അലഞ്ഞുപോകുന്നവന്റെ ത്വരയില്ലാതെ...തീര്‍ത്ഥാടകന്റെ വിശുദ്ധിയില്ലാതെ...കാല്പാടുകള് മാഞ്ഞ വഴികളിലൂടെ...
Followers of this Blog
2008, ഡിസംബർ 2, ചൊവ്വാഴ്ച
അഭയാക്കേസ് വലതുകരണത്തടിക്കുമ്പോള്‍
സഹനത്തിന്റെ ഏറ്റവും ഉയര്‍ന്ന ഡിഗ്രിയാണു ഇതിലൂടെ യേശു ഉദ്ദേശിക്കുന്നത്. വലതുകരണത്തടിക്കുക എന്നത് അസ്വാഭാവീകമാണു. സാധാരണഗതിയില്‍ ഒരാള്‍ക്ക് ഇടതുകരണത്തേ അടിക്കാന്‍ കഴിയൂ. വലതുകരണത്തടിക്കണമെങ്കില്‍ വലതുകൈയുടെ പുറം ഭാഗം കൊണ്ടടിക്കണം. പുറംകൈക്ക് അടികൊള്ളുക എന്നത് ഏറ്റം ഹീനവും അപമാനകരവുമായി കരുതിയിരുന്ന സമൂഹത്തിലാണു യേശു ഇങ്ങനെ ഒരു സ്റ്റേറ്റ്മെന്റ് പറയുന്നത്. അതു കൊണ്ടുതന്നെ, ഏറ്റവും അപമാനപരമായ അവസ്ഥയില്‍ പോലും സംയമനം പാലിക്കാന്‍ അദ്ദേഹത്തിന്റെ അനുഗമിക്കുന്ന സഭയ്ക്ക് ധാര്‍മ്മികമായ ഉത്തരവാദിത്വം ഉണ്ട്.
സിസ്റ്റര്‍ ആനിയുടെ ലേഖനം ഡീക്കന്‍ റോബിന്റെ ബ്ളൊഗില്‍ വായിച്ചു. സി.സ്റ്റെഫിയെ ലോകത്തിന്റെ വിശുദ്ധീകരണത്തിനായി തെരഞ്ഞെടുക്കപ്പെട്ട സഹനത്തിന്റെ പ്രതീകമായി ചിത്രീകരിച്ചിരിക്കുന്നത് വായിച്ചാല്‍ വിശുദ്ധീകരണം എന്ന പദം പോലുമറയ്ക്കും. ഈ വേദന സഹിക്കുന്നു എന്നു പറയുന്ന ലേഖനം തുറന്നു വെക്കുന്നത് വേദന സഹിക്കാന്‍ കഴിയാത്ത സിസ്റ്റെറിന്റെ അസഹിഷ്ണുതയാണു. അറസ്റ്റിലായ ഉടന്‍തന്നെ സര്‍ക്കുലാര്‍ ഇറക്കിയ കോട്ടയം അതിരൂപതാ പി.ആര്‍.ഓയും ഇടയലേഖകനും ഉദ്ദേശിച്ചതു അറസ്റ്റിലായവര്‍ നിരപരാധികളാണു എന്ന അടിവരയിടുകയും സഭയുടെ മുഖം രക്ഷിക്കുകയുമാണു. പക്ഷേ അതുണ്ടാക്കിയത് വിപരീതഫലവും. വിശ്വാസികള്‍ക്കുണ്ടാകാവുന്ന സ്വാഭാവികമായ സംശയത്തേ ബലപ്പേടുത്തുക മാത്രമാണു അതു ചെയ്തത്. കാരണം അവയ്ക്ക് ആധികാരികത ഇല്ലായിരുന്നു എന്നത് തന്നെ.
അച്ചന്മാരും കന്യാസ്ത്രീയും നിരപരാധികളാണു എന്നു പറയുന്നവര്‍ക്ക് അതിനു തക്ക തെളിവു കൂടി നല്കാനുള്ള ബാധ്യതയുണ്ട്. കോട്ടുരാനച്ചനും പിതൃക്കയിലച്ചനും അഭയ മരിച്ചതിന്റെ തലേന്നു രാത്രി വൈകീട്ടും കോണ്‍വെന്റിലുണ്ടായിരുന്നു എന്നത് തെറ്റാണെങ്കില്‍ പിന്നെ അവര്‍ എവിടെയായിരുന്നു എന്നു ബോധ്യപ്പെടുത്താന്‍ ഈ ലേഖനങ്ങള്‍ക്ക് കഴിഞ്ഞിട്ടില്ല. മത്രമല്ല ഇതൊരു കെട്ടിച്ചമച്ച കേസ് ആണു എന്നു പറയുന്നതിനു വ്യക്തമായ അടിസ്ഥാനം നല്കുന്ന സ്ഥിതിവിവരങ്ങളും ഇതില്‍ ഇല്ല.
മറിച്ച് വിജൃംഭിതമായ വികാരങ്ങളുടെ വാചാടോപം മാത്രമേ ഉള്ളൂ. അത് വിവേകത്തെ കുറിക്കുന്നുമില്ല.
കുറ്റാരോപിതരുടെ അപരാധിത്വം സി.ബി.ഐ.ക്കും നിരപരാധിത്വം സഭയ്ക്കും വ്യക്തമായി തെളിയിക്കാന്‍ സാധിക്കാത്ത ഈ സാഹചര്യത്തില്‍, യേശുവിന്റെ ഈ ഉപദേശം മുഖവിലയ്ക്കു സഭ കൈക്കൊള്ളണം എന്നാണു എനിക്ക് തോന്നുന്നത്. അഭയക്കേസ് നമ്മുടെ വലതുകരണത്തു പതിച്ച അടിയാണു. സംയമനപൂര്‍വ്വം ഇടതു കരണം കൂടി കാണിച്ചു കൊടുക്കുക എന്ന നയമാണു നാം ഉള്‍ക്കൊള്ളേണ്ടത്. അതാണു യഥാര്‍ത്ഥ സഹനവും.
നാളെ, ഈ കേസില്‍ ഇവര്‍ നിരപരാധികളാണു എന്നു തെളിഞ്ഞാല്‍ അതു സഭയുടെ പ്രതിഛായ വര്‍ദ്ധിപ്പിക്കും എന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല. നേരെ മറിച്ച് ഇവര്‍ അപരാധികളായാല്‍ വികാരഭരിതരായി ഇന്നു നാമെഴുതുന്ന ലേഖനങ്ങളുടെ പുനര്‍വായന മാത്രം മതി, സഭയുടെ അന്തസ്സിനു മങ്ങലേല്പ്പിക്കാന്‍. അതു കൊണ്ട് ഈ അവസരത്തില്‍ വിചാരപൂര്‍വ്വമായ സംയമനം സഭയും വിശ്വാസികളും അനുഭാവികളും ഉള്‍ക്കൊള്ളണമെന്നാണു ഒരു അല്മായന്‍ എന്ന നിലയില്‍ എന്റെ അഭ്യര്‍ത്ഥന.
2008, നവംബർ 13, വ്യാഴാഴ്‌ച
പാവം പെട്രോള്‍ കമ്പനികള്‍
എണ്ണകമ്പനികളു പ്രതിവര്ഷം ബ്രാന്ഡ് അമ്പാസഡര്‍മാര്‍ക്കും, പരസ്യത്തിനും വേണ്ടി ഒഴുക്കുന്നത് രണ്ടായിരത്തില്‍ പരം കോടി രൂപാ. പിന്നെയ് പരസയം കണ്ടല്ലെ നമ്മള്‍ പെട്രോളടിക്കുന്നതു. പിന്നെ എണ്ണിയാലൊടുങ്ങാത്തത്ര എണ്ണകമ്പനികള്‍ നാട്ടില്‍ മുളച്ചു നില്‍ക്കുവല്ലെ പരസ്യം കാണിച്ചു വിപണി പിടിക്കാന്‍. മരങ്ങോടന്റെ വണ്ടിയില്‍ പെട്രോളു തീര്ന്നാല്‍ ചരിച്ചടിച്ചും, ചോക്ക് താങ്ങിയും ഉന്തിയും തള്ളിയും ഒരു കണക്കിനു അടുത്ത പമ്പില്‍ ചെന്നു എണ്ണ നിറക്കുമെന്നല്ലാതെ ആരാ, ബ്രാന്ഡ് നോക്കി അടിക്കുന്നത്.
എണ്ണപുരണ്ടു പണ്ടാരടങ്ങി ജീവിച്ചു മടുക്കാതിരിക്കാന്‍ കമ്പനികള്‍ ആഡംബര വിനോദങ്ങള്‍ക്കായി തൊലക്കുന്നതു പ്രതിവര്‍ഷം 800 കോടിയിലധികം വരും. ഇതാരുടെ പോക്കറ്റില്‍ നിന്നു കൊടുക്കണമെന്ന മോഹനാ നീ പറയുന്നത്.
ഈ കഴിഞ്ഞ ആഴ്ചകളില്‍ എണ്ണകമ്പനികളിലെ വിദ്വാന്മാര്‍ കൊച്ചി ടാജ് മലബാറില്‍ വന്നു പുട്ടടിച്ചും കള്ളുകുടിച്ചും മീറ്റിങ്ങു കൂടിയത് ഒന്നരക്കോടി രൂപയ്ക്ക്. ഇത്തരത്തില്‍ ഒരു വര്ഷം യെവന്മാര്‍ മീറ്റിങ്ങു കൂടി തകര്ക്കുന്ന കോടികള്‍ എത്രയെന്നു ഒടയതമ്പുരാനറിയാം.
ഈ നഷ്ടമൊക്കെ നികത്താനാ നമ്മളു ജനങ്ങളുടെ തലയില്‍ അമിത ചാര്ജ്ജ് ഈടാക്കി മന്മോഹന്‍ കമഴ്ത്തിക്കൊടുക്കുന്നത്. ബാരലിനു 60-ല്‍ താഴെ എത്തിയാല്‍ വിലകുറക്കുന്നതു പരിഗണിക്കമെന്നു പെട്രൊളിയം മന്ത്രി ചുമ്മാ തള്ളിയിരിക്കുമ്പോഴാ വില 52 ഡോളര്‍ വരെ എത്തുന്നത്. എന്നിട്ടും വിലകുറക്കില്ല.
ഇപ്പോഴത്തേ വാദം വെച്ചു വില എന്നു കുറയാനാ? എന്നാണു ഇവിടത്തെ കമ്പനികള്‍ നഷ്ടത്തില്‍ നിന്നും കര കയറുന്നത്? മോഹനനു ബോധമുണ്ട്. അതാ പുള്ളി മലമ്പാമ്പിനെ കിട്ടിയാല്‍ മാലയാക്കി ഇടാമെന്നു പറയുന്നതു. മലമ്പാമ്പിനെ കിട്ടുകയുമില്ല. മാലയൊട്ടിടുകയുമില്ല. ഡിസലിനും മണ്ണെണ്ണയ്ക്കും ഉള്ള സബ്സീഡിയില്‍ വന്ന നഷ്ടം എന്നൊക്കെ പറഞ്ഞു, ഞങ്ങളുടെ കണ്ണില്‍ മണ്ണിട്ടോളൂ. ഞങ്ങള്‍ ഈ നാട്ടിലെ ജനങ്ങളല്ലല്ലോ? അങ്ങയുടെ ജനങ്ങള്‍ ടാറ്റയും ബിര്‍ലയും അമ്പാനിയുമല്ലേ.
2008, നവംബർ 8, ശനിയാഴ്‌ച
വൈദ്യുതിചാര്‍ജ്ജ് കൂടുമ്പോള്‍
അതു ഞാന്‍ വില്‍ക്കാന്‍ വെച്ചു. നിങ്ങള്ക്ക് ഒരേ സമയം രണ്ടെണ്ണം വേണ്ടല്ലൊ.
വേണ്ട. പക്ഷെ നീയല്ലേ പറഞ്ഞതു രണ്ടണ്ണമുണ്ടെല്‍ സമയലാഭമാണു എന്നു.
ഇതിയാന്‍ വീട്ടില്‍ നില്ക്കുന്ന നേരം പണ്ടു ചെരട്ടാ കത്തിച്ചു ഒരാഴ്ചത്തേക്കുള്ളതു തേച്ചു വെക്കുമാരുന്നല്ലൊ.
അപ്പൊ ചിരട്ടപുകയടിച്ചു ഞാന്‍ കറുത്തുപോകുമെടി. ശോശയുടെ ഭര്‍ത്താവിനെപ്പോലേ ഞാനും വെളുക്കണ്ടേ?
ഓ..അതു നിങ്ങളു അമര്ത്തി തേച്ചു കുളിച്ചാല്‍ മതി കരിയങ്ങു പൊയ്ക്കോളും. പിന്നേയ്...അവിടെ വെറുതെ നിക്കുവാണെല്‍ ഇങ്ങോടൊന്നു വന്നേ...
എന്തിനാ...
ഇങ്ങു വാ മനുഷ്യാ...ഞാന്‍ പിടിച്ചിട്ട് ഇതനങ്ങുന്നില്ല.
ഇതിപ്പൊ എന്തിനാ ഈ അരകല്ല്.
നിങ്ങള്‍ക്ക് അരകല്ലില്‍ അരക്കുന്ന ചമ്മന്തി ഇഷ്ടമാണെന്നു, മമ്മി പറഞ്ഞു.
മമ്മി അതു പറഞ്ഞിട്ടു ഇപ്പൊ വര്‍ഷം രണ്ടായി. എനിക്കാണേല്‍ ഇപ്പൊ മിക്സിച്ചമ്മന്തി ഇല്ലാതേ ഒക്കുകേല.
നോക്കിനില്‍ക്കാതെ പിടിക്ക് മനുഷ്യാ..
നീയെന്റെ നടുവൊടിക്കും.
ആ അമ്മിക്കല്ലും ഉരലും കൂടി ഇങ്ങോട്ടടുപ്പിച്ചൊ..
കൊള്ളാം. ഇതും നീ വില്‍ക്കാന്‍ പോവാണോ? എന്റമ്മൂമ്മയ്ക്ക് സ്ത്രീധനം കിട്ടിയതാ ഇതൊക്കെ.
എന്നിട്ടാണോ ഇതൊക്കെ തൂത്തു തുടയ്ക്കാത്തതു?
ശെരി. നീയും കൂടി പിടിക്ക്...
പിന്നേയ്, പോകുന്നതിനു മുന്പ് പറമ്പില്‍ കിടക്കുന്ന ഓല കൂടി ഇങ്ങു വലിച്ചിട്ടേരെ. ഇന്നെനിക്ക് അവധിയാ. ഒന്നു രണ്ടു ചൂലുണ്ടാക്കിയേക്കാം.
അതിനു പുറം തൂക്കാനുള്ള ചൂലു ഇവിടെ ഇരിപ്പുണ്ടല്ലോ?
ഇതകത്തു പെരുമാറാനാണിഷ്ടാ..
അതിനല്ലേ സുന്ദരമ്മയൊരു വാക്വം ക്ളീനറുള്ളതു.
ഹോ അതിന്റെ ശബ്ദം കേള്ക്കുമ്പൊ എനിക്ക് പെരുത്തു വരും.
അതിനു ശബ്ദമില്ലല്ലൊ. ചെലപ്പൊ സൈലെന്സര്‍ കേടായിക്കണും. മെക്കാനിക്കിനെ വിളിപ്പിക്കാം.
അതൊന്നും വേണ്ട. തല്‍ക്കാലം ചൂലുമതി.
കൊള്ളാം നല്ലത്. അപ്പൊ ഇനി ഏയ്റൊബിക്സിനും എക്സെര്സൈസിനും വേറേ കാശു കളയണ്ട.
പിന്നെ വൈകീട്ട് തടിമില്ലില്‍ നിന്നും അറക്കപ്പൊടി വാങ്ങണം. കുറ്റിയടപ്പു വെറുതെ ഇരിക്കുവാ.
അറക്കപ്പൊടിയില്‍ പാമ്പ് കേറില്ലെ?
അതിനു വെള്ളുള്ളിയോ, കായമോ കലക്കി ഒഴിച്ചാല്‍ മതി.
കരിപിടിക്കും.
ഞാന്‍ സഹിച്ചു. കുറ്റിയടപ്പാണേല്‍ ഏതുനേരോം തീ കാണും. ചോറോ കറിയോ ഇടക്കു ചൂടാക്കാമല്ലോ.
ഓവനോ.
അതെടുത്തു പെട്ടിയില്‍ വെച്ചേക്കു. അത്യാവശ്യം വരുമ്പോ എടുക്കാം.
ഇനി വേറെ പണിയൊന്നുമില്ലല്ലോ. ഞാന്‍ കുളിക്കാന്‍ പോകുവാ..
എന്നാല്‍ കിണറ്റില്‍ നിന്നും വെള്ളമെടുത്തോളു.
അതെന്താ ടാങ്കില്‍ വെള്ളമടിച്ചില്ലേ. മോട്ടോര്‍ കേടായോ.
അതൊന്നുമല്ല. എല്ലാദിവസവും മോട്ടോര്‍ അടിക്കുന്നതെന്തിനാ. അത്യാവശ്യത്തിനുള്ള വെള്ളം മാത്രം എടുത്താല്‍ മോട്ടോര്‍ വെച്ചു മൂന്നോ നാലോ ദിവസം കൂടുമ്പോ വെള്ളമടിച്ചാല്‍ മതി. കുളിക്കാനും അലക്കാനും വണ്ടികഴുകാനും കിണറ്റിലേ വെള്ളം പോരെ.
മതി. അതു മതി.
എന്താ ആലോചിക്കുന്നേ?
അല്ലെടി ഒരുമനുഷ്യന്‍ ഒറ്റ ദിവസം കൊണ്ട് ഇത്രേം മാറുമോ. എന്നു തുടങ്ങി ഈ രാജ്യസ്നേഹം?
എന്താ..
അല്ലാ ഈ എനെര്ജി സേവിങ് ഹാബിറ്റ്.
ഓ..അതു സ്നേഹം കോണ്ടൊന്നുമല്ല. ഇതിയാന്റെ പേരില്‍ ഇനി എടുക്കാന്‍ ലോണ്‍ ഒന്നും ബാക്കിയില്ലല്ലോ. കറണ്ടുബില്ലടക്കാന്‍ വായ്പ നല്കുന്ന സ്കീം ഒരു ബാങ്കും തുടങ്ങിയിട്ടുമില്ല.
ഓഹ്..അങ്ങിനെ...ഊഹ്..എന്താണെന്നറിയില്ലെടി ഭാര്യേ...ഈ കിണറ്റിലേ വെള്ളത്തില്‍ കുളിക്കാന്‍ നല്ല സുഖം..
കാണും കാണും
ഇടതു വാട്ടം; ചെങ്കൊടി മങ്ങുന്നു.
ഇടതുഭരണത്തില്‍ പൊറുതിമുട്ടിയ ജനങ്ങള്‍ സര്‍ക്കാരിനു നല്‍കിയ താക്കീതാണിതെന്നൊക്കെ ഒരു രാഷ്ട്രീയ ഭാഷയില്‍ പറയാമെങ്കിലും, വലതു കാലിലല്‍ പറ്റിയ ചെളി ഇടതുകാലില്‍ തേച്ചും പിന്നീട് വലതിലേക്ക് മാറ്റിത്തേച്ചും തുടരുന്ന പ്രതിഭാസം ആവര്‍ത്തിച്ചു എന്നു പറയുന്നതാണു സത്യം. ചെളി കഴുകിക്കളയാനുള്ള യോഗം നമുക്കില്ലല്ലോ. ഗതികേട്. പിന്നെ മക്കള്‍ക്കു കൊടുക്കുന്ന ഭക്ഷണം അവരു കഴിച്ചില്ലേല്‍ പട്ടിക്കു കൊടുക്കുന്നു എന്നു മാത്രം. അതു പട്ടിയോടുള്ള സ്നേഹം കൊണ്ടല്ല; ഭക്ഷണം വേസ്റ്റ് ആക്കണ്ടല്ലോ എന്നു കരുതിയാണു.
യെച്ചൂരനു ജ്യോതിഷം വശമില്ലെങ്കിലും, നാവുപിഴയ്ക്കില്ല എന്നുറപ്പയി. ഇക്കുറി 20-ല്‍ ഒന്നെങ്കിലും എല്‍ഡിഎഫിനു കിട്ടുമോ എന്നു പറഞ്ഞ ആ സെക്കന്റില്‍ നാവില്‍ ഗുളികന്‍ കേറി എന്നു പറഞ്ഞാല്‍ മതിയല്ലൊ. കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പില്‍ 20-ല്‍ 18-ഉം നേടി ഡിസ്റ്റിങ്ഷനോടെ പാസ്സായ എല്‍ഡിഎഫിനു, ഇത്തവണ രണ്ടാം മുണ്ടശ്ശേരി ബേബിക്കുട്ടനു കൊടുക്കാവുന്ന മൊഡറേഷനെങ്കിലും കിട്ടിയാല്‍ കൊള്ളാം.
200 യൂണിറ്റില്‍ കൂടുതല്‍ വൈദ്യുതി ഉപയോഗിക്കുന്നവര്‍ ഇനി താപ വൈദ്യുതിയുടെ അതേ വില നല്‍കണം. കുറച്ചുകൂടി കഴിഞ്ഞാല്‍ താപനിലയത്തില്‍ നിന്നു ആവശ്യമുള്ളവര്‍ നേരിട്ടുവാങ്ങിക്കൊ എന്നു ബാലന്‍മൂപ്പരു പറഞ്ഞാലതില്‍ അതിശയോക്തി ഉണ്ടാവില്ല. നാസ്തയ്ക്കു വിലകുറയുന്നത് ഭാഗ്യം.
2008, നവംബർ 5, ബുധനാഴ്‌ച
ഒബാമ ജയിച്ചു...മനോരമ വാര്‍ത്തകള്‍
ഒബാമയ്ക്കിഷ്ടം മത്തിക്കറി
വൈറ്റ് ഹൌസ്: മത്തിക്കറിയിലൂടെ കേരളത്തിനും അഭിമാനിക്കാം. അമ്മേരിക്കന്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ഒബാമയ്ക്ക് ഏറ്റവും പ്രിയം കേരളത്തിലെ കള്ളുഷാപ്പില്‍ കണ്ടു വരുന്ന മത്തി ക്കറിയാണു എന്നു ഒബാമ, മാപ്പിളയോട് നേരിട്ടു പറഞ്ഞു. മനോരമയ്ക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണൂ ഒബാമ ഇക്കാരയം വ്യക്തമാക്കിയത്. ഒബാമയുടെ കേരളാപ്രദേശ് വേരുകള്‍ അന്വേഷിച്ചു പോയ മാപ്പിളയ്ക്ക് തൃപതിയായി. കേരളത്തില്‍ വന്നിട്ട് മുല്ലപന്തല്‍, ചെറായി ബീച്ച് ഷാപ്പ് എന്നിവിടങ്ങളിലെ മത്തിക്കറി വാങ്ങി നാട്ടില്‍ കൊണ്ടുപോയി ഭാര്യനേം മക്കളേം തീറ്റിച്ച കാര്യം കൂടി ഒബാമ പറഞ്ഞു.
കുട്ടപ്പന്‍ ഒബാമയുടെ ഉറ്റ തോഴന്‍
വൈറ്റ് ഹൌസ്: ഒബാമയുടെ ഉറ്റതോഴരില്‍ ഒരാളാകാന്‍ ഭാഗ്യം ലഭിച്ച കുട്ടപ്പന്‍ നമ്മുടെ സ്വന്തം ചാലക്കുടിക്കാരന്‍. അഖിലലോക മുടിവെട്ടു തൊഴിലാളി യൂണീയന്റെ ചിക്കാഗോ സമ്മേളനത്തില്‍ വെച്ചാണു കുട്ടപ്പന്‍ ഒബാമയെ കന്ടൂ മുട്ടുന്നത്. അന്നു മുതല്‍ കുട്ടപ്പന്റെ ബാര്ബര്‍ ഷോപ്പില്‍ ചെന്നാണു ഒബാമ മുടിവെട്ടാറു. തന്റെ തെരഞ്ഞെടുപ്പു വിജയത്തില്‍ കുട്ടപന്റെ മുടിവെട്ടിനു വലിയ പങ്കുണ്ടായിരുന്നു എന്നു ഒബാമ സമ്മതിച്ചു. തന്റെ ഒരു കസ്റ്റമറും സുഹൃത്തുമായ ഒബാമ പ്രസിഡന്റായ സന്തോഷത്തിലാണു കുട്ടപ്പന്‍.
ഒബാമയ്ക്ക് ആശംസകള്‍ അര്‍പ്പിക്കൂ
നിങ്ങള്‍ക്കും ഒബാമയ്ക്ക് ആശംസകള്‍ അര്‍പ്പിക്കാം (തള്ളേ ഒബാമയ്ക്കു മലയാളവും തിരിയുമോ, യെവന്‍ പുലി തന്നെ) www.manoramaonline.com/obama
ഒബാമ ജയിച്ചു...മനോരമ വാര്‍ത്തകള്‍
വൈറ്റ് ഹൌസ്: മത്തിക്കറിയിലൂടെ കേരളത്തിനും അഭിമാനിക്കാം. അമ്മേരിക്കന്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ഒബാമയ്ക്ക് ഏറ്റവും പ്രിയം കേരളത്തിലെ കള്ളുഷാപ്പില്‍ കണ്ടു വരുന്ന മത്തി ക്കറിയാണു എന്നു ഒബാമ, മാപ്പിളയോട് നേരിട്ടു പറഞ്ഞു. മനോരമയ്ക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണൂ ഒബാമ ഇക്കാരയം വ്യക്തമാക്കിയത്. ഒബാമയുടെ കേരളാപ്രദേശ് വേരുകള്‍ അന്വേഷിച്ചു പോയ മാപ്പിളയ്ക്ക് തൃപതിയായി. കേരളത്തില്‍ വന്നിട്ട് മുല്ലപന്തല്‍, ചെറായി ബീച്ച് ഷാപ്പ് എന്നിവിടങ്ങളിലെ മത്തിക്കറി വാങ്ങി നാട്ടില്‍ കൊണ്ടുപോയി ഭാര്യനേം മക്കളേം തീറ്റിച്ച കാര്യം കൂടി ഒബാമ പറഞ്ഞു.
കുട്ടപ്പന്‍ ഒബാമയുടെ ഉറ്റ തോഴന്‍
വൈറ്റ് ഹൌസ്: ഒബാമയുടെ ഉറ്റതോഴരില്‍ ഒരാളാകാന്‍ ഭാഗ്യം ലഭിച്ച കുട്ടപ്പന്‍ നമ്മുടെ സ്വന്തം ചാലക്കുടിക്കാരന്‍. അഖിലലോക മുടിവെട്ടു തൊഴിലാളി യൂണീയന്റെ ചിക്കാഗോ സമ്മേളനത്തില്‍ വെച്ചാണു കുട്ടപ്പന്‍ ഒബാമയെ കന്ടൂ മുട്ടുന്നത്. അന്നു മുതല്‍ കുട്ടപ്പന്റെ ബാര്ബര്‍ ഷോപ്പില്‍ ചെന്നാണു ഒബാമ മുടിവെട്ടാറു. തന്റെ തെരഞ്ഞെടുപ്പു വിജയത്തില്‍ കുട്ടപന്റെ മുടിവെട്ടിനു വലിയ പങ്കുണ്ടായിരുന്നു എന്നു ഒബാമ സമ്മതിച്ചു. തന്റെ ഒരു കസ്റ്റമറും സുഹൃത്തുമായ ഒബാമ പ്രസിഡന്റായ സന്തോഷത്തിലാണു കുട്ടപ്പന്‍.
ഒബാമയ്ക്ക് ആശംസകള്‍ അര്‍പ്പിക്കൂ
നിങ്ങള്‍ക്കും ഒബാമയ്ക്ക് ആശംസകള്‍ അര്‍പ്പിക്കാം (തള്ളേ ഒബാമയ്ക്കു മലയാളവും തിരിയുമോ, യെവന്‍ പുലി തന്നെ) www.manoramaonline.com/obama
ഇതു നിങ്ങളുടെ വിജയം: ബാറക്ക് ഒബാമ Victory Speech of Obama
ചികാഗോയ്ക്ക് അഭിവാദനങ്ങള്‍,
അമ്മേരിക്കയില്‍ ഏതും സാധ്യമെന്നു സംശയിക്കുന്നവര്ക്കും, നമ്മുടെ സ്ഥാപകരുടെ സ്വപ്നങ്ങള്‍ക്ക് ഇന്നും പ്രസക്തിയുണ്ടോ എന്നു ഉത്കണ്ഠപ്പെടുന്നവര്ക്കും, നമ്മുടെ ജനാധിപത്യ വ്യവസ്ഥയേ ചോദ്യം ചെയ്യുന്നവര്ക്കുമുള്ള മറുപടിയാണു ഈ രാവ്.
ഈ മറുപടി ജീവിതത്തിലാദ്യമായി മൂന്നും നാലും മണിക്കൂര്‍ തുടര്ച്ചയായി കാത്തിരുന്ന ജനതയുടെയാണു. കാരണം, തങ്ങളുടെ ശബ്ദം അതിനു മാത്രം വ്യത്യസ്തമായതു കൊണ്ടു തന്നെ ഈ സമയവും വ്യത്യസ്തമായിരിക്കുമെന്നു അവര്‍ വിശ്വസിച്ചു. ഈ മറുപടി, ഒരേ സമയം യുവജനങ്ങളുടെയും വയോധീകരുടെയും, കുബേരന്റേയും കുചേലന്റെയും, റിപ്പബ്ളിക്കന്റെയും ഡെമോക്രറ്റുകളുടെയും, കറുത്തവന്റെയും, വെളുത്തവന്റെയും, ഏഷ്യക്കാരന്റെയും, ഹിസ്പാനിക്കൂകളുടെയും, അമ്മേരിക്കന്റെയും, ശേഷിയുള്ളവന്റെയും ഇല്ലാത്തവന്റെയും, സ്വവര്‍ഗ പ്രണയികളുടെയും എതിര്‍വര്‍ഗ പ്രണയികളുടെയുമാണു.
ഞങ്ങള്‍ എതാനും ചില വ്യക്തികളുടെയോ, ചുവപ്പിലും നീലയിലുമുള്ള സംസ്ഥാനങ്ങളുടേയോ കൂട്ടമല്ല, മറിച്ച്, ഇന്നും എന്നും യുണൈറ്റ്ഡ് സ്റ്റേറ്റ്സ് ഒഫ് അമ്മേരിക്കയാണു എന്ന സന്ദേശമാണു, അമ്മേരിക്ക ലോകത്തിനു നല്കുന്നതു.
നല്ല നാളെയെക്കുറിച്ചുള്ള പ്രത്യാശയിലേക്ക്, നമ്മുടെ ചരിത്രപേടകത്തെ അടുപ്പിക്കാന്‍ കഴിയുമെന്നതിന്മേല്‍ ഉയര്ന്ന, സംശയത്തിന്റെ, ഭീതിയുടെ, അശുഭാത്മകതയുടെ വക്കിലേക്ക് നയിക്കപ്പെട്ടവര്ക്ക് ലഭിച്ച ഉത്തരമാണിത്. അതു ഏറെ നാളുകളായി, സമീപസ്തമാകുകയായിരുന്നു. ഈ രാവില്‍, ഈ തെരഞ്ഞെടുപ്പിന്റെ ദിനത്തില്‍, ഈ നിര്‍വചിക്കപ്പെടുന്ന നിമിഷങ്ങളില്‍, അമ്മെരിക്കയിലേക്ക് മാറ്റം കടന്നുവരുന്നു.
എല്ലാറ്റിനും മുകളിലായി, ഇതാരുടെ വിജയമാണു എന്ന കാര്യം ഞാന്‍ ഒരിക്കലും വിസ്മരിക്കില്ല. ഇതു നിങ്ങളുറ്റെ വിജയമാണു. ഈ വിജയം നിങ്ങള്ക്കുള്ളതാണു.
ഞാന്‍ ഈ സ്ഥാനത്തേക്ക് സാധ്യത ഇല്ലാത്ത അര്‍ത്ഥിയായിരുന്നു. ഞങ്ങളുടെ തുടക്കം പണക്കൊഴുപ്പോടെയായിരുന്നില്ല. ഞങ്ങളുടെ തെരഞ്ഞെടുപ്പു പ്രചരണം അട വിരിഞ്ഞത് വാഷിങ്ടണ്ണിലേ വന്‍മുറികളിലായിരുന്നില്ല. ഡെന്‍ മോയിന്സിന്റെ പിന്നാമ്പുറങ്ങളിലും കോണ്‍ക്കോഡിന്റെ സന്ദര്‍ശകമുറീകളിലും, ചാള്‍സ്റ്റന്റെ കാര്‍ പോര്‍ച്ചുകളിലുമാണു അതു തുടങ്ങിയതു. അധ്വാനിക്കുന്ന ജനത നാളേക്കുവേണ്ടി കരുതുന്ന അഞ്ചും പത്തും ഇരുപതും ഡോളറുകളാണു അതിനെ നിര്മ്മിച്ചതു. സ്വന്തം വീടിനെയും കുടുംബത്തേയും പിരിഞ്ഞു, ഉറക്കമിളച്ച്, കുറഞ്ഞവേതനത്തിനു ജോലി ചെയ്യുന്ന യുവത്വമാണു ഇതിനു കരുത്തു പകര്ന്നത്. ഉറയുന്ന തണുപ്പിനെയും, പൊള്ളുന്ന ചൂടിനെയും എതിരിട്ടും തീര്ത്തും അപരിചിത്മായ വാതിലില്‍ മുട്ടുകയും ചെയ്ത, യുവത്വം കഴിഞ്ഞു പോയവരില്‍- രണ്ടുനൂറ്റാണ്ടുകള്ക്ക് ശേഷവും, ജനങ്ങളുടെ, ജനങ്ങളാല്‍, ജനങ്ങള്ക്ക് വേണ്ടിയുള്ള ഭരണസംവിധാനം ഭൂമുഖത്തുനിന്നു തുടച്ചുമാറ്റപ്പെടാതിരിക്കാന്‍ പരിശ്രമിചവരില്‍ നിന്നാണു അത് ശക്തിയാര്ജ്ജിച്ചതു.
ഇതു നിങ്ങളുടെ വിജയമാണു.
ഇതു നിങ്ങള്‍ ചെയ്തതു ഒരു തെരഞ്ഞെടുപ്പിനെ ജയിക്കാന്‍ വേണ്ടി മാത്രമല്ല. ഇതു നിങ്ങള്‍ ചെയ്തതു എനിക്ക് വേണ്ടിയല്ല.
ആഘോഷങ്ങളുടെ ഈ രാവുകള്ക്കപ്പുറം എണ്ണിയാലൊടുങ്ങാത്ത കര്ത്തവ്യങ്ങള്‍ കാത്തിരിക്കുന്നു-രണ്ട് യുദ്ധങ്ങള്‍, നാശത്തിന്റെ മുഖത്തെത്തി നില്ക്കുന്ന ഗ്രഹം, ഈ നൂറ്റാണ്ടിലെ തന്നെ ഏറ്റം മോശമായ സാമ്പത്തീക പ്രതിസന്ധി. ഇറാക്ക് മരുഭൂമികളിലും, അഫ്ഘാന്‍ മലനിരകളിലും ജീവന്‍ പണയം വെച്ച് നടന്നു നീങ്ങുന്ന ധീരരായ നമ്മുടെ പടയാളികള്‍, നാളെ സ്വന്തം മക്കളുടെ വിദ്യാഭ്യാസത്തെക്കുറിച്ചും, ചികിത്സാചിലവിനെക്കുറിച്ചും, വായ്പാതിരിച്ചടവിനെക്കുറിച്ചും ആശങ്കാകുലരാകുന്ന മാതാപിതാക്കള്‍, പുതിയ ഊര്‍ജ്ജസങ്കേതങ്ങള്‍സൃഷ്ടിക്കെണ്ടുന്ന പുതിയ തൊഴിലവസരങ്ങള്‍, നേരിടേണ്ടുന്ന ഭീഷണികള്‍. ഞാന്‍ പ്രതിജ്ഞ ചെയ്യുന്നു. നമ്മള്‍ ഒരു ജനത എന്ന നിലയില്‍ അവിടെ എത്തിച്ചേരും.
ആദ്യമായി ഈ സംസ്ഥാനത്തില്‍ നിന്നാണൂ ഒരു മനുഷ്യന്‍ റിപ്പബ്ളിക്കന്‍ പതാകയേന്തി വൈറ്റ് ഹൌസിലേക്കു പോയത് എന്ന കാര്യം നമുക്ക് സ്മരിക്കാം: സ്വയം പര്യാപ്തത, വ്യക്തിസ്വാതന്ത്ര്യം, രാജ്യത്തിന്റെ അഖണ്ഡത എന്നീ മൂല്യങ്ങളില്‍ ഒരു പ്രസ്ഥാനം പടുത്തുയര്‍ത്തിയ ഒരു മനുഷ്യന്-എബ്രാഹം ലിങ്കണ്‍.
ഈ ലോകത്തെ പിച്ചിച്ചീന്താന്‍ ഒരുങ്ങുന്നവരോട്: നിങ്ങളേ ഞങ്ങള്‍ പരാജയപ്പെടുത്തും. സമാധാനത്തിനും സുരക്ഷയ്ക്കും വേണ്ടി പരിശ്രമിക്കുന്നവരോട്: നിങ്ങളേ ഞങ്ങള്‍ പിന്തുണയ്ക്കും. അമ്മേരിക്കയുടെ ദീപസ്തംഭത്തിന്റെ പ്രഭ മങ്ങിയോ എന്നു സംശയിക്കുന്നവരോട്: അമ്മേരിക്കയുടെ ശക്തി, ആയുധബലത്തിലോ, സമ്പത്തിലോ അല്ല, മറിച്ചു അതിന്റെ ശക്തി അടിയുറച്ചിരിക്കുന്നത് ഈ മൂല്യങ്ങളിലാണു-ജനാധിപത്യം, സ്വാതന്ത്ര്യം, അവസരം, പിന്നെ അടങ്ങാത്ത പ്രതീക്ഷയും.
അതാണു അമ്മേരിക്കയുടെ യഥാര്‍ത്ഥ പ്രതിഭ: അമ്മേരിക്കയ്ക്ക് മാറുവാന്‍ കഴിയും, നമ്മുടെ സംവിധാനം കുറ്റമറ്റതാക്കാന്‍ കഴിയും, ഇന്നലെ നമ്മള്‍ നേടിയതെല്ലാം നാളേ നമുക്കു നേടാന്‍ കഴിയുന്നതിനെക്കുറിച്ച് പ്രതീക്ഷ നല്കുന്നു.
അതേ! നമ്മുക്ക് കഴിയും.
ഒരു മനുഷ്യന്‍ ചന്ദ്രനില്‍ കാലുകുത്തി. ബെര്ളിന്‍ മതില്‍ തകര്‍ന്നു. നമ്മുടെ ശാസ്ത്രവും സങ്കല്പവും ലോകത്തെ പരസ്പരം ബന്ധിപ്പിച്ചു.
അതേ! നമ്മുക്ക് കഴിയും.
അമ്മേരിക്ക, നമ്മള്‍ ഇതു വരെ എത്തി, ഒരുപാടു കണ്ടു. ഇനിയും ഒരുപാട് ചെയ്യുവാനുണ്ട്. അതുകൊണ്ട് ഇന്നു രാത്രി നമുക്ക് നമ്മോട് തന്നെ ചോദിക്കാം. അടുത്ത നൂറ്റാണ്ട് നമ്മുടെ മക്കള്‍ കാണുമെങ്കില്‍, 106 വയസ്സു വരെ എന്റെ പെണ്‍മക്കള്ക്ക് ജീവിക്കാന്‍ ഭാഗ്യം ലഭിക്കുമെങ്കില്‍ എന്തെന്തുമാറ്റം അവര്‍ കാണും? എന്തെന്തു പുരോഗതികള്‍ നമ്മള്‍ ഉണ്ടാക്കിയിട്ടുണ്ടാവും?
ഈ ചോദ്യങ്ങള്ക്ക് ഉത്തരം നല്കുവാനുള്ള അവസരമാണിത്. ഇതു നമ്മുടെ നിമിഷമാണു.
ഇതു നമ്മുടെ സമയമാണു: നമ്മുടെ ജനങ്ങള്ക്ക് തൊഴില്‍ തിരിച്ചു നല്‍കാനും നമ്മൂടെ കുട്ടികള്ക്ക് പുതിയ അവസരങ്ങളുടെ വാതില്‍ തുറന്നു കൊടുക്കുവാനും, സമൃദ്ധി പുനഃസ്ഥാപിക്കാനും സമാധാനം അഭിവൃദ്ധിപ്പെടുത്താനും, അമ്മേരിക്കയുടെ സ്വപ്നത്തിനായി പുനര്‍വാദിക്കാനും ശ്വാസത്തിലും പ്രതീക്ഷയിലും, നാനാത്വത്തിലും ഞങ്ങള്‍ ഏകൈകരാണു എന്ന സത്യം മുറുകേ പിടിക്കാനും. കൂടാതെ, എവിടെയൊക്കെ ഞങ്ങള്ക്ക് അസാധ്യം എന്ന സംശയവും, ദോഷൈകദൃക്കുകളും ഉയരുന്നുവോ അവിടെയൊക്കെ ഞങ്ങളുടെ ആവേശത്തെ സങ്കലനം ചെയ്യുന്ന കാലത്തെ വെല്ലുന്ന ഈ വിശ്വാസപ്രമാണം കൊണ്ടു ഞങ്ങള്‍ പ്രതികരിക്കും. Yes, We can.
നന്ദി. ദൈവം നിങ്ങളെയും, അമ്മേരിക്കയേയും അനുഗ്രഹിക്കട്ടെ.
ORIGINAL TEXT AND VIDEO FROM CNN
2008, നവംബർ 2, ഞായറാഴ്‌ച
പ്രേമലേഖനം പാര്‍ട്-2
പ്രിയപ്പെട്ട സാറാമ്മേ,
ജീവിതം യൌവ്വനതീഷ്ണവും, ഹൃദയം പ്രേമസുരഭിലവുമായിരിക്കുന്ന ഈ അസുലഭ കാലഘട്ടത്തില്‍…
കൊടച്ചക്രം. സാറാമ്മയ്ക്കിഷ്ടം ബ്ളോഗുകളാണു. എന്നു കരുതി കേശവന്‍നായര്‍ക്ക് ഈ വരികളല്ലാതെ മറ്റൊന്നും വായില്‍ വരുന്നില്ല. അവളു പറഞ്ഞ മാസശമ്പളം പുഷ്പം പോലെ കൊടുക്കാനുള്ള വരുമാനം കേശവന്‍ നായര്‍ക്കുണ്ട്. പക്ഷേ നാലാളു വായിക്കൊന്നൊരു ബ്ളോഗ് തനിക്കുണ്ടൊ? അപ്പിയിടാന്‍ മുട്ടിയ പട്ടിയേ പോലെ ഈ ചോദ്യത്തിനു ചുറ്റും കേശവന്‍ നായര്‍ മോങ്ങിയും മണ്ടിയും നടന്നു. സാറാമ്മയ്ക്ക് ഇദം പ്രഥമമായെഴുതിയ പ്രേമലേഖനമല്ലാതെ മറ്റൊന്നും എഴുതി ശീലമില്ലാത്ത അയാള്‍ ബ്ളോഗുകളില്‍ നോക്കി കണ്ണു തള്ളിയിരുന്നു. എന്തെങ്കിലും ഏഴുതി സാറാമ്മയെ പ്രീതിപ്പെടുത്തിയിട്ടു തന്നെ കാര്യം. അല്ലേല്‍ അവളുകൊള്ളാവുന്ന ഒരു ബ്ളോഗറുടെ കൂടെ പോകും. സാറാമ്മേ നിന്റെ പ്രേമത്തിനായ് മാത്രമാണു ഞാനിതെഴുതുന്നത്, എന്ന ഒറ്റ മൂച്ചില്‍ കേശവന്‍ നായര്‍ എഴുതിത്തുടങ്ങി.
ചെമ്മാനും ചെരുപ്പുകുത്തിക്കും കൈ വെക്കാവുന്ന ഏരിയ എന്ന നിലയില്‍ പ്രണയം തന്നെ കയ്യിട്ടുവാരി. അപ്പൊ ത്രെഡ് അതാണു പ്രേമനൈരാശ്യം. പണ്ടു ലിറ്റ്റേച്ചര്‍ ക്ളാസ്സില്‍ ഈ പരുവത്തില്‍ കഥകള്‍ എഴുതി ആരാധികമാരെ സൃഷ്ടിക്കുകയും ആരാധികമാരില്‍ ചിലര്‍ കാമുകിമാരാകുകയും ചെയ്യുന്നതു കണ്ടു തന്റെ പുച്ഛം മലപോല്‍ വളരുകയും അതിനു മുകളില്‍ അവരുടെ പ്രണയമരം വളരുകയും ചെയ്ത നാളുകളില്‍ കേശവന്‍ നായര്‍ അവളൂമാരെ മരമണ്ടികള്‍ എന്നും കൂപമണ്ഡൂകങ്ങളെന്നും എന്നും വിളിച്ചു. അതൊക്കെ പറഞ്ഞിട്ടു ഇനി കാര്യമില്ല. കഥ തുടങ്ങിയേക്കം.
സുന്ദരനായ ഒരു നായകന്‍. അതു താന്‍ തന്നെയായിക്കോട്ടെ. അല്ലേല്‍ വേണ്ട. സാറാമ്മ തെറ്റിദ്ധരിക്കും. നായകനു വേറെ പേരു കൊടുക്കം. സുകുമാരന്‍. സുകു എന്നു വിളിക്കാം. നായിക മേരി. ഇതിലൊരാള്‍ ദരിദ്രനാ(യാ)കണം. എന്നാലേ സെന്റിമെന്റ്സ് വര്‍ക്കൌട്ടാകൂ. അല്ലെങ്കില്‍ എന്തെങ്കിലും കഴിവുകേടുണ്ടാക്കണം . കഴിവുകേട് അറിഞ്ഞുകൊണ്ടുള്ള പ്രണയത്തിനു പണ്ടേ മാര്‍ക്കറ്റു കൂടുതലാ. എന്തായാലും മേരിയേപ്പിടിച്ചങ്ങ് ദരിദ്രയാക്കിയേക്കാം. സുകുവെന്നാണു പേരെങ്കിലും, കക്ഷി താന്‍ തന്നെയാകയാല്‍ സ്വയം ദരിദ്രനാകാന്‍ കേശവന്‍ നായര്‍ മടിച്ചു. (കേശവനാളു ഷോവനിസ്റ്റാ).
നായകനും നായികയും റെഡിയായ സ്ഥിതിക്ക് ഇനി അവരെക്കൂടിമുട്ടികാനൊരിടം വേണം. ചന്ത, അമ്പലം, പള്ളിമുറ്റം, കുളക്കടവ്, കോളേജ് ലൈബ്രറി, ബസ് സ്റ്റാന്റ് ഇതൊന്നും കേശവന്‍ നായര്‍ക്ക് പിടിച്ചില്ല. അയാള്‍ സുകുവിനെ ഒരു കള്ളു ഷാപ്പില്‍ കൊണ്ടു ചെന്നിരുത്തി. അവിടെ കറി വിളമ്പാന്‍ മേരിക്കുഞ്ഞിനെയും. മേരിക്കുഞ്ഞിന്റെ മത്തിക്കറിയില്‍ സുകുമാരനും, സുകുമാരന്റെ റെയ്ബാന്‍ കണ്ണടയില്‍ മേരിക്കുഞ്ഞും ആകൃഷ്ടയായതോടു കൂടി, കേശവന്‍ നായര്‍ പ്രണയത്തിന്റെ മാലപ്പടക്കത്തിനു ബീഡിക്കുറ്റി വെച്ചു കൊടുത്തു. അവരുടെ പ്രണയങ്ങളില്‍ മുന്തിരിക്കള്ളും മത്തിച്ചാറും നിറഞ്ഞു.
ഇതിനിടയില്‍ ഒരു തെറ്റിദ്ധാരണ ഉണ്ടാക്കേണ്ടത് അത്യാവശ്യമാണെന്നു കേശവന്‍ നായര്‍ക്ക് തോന്നി. അതു വഴി അവരുടെ ഇടയില്‍ ഒരു ഉടക്ക് ഉണ്ടാകുകയും, പിന്നെ തെറ്റിദ്ധാരണ മാറുന്ന മുറയ്ക്ക് മാപ്പു പറയല്‍, മാപ്പുകൊടുക്കല്‍, ആശ്വസിപ്പിക്കല്‍, പ്രേമം വര്ദ്ധിപ്പിക്കല്‍ തുടങ്ങിയ മസാലകള്‍ ചേര്‍ക്കാം.
മേരിക്കുഞ്ഞിനു സുകു ബീഡിവലിക്കുന്നത് കണ്ടാല്‍ ഹാലിളകും. സുകുവിനെക്കോണ്ട് അക്കാര്യം സത്യപ്രതിജ്ഞ ചൊല്ലിച്ചു നിരോധിച്ചിട്ടുള്ളതുമാണു. അങ്ങിനെ ഇരിക്കെയാണു ഷാപ്പില്‍ സുകുവിരിക്കുന്ന മൂലയില്‍ നിന്നും പുക ‘ഗമഗമാ’ന്നു ഉയര്‍ന്നു വരുന്നത് മേരികണ്ടത്. വിശ്വാസവഞ്ചനയ്ക്ക് ഇതില്‍ പരം എന്തു വേണം. അവള്‍ കെറുവിച്ചു. കെറുവിച്ച് അടിയായി, ഡിവോഴ്സ് വരെ എത്തിച്ച സാഹചര്യത്തിലാണു മിന്നായം പോലേ പുകയുടെ ഉത്ഭവം മേരീ കണ്ടത്. സുന്ദരമായൊരു ആമത്തിരി. ഷാപ്പില്‍ ജനിച്ചു വളര്‍ന്ന കൊതുകുകളുടെ ശല്യം സഹിക്കവയ്യാതെ സുകുമാരന്‍ സ്വന്തം ചെലവില്‍ കത്തിച്ചു വെച്ച ആമത്തിരിയുടെ പുക കണ്ടാണല്ലോ, സുകുവണ്ണനെ തെട്ടിദ്ധരിച്ചതെന്നോര്‍ത്ത് മേരി നെഞ്ചത്തലച്ചു കരഞ്ഞു. മാറത്തു തടവി സുകുമാരന്‍ അവളെ ആശ്വസിപ്പിച്ചു. അങ്ങിനെ പ്രേമം പൂര്‍വ്വാധികം ശക്തി പ്രാപിച്ചു.
ഇനി ഇവരെ പിരിക്കുന്നതാണു ക്ളൈമാക്സ്. എന്നു മാത്രമല്ല അവരു പിരിയുമ്പോ വായിക്കുന്നവരു മൂക്കുപിഴിഞ്ഞു പണ്ടാരടങ്ങണം. മേരിക്കുഞ്ഞിനു ഒരു കല്യാണ ആലോചന കൊണ്ടു വന്നാലോ? അതില്‍ മനം നൊന്തു പാടുന്ന സുകുവിന്റെ ഘോര ശബ്ദം കേശവന്‍ നായര്‍ക്ക് സുഖിച്ചില്ല. അവിഹിത ഗര്‍ഭമുള്ള ഏതെങ്കിലും പെണ്ണിനെ സുകുമാരന്റെ തലയില്‍ കെട്ടി വെച്ച് മേരിക്കുഞ്ഞിനെ തെറ്റിദ്ധരിപ്പിക്കാം എന്നു വെച്ചാല്‍ ആമത്തിരി സംഭവത്തിനു ശേഷം മേരിക്ക് സുകുവിനു ഒടുക്കത്തെ വിശ്വാസമാണു. സുകുവിനു ക്രൂരനായ ഒരപ്പനുണ്ടാകി മേരിയെ തട്ടിക്കളയുക, മത്തികറിക്ക് ഉപ്പു കൂടിപ്പോയെന്നു പറഞ്ഞു മേരിയെ ആത്മഹത്യ ചെയ്യിപ്പിക്കുക, കള്ളു കുടിച്ച് കടം കേറി സുകു ആത്മഹത്യ ചെയ്യുക, മേരിക്കു നന്മ വരാന്‍ സുകു ഒഴിഞ്ഞു മാറുക, സുകു വിഷമദ്യം കഴിച്ചൊ ടിപ്പര്‍ ലോറി കേറിയൊ പടിയാകുക തുടങ്ങിയ നൂറായിരം ഓപ്ഷനുകള്‍ കേശവന്‍ നായര്‍ ചിന്തിച്ചു കൂട്ടി.
ഒടുവില്‍ ഒരാഴ്ചത്തേക്ക് സുകുവിനെ പഴനിക്കു പറഞ്ഞു വിട്ടു. പോയി വരുന്നതിനിടയില്‍ മേരിക്കുഞ്ഞിനെ വെറെ കല്യാണവും കഴിപ്പിച്ചു. ഘോരമെങ്കിലും സുകുവിനെ നിരാശയില്‍ പാട്ടുപാടാന്‍ അനുവദിച്ചു കേശവന്‍ നായര്‍ തന്റെ പ്രഥമ ബ്ളോഗ് പോസ്റ്റ് ചെയ്തു.
കേശവന്‍ നായര്‍ പണ്ടു പണ്ടു പുച്ഛിച്ച മരമണ്ടികള്‍(ണ്ടന്മാര്‍) ബ്ളോഗിനെ വളഞ്ഞു കൂടി സ്തുതി പാടുകയും പൂമാലയര്‍പ്പിക്കുകയും ചെയ്തു. അതു കേട്ട് സാറാമ്മ നിര്‍വൃതിയടഞ്ഞു. കേശവന്‍ നായര്‍ വീണ്ടും വീണ്ടുമെഴുതി. പറഞ്ഞതും പറയാത്തതുമായ പ്രണയങ്ങള്‍ ബൂലോകത്ത് വിലസ്സി നടന്നു. നായകന്റെ ആത്മഹത്യ, നായികയുടെ ആത്മഹത്യ, നായികയുടെ വിവാഹം അഥവാ നായകന്റെ വിരഹം, നായകന്റെ മാറാരോഗം, ക്രൂരനായ അപ്പന്മാര്‍, ഇന്നും കാത്തിരിക്കുന്ന നായിക തുടങ്ങിയ ക്ളൈമാക്സുകള്‍ വായിച്ച്, കൂപമണ്ഡൂകങ്ങള്‍ മൂക്കുചീറ്റി. ആവര്‍ത്തന വിരസ്സത, പുതുമയില്ലായ്മ എന്നൊക്കെ പറഞ്ഞു ചെളിയെറിഞ്ഞ വിവരമില്ലാത്തവരെ കേശവന്‍ നായര്‍ മൈന്റ് ചെയ്തില്ല. എന്നു മാത്രമല്ല ചില കമന്റുകള്‍ വേസ്റ്റ് ബാസ്കറ്റില്‍ കമഴ്ത്തുകയും ചെയ്തു.
കേശവന്‍ നായരെ സംബന്ധിച്ചിടത്തോളം എഴുത്ത് എന്നു പറയുന്നത് ജീവിതത്തിലേക്ക് തിരിച്ചു വെച്ച 50X20 ft. കണ്ണാടിയാണു. ജീവിതത്തില്‍ പ്രണയമാവര്‍ത്തിക്കുന്നിടത്തോളം കാലം എഴുത്തിലും ആവര്ത്തിക്കാമെന്നിരിക്കെ എന്തോന്നു ആവര്‍ത്തന വിരസത. ഇതൊക്കെ പറഞ്ഞു നടക്കുന്നവന്മാരുടെ മൂക്കിടിച്ചു പരത്തണം. മാത്രമല്ല, പരത്തിയ മൂക്കില്‍ മുളകുപൊടി കൂടി വിതറിയിട്ടേ കേശവന്‍ നായരുടെ കലിപ്പടങ്ങിയുള്ളൂ.
കേശവന്‍ നായരുടെ ബ്ളോഗില്‍ സാറാമ്മ വശംവദയായി. ഒടുവില്‍ കേശവന്‍ നായരുടെ ജീവിതത്തിലും പ്രണയം പുഷ്പിച്ചു. കേശവന്‍ നായരും സാറാമ്മയും ചുമ്മാ ആടിപ്പാടി നടന്നു. ഇതില്‍ക്കൂടുതല്‍ എന്തു പറവാന്‍. ഇതിഃ ശ്രീ കേശവീയ ബ്ളോഗാത്മ്യം സമാപ്തം.
2008, ഒക്‌ടോബർ 30, വ്യാഴാഴ്‌ച
മൃതിയാര്‍ന്ന മിഴി ഞാന്‍ കണ്ടു - എമിലി ഡിക്കിന്‍സണ്‍
എമിലി ഡിക്കിന്‍സന്റെ (Emily Elizabeth Dickinson) (1830-1886) I’ve Seen A Dying Eye എന്ന കവിതയുടെ പരിഭാഷ
I’ve seen a dying eye
Run round and round a room
In search of something, as it seemed,
Then cloudier become;
And then, obscure with fog,
And then be soldered down,
Without disclosing what it be,
‘T were blessed to have seen.
മൃതിയാര്‍ന്ന മിഴി ഞാന്‍ കണ്ടു
മുറിയില്‍ ചടുലമായ് വലം വെച്ച്
എന്തിനോ തിരയുന്ന പോലേ.
പിന്നെ ഘനം പോല്‍ മറനെയ്ത്
അവ്യക്തമായ് മൂടലില്‍
വിലയമായ്
എന്തെന്നറിയുന്നില്ലെങ്കിലും
പുണ്യമത് കാണാന്‍ കഴിഞ്ഞിരുന്നെങ്കില്‍
എന്നെ ഈ വരികള്‍ പലപ്പോഴും വേട്ടയാടാറുണ്ട്. മരണം കീഴടക്കും മുന്പ് ജീവന്റെ കണത്തിനായി തിരയുന്ന മിഴികള്‍ ഒരിക്കലേ ഞാന്‍ കണ്ടിട്ടുള്ളു. എന്റെ വല്ല്യങ്കിള്‍ രക്താര്‍ബുദത്തിനു കീഴടങ്ങിയ സമയത്ത്. ഇപ്പോള്‍ ഈ കവിത വായിക്കുമ്പോള്‍…
മൃതിയോടടുക്കുന്ന അസ്വസ്ഥതയും മരണവുമായി ബന്ധപ്പെടുത്തുന്ന അനിശ്ചിതത്വവും മരണത്തിന്റെ അധീശത്വവും ഈ വരികളിലുണ്ട്. മരണത്തിനു കീഴടങ്ങുന്ന ഒരു മനുഷ്യനു കാണുകയാണു കവയിത്രി. മൃതിഭാരം തൂങ്ങിയ മിഴികള്‍ എന്തിനോ ചടുലമായ് തിരയുന്നു. പക്ഷേ സൂര്യനെ മറക്കുന്ന മേഘം പോലെ കാഴ്ച മൂടലില്‍ മറയുന്നു. മൃതിയുടെ മേഘം കാഴ്ചയേ മറക്കും മുന്പ് അയാള്‍ മുറിയില്‍ പരതിയതെന്താണു? താന്‍ തിരഞ്ഞു കൊണ്ടിരുന്നത് അയാള്‍ കണ്ടുവോ? കണ്ടിരുന്നെങ്കില്‍…
2008, ഒക്‌ടോബർ 28, ചൊവ്വാഴ്ച
മാക്കന്‍(Mac Users)മാര്‍ക്ക് മലയാളം വായിക്കാന്‍
എടാ ഫോണ്ട് ശെരിയായൊ?
ഇല്ലെടാ
നിന്റെ OS ഏതാ?
Mac
പണ്ടാരം അതില്‍ ഫോണ്ടിടുന്ന പണി പടിച്ചിട്ടില്ല. നോക്കട്ടേ.
ങ്മ്മ്മ്മ്മ്മ്...ഇവിടെ ഒന്നും മലയാളത്തില്‍ വായിക്കാന്‍ പറ്റുന്നില്ലെടാ.
നോക്കട്ടേ... ഗൂഗിളില്‍ വെല്ലതും കാണും.
OK
ടാ..ദേ ഈ ലിങ്കില്‍ മാക്കിനു പറ്റിയ ഫോണ്ടുണ്ട്. പറ്റുമോന്നു നോക്കിയേ.
താങ്ക്സ് ഡാ..
നീയിപ്പൊ തന്നെ ഇന്സ്റ്റോള്‍ ചെയ്തു നോക്ക്. വെല്ല കൊഴപ്പോമ്- ഉണ്ടേല്‍ നോക്കാം.
Yea, trying...
ഡാ ആ ലിങ്ക് ശെരിയാവുന്നില്ല. എന്തോ ബൈനറി കോഡ്സ് കാണിക്കുന്നു.
:( പണ്ടാരമടങ്ങാന്‍. ഞാനൊന്നു നോക്കട്ടേ. എന്റേത് ഗ്നൂ ലിനക്സ് ആണു(Centos 5). മാക് ഞാന്‍ കണ്ടിട്ടേയില്ല. വെല്ല വഴിയുമുണ്ടോന്നു നോക്കട്ടേ.
Okay
കമാന്‍ഡ് ലൈനില്‍ wget (link) ട്രൈ ചെയ്തേ.
No hope. No commands found.
എന്നാല്‍ അതില്‍ wget ഉണ്ടാവില്ല. ഈ ലിങ്ക് നോക്കി wget ഇന്സ്റ്റോള്‍ ചെയ്യണം. തല്‍ക്കാലം, ഞാന്‍ ഇവിടെ അടിച്ചു സാധനം ഡൌണ്‍ലോഡാക്കിയിട്ടുണ്ട്. മെയിലില്‍ അയച്ചു തരാം.
Okay da..
അയച്ചു...കിട്ടിയോന്നു നോക്കു.
യാ..കിട്ടി.
അതു ഏതെങ്കിലും ഫോള്‍ഡെറില്‍ സേവ് ചെയ്യ് .
ഓകെ. ഡണ്‍.
ഇനി അതില്‍ ഡബിള്‍ ക്ളിക്ക് ചെയ്യൂ..അപ്പോള്‍ ഇന്സ്റ്റോള്‍ എന്ന ബട്ടണ്‍ കാണിക്കും.
ഇതില്‍ കുറെ ആല്‍ഫബെറ്റ്സ് മാത്രമേ ഉള്ളൂ..
ഡാ ഓപെണ്‍ ആയ ബോക്സിന്റെ Right-Bottom Corner-ല്‍ നോക്കൂ...കണ്ടോ
ഓ..ഓകെ കണ്ടു. ക്ളിക്ക് ചെയ്തൂ. പേഴ്സൊണല്‍ ഓര്‍ സിസ്റ്റെം എന്നു ചോദിക്കുന്നു.
പേഴ്സൊണല്‍ ആണേല്‍ നