-->

Followers of this Blog

2008, ഒക്‌ടോബർ 2, വ്യാഴാഴ്‌ച

ഡൊണാള്‍ഡ് ഡക്കും മേനനും

ഡൊണാള്‍ഡ് ഡക്ക് എന്നു പറയുന്നതില്‍ എന്താണു തെറ്റ്? തെറ്റില്ല എന്നു തന്നെയാണ്, കുറച്ചു നാള്‍ മുമ്പ് വരെ അങ്ങിനെയാണു ഞാന്‍ കരുതിയിരുന്നത്. ശരിയായ ഉച്ചാരണം ഡോനല്‍ഡ് ഡക് എന്നാണത്രെ. അമ്മേരിക്കക്കാരന്‍ പറയുമ്പോള്‍ അതു ഡാനല്‍ഡ് ഡക് എന്നും ആകും. സംഗതി ശരിയാണ്. പക്ഷെ നമ്മള്‍ ഡൊണാള്‍ഡ് ഡക്ക് എന്നു പറഞ്ഞതു കൊണ്ട് എന്താണ്‍ തെറ്റ്?

മേനോന്‍ എന്ന മലയാളവാക്ക്, മലയാളികളായ സായിപ്പന്മാരും മദാമ്മകളും പോലും, മേനന്‍ എന്നു പറയുന്നില്ലേ. വിദേശിക്ക് ഉച്ചരിക്കാന്‍ ബുദ്ധിമുട്ടുള്ള മലയാളപദങ്ങള്‍ അവരുടെ ഉച്ചാരണശൈലിക്ക് അനുസൃതമായി മാറ്റാമെങ്കില്‍ സര്‍ -നെ സാര്‍ എന്നും, അലാമിനെ അലാറം എന്നും ഫോമിനെ ഫാറം ഡോനല്‍ഡിനെ ഡൊണാള്ഡ് എന്നും പറയുന്നതില്‍ തെറ്റില്ല. അഥവാ ഇതൊക്കെ തെറ്റാണെങ്കില്‍ കഞ്ഞിയെ കഞ്ജി എന്നും, പുട്ടിനെ പുട്ടു എന്നും, പപ്പടത്തെ പപ്പട് എന്നും പറയാന്‍ നിങ്ങള്‍ക്ക് ആരധികാരം തന്നു എന്നു ചോദിക്കേണ്ടി വരും.

സായിപ്പിന്റെ സൌകര്യാര്‍ത്ഥം മറുഭാഷാഉച്ചാരണം മാറ്റാമെന്നും മറുഭാഷികള്‍ ഇംഗ്ളീഷ് അതു പോലെ സംസാരിക്കണമെന്നും ഉള്ള ആശയം ശരിയല്ല. ഏതൊരു ഭാഷയും ഒരു പ്രദേശത്തേക്കോ, ഭാഷാ സംസ്കാരത്തിലേക്കൊ ആഗീരണം ചെയ്യപ്പെടുമ്പോള്‍ അന്നാട്ടിലെ ഭാഷണശൈലിയുമായി താതാമ്യം പ്രാപിക്കുക സ്വാഭാവികമാണ്. അതുകൊണ്ടാണ്, ബ്രീട്ടീഷ് ഭരണകാലത്തു, നമ്മുടെ നാട്ടില്‍ ട്രിവാന്ഡ്രവും, പാല്‍ഘട്ടും, കൊയിലോണും, കന്നന്നൂരുമൊക്കെ ഉണ്ടായാത്. ബ്രിട്ടീഷുകാരനു ഈ സ്ഥലങ്ങളുടെ യഥാര്‍ത്ഥ പേരു ഉച്ചരിക്കാന്‍ ബുദ്ധിമുട്ടുണ്ടായിരുന്നു എന്നും വെച്ചോളൂ. പക്ഷെ, തിരുവനന്തപുരമെന്നും, പാലക്കാടെന്നും, കൊല്ലമെന്നും ഉച്ചരിക്കാന്‍ നമ്മള്‍ മലയാളികള്‍ക്ക് ബുദ്ധിമുട്ടൊന്നുമില്ലല്ലൊ.

പിന്നെ ഒരു വൈക്ളബ്യം, അല്ലെ. ഇങ്ങനെ എങ്ങാനും പറഞ്ഞുപോയല്‍ നമ്മള്‍ കണ്ട്രികള്‍ ആയാലോ. അങ്ങിനെ കരുതുന്നവര്‍ ഡോനല്‍ഡ് ഡക് എന്നും, മേനന്‍ എന്നും കഞ്ചി എന്നും പറഞ്ഞോളൂ. ഡൊണാള്‍ഡ് ഡക്കെന്നും, മേനോനെന്നും, കഞ്ഞി എന്നും പറയുമ്പോള്‍ ഞങ്ങളെ കണ്ട്രികള്‍ എന്നും വിളിച്ചോളൂ. സംഗതി മലര്‍ന്നു കിടന്നു തുപ്പുകയാണെങ്കിലും.

1 അഭിപ്രായം:

മുസാഫിര്‍ പറഞ്ഞു...

സംഗതി ശരി തന്നെ.പക്ഷെ പറഞ്ഞ് പറഞ്ഞ് പതിഞ്ഞ പേരുകള്‍ , മദ്രാസ് എന്നുള്ളത് ചെന്നൈ ആക്കുന്നത് പോലെയുള്ള കാര്യങ്ങള്‍ അത്ര ആവശ്യമാണോ ?