-->

Followers of this Blog

2008, ഒക്‌ടോബർ 7, ചൊവ്വാഴ്ച

ഒന്നു മുതല്‍ ആറു വരെ തിരുവചനങ്ങള്‍

“വി. മത്തായി എഴുതിയ സുവിശേഷം. മൂന്നാമദ്ധ്യായം ഒന്നു മുതല്‍ ആറു വരെ തിരുവചനങ്ങള്‍.

പുതിയ തലമുറയിലെ അച്ചന്മാരാണു ഈ ഒരു പ്രയോഗം പ്രചരിപ്പിച്ചതു. പലവട്ടം ആവര്ത്തിക്കുന്നതിനാല്‍ ഇപ്പൊ അല്മായാരും ഈ വാലു പിടിച്ച് പോകുന്നുണ്ട്. പറയുമ്പോഴും കേള്ക്കുമ്പോഴും ഒരു വ്യത്യാസം ഒക്കെ തോന്നുമെങ്കിലും തെറ്റുകളാവര്ത്തിക്കുന്നത് ശരിയാവില്ലല്ലോ?.

ബൈബിളിലെ ഓരോ പുസ്തകവും അദ്ധ്യാങ്ങളും വാക്യങ്ങളായുമാണു വിഭജിച്ചിരിക്കുന്നത്. വാക്കുകള്‍ എത്രയുണ്ടെന്ന് എണ്ണിത്തിട്ടപ്പെടുത്തിയിട്ടുട്ടെങ്കിലും അവ അക്കമിട്ടു വിഭജിച്ചിട്ടില്ല. അതുകൊണ്ടു തന്നെ മേല്പറഞ്ഞ ഇതു മുതല്‍ ഇതുവരെ തിരുവചനങ്ങള്‍ എന്ന പ്രയോഗം തെറ്റാണു. വചനം എന്ന പദത്തിനത്ര്ഥം വാക്ക്(Word) എന്നാണു, വാക്യം അല്ലെങ്കില്‍ വരി (sentence or verse)എന്നല്ല. ഉദാഹരണമായി താഴെക്കാണുന്ന ബൈബിള്‍ ഭാഗം ശ്രദ്ധിക്കൂ.

3:1 ആ കാലത്തു യോഹന്നാൻ സ്നാപകൻ വന്നു, യെഹൂദ്യമരുഭൂമിയിൽ പ്രസംഗിച്ചു:
3:2 സ്വർഗ്ഗ രാജ്യം സമീപിച്ചിരിക്കയാൽ മാനസാന്തരപ്പെടുവിൻ എന്നു പറഞ്ഞു.
3:3 “മരുഭൂമിയിൽ വിളിച്ചുപറയുന്നവന്റെ വാക്കാവിതു: കർത്താവിന്റെ വഴി ഒരുക്കി അവന്റെ പാത നിരപ്പാക്കുവിൻ ” എന്നിങ്ങനെ യെശയ്യാ പ്രവാചകൻ പറഞ്ഞവൻ ഇവൻ തന്നേ.
3:4 യോഹന്നാന്നു ഒട്ടക രോമംകൊണ്ടുള്ള ഉടുപ്പും അരയിൽ തോൽവാറും ഉണ്ടായിരുന്നു; അവന്റെ ആഹാരമോ വെട്ടുക്കിളിയും കാട്ടുതേനും ആയിരുന്നു.
3:5 അന്നു യെരൂശലേമ്യരും യെഹൂദ്യദേശക്കാരൊക്കയും യോർദ്ദാന്റെ ഇരുകരെയുമുള്ള എല്ലാ നാട്ടുകാരും പുറപ്പെട്ടു അവന്റെ അടുക്കൽ ചെന്നു
3:6 തങ്ങളുടെ പാപങ്ങളെ ഏറ്റുപറഞ്ഞുകൊണ്ടു യോർദ്ദാൻ നദിയിൽ അവനാൽ സ്നാനം ഏറ്റു. (മത്താ. 3:1-6)


