-->

Followers of this Blog

2009, മേയ് 25, തിങ്കളാഴ്‌ച

ഇരുട്ടിന്റെ കവിത

നിങ്ങളെന്നെ കറുപ്പെന്നു വിളിച്ചു
എനിക്കൊരിക്കലും നിറമുണ്ടായിരുന്നില്ല.

എന്നിലേക്കു വിരല്‍ ചൂണ്ടി
നിങ്ങളുടെ കുഞ്ഞുങ്ങള്‍ ചോറുണ്ടു
അവര്‍ക്കെന്നും എന്നെ ഭയമായിരുന്നു.

യക്ഷിയും മറുതയും ഒടിമറയനും
ചാത്തന്‍ മറഞ്ഞിരുന്ന കല്ലേറും
ചോരയൂറ്റാനായലഞ്ഞൊരു രക്ഷസും
എന്നോട് ഗണം ചേര്‍ത്തു
നിശാചരരെന്നു വിളിപ്പേര്‍

കണ്ണിലേ രക്തം വറ്റിപ്പോയവര്‍,
അറിവ് തീണ്ടാത്തവര്‍,
ബോധം നശിച്ചവര്‍,
അപഥസഞ്ചാരിണികള്‍,
വഴിപിഴച്ചവര്‍,
ചോരന്മാര്‍, മനസാക്ഷി
വേരറ്റു പോയവര്

അവര്‍ പാഞ്ഞു പോയവഴികളെ നിങ്ങള്‍
പുഛിച്ചും ഒട്ടോരവജ്ഞയോടും
ഇരുട്ടിന്റെ വഴികളെന്നു വിളിച്ചു.

ഞാന്‍ പിഴച്ചതെന്ത്?
വെളിച്ചത്തിനു ധൈര്യമില്ലാതേ പോയത്
ആരുടെ തെറ്റ്?

തന്റെ പാതയേ തടുക്കുന്ന കൈകളില്‍ തട്ടി
ഉടഞ്ഞു പോയ വെളിച്ചത്തേ നിങ്ങള്‍
പൂവിട്ടിരുത്തി.

മരവും മതിലും
ഭൂമിയുടെ പാതിയും
ഭയന്നൊളിച്ചിരുന്നവന്‍
മടങ്ങിയ വഴികളില്‍ പരന്ന-
താണീക്കറുപ്പതില്‍ തെല്ലുമെനിക്കില്ല പാപം
പിന്നീ കല്ലുകളെന്റെ നേര്‍ക്കെറിയുന്നതെന്ത്?

ജീവന്റെ നിറമായവന്‍ ചരിക്കട്ടേ
മരണത്തിന്‍ ഗന്ധമെനിക്കു കല്പിക്കിലും
ശപിക്കപ്പെട്ടവനെന്നും വിളിക്കാമീ
കുറ്റപത്രം ഞാന്‍ സ്വീകരിക്കുന്നു

എങ്കിലും...

ഇരുളിന്റെ കുളിര്മ്മയെടുത്തു കൊള്‍ക ഞാന്‍
നിലാവിനു നല്കിയ നീലിമയും
രാത്രിക്കു നല്‍കിയ ലാവണ്യവും
എന്നില്‍ പെയ്യുന്ന മഴയുടെ
തണുപ്പും താളവുമെന്റെ-
പ്രഭമങ്ങുമീ ഉദയവും
ചുവപ്പിന്‍ കളമിട്ട സായാഹ്നവും
എന്‍ നേഞ്ഞത്തു ചായും നിന്
കൊച്ചു മയക്കവും.

പിന്നെ

എന്നെ ജയിക്കുവാന്‍ തെളിച്ചൊരു
മണ്ണെണ്ണ വിളക്കിന്‍ കഥയൊരു
വീരഗാഥയായ്
പുസ്തകത്താളില്‍ പരത്തിയെഴുതിയാ-
ചാരുകസേരയില്‍ ഞെളിഞ്ഞിരിക്കുക നീ

5 അഭിപ്രായങ്ങൾ:

ഹന്‍ല്ലലത്ത് Hanllalath പറഞ്ഞു...

ഇരുളിനെ തിന്മയാക്കി ചിത്രീകരിക്കുന്നതിനോട്
കറുപ്പിനെ കൊള്ളരുതാത്തതാക്കുന്നതിനോട് പ്രതിഷേധം..

Thus Testing പറഞ്ഞു...

ഹന്‍ലലത്ത് പറഞ്ഞതും ഞാന്‍ ചിന്തിച്ചതും ഒന്നു തന്നെ. നന്ദി.

ബിനോയ്//HariNav പറഞ്ഞു...

ബിംബങ്ങള്‍ക്ക് പറയാനുള്ളത്..

നന്നായി മാഷേ വരികള്‍ :)

Thus Testing പറഞ്ഞു...

ബിനോയ്,

Thanks

കെ.കെ.എസ് പറഞ്ഞു...

നന്നായിരിക്കുന്നൂ ഈ ഇരുളിന്റെ വിങൽ..ആശംസകൾ