-->

Followers of this Blog

2009, മേയ് 13, ബുധനാഴ്‌ച

ബറാബസ് പറയുന്നത്

ആ രാത്രി നിലാവു വീണു നരച്ചിരുന്നു. ബറാബസ് കിതച്ചു കൊണ്ട് വയല്‍ വരമ്പിലൂടെ ഓടി. പിറകില്‍ ഉയര്‍ന്നിരുന്ന ആരവം ഇപ്പോള്‍ കേള്‍ക്കുന്നില്ല. കല്ലുകള്‍ തനിക്കു മുന്നേ ചീറിപ്പായുന്നുമില്ല. എങ്കിലും അയാള്‍ക്ക് ഓടാതിരിക്കാന്‍ തോന്നിയില്ല. മരണം ഒരു വേട്ടനായയേപ്പോളെ പിറകിലുണ്ടെന്നു അയാള്‍ക്ക് തോന്നി. നാവു പുറത്തേക്കിട്ടു അതു കിതയ്ക്കുകയാണു, തന്റെ ഹൃദയമിടിപ്പിനെ അലോസരപ്പേടുത്തിക്കൊണ്ട്. കോതമ്പു വയല്‍ കൊയ്തൊഴിഞ്ഞിരിക്കുന്നു. കൂര്‍ത്തു നിലക്കുന്ന കതിരുകുറ്റികളില്‍ തടഞ്ഞ് അയാളുടെ കാലുകള്‍ കീറി.

ദൂരേ റാന്തലിന്റെ അരണ്ട വെളിച്ചം. അതു മാഗദലിന്‍ മറിയായുടെ വീടാണു. രാത്രി മുഴുവന്‍ മുനിഞ്ഞു കത്തുന്ന റാന്തല്‍ അവളുടെ കോലയില്‍ മാത്രമേ കാണു. വേട്ടനായയുടെ കിതപ്പെവിടെയോ ഒതുങ്ങിയിരിക്കുന്നു. അയാളുടെ കാലുകള്‍ വേച്ചു തുടങ്ങി.

മറിയാ വാതില്‍ തുറന്നു.

"ബറാബസ്..നീ"

അയാളുടെ മുഖവും കാലുകളും ചോരയും പൊടിയും വിയര്‍പ്പും കലര്‍ന്നു വിരൂപമായിരിക്കുന്നു. മറിയാ റാന്തലിന്റെ തിരിയുയര്‍ത്തി. റാന്തലിന്റെ വെട്ടം മങ്ങുന്നത് പോലേ. അയാളുടെ പ്രജ്ഞയിലേ നിലാവ് അണഞ്ഞു തുടങ്ങിയിരുന്നു.

തലകനക്കുന്നു എന്നു തോന്നിയ ഏതൊ ഒരു നിമിഷത്തില്‍ അയാള്‍ കണ്ണുകള്‍ തുറന്നു. മറിയായുടെ കൈകളില്‍ മഞുതുള്ളിയായിരുന്നോ? നീറുന്ന ഹൃദയത്ത്തിനു മുകലില്‍ വീണ മഞ്ഞു തുള്ളി പോലേ. അവള്‍ പതിയേ ചിരിച്ചു.

"എങ്ങിനേ ഇവിടെ എത്തി എന്നു ഞാന്‍ ചോദിക്കുന്നില്ല. ഈ വഴി നിനക്കപരിചിതമല്ലല്ലോ. പക്ഷേ ഇങ്ങനേ ഈ രൂപത്തില്‍... എന്താ ബറാബാസ്, നിന്റെ വിപ്ളവം നിന്നെ തുലച്ചു തുടങ്ങിയോ?"

"വേശ്യയുടെ വായില്‍ വേദാന്തം വേണ്ട"

"ഹും ഇനി എന്നെ അങ്ങിനേ വിളിക്കില്ല എന്ന വാക്കും നീ മറന്നു"

ബറാബസ് വേച്ചു ചെന്നു ജനലഴികളില്‍ പിടിച്ചു. പുറത്ത് വെയില്‍ വീണു തുടങ്ങിയിട്ടില്ല. സ്കറിയായുടെ തൂങ്ങിയാടുന്ന ശരീരം. പുറത്തേക്കു തള്ളിയ കണ്ണുകളില്‍ ആര്‍ത്തിപൂണ്ടു കൊത്തിയിരുന്ന കഴുകന്‍. ഒരു ദുസ്വപ്നത്തിന്റെ അലയൊലി പോലെ ആ രംഗം അയാളുടെ ചിന്തകളേ ചൂഴ്ന്നു നിന്നു.

"ആരാ നിന്നെ കല്ലെറിയാന്‍ വന്നത്, യൂദന്മാരോ അതൊ നസ്രായന്റെ ആളുകളോ?" മറിയായുടെ കുത്തുവാക്കുകള്‍ തുടരുകയാണു."എന്തായാലും ആവശ്യത്തിനു ശത്രുക്കളുണ്ടല്ലോ കള്ളനെന്ന പേരും".

"ഈ പുലയാട്ടൊന്നു നിര്‍ത്താമോ"

മറിയാ അകത്തേക്കു പോയി.

പീലാത്തോസിന്റെ മുമ്പില്‍ വെച്ചു ചോരയില്‍ കുതിര്‍ന്നു നിന്ന ആ മനുഷ്യന്‍ ചെറിയൊരു പുഞ്ചിരിയോടെ തന്നെ ജീവിതത്തിലേക്ക് യാത്രയാക്കി. മറുത്തൊന്നു ചിരിക്കുക പോലും ചെയ്യാതെ അയാളെ താന്‍ മരണത്തിലേക്കും. തന്നോടു സ്നേഹമുള്ളതു കൊണ്ടല്ല" ബറാബസിനെ വിട്ടു തരണ"മെന്നു അവര്‍ മുറകൂട്ടിയത്. അത് ബറാബസിനു നന്നായറിയാം. മരണം ഇതല്ലെങ്കില്‍ മറ്റൊരു രൂപത്തില്‍ തന്റെ പിന്നാലെ തന്നെയുണ്ട്. കുരുക്കുണ്ടാക്കുന്നത് സീസറോ, വലിയ പുരോഹിതനോ എന്നു മാത്രമേ ശങ്കിക്കേണ്ടതുള്ളു. സ്കറിയായുടെ ശവം കുഴിച്ചിട്ടു തിരിഞ്ഞു നടക്കുമ്പോള്‍ അവിടെ കൂടിനിന്നവര്‍ മുറുമുറുത്തതെന്ത് എന്നു താന്‍ ചിന്തിച്ചില്ല. ആ മുറുമുറുപ്പ് ഒരാരവമായിത്തുടങ്ങുമ്പൊഴേക്കും ആദ്യത്തെ കല്ലു തന്റെ നെറ്റി പൊളിച്ചിരുന്നു. ജീവനും കയ്യില്‍ പിടിച്ച് ഓടുമ്പോള്‍ മറിയായുടെ വീട്ടിലേക്കുള്ള വഴിയല്ലാതേ മറ്റൊന്നും അയാള്‍ ഓര്‍ത്തില്ല. കുത്തു വാക്കു പറയുമെങ്കിലും മറിയാ തന്നെ ഒറ്റു കൊടുക്കില്ല. അക്കര്യത്തില്‍ അയാള്‍ക്കുറപ്പുണ്ട്.

അകത്ത് പാത്രങ്ങളുടെ ശബ്ദം. മറിയാ അടുക്കളയിലാണു. അയാള്‍ മുറ്റത്തേക്കിറങ്ങി.

ഉള്ളവനെന്നും ഉയരത്തില്‍ നിന്നുമുയരത്തിലേക്കും ഇല്ലാത്തവനെന്നും ഇല്ലായ്മയില്‍ നിന്നും ഇല്ലായ്മയിലേക്കും നീങ്ങിക്കൊണ്ടിരുന്ന സമുദായത്തേ അയാള്‍ വെറുത്തിരുന്നു. അങ്ങിനെയാണു സ്കറിയായുടെ കൂടെ അയാള്‍ രാത്രി യോഗങ്ങളില്‍ പോയിത്തുടങ്ങിയത്. പിന്നീടെപ്പൊഴോ നസ്രായനായ മരപ്പണിക്കാരന്റെ പേരു ഇടയ്ക്കും തലയ്ക്കും കേട്ടു തുടങ്ങി. അയാള്‍ വിപ്ളവം പരസ്യമായി പ്രസംഗിക്കുന്നു. കാണണമെന്നു തോന്നി. കഴിഞ്ഞിരുന്നില്ല. ബറാബസിന്റെ നീക്കങ്ങള്‍ ഇരുട്ടത്തും അയാളുടേതു വെളിച്ചത്തും. വെളിച്ചത്തിന്റെ മാറില്‍ കുതിച്ചു പോയിരുന്ന റോമന്‍ കുതിരകളുടെ കുളമ്പടിയേയും മഹാപുരോഹിതന്റെ ആളുകളേയും താന്‍ ഭയന്നു. ഇരുട്ടില്‍ തുടങ്ങി ഇരുട്ടില്‍ തീരന്ന സമരങ്ങള്‍. അയാള്‍ക്കതിനോടു മതിപ്പു കുറഞ്ഞു തുടങ്ങിയ നാളുകളില്‍ സ്കറിയായോടൊപ്പം നസ്രായനെ തേടി ചെന്നു. ചത്തു മലച്ചു കിടക്കുന്നവന്റെ അരക്കെട്ടില്‍ നാണയസഞ്ചിക്കായി പരതുന്ന സ്കറിയോത്തായേ വിളിച്ചിട്ടും തന്നെ വിളിച്ചില്ല. മലമുകളില്‍ നിന്നു വന്ന ആ ശബ്ദം മാത്രമേ അന്നും താന്‍ കേട്ടിട്ടുള്ളു. ജോര്‍ദ്ദാനില്‍ നിന്നു വീശിയ കാറ്റു ഒരു പക്ഷെ തന്റെ പേരും അപഹരിച്ചു പോയിക്കാണും. വീണ്ടും ഇരുട്ടിലേക്കു ബറാബാസ്‌ തിരിച്ചു നടന്നു. സ്കറിയായെ പിന്നീടയാള്‍ കണ്ടില്ല. അവന്റെ അനിയത്തിയുടെ കല്യാണം വരെ.

"ബറാബസ്, അവളുടെ വിവാഹമാണു. നിനക്കറിയാല്ലോ, എന്റെ കയ്യില്‍ ഒരു തുട്ടു പോലുമില്ല. അപ്പനാണെല്, ഇനി കടം വാങ്ങാന്‍ ആരുമീ നാട്ടില്‍ ബാക്കിയില്ല. അതു വഴി തീര്ക്കാനുള്ള ബാധ്യത വേറെ, നീ എന്തെങ്കിലും ഒരു വഴി കാണണം."

"അത്... ഇത്രെം വലിയ തുക..എന്റെ കയ്യിലെവിടുന്നാ"

"നിന്റെ കയ്യിലില്ല എന്നെനിക്കറിയാം. കാശിന്നാവശ്യം വരുമ്പോ നമ്മള്‍ ഉപയോഗിച്ചിരുന്നത് നമ്മുടെ കാശാണൊ?: സ്കറിയാ ഗൂഢമായി ചിരിച്ചു.

"എന്റെയൊ നിന്റെയോ ആവശ്യത്തിനു വേണ്ടി ഇതു വരെ നമ്മളു മോഷ്ടിച്ചില്ലല്ലോ?"

"അപ്പന്‍ മരവിച്ചു കിടക്കുന്നത് ഞാന്‍ കാണേണ്ടി വരും" അവന്‍ ഇറങ്ങിപ്പോയി.

അന്നു രാത്രി ഹുണ്ടികക്കാരന്‍ മത്തായിയുടെ വീട്ടില്‍ വെച്ച് ബറാബാസ് പിടിക്കപ്പെട്ടു. പിന്നെ കല്‍ത്തുറുങ്കില്‍ മരണവും കാത്ത്. നാളുകള്‍ക്ക് ശേഷം വെളിച്ചം കാണുമ്പോള്‍ അയാളുടെ കൂടെ നസ്രായനും ഉണ്ടായിരുന്നു. ഒരു പക്ഷേ കാണണമെന്നു ഒരിക്കലും ആഗ്രഹിക്കാത്ത രൂപത്തില്‍.

"അക്രമിയായ ബറാബാസിനേയോ, നസ്രായനേയോ" പീലാത്തോസ് ആവര്‍ത്തിച്ചു ചോദിച്ചു.

അശക്തമായി ബറാബസ് നസ്രായന്‍ എന്നു പറഞ്ഞു. മുന്നില്‍ തടിച്ചു കൂടിയവരുടെ ആക്രോശത്തില്‍ തന്റെ ശബ്ദം കേള്‍ക്കാതെ പോയി. തന്നെ നോക്കി അയാള്‍ പുഞ്ചിരിചു. രക്തം കട്ടപിടിച്ച ആ മുഖത്തു നോക്കി ഒന്നു ചിരിക്കുക പോലും ചെയ്യാതെ ജനത്തിനിടയില്‍ താന്‍ മറഞ്ഞു, കുരിശിനേക്കാള്‍ അപമാനകരമായ മനസുമായി. അതിനു മുകളില്‍ തിരിച്ചു കിട്ടിയ ജീവന്‍. ഇപ്പോള്‍ ആലോചിക്കുമ്പോള്‍ അയാള്ക്ക് പുച്ഛം തോന്നി. ജീവന്‍ ഇരന്നു വാങ്ങാന്‍ പോലും മടിക്കാത്ത ബറാബസ്. പീലാത്തോസിന്റെ അരയില്‍ തൂങ്ങിയിരുന്ന വാളു വലിച്ചൂരി സ്വന്തം നെഞ്ചില്‍ കുത്തിയിറക്കിയിരുന്നെങ്കില്‍...

വരമ്പിനു മുകളില്‍ വെളിച്ചം മങ്ങി. മറിയായോടു പറയാതെ അയാള്‍ ഇറങ്ങി. അക്കല്‍ദാമയില്‍ അപ്പൊഴും കഴുകന്മാര്‍ വട്ടമിട്ടു പറക്കുന്നുണ്ടായിരുന്നു. പകുതി കത്തിപ്പോയ അത്തിയുടെ ചുവട്ടില്‍ സ്കറിയായുടെ ശ്വാസത്തെ വിഴുങ്ങിക്കളഞ്ഞ കയറുകഷണം കിടക്കുനു. അതില്‍ ഉണങ്ങി ഒട്ടിയിരുന്ന രക്തം അയാള്‍ നഖം കൊണ്ടു ചിരണ്ടിക്കളഞ്ഞു. കുരുക്കിന്റെ വാ വട്ടം വലുതാക്കി. പച്ചമണ്ണു പുതഞ്ഞു കിടക്കുന്ന സ്കറിയായുടെ കുഴിമാടത്തില്‍ അയാള്‍ കമഴ്ന്നു വീണു ചുംബിച്ചു.

കഴുത്തിലേക്ക് കുരുക്കിടുമ്പോള്‍ അയാളുടെ കൈകള്‍ വിറച്ചു. വല്ലാത്ത പരവേശം. ദേഹമാകെ വിയര്‍ക്കുന്ന പോലെ. തകര്‍ന്നു വീഴുന്ന കോട്ടയ്ക്കു നടുവില്‍ നില്‍ക്കുന്നതു പോലെ അപ്പോള്‍ ബറാബസിനു തോന്നി. ആയുധവും അണികളും നഷ്ടപ്പെട്ട് സര്‍വ്വാപരാജിതനായി, അയാള്‍ നിസ്സഹായനായി അത്തിമരത്തില്‍ ചാരിയിരുന്നു. പരാജിതനും ഭീരുവുമായി. പിന്നെ തിരികേ മറിയായുടെ വീട്ടിലേക്കു നടന്നു. അവളുടെ വാതിക്കല്‍ ശരറാന്തല്‍ മുനിഞ്ഞു കത്തുന്നുണ്ടായിരുന്നു.

8 അഭിപ്രായങ്ങൾ:

കാപ്പിലാന്‍ പറഞ്ഞു...

അരുണ്‍ ..ഈ കഥ എനിക്ക് വളരെ ഇഷ്ടപ്പെട്ടൂ .നന്നായി അവതരിപ്പിച്ചിരിക്കുന്നു .ആശംസകള്‍

അജ്ഞാതന്‍ പറഞ്ഞു...

Dear Arun

Really marvelous job.
An untold perspective for the history
Also the selection of characters and linking

GUNANAN

അരുണ്‍ ചുള്ളിക്കല്‍ പറഞ്ഞു...

:-)

hAnLLaLaTh പറഞ്ഞു...

ബൈബിള്‍ കഥകള്‍ കൂടുതല്‍ അറിയില്ലാ

അവതരണം ഗംഭീരം,...
അഭിനന്ദനങ്ങള്‍...

hAnLLaLaTh പറഞ്ഞു...

ബൈബിള്‍ കഥകള്‍ കൂടുതല്‍ അറിയില്ലാ

അവതരണം ഗംഭീരം,...
അഭിനന്ദനങ്ങള്‍...

...പകല്‍കിനാവന്‍...daYdreamEr... പറഞ്ഞു...

Cool man.. Very Good.. I like the way of writing.. Sorry for writing in English.. google indic is not working..
All the best..

lakshmy പറഞ്ഞു...

ഇഷ്ടമായി കഥ:)

അരുണ്‍ ചുള്ളിക്കല്‍ പറഞ്ഞു...

:-)