-->

Followers of this Blog

2008, ഒക്‌ടോബർ 3, വെള്ളിയാഴ്‌ച

കോടതി ഉത്തരവുകളും ലംഘനങ്ങളും

ഒരുപ്രാര്‍ത്ഥനാ ഗ്രൂപ്പുണ്ടായിരുന്നു പണ്ട്. അതില്‍ സ്ഥിരമായി പ്രാര്‍ത്ഥിക്കാന്‍ വരുന്ന ഒരമ്മൂമ്മയും അപ്പൂപ്പനും ഉണ്ടായിരുന്നു. വ്യക്തിഗത പ്രാര്‍ത്ഥനക്കളില്‍ അമ്മൂമ്മ സ്ഥിരമായി ഇങ്ങനെ പ്രാര്‍ത്ഥിക്കുമായിരുന്നു. “കര്‍ത്താവേ എന്റെ ഹൃദയത്തിലേ പാപമാകുന്ന മാറാലകള്‍ അങ്ങു തുടച്ചു നീക്കേണമേ”. അമ്മൂമ്മ എല്ലാ ആഴ്ചകളിലും ഈ പ്രാര്‍ത്ഥന തന്നെ തുടര്‍ന്നു. ഒരിക്കല്‍ സഹികെട്ട അപ്പൂപ്പന്‍ ഇങ്ങനെ പ്രാര്‍ത്ഥിച്ചു. “എന്റെ കര്‍ത്താവേ, ഈ ആഴ്ച നീ അമ്മൂമ്മയുടെ ഹൃദയത്തിലെ മാറാലെ തുടച്ചു നീക്കുന്ന കൂട്ടത്തില്‍, മാറാല കെട്ടുന്ന ആ ചിലന്തിയെ കൂടി അങ്ങ് തല്ലിക്കൊന്നു കളഞ്ഞേക്കണേ”

കോടതി ഉത്തരവുകളും ഏതാണ്ട് അമ്മൂമ്മയുടെ പ്രാര്‍ത്ഥന പോലെയാണ്. ദേശീയ അടിസ്ഥാനത്തില്‍ 2008 ഒക്ടോ. 2 മുതല്‍ പുകവലി നിരോധനം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. മുന്പ് പൊതുസ്ഥലമെന്നു കരുതിയിരുന്ന റോഡരികിലും, സ്വകാര്യ, സര്‍ക്കാര്‍ ബസുകള്‍, ട്രെയിന്‍ മറ്റ് പൊതുയാത്രാ വാഹനങ്ങള്‍, ബസ് സ്റ്റാന്ഡ്, റെയില്‍വേസ്റ്റേഷന്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ എന്നിവയോടൊപ്പം, റസ്റ്റ്റെന്റ്, മദ്യശാല, സ്വകാര്യസ്ഥാപനങ്ങള്‍ തുടങ്ങിയ ആളുകൂടുന്ന എല്ല സ്ഥലങ്ങളിലും നിരോധനം പ്രാബല്യത്തില്‍ വരും. ലംഘിക്കപ്പെട്ടാല്‍ 200 രൂപ പിഴ പുകവലിക്കുന്നയാളോ, സ്ഥാപനമൊ ഒടുക്കേണ്ടി വരും. പുകവലിക്കണമെന്നു നിര്‍ബന്ധമുള്ളവര്‍ക്ക് അതതു സ്ഥാപനങ്ങളില്‍ പുകവലിക്കാന്‍ പ്രത്യേക സജ്ജീകരണം ഏര്‍പ്പെടുത്തണം. (കൊള്ളാം നല്ല സെറ്റപ്പ്).

പുകവലിക്കത്തവരുടെ ആരോഗ്യത്തിനു ഉപകരിക്കും എന്നതിനാല്‍ ഉത്തരവ് ആശാവഹം തന്നെ. പക്ഷെ, ഇതൊക്കെ നടക്കുമോ എന്ന നാടന്‍ ചോദ്യം അവശേഷിക്കുന്നു. ഈ ഉത്തരവൊക്കെ നമ്മള്‍ ഒരുപാടു കണ്ടതല്ലെ. പുത്തനച്ചി പുരപ്പുറം തൂക്കും പോലെ, പോലീസുകാരോടിനടന്നു ഒന്നു രണ്ടെണ്ണത്തിനെ പിടിച്ച് ഫൈന്‍ അടപ്പിച്ചു വിടും. ആ ഒരു ശൂരത്വം ഒന്നടങ്ങി കഴിഞ്ഞാല്‍ പിന്നെ ഉത്തരവെഴുതിയ പേപ്പര്‍ കപ്പലണ്ടി പൊതിയാനെടുക്കാം.

എന്തുകൊണ്ടാണു ഉത്തരവുകള്‍ ഇത്ര പെട്ടെന്നു കാറ്റില്‍ പറക്കുന്നത്? അതു വളരെ നിസ്സാരമായി ലംഘിക്കാനുള്ള അവസരം ഉള്ളത് കൊണ്ടു തന്നെ. നാടുനീളെ മുട്ടിനു മുട്ടിനു പുകയിലയും, ബീഡിയും സിഗരറ്റും വിക്കുന്ന കടകള്‍ തുറന്നു വെക്കുകയും, പുകവലിക്കുകയും ചെയ്യരുതെന്നു പറയുന്നതു വിശന്നിരിക്കുന്നവന്റെ മുന്നില്‍ പാല്‍പായസം വെച്ചിട്ട് കഴിക്കരുത് എന്നു പറയുമ്പൊലാണു. പുതിയ നിയമത്തോട് സഹതാപം മാത്രമേ തോന്നുന്നുള്ളൂ. അതു തത്വത്തില്‍ സുന്ദരമെങ്കിലും, പ്രായോഗികതയ്ക്ക് സാധ്യത തുലോം കുറവാണ്. പുകവലി നിരോധനം പൂര്‍ണ്ണമാക്കണമെങ്കില്‍ പുകയിലയും അതിന്റെ ഉല്പന്നങ്ങളുടെ ഉല്പാദനവും, വിതരണവും, വില്പനയും നിരോധിക്കണം. നമുക്കാവശ്യം പുകയില നിരോധനമാണു, പുകവലിനിരോധനമല്ല.

അറിവ്: 2025 ആകുമ്പൊഴേക്കും പുകയിലമൂലം മരിക്കുന്നവരുടെ എണ്ണം ഒരു മിനുട്ടില്‍ ഒന്നു എന്ന നിലയ്ക്കാകും. - ഐ. എം. എ.