-->

Followers of this Blog

2008, ഒക്‌ടോബർ 8, ബുധനാഴ്‌ച

പ്രേയ്സ് ദ് ലോ(ര്‍)ഡ്

ഞായറാഴ്ച…

സകലമാനവനും അവധിദിവസമാകേണ്ടതും സത്യക്രിസ്ത്യാനികള്‍ക്ക് കടമുള്ളതുമായ ദിവസം, അഥവാ അന്ന് വിലക്കപ്പെട്ട വേലകള്‍ ചെയ്യരുതെന്ന് സഭയുടെ പ്രമാണങ്ങളില്‍ പറയുന്നു. ഏതൊക്കെയാണു ഈ വേലകള്‍ എന്നു ഡിഫൈന്‍ ചെയ്യത്തതിനാല്‍ പശു, പോത്ത്, കാള, ആട്, മാട്, കോഴി, പന്നി തുടങ്ങിയവയെ വെട്ടിവിറ്റ് കാശാക്കുന്നവരും, കള്ളുവില്‍ക്കുന്നവരുമായ ക്രിസ്ത്യാനികളെ സൌകര്യപൂര്‍വ്വം ഒഴിവാക്കിയിട്ടുണ്ട്.

അന്നു പള്ളിയില്‍ പോകണമെന്ന നിയമം കൂടി ഉള്ളതിനാല്‍ മൂന്നാമത്തെ കുര്‍ബ്ബാനയ്ക്ക് തന്നെ പൊയേക്കം എന്നുറപ്പിച്ച് ഒരു എട്ടരയോടെ ഞാന്‍ എണീറ്റു. ലോകത്തിലേതന്നെ ഏറ്റവും സുന്ദരമായ കുര്‍ബ്ബാന മൂന്നമത്തെ കുര്ബ്ബാനയാണു. കാര്യം മതസൌഹാര്‍ദ്ദമൊക്കെയുണ്ടെങ്കിലും ഇടവകയിലേ സുന്ദരികളായ പെണ്ണാടുകളെ വായ്‌നോക്കുന്നതില്‍ ഒരു പ്രത്യേക സുഖം ഉണ്ട്. അതിനു മൂന്നാമത്തെ കുര്‍ബ്ബാനയാണു ബെസ്റ്റ്. മൂന്നാം കുര്ബ്ബാനയ്ക്ക് ഒന്‍പതുമണിക്കടിക്കുന്ന പള്ളിമണിയും ആ ഇടവകയിലെ യുവഹൃദയങ്ങളുടെ മിടിപ്പുമായി, കാലാകാലങ്ങളോളം സാമ്യമുണ്ട്. പ്രേമവും വായ്‌നോക്കലുമല്ല വിഷയം എന്നതിനാല്‍ ഇതിവിടെ നില്ക്കട്ടെ.

പതിവുപോലേ അച്ചന്‍ സുവിശേഷപ്രസംഗം നിറുത്തിയ സമയത്തു തന്നെ പള്ളിയിലെത്താന്‍ കഴിഞ്ഞതില്‍ എനിക്ക് സംതൃപ്തി തോന്നി. വട്ടക്കല്ലില്‍ ഇരുന്നു കുര്‍ബ്ബാന കാണുന്നത് കൊണ്ട്, പുഴയിലൂടെ പോകുന്ന വള്ളങ്ങളുടെയും മീന്‍ബോട്ടുകളുടെയും എണ്ണമെടുക്കം എന്ന ഗുണമുണ്ട്. സമയം പോകുന്നതറിയത്തുമില്ല.

അങ്ങിനെ വായ്‌നോട്ടവും വള്ളനോട്ടവും തകൃതിയായി നടക്കുമ്പോഴാണു, മേരിച്ചേച്ചിയുടെ വായില്‍ അകപ്പെടുന്നത്. പ്രാര്‍ത്ഥന, സുവിശേഷം, ധ്യാനം എന്നിങ്ങനെ സകലമാന കലാപരിപാടികളൂം ഉള്ളതിനാല്‍ കര്‍ത്താവിനു മേരിച്ചേച്ചിയെ നന്നേ ബോധിക്കുകയും ഉടലോടെ സ്വര്‍ഗ്ഗത്തില്‍ കേറാന്‍ ചാന്സുള്ളവരുടെ ലിസ്റ്റില്‍ ടിയാന്റെ പേരു തിരുകിക്കേറ്റുകയും ചെയ്തിട്ടുണ്ട്.

മേരിച്ചേച്ചി: പ്രേയ്സ് ദ് ലോ(ര്‍)ഡ്
ഞാന്‍: ഈശൊ മിശിഹായ്ക്ക് സ്തുതിയായിരിക്കട്ടെ.
മേരിച്ചേച്ചി: നിന്നോട് പ്രാര്‍ത്ഥനാ ഗ്രൂപ്പില്‍ വരണമെന്നു പറഞ്ഞിട്ടെന്തായി?
ഞാന്: അതു പിന്നെ സമയം കിട്ടെണ്ടെ ചേച്ചി.
മേരിച്ചേച്ചി: നീ കുര്‍ബ്ബാനയ്ക്കു വന്നിട്ടെന്താ പള്ളീടകത്തു കേറാത്തത്
ഞാന്: വന്നപ്പോ വൈകി, അപ്പൊപ്പിന്നെ പുറത്തു നില്‍ക്കാം എന്നു കരുതി.

വൈകി എന്ന റീസണ്‍ പറയാന്‍ തോന്നിയ നേരത്തെ ഞാന്‍ ശപിച്ചു. പണ്ടാരമടങ്ങാന്‍ മേരിച്ചേച്ചി അവീടെനിന്നും ഒരു ഗിരിപ്രഭാഷണം തുടങ്ങി. പത്തുപ്രമാണങ്ങളും, തിരുസഭയുടെ കല്പനകളും, ചാവുദോഷവും നരഗാഗ്നിയും, തീപ്പൊയ്കയും, പഴയതും പുതിയതുമായ സകലനിയമങ്ങളും അടങ്ങിയ അത്തരമൊരു പ്രസംഗം കേട്ടിട്ടു, ഉടയതമ്പുരാന്‍ നേരിട്ടു വന്നു എന്റെ തലയില്‍ ഇടിത്തീ ഇറക്കിക്കളയുമോ എന്നു വരെ ഞാന്‍ ചിന്തിച്ചു. ഒടുവില്‍ “നീയൊന്നും നന്നാകില്ലെട” എന്ന വട്ടപ്രാക്കും പാകി, മേരിച്ചേച്ചി നടന്നകന്നു. ഈ സമയം കൊണ്ട് കുര്‍ബ്ബാനയ്ക്കു വന്ന കൊള്ളാവുന്ന പെമ്പിള്ളാരൊക്കെ കുടുംബത്തെത്തിയിരുന്നു. ആ ദിവസവും പോയിക്കിട്ടി.

തിങ്കളാഴ്ച…

നല്ലതണുപ്പുള്ളതിനാല്‍ അന്നൊരു മെഡിക്കല്‍ ലീവെടുത്തു ചുമ്മാ ഉറങ്ങിയേക്കം എന്നു വിചാരിച്ച് കിടക്കുമ്ബൊഴാ, കേള്‍ക്കാന്‍ കൊള്ളാവുന്നതും അല്ലാത്തതുമായ നല്ല നാടന്‍ തെറികള്‍ എന്റെ ഉറക്കം നശിപ്പിച്ചത്. മലയാളഭാഷയിലേക്ക് പരിഗണിക്കാവുന്ന ചില പുതിയ തെറികള്‍ക്കൊപ്പം വടുകത്തി, ചെറ്റ, കരനാറി, പരതെണ്ടി തുടങ്ങിയ ലഘുവായ പ്രയോഗങ്ങളും കേള്‍ക്കുന്നുണ്ട്. ഒരാടാണു മാറ്റര്‍. ജൊക്കിത്താത്തിയുടെ ആട് അടുത്ത വീട്ടിലെ പറമ്പില്‍ സ്വൈര്യവിഹാരം നടത്തുകയും പറമ്പില്‍ നിന്നിരുന്ന മൊത്തം വാഴത്തൈകളിലൊന്നിന്റെ കൂമ്പില തിന്നുകയും ചെയ്തിരിക്കുന്നു. അയല്‍ക്കാരെ തമ്മില്ലടിപ്പിക്കുന്നതില്‍ ആട്, കോഴി എന്നിവയ്ക്കുള്ള സ്വാധീനം പറയേണ്ടതില്ല.

പറമ്പിന്റെ ഉടമ ആരെന്നും പുതിയ തെറികളുടെ ഉപജ്ഞാതാവേതെന്നും ഇതിനകം മനസ്സിലായിക്കഴിഞ്ഞതിനാല്‍ അതു മേരിച്ചേച്ചി തന്നെ എന്നു ഉറപ്പിച്ചു പറഞ്ഞു കൊണ്ട് കഥ നിറുത്തുന്നു. പ്രേയ്സ് ദ് ലോ(ര്‍)ഡ് എന്നു മാത്രമല്ല, ഇതു കൂടി പറഞ്ഞേക്കട്ടേ.

“നിങ്ങളുടെ അധരങ്ങള്‍ എന്നെ(ദൈവത്തേ) സ്തുതിക്കുന്നുവെങ്കിലും ഹൃദയങ്ങള്‍ അകലെയത്രെ”. -ബൈബിള്‍

4 അഭിപ്രായങ്ങൾ:

ഭൂമിപുത്രി പറഞ്ഞു...

രണ്ട് ദൈവവചനം അങ്ങോട്ട് പഠിപ്പിയ്ക്കാനുള്ള ചാൻസ് കളഞ്ഞു കുളിച്ചല്ലോ!

മലമൂട്ടില്‍ മത്തായി പറഞ്ഞു...

അത്യുനതങ്ങളില്‍ ദൈവത്തിനു സ്തോത്രം. അങ്ങോരു ഭൂമിയില്‍ വന്നിരുനെങ്ങില്‍ ....

അജ്ഞാതന്‍ പറഞ്ഞു...

gud one.

Pavvathil thirumeniyum vayichiriykenda post :)

Jayasree Lakshmy Kumar പറഞ്ഞു...

പ്രെയ്സ് ദ ലോഡ്