ഇതു വി.മത്തായിയുടെ സുവിശേഷത്തിലേ മൂന്നാമദ്ധ്യായം ഒന്നു മുതല്‍ ആറുവരെയുള്ള വാക്യങ്ങളാണു. എന്നു വെച്ചാല്‍ ആറു വരികളോ, ആറു വാക്യങ്ങളോ ആണു. ഇതു ആറു വചനങ്ങളായി (വാക്കുകളായി) ചുരുക്കുന്ന പാതിരിമാരുടെ മറിമായം എത്ര ആലോചിച്ചിട്ടും പിടികിട്ടുന്നില്ല. ഒന്നുകില്‍ ഈ പരിഷ്കൃതരീതിയില്‍ ഒരു ചെറിയ വ്യത്യാസം വരുത്തി ‘തിരുവചനങ്ങള്‍’ എന്നു പറയുന്നതിനു പകരം ‘തിരുവാക്യങ്ങള്‍’ എന്നു പറയണം. അല്ലെങ്കില്‍ ആ പുസ്തകത്തിലേ ആകെ വാക്കുകള്‍(വചനങ്ങള്) എണ്ണി നോക്കി, വായിക്കുന്ന ഭാഗത്തെ വാക്ക് എതെണ്ണതില്‍ തുടങ്ങി എതെണ്ണതില്‍ അവസാനിക്കുന്നു എന്നു കണ്ടുപിടിച്ച്, തിരുവചനങ്ങള്‍ എന്നു ചേര്ത്തു വായിച്ചോളൂ. ആദ്യത്തേതാണു കൂടുതല്‍ സൌകര്യപ്രദം.

ഇംഗ്ളീഷില്‍ ആണു വായിക്കേണ്ടതെങ്കില്‍ ഇങ്ങനെ വേണം വായിക്കാന്‍ - A reading from the Holy Gospel According to St. Matthew. Chapter 3, verses 1 to six. പുതിയ പ്രയോഗമനുസരിച്ചു ഇതില്‍ മാറ്റം വരുത്തിയാല്‍ ഇങ്ങനെ വായിക്കേണ്ടി വരുമ്പോഴാണു തെറ്റ് മനസ്സിലാകുന്നത്. - A reading…holy words 1 to six. മലയാളഭാഷ, ഇംഗ്ളീഷ്-ലത്തീന്‍ ഭാഷകള്‍ക്കൊപ്പം ശെമ്മാശന്മാര്‍ പഠിക്കുന്നുണ്ട് എന്നാണു എന്റെ വിശ്വാസം. അങ്ങിനെ ഒന്നുണ്ടെങ്കില്‍ അവരെ മലയാളം പഠിപ്പിക്കുന്നവര്‍ ഇക്കാര്യം കൂടി സൂചിപ്പിക്കുന്നത് നല്ലതായിരിക്കും. ഇപ്പൊള്‍ നിലവില്‍ തിരുവചനങ്ങള്‍ എന്നു പറയുന്ന അച്ചന്മാര്‍ അതു തിരുത്താന്‍ സാധ്യത കുറവായതിനാല്‍ ഇനി അച്ചന്മാരായി വരുന്നവരെങ്കിലും ഈ തെറ്റ് ആവര്‍ത്തിക്കാതിരിക്കാന്‍ ഇതുപകരിക്കും.

2 അഭിപ്രായങ്ങൾ:

ഭ്രമരന്‍ പറഞ്ഞു...

വചനം എന്നതിന്‌ ചൊല്ല്, മൊഴി [saying] എന്നൊക്കെയല്ലേ കൂടുതൽ ചേരുക? വാക്ക്‌ എന്നതും ഒരർഥ്തം ആകാം.അപ്പോൾ സന്ദർഭം അനുസരിച്ചു ഉപയോഗിക്കുകയല്ലേ ശരി.
വ്യക്തിപരമായി പറഞ്ഞാൽ ഈ പള്ളീലച്ചന്മാരുടെ ഭാഷ വളരെ മുഷിപ്പനാണ്‌.ബൈബിളും എഴുതിയിരിക്കുന്നത്‌ അതിലും വിരസമായിട്ടാണ്‌. പക്ഷെ വിശ്വാസികൾക്ക്‌ സഹിച്ചല്ലേ പറ്റൂ!!!
ഇതെന്റെ വീക്ഷണം മാത്രം.ഭാഷാവിശാരദന്മാർ എന്തു പറയുന്നു?

അരുണ്‍ ചുള്ളിക്കല്‍ പറഞ്ഞു...

ഭ്രമരന്‍ ,

വചനം, വാക്ക്, മൊഴി എന്നതിനെല്ലാം അര്ത്ഥം Word എന്നാണു. ചൊല്ലു എന്നത് വചനത്തിന്റെ അര്‍ത്ഥമാണോ എന്ന കാര്യത്തില്‍ സംശയമുണ്ട്. എന്തായാലും Word of God എന്നര്‍ത്ഥം വരുന്നവിധത്തിലാണു അച്ചന്മാര്‍ തിരുവചനം എന്നു പറയുന്നത്. അങ്ങിനെ വരുമ്പോള്- അവര്‍ പറയുന്നത് തെറ്റാണു.