-->

Followers of this Blog

2009, മേയ് 16, ശനിയാഴ്‌ച

അപരന്മാരുടെ കളികള്

പനച്ചി പണ്ടു മനോരമയില്‍ അപരന്മാരുടെ വിവിധാര്ത്ഥങ്ങള്‍ ശബ്ദതാരാവലി ആധാരമാക്കി എഴുതിയതിനാല്‍ അതിന്റെ പിറകേ പോകുന്നതില്‍ വലിയ പ്രസക്തിയില്ല. തെരഞ്ഞെടുപ്പില്‍ അപരന്മാര്‍ വരുന്നത് പുതുമയല്ല. ഒന്പതാം ക്ളാസില്‍ പഠിക്കുമ്പോള്‍ സഹപാഠി ശ്രീകുമാറിനെ ജയിപ്പിക്കാന്‍ എസ്.എഫ്.ഐ സ്ഥാനാര്‍ത്ഥി ആന്റണി ജിജുവിനെതിരെ ആന്റണി ജോജോയേ നിര്‍ത്തി പണ്ടു പയറ്റിയ തന്ത്രം ഇപ്പോള്‍ ഓര്‍ക്കുന്നു. ജോജോയ്ക്ക് അന്നു ആറു വോട്ടാണു കിട്ടിയത് ശ്രീകുമാര്‍ 10 വോട്ടിനു ജയിക്കുകയും ചെയ്തു.

അപരന്മാര്‍ ഇക്കുറി പാരയായത് അഡ്വ. മുഹമ്മദ് റിയാസിനാണു. കോഴിക്കോട് മണ്ഡലത്തില്‍ എം. കേ രാഘവനോടു മത്സരിച്ച റിയാസ് വെറും 836 വോട്ടിനാണു പരാജയപ്പെട്ടത്. കല്ലുകടിയായത് അപരന്മാരായ റിയാസ്, കേ. മൊഹമ്മദ് റിയാസ്, പി മുഹമ്മദ് റിയാസ്, പി. ഏ. മുഹമ്മദ് റിയാസ് എന്നിവര്‍. പോക്കറ്റിലാക്കിയത് ഏകദേശം 4800 വോട്ടുകളാണു. എം. രാഘവന്‍ എന്ന അപരന്‍ 1750 വോട്ട് നേടിയെങ്കിലും റിയാസുമാരു വാരിയ വോട്ടുകള്‍ നിര്‍ണ്ണായകമായി എന്ന കാര്യത്തില്‍ സംശയമില്ല. സതീശന്‍ പാച്ചേനിക്കും അപരനായ സതീശന്‍ ഇ.വി നല്കിയ തിക്താനുഭവം മറക്കാവുന്നതല്ല. എതിര്‍ സ്ഥാനാര്‍ത്ഥിയായ എം.ബീ രാജേഷിനോട് വെറും 1820 വോട്ടിനു പരാജയപ്പെട്ട പാച്ചേനി, ഇ.വി നേടിയ 5478 വോട്ടുകളേക്കുറിച്ച് ഓര്‍ത്തില്ലെങ്കിലേ അത്ഭുതമുള്ളൂ.

വയനാട്ടില്‍ കന്നിക്കാരനായ എം ഐ. ഷാനവാസിനു മുരളി ഫാകടര്‍ പോലേ തന്നെ വെല്ലുവിളിയാകാതെ പോയി അപരന്മാരും. ഷാനവാസ് മനക്കുളങ്ങരപറമ്പിലും അഡ്വ. ഷാനവാസ് മലപ്പുറവും ചേര്‍ന്നു 5500 വോട്ടുകള്‍ കൈക്കലാക്കിയെങ്കിലും ഏറ്റവും ഉയര്‍ന്ന ഭൂരിപക്ഷത്തില്‍ ജയിച്ച സ്ഥാനാര്‍ത്ഥിയാകാന്‍ എം. ഐ. ഷാനവാസിനു കഴിഞ്ഞു. സിറ്റിങ്ങ് എം.പി. അഡ്വ. പി. സതീദേവിക്കെതിരെ വ്യക്തമായ ഭൂരിപക്ഷത്തിനാണു മുല്ലപ്പിള്ളി രാമചന്ദ്രന്‍ ജയിച്ചത്. എങ്കിലും സതീദേവിക്കു കിട്ടുമായിരുന്ന 5000-ത്തോളം വോട്ടുകളാണു സതീദേവിയും, പി. സതീദേവി പള്ളിക്കലും ചെര്‍ന്നു ഇല്ലാതാക്കി കളഞ്ഞത്.

ഏറ്റവും അധികം അപരന്മാര്‍ മത്സരിച്ചത് കോട്ടയതാണു. യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ജോസ് കെ മാണിക്കെതിരെ മൂന്നു പേരും (ജോസ്, ജോസ് മാത്യു, ജോസ് കെ മാണി) സുരേഷ് കുറുപ്പിനെതിരെ നാലു പേരും (സുരേഷ് എല്‍.ബി. കുറുപ്പ്, സുരേഷ് കുറുമ്പന്‍, സുരേഷ് ടി. ആര്‍, സുരേഷ് കുമാര്‍ കേ). തിരുവനന്തപുരത്ത് ശശി തരൂറിനു ശശി ജാനകിയും ശശി കളപ്പുരക്കലും വെല്ലുവിളിയായതെ ഇല്ല. ആറ്റിങ്ങലില്‍ എ. സമ്പത്തിനെതിരേ പ്രൊഫ. ജി. ബാലചന്ദ്രനു ലീഡ് വ്യത്യാസം കൂട്ടുന്നതില്‍ ബാലചന്ദ്രന്‍ കെ. (1517 വോട്) ബാലചന്ദ്രന്‍ സി.പി. (740) എന്നിവര്‍ക്ക് കൂടി പങ്കുണ്ട്. ആലത്തൂരില്‍ മത്സരിച്ച എന്. കെ. സുധീറിന്റെ അപരന്‍ കെ. കെ. സുധീറാണു ഏറ്റവും അധികം വോട്ട് നേടി അപരന്മാരില്‍ കേമനായത്. എകദേശം 7000-ത്തിലധികം വോട്ട്. രസകരമായ വസ്തുത ബി.എസ്.പി സ്ഥാനാര്‍ത്തി ഡോ. ഡി സുദേവനെ പിന്തള്ളി കെ.കെ. സുധീര്‍ നാലാം സ്ഥാനത്തെത്തി എന്നതാണു.

കൊല്ലത്ത് എന്‍ പീതാംബരക്കുറുപ്പിന്റെ അതേ പേരില്‍ മത്സരിച്ച അപരന്‍ നേടിയ 4000-ത്തോളം വോട്ടുണ്ടായിരുന്നെങ്കില്‍ അദ്ദേഹത്തിനു ലീഡ് നില കുറച്ചു കൂടെ ഉയര്‍ത്താമായിരുന്നു. സിന്ധു ജയനും സിന്ധു കെ.എസും ചേര്‍ന്നു 6000 വോട്ടുകള്‍ എടുത്തില്ലായിരുന്നെകില്‍ കെ.വി. തോമാസിനു കുടിക്കാനുള്ള വെള്ളം കൊച്ചീക്കായലീന്നു കോരേണ്ടി വന്നേനെ. കൊച്ചീക്കാര്‍ക്കു കിട്ടാവുന്നതിലധികം വെള്ളം മാഷിനെക്കൊണ്ടു കുടിപ്പിച്ചിട്ടാണു എല്‍.ഡി.എഫ്. സ്ഥാനാര്‍ത്ഥി സിന്ധു ജോയി തോല്‍വി സമ്മതിച്ചത്. ഹുസൈന്‍ ര്ണ്ടത്താണിക്ക് പൊന്നാനിയില്‍ നാലപരന്മാരുണ്ടായിട്ടും ഫലത്തില്‍ ഗുണമൊന്നും കണ്ടില്ല.

പത്തനം തിട്ടയില്‍ ആന്റൊ ആന്റണിയുടെ പെരില്‍ തന്നെ അപരനിണ്റങ്ങി 2000-ത്തിനടുത്ത് വോട്ടു സ്വന്തമാക്കി. ഇടുക്കിയിലും, മാവേലിക്കരയിലും, മലപ്പുറത്തും, കാസര്‍കോടും, ആലപ്പുഴയിലും അപരന്മാര്‍ ഇറങ്ങിയില്ല. ചാലക്കുടിയില്‍ യു.ഡി.എഫ്. സ്ഥാനാര്‍ത്ഥി കേ.പി. ധനപാലനെതിരെ പരാജയപ്പെട്ട അഡ്വ. യു.പി ജോസഫിനു കൂട്ടായി വെറും യു.പി. ജോസഫുണ്ട്.

അപരന്മാര്‍ ഇലക്ഷനിലേ മാര്‍കറ്റിങ്ങ്‌ തന്ത്രമായി മാറിയിട്ടുള്ളതാണു. ചിലയിടത്ത് മാത്രം അപരതന്ത്രം വിജയിക്കുന്നുള്ളുവെങ്കിലും ഇലക്ഷന്‍ ഉള്ളിടത്തോളം കാലം അപരന്മാര്‍ അരങ്ങിലുണ്ടാവും, വില്ലനായും കോമാളിയായും ഒരു പക്ഷേ നായകനായും.

4 അഭിപ്രായങ്ങൾ:

അജ്ഞാതന്‍ പറഞ്ഞു...

സംഭവാമി യുഗേ യുഗേ.....

ബഷീർ പറഞ്ഞു...

മുഹമ്മദ് റിയാസിനെ തോത്പിച്ചത് അപരൻ തന്നെ.. ഈ അപരന്മാരെ ഒതുക്കാൻ ഒരു വഴിയുമില്ലാത്തിടത്തോളം ..അത് തന്നെ...സംഭവാമി ...യു ഗോ.. യു ഗോ :)

പകല്‍കിനാവന്‍ | daYdreaMer പറഞ്ഞു...

:)

ഹന്‍ല്ലലത്ത് Hanllalath പറഞ്ഞു...

റിയാസ്‌ ജയിക്കേണ്ടിടത്ത് തോറ്റു പോയത് അപരന്മാര്‍ കാരണം മാത്രമാകാം...