-->

Followers of this Blog

2008, ഒക്‌ടോബർ 14, ചൊവ്വാഴ്ച

സഭയും വിഗ്രഹാരാധനയും എന്റെ സംശയങ്ങളും.

Exodus 20:5, “Thou shalt not bow down thyself to them, nor serve them: for I the LORD thy God am a jealous God,visiting the iniquity of the fathers upon the children unto the third and fourth generation of them that hate me;” (പുറപ്പാടിന്റെ പുസ്തകം)

Leviticus 26:1, “Ye shall make you no idols nor graven image, neither rear you up a standing image, neither shall ye set up any image of stone in your land, to bow down unto it: for I am the LORD your God.” (ലേവായരുടെ പുസ്തകം)

Deuteronomy 29:17, “And ye have seen their abominations, and their idols, wood and stone, silver and gold, which were among them.” (നിയമാവര്‍ത്തന പുസ്തകം)

Exodus 20:4, “Thou shalt not make unto thee any graven image, or any likeness of any thing that is in heaven above, or that is in the earth beneath, or that is in the water under the earth:” (പുറപ്പാടിന്റെ പുസ്തകം)

വിഗ്രഹാരാധന, കത്തോലിക്കരും, അകത്തോലിക്കരും, യഹൂദജനവും ഒരു പോലെ നിഷിദ്ധമായികരുതുന്നു. കല്ലിലോ, ലോഹത്തിലോ, മരത്തിലോ മറ്റ് വസ്തുക്കളാലോ തീര്‍ത്ത വിഗ്രഹങ്ങളേ ആരാധിക്കുന്നത്, ഒന്നാം പ്രമാണ ലംഘനത്തിന്റെ വകഭേദങ്ങളില്‍ ഒന്നാണു. എങ്കിലും ക്രൈസ്തവദേവാലയങ്ങളില്‍ പ്രത്യേകിച്ച് കത്തോലിക്ക ദേവാലയങ്ങളില്‍ വിഗ്രഹങ്ങള്‍ സ്ഥാപിച്ചിട്ടില്ലേ എന്ന ആക്ഷേപം നിലവിലുണ്ട്. തെറ്റിദ്ധരിക്കപ്പെടുന്ന ആശയസംഘട്ടനം ഇതിലുണ്ട്, വൈപരീത്യം എന്നും പറയാം. ക്രൈസ്തവവിശ്വാസപ്രകാരം ഇതു വിഗ്രഹാരാധനയല്ല, പ്രതിമാവണക്കം ആണു. പ്രതിമ എന്നതിനര്‍ത്ഥം വിഗ്രഹം എന്നു തന്നെയെങ്കിലും, വണക്കം എന്നതിനു ആരാധനയുമായി വിദൂരമായ അര്‍ത്ഥമേ ഉള്ളൂ. എന്താണു വണക്കം കൊണ്ടുദ്ദേശിക്കുന്നത്? ഭക്തിയുടെ ചെറുമേമ്പൊടിയുള്ല ബഹുമാനം എന്നാണു എന്റെ പഴമനസ്സു പറയുന്നത്.

എനിക്ക് ലഭിച്ചിരിക്കുന്ന ഉദാഹരണം: എന്റെ അപ്പൂപ്പന്‍ മരിച്ചു പോയി. എന്റെ വീടിന്റെ മുന്‍വശത്തുള്ള ഭിത്തിയില്‍ അദ്ദേഹത്തിന്റെ ഒരു ഛായാചിത്രം തൂക്കിയിട്ടുണ്ട്. ഞാന്‍ ആ ചിത്രത്തില്‍ മാലയിടുമ്പോള്‍ അദ്ദേഹത്തോടുള്ള സ്നേഹമോ ബഹുമാനമോ ആണു പ്രകടമാകുന്നതു. അതു വിഗ്രഹാരാധനയല്ല എന്നു ചുരുക്കം. ഇതു തന്നെയാണു പള്ളികളിലും നടക്കേണ്ടതു. ഓകെ. ഇതു ഞാന്‍ സമ്മതിച്ചു. ഇതു തന്നെയാണോ പള്ളികളില്‍ നടക്കുന്നതെന്ന ചോദ്യമവിടെ നില്‍ക്കട്ടേ.

