക്കുന്ന ടീം മെമ്പര്‍നെ കൂടി ചേര്‍ത്തു ഒരു പത്തു മിനിറ്റു കൂടി ചെറു തീയില്‍ വെച്ചു വേവിക്കുക. പെര്‍ഫോമന്സ്‌ ഇലത്തോരന്‍ തയ്യാര്‍

ഇനി ഇതിനു മുകളില്‍ ആവശ്യത്തിലധികം എക്സ്പെക്റ്റേഷന്‍സ് വാരി വിതറിയശേഷം വിളമ്പാവുന്നതാണ്.

ഇതൊരു സീസണല്‍ ഫൂഡ് ആണെങ്കിലും ഒരു വര്ഷം തികയുംപോഴോ ആറുമാസം ആവുമ്പോഴോ ഇതുണ്ടാക്കാവുന്നതാണ്. (രുചി പക്ഷേ അ(എ)ച്ചാര്‍ ഇടുന്നപോലെ ഇരിക്കും)

പൊടിക്കൈ: ഇതില്‍ വാരി വലിച്ചിടാവുന്ന ഒരു ചേരുവ എക്സ്പെക്റ്റേഷന്‍സ് ആണ്‌. ഇതു എത്ര കൂടുന്നുവോ അത്ര അധികം നമ്മുടെ വിഭവം ആസ്വാദ്യകരമായി അനുഭവപ്പെടുന്നതാണ്‌. മാത്രമല്ല മറ്റു ചേരുവകള്‍ ചേക്കുന്നതിനു ഇടയ്‌ക്കു തന്നെ ഇതിട്ടി‍ളക്കുന്നതും രുചി വര്‍ദ്ധിപ്പിക്കുന്നതായി കണ്ടു വരുന്നു.

പ്രത്യേക ശ്രദ്ധയ്‌ക്ക് : ഇതിന്റെ വേവ് എടുക്കുന്നത് ടീം മെമ്പറിന്റെ ഗുണവും തരവും പോലെ ഇരിക്കും. കൂടുതല്‍ മൂപ്പിച്ചാല്‍ മെമ്പര്‍ ചട്ടിയില്‍ കിടന്നു പൊട്ടിത്തെറിക്കാനോ ചട്ടിയില്‍ നിന്നു തന്നെ പുറത്തേക്കു ചാടാനോ സാധ്യതയുണ്ട്