ഇതൊരു ദൈവ-മതവിരോധ ചിന്തയല്ല. പുറപ്പാടിന്റെ പുസ്തകം പ്രേരിപ്പിച്ച ചോദ്യങ്ങള്‍ മാത്രമാണ്. പിന്നെ പ്രദീപ് അവതാരങ്ങളെക്കുറിച്ച് പറഞ്ഞ കമന്റുകള്‍ ഉയര്‍ത്തിവിട്ട ചിന്തയും. ഞാന്‍ ദൈവവിശ്വാസിയാണു. അതുകൊണ്ട് തന്നെ ദൈവം ഫറവോയുടെ മനസിനെ കഠിനമാക്കിയത് എന്നെ വേദനിപ്പിക്കുന്നു. എനിക്ക് ഏറ്റവും ഇഷ്ടമുള്ള ഒരാള്‍ അരുതാത്തതു ചെയ്യുമ്പോള്‍ മനസ്സില്‍ തോന്നുന്ന നീറ്റല്‍ പോലെയാണത്. ദൈവം രണ്ടു രക്ഷാകര പദ്ധതിയാണു (യഹൂദ-ക്രൈസ്തവ വിശ്വാസം) നടപ്പിലാക്കിയത്. ഒന്നു ഇസ്രായേല്‍ ജനത്തേ മോശവഴി ഫറവോയുടെ അടിമത്തത്തില്‍ നിന്നു വിടുവിച്ചതും, രണ്ട്, യേശു വഴി, മനുഷ്യനേ പാപങ്ങളില്‍ നിന്നു മോചിപ്പിച്ചതും. രണ്ടിടത്തും നിരപരാധികളുടെ നിഷ്കളങ്കരക്തം വീണിരിക്കുന്നു.
മോശ വഴി ദൈവം ഫറവോയുടെയും ജനത്തിന്റെയും മേല്‍ 10 മഹാമാരികളാണു വിതച്ചത്. ഒരേ ഒരാവശ്യം മാത്രമേ മോശയ്ക്ക് പറയാനുണ്ടായിരുന്നുള്ളൂ. “ഇസ്രായേല്‍ ജനത്തേ ദൈവത്തെ ആരാധിക്കാന്‍ വിട്ടു തരിക”. അതിനു ആദ്യമഹാമാരിക്കു ശേഷം തന്നെ ഫറവോ സമ്മതനായിരുന്നു. പിന്നെ അദ്ദേഹം തീരുമാനം മാറ്റാന്‍ കാരണമെന്തായിരുന്നു. ഉത്തരം പുറപ്പാട് പുസ്തകം തന്നെ പറയുന്നു. “ദൈവം ഫറവോയുടെ മനസ്സു കഠിനമാക്കി”. അങ്ങിനെയൊന്നില്ലായിരുന്നെങ്കില്‍ ഈജിപ്തിലെ ആദ്യജാതന്മാര്‍ കൊല്ലപ്പെടില്ലായിരുന്നു.
ചുമ്മാ വായിച്ചുതള്ളാവുന്നതല്ല ഈ ഭാഗം. അതുപോലെ തന്നെയാണു, യേശുജനിച്ചപ്പൊള്‍ കൊല്ലപ്പെട്ട കുഞ്ഞുങ്ങളുടെ കാര്യവും. അവരുടെ മാതാപിതാക്കള്‍ അനുഭവിച്ച വേദനയെക്കുറിച്ച് ദൈവം ചിന്തിക്കാതിരുന്നത് എന്തുകൊണ്ട്? എന്റെ കുഞ്ഞും ആ കൂട്ടത്തില്‍ ഉണ്ടായിരുന്നെങ്കില്‍ യേശുവിനോ, ദൈവത്തിനോ ഞാന്‍ മാപ്പു കൊടുക്കില്ലായിരുന്നു. ഞാനെന്നല്ല, ഒരമ്മയ്ക്കും അച്ഛനും അ വേദന താങ്ങാവുന്നതിലപ്പുറവും, അക്ഷന്തവ്യവുമാണു. ഫറവോയും ഇസ്രയേല്യരുടെ ആണ്‍ മക്കളേ വധിച്ചിട്ടുണ്ട് എന്നതാണു ഇതിനു പ്രതിവാദമെങ്കില്‍ ക്രൂരനായ ഫറവോയും, ഹേറൊദേസും ദൈവവും തമ്മില്‍ എന്തു വ്യത്യാസം? സ്വന്തം ഭരണം നിലനിര്‍ത്താനായി മൂന്നുപേരും നിഷ്ക്കളങ്കരായ ശിശുക്കളെ വധിച്ചിരിക്കുന്നു.
ഈ കൂട്ടക്കൊലകള്‍ നടന്ന ദിവസം, ക്രൈസ്തവനു തിരുപ്പിറവിത്തിരുന്നാളും യഹൂദജനത്തിനു സ്മരണദിനവും അതിന്റെ ഓരോ വാര്‍ഷികത്തിലും ആടിനെക്കൊന്ന ഇറച്ചിയും, പുളിപ്പില്ലാത്ത അപ്പത്തിന്റെ തിരുനാളുമൊക്കെയായി ആഘോഷിക്കുമ്പോള്, കണ്ടു കൊതി തീരും മുന്പ് വധിക്കപ്പെട്ട തങ്ങളുടെ മക്കളെ ഓര്‍ത്തു കരയുന്ന അമ്മമാര്‍ക്ക് നേരെ ദൈവത്തിന്റെ തല താഴ്ന്നുതന്നെ ഇരുന്നു കാണും. തന്നെ, തന്റെ മകനെ രക്ഷിക്കാനുള്ള ശ്രമത്തിനിടയില്‍ ഹേറോദേസിന്റെ വാളില്‍ പിടഞ്ഞു വീണ പിഞ്ചുകരച്ചില്‍ ദൈവം മറന്നു പോയി, അല്ലെങ്കില്‍ അതിനുനേരെ ദൈവം കണ്ണുകളടച്ചു. അതിനുള്ള പ്രായശ്ചിത്തമായിരുന്നോ, പാപമോചനത്തേക്കാളുപരി യേശുവിന്റെ കുരിശുമരണം?
ഇനി ദൈവത്തിന്റെ മൌനം. ചരിത്രമില്ലാത്ത കാലത്തുണ്ടായ അവതാരങ്ങളെ, ദൈവം ഇപ്പോള്‍ അയക്കാത്തതെന്തു? എവിടെ ധര്മ്മത്തിനു ഭംഗം ഉണ്ടാകുന്നൊ അവിടെ അവതാരമുണ്ടാകുമെന്ന വാഗ്ദാനം ഇപ്പോഴും നിലവില്‍ ഉണ്ടോ? പുതിയകാലത്തിന്റെ ഭരണങ്ങളില്‍ അധര്‍മ്മവും, രക്തച്ചൊരിച്ചിലും, കോണ്സന്ട്രേഷന്‍ ക്യാംപുകളും, തീവ്രവാദവും, പട്ടിണിയും മനുഷ്യകുലത്തെ കാര്‍ന്നുതിന്നുന്നതു കണ്ടിട്ടും ദൈവം മൌനിയാകുന്നതെന്തു കൊണ്ട്? അല്ലെങ്കില്‍ തന്നെ ആരാധിക്കുന്നവരുടെ മതങ്ങള്‍ ഉണ്ടാക്കുക മാത്രമായിരിക്കാം അവതാര ലക്ഷ്യം. ഇതൊക്കെ എനിക്കു മുന്നേ പലരും ചോദിച്ചതാണു. ഉത്തരം ലഭിക്കാത്തതിനാല്‍ ചോദ്യങ്ങള്‍ ആവര്‍ത്തിച്ചു എന്നു മാത്രം.
1 അഭിപ്രായം:
പാവപ്പെട്ടവനെ പേടിപ്പിക്കാനാണ് ദൈവത്തെ ഒണ്ടാക്കിയത് എന്ന് എത്ര പ്രാവശ്യം പറയണം
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