ഒരു ദിവസം അപ്പൂപ്പന്റെ പടത്തില്‍ മാലയിട്ടു ഞാന്‍ പരീക്ഷയ്ക്ക് പോയി. അന്നത്തേ പരീക്ഷ നന്നായിരുന്നു, അടുത്ത ദിവസവും മാലയിട്ടു, പരീക്ഷ നന്നായി. അടുത്ത ദിവസം ഞാന്‍ മാലയിടാന്‍ മറന്നു പോയി. പരീക്ഷ മോശമാകുകയും ചെയ്തു. അപ്പോള്‍ ഒരടിസ്ഥാനവുമില്ലാതെ ഞാന്‍ കരുതുന്നു “അപ്പൂപ്പന്റെ പടത്തില്‍ മാലയിട്ടാല്‍ പരീക്ഷ നന്നാവും”. ഇതറിഞ്ഞ എന്റെ സുഹൃത്തുക്കളും പരീക്ഷയ്ക്കു പോകും മുമ്പ് അപ്പൂപ്പന്റെ പടത്തില്‍ മാലയിടുന്നത് പതിവായി. മാലയിട്ട് ചിലരുടെ പരീക്ഷ നന്നായി. പഠിക്കാതെ മാല മാത്രമിട്ടു പരീക്ഷയെഴുതിയവരുടെ കാര്യം ഗോവിന്ദ. മാലയിട്ടു തോറ്റവരുടെ വാക്കുകള്‍ ജയിച്ചവര്‍ വിശ്വസിച്ചില്ല. അവര്‍ കൂടുതല്‍ വിലയുള്ള മാല വാങ്ങിയിട്ടു. ചോദ്യമിതാണു -ഇപ്പോള്‍ ഞാനോ, എന്റെ സുഹൃത്തുക്കളോ മാലയിടുന്നത് ബഹുമാനം കൊണ്ടാണോ?

പുണ്യാളന്മാരുടെ പ്രതിമകളില്‍ ദിവ്യത്വം ഉണ്ടാകും അതിനാല്‍ അതില്‍ മാലയിട്ടാല്‍ ഉദ്ദിഷ്ടകാര്യം സാധിക്കും എന്നിരിക്കട്ടെ. അങ്ങിനെയെങ്കില്‍ എല്ലാ പ്രതിമകളിലും അതുണ്ടാവണ്ടെ. എന്തുകൊണ്ടാണു കലൂരിലെ അന്തോണിസുപുണ്യവാളന്റെ പ്രതിമയിലോ, വേളാങ്കണ്ണിയിലേ മാതാവിന്റെ പ്രതിമയിലോ, കണ്ണമാലിയിലെ ഔസേപ്പിതാവിന്റെ പ്രതിമയിലോ ഒക്കെ മാത്രമായി ദിവ്യത്വം ഉണ്ടാകുന്നു. അത്തരം പ്രതിമകളില്‍ ദിവ്യത്വം ഉണ്ട് എന്നു കരുതുന്നതു തന്നെ വിഗ്രഹാരധനയല്ലെ? ദൈവം സര്‍വ്വ വ്യാപിയാണെന്നിരിക്കെ ഏതെങ്കിലും ഒരു പ്രത്യേക പള്ളിയില്‍ മാത്രം പ്രാര്ത്ഥിക്കുക എന്നത് ആ പള്ളിക്ക് ദിവ്യത്വം കല്പിക്കുന്നതിനു തുല്യമല്ലേ?

സഭയുടെ ഡൊക്ട്രിനില്‍ പ്രതിമാവണക്കം എന്നു പറയുന്നതെങ്കിലും പ്രവൃത്തിയില്‍ അതു വിഗ്രഹാരാധന തന്നെയായി മാറുന്നതിവിടെയാണു. ഈ പള്ളിയില്‍ വന്നു പ്രാര്‍ത്ഥിച്ചാല്‍ രോഗശാന്തിയുണ്ടാകും ഈ പ്രതിമയില്‍ മാലയിട്ടാല്‍ കല്യാണം നടക്കുമെന്നൊക്കെ പറഞ്ഞു നോട്ടീസടിക്കുന്ന അച്ചന്മാരും കൃതഞ്ജത എഴുതുന്ന വിശ്വാസികളും ഒരു പോലെ വിഗ്രഹാരാധകരാണു. ഏതെങ്കിലും ഒരു പ്രതിമയിലോ ചിത്രത്തിലോ ദിവ്യത്വം കല്പിക്കുകയും അതു തന്നെ ദൈവമെന്നു ധരിക്കുന്നതുമാണു വിഗ്രഹാരാധന. നല്ല ജീവിതം നയിച്ചു കടന്നു പോയവരുടെ ചിത്രങ്ങള്‍ വണങ്ങുന്നത് നല്ലതു തന്നെ. പക്ഷേ ആ പ്രതിമകളില്‍ ദൈവത്വം കല്പീക്കുകയും അവയില്‍ മാലയിട്ടാലേ അനുഗ്രഹമുണ്ടാകൂ എന്നു വിശ്വസ്സിക്കുന്നതും വഴി ആ പ്രതിമയേയും ദേവാലയത്തെയും ദൈവങ്ങളാക്കുകയാണു ചെയ്യുന്നത്.

ഇനി ഒരു ചോദ്യം കൂടി. ശിവലിംഗത്തില്‍ കെട്ടിപ്പിടിച്ച് തന്റെ പ്രാണനുവേണ്ടി യാചിക്കുന്ന മാര്‍ക്കണ്ഡേയന്‍, കുരിശില്‍ കെട്ടിപ്പിടിച്ചു പ്രാര്‍ത്ഥിക്കുന്ന കുരിശിന്റെ യോഹന്നാന്‍. ഇവരില്‍ വിഗ്രഹാരാധകരുണ്ടോ? ഉണ്ടെങ്കില്‍ ആരു?

അഭിപ്രായങ്ങളൊന്നുമില്ല: