-->

Followers of this Blog

2009, മേയ് 17, ഞായറാഴ്‌ച

സന്ദേശകാവ്യാത്മക ബൂലോകം

“ആവിശ്ചിന്താഭരവനരിപ്പാട്ടു വാണൊരു കാലെ
സേവിക്കാനായ്...”

ആദ്യമായി വായിക്കുന്ന സന്ദേശകാവ്യം 'കേരളവര്‍മ്മ വലിയകോയിത്തമ്പുരാന്റെ' മയൂര സന്ദേശമാണു. ആഗ്രഹം കൊണ്ടു വായിച്ചതല്ല. ഒന്പതാം ക്ളാസിലെ മലയാളം ടെക്സ്റ്റില്‍ അതു നിര്‍ബന്ധ പാഠം ആയിരുന്നു. കാളീദാസന്റെ 'മേഘസന്ദേശ'ത്തിന്റെ ചുവടുപിടിച്ചാണു കേരളവര്‍മ്മ മയൂരസന്ദേശം എഴുതിയത്. നരേന്ദ്രദിഷ്ടത്വം അഥവാ രാജകോപം മൂലം, കേരളവര്‍മ്മ ഹരിപ്പാട് താമസിക്കുന്ന കാലത്ത് വിരഹിതനായി തന്റെ പ്രേയസിക്കു മുരുകവാഹനമായ മയില്‍ വശം അയക്കുന്ന സന്ദേശമായിട്ടാണു മണിപ്രവാളശൈലിയിലുള്ള ഈ കാവ്യം പുരോഗമിക്കുന്നത്.

മണിപ്രവാളത്തിലുള്ള ഉണ്ണുനീലിസന്ദേശമാണു മലയാളത്തിലേ പ്രഥമ സന്ദേശകാവ്യം. ഉണ്ണുനീലിയുടെ പ്രിയതമനില്‍ അനുരക്തയായ ഒരു യക്ഷി അദ്ദേഹം ശയിച്ചുകൊണ്ടിരിക്കെ അപഹരിച്ചു കൊണ്ടു പോകുന്നു. വഴിമധ്യേ വെച്ചു ഉണരുന്ന നായകന്‍ മന്ത്രം ജപിച്ച് യക്ഷിയില്‍ നിന്നു വിമുക്തനായി ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിനടുത് പതിക്കുന്നു. പിന്നീട് രാജാവായ ആദിത്യവര്‍മ്മ വഴി കടുത്തുരുത്തിയില്‍ താമസിക്കുനു ഉണ്ണൂലിക്ക് സന്ദേശം അയക്കുന്നതാണു ഇതിവൃത്തം. അയക്കുന്ന സ്ഥലത്തു നിന്നും എത്തേണ്ട സ്ത്തലം വരെയുള്ള വഴികൂടി സന്ദേശകാവ്യങ്ങളില്‍ വിവരിക്കുന്നതിനാല്‍ അവ അക്കാലത്തിന്റെ സ്ഥലവിവരങ്ങളും വായനക്കാരനു നല്‍കുന്നുണ്ട്.

പശ്ചാത്യ സാഹിത്യത്തില്‍ എപിസ്തോലറി എന്ന വിഭഗത്തിലാണു സന്ദേശകാവ്യത്തോടു സാമ്യമുള്ള കൃതികള്‍ വരുന്നത്. പക്ഷേ ഇതില്‍ സന്ദേശവാഹകന്‍ ഇല്ലായെന്നു തന്നെ പറയാം. എഴുത്തയക്കുന്ന ആളും വായിക്കുന്നയാളും മാത്രമേ ഉള്ളു. പതിനെട്ടാം നൂറ്റാണ്ടിലാണു എപിസ്തോലറി സാഹിത്യം ജനപ്രിയമാകുന്നത്. ഇംഗ്ളീഷ് സാഹിത്യത്തിലേ ആദ്യ നോവല്‍ എന്നു അവകാശപ്പെടുന്നവയില്‍ ഒന്നായ (ജോണ്‍ ബനിയന്റെ പില്‍ഗ്രിംസ് പ്രോഗ്രസ്സ്, ഫിലിപ്പ് സിഡ്ണിയുടെ ദ് കൌണ്ടസ്സ് ഒഫ് പെമ്പ്രോക്സ്, ഡാനിയെല്‍ ഡെഫോയുടെ റൊബിന്‍സന്‍ ക്രൂസോ തുടങ്ങിയവയൊക്കെ ആദ്യ നോവല്‍ ആണെന്ന തര്‍ക്കം നിലവിലുണ്ട്) സാമുവെല്‍ റിച്ചാഡ്സന്റെ പമീല(Virtue Rewarded)യാണു സന്ദേശസാഹിത്യം ഒരു ട്രെന്റ് ആക്കിയത്. വേലക്കാരിയായ പമീല തന്റെ യജമാനന്റെ പ്രലോഭനങ്ങളെ അതി ജീവിക്കാന്‍ മാതാപിതാക്കളോട് ഉപദേശം അപേക്ഷിച്ച് അയക്കുന്ന ലെറ്ററുകളായാണു നോവലിന്റെ അവതരണം. റഷ്യന്‍ സാഹിത്യകാരന്‍ ഫയദോര്‍ ഡോസ്റ്റോവ്സ്കിയുടെ ആദ്യനോവലായ പാവപ്പെട്ടവര്‍ (Poor Folks) സന്ദേശശൈലിയിലുള്ള നോവല്‍ ആണു. വിപ്ളവത്തിനു മുന്‍പുള്ള റഷ്യയിലേ ദുരിതജീവിതത്തിന്റെ ചിത്രങ്ങല്‍ രണ്ടു സുഹൃത്തുക്കള്‍ തമ്മിലയക്കുന്ന കത്തുകളിലൂടെ ഡോസ്റ്റോവ്സ്കി വരച്ചിടുന്നു.

ജവഹര്‍ലാല്‍ നെഹ്രുവിന്റെ ഒരച്ചന്‍ മകള്‍ക്കയച്ച കത്തുകള്‍ (Letters from a Father to his Daughter) പിന്നീടാണു പുസ്തകം രൂപം കൈവരിച്ചതെങ്കിലും ഈ ഒരു വിഭാഗത്തില്‍ പെടുത്താവുന്നതാണു. ഭൂമിയുടെയും ജീവജാലങ്ങളുടെയും ഉത്ഭവവും സമൂഹത്തിന്റെയും സംസ്കാരത്തിന്റെയും രൂപാന്തരണവും വളര്‍ച്ചയും നെഹ്രു മകള്‍ക്ക് വിശദീകരിക്കുന്നു.വെറുമൊരു ലെറ്റര്‍ എന്നതിലുപരി, പൊതുവായതോ സാമൂഹികമോ ധാര്‍മ്മികമോ സാംസ്കാരികമോ ആദര്‍ശപരമോ രാഷ്ട്രീയപരമോ ആയിട്ടുള്ള വിഷയങ്ങള്‍ കൂടി കൈകാര്യം ചെയ്തിട്ടുള്ളവയാണു ഈ സൃഷ്ടികള്‍. മുഹമ്മദ് ബഷീറിന്റെ നേരും നുണയും, അനുരാഗത്തിന്റെ ദിനങ്ങള്‍ (കുറെക്കൂടി വ്യക്തിപരമാണു) എന്നിവയും ഇവിടെ ചേര്‍ക്കുന്നു. ഒരാള്‍ക്കെഴുതുന്നവയെങ്കിലും സാര്‍വത്രികമായി സംസാരിക്കുന്നവയാണു ബൈബിളിലുള്ള സന്ദേശ സാഹിത്യങ്ങള്‍. ബൈബിള്‍ ഒരു സാഹിത്യ ഗ്രന്‍ഥം എന്ന നിലയിലെടുത്താല്‍ സെയിന്റ് പീറ്റര്‍, സെയിന്റ് പോള്‍, സെയിന്റ് ജോണ്‍, സെയിന്റ് ജേക്കബ് തുടങ്ങിയവര്‍ എഴുതിയ ലേഖനങ്ങള്‍ ഒരാളെയാണു അഭിസംബോധന ചെയ്യുന്നതെങ്കിലും അതൊരു സമൂഹത്തിനോ സമുദായത്തിനോ പൊതുവായി എഴുതിയിട്ടുള്ള സന്ദേശകൃതികളാണു.

സാഹിത്യലോകത്തിന്റെ വിവിധ വിഭാഗങ്ങള്‍ നിറഞ്ഞു നില്‍ക്കുന്ന ബൂലോകത്ത് സന്ദേശസാഹിത്യവും കണ്ടു വരുന്നതില്‍ അത്ഭുതമില്ല. ചാര്‍ളിയുടെ പ്രേമലേഖനമാണു ഇത്തരത്തില്‍ ഞാനാദ്യം വായിക്കുന്നത്. പ്രേമലേഖനത്തിന്റെ പുത്തന്‍ രൂപവും ഒരു നിഷ്കാസിതകാമുകന്റെ വികാരങ്ങളും വിചാരങ്ങളും നര്മ്മത്തിന്റെ മേമ്പൊടിയോടെ അപ്രകാശിത പ്രേമലേഖനവും രണ്ടാം ഭാഗവും ചേര്‍ത്ത് ബെര്‍ളി നന്നായി അവതരിപ്പിച്ചു. എനിക്കു തോന്നുന്നത് അതു ഈമെയിലായി ഒരുപാടു ദൂരം സഞ്ചരിച്ചിട്ടുണ്ട് എന്നാണു. ഈ ഴാനറില്‍ കുറെക്കൂടി ഗൌരവമായതും പൊതുസ്വഭാവമുള്ളതുമായ വിഷയം കൈകാര്യം ചെയ്യാന്‍ കുടി ബെര്ളിത്തരങ്ങള്‍ക്ക് കഴിഞ്ഞിട്ടുണ്ട്. ഡിപ്രഷന്‍ കാലത്തേ പ്രൊപോസലും, സതാംപ്റ്റണില്‍ നിന്നു സണ്ണിക്കുട്ടിയുടെ എഴുത്തും ,പ്രൊമോഷണല്‍ കം മോട്ടിവേഷണലും ആഗോള സാമ്പത്തീക പ്രതിസന്ധിയുടെ വൈവിധ്യമുള്ള ചിത്രങ്ങള്‍ തുറന്നു കാണിക്കുന്നു. മാഷു പറഞ്ഞത് പോലുള്ള ബ്ളോഗ്ഗിങ്ങിന്റെ നേര്‍ വഴിയിലേ സാമൂഹിക പ്രതിബദ്ധത ഇവയില്‍ കാണാം. രചനാസങ്കേതം ഒന്നുതന്നെയെങ്കിലും മടുപ്പിക്കുന്നില്ല. നല്ല ക്ളൈമാക്സുകളും.

കൊള്ളികളിലും കണ്ടൊരു സന്ദേശം. മലയാളനാടിനു മുകളിളുടെ പറക്കുന്ന മേഘത്തോട് കൊള്ളി വെച്ച പരിഭവങ്ങള്‍. പരിഭവങ്ങള്‍ അല്പം കടന്നു പോയെങ്കിലും നല്ല കവിത. ഇവിടെ മേഘം സന്ദേശവാഹകന്‍ അല്ല, ശ്രോതാവാണു. സവ്യന്‍ പുതുതായി രണ്ടു കത്തു കൂടി ഇട്ടിട്ടുണ്ട്. നീല്‍ തോമായുടെ ഡിലെമ്മ (ഇനി ഡൈലെമ തന്നെയോ?) അല്പം വളച്ചു വിട്ട ശരമാണു. ബെര്‍ളിയുടെ പോര്‍ണോയ്ക്ക് നേരെയെന്നു അഭിപ്രായങ്ങളില്‍ നിന്നു തോന്നിയെങ്കിലും തോമായുടെ പ്രതിസന്ധി പൊതുവായ ചില പ്രതിഭാസങ്ങളിലേക്കുള്ള തൊടുക്കലാണെന്നാണു എനിക്കു മനസിലായത്. മന്ദ്യ കാലത്തേ പത്രധര്മ്മം കുറിക്കു കൊള്ളുന്നു.

കൂടുതല്‍ പോസ്റ്റുകള്‍ ഉദാഹരിക്കാത്തത് എന്റെ വായനാപരിധി കുറഞ്ഞുപോയത് കൊണ്ടാണു. എന്തായാലും എനിക്കു തോന്നുന്നത് ഈ വിഭാഗത്തില്‍ കൂടുതള്‍ പോസ്റ്റുകള്‍ വരുമെന്നാണു. പുതിയൊരു ട്രെന്റ് ആയിമാറിയേക്കാമെന്നു തന്നെ.ബൂലോക സന്ദേശകാവ്യ പ്രസ്ഥാനം വളരുകയും തഴച്ചു വളരുകയും പുഷ്പ്പിക്കുകയും ഫലം പുറപ്പെടുവിക്കുകയും ചെയ്യട്ടേ. ആശംസകള്‍.

1 അഭിപ്രായം:

പകല്‍കിനാവന്‍ | daYdreaMer പറഞ്ഞു...

എന്തിനധികം . ഇതുതന്നെ ധാരാളം..
:)
Good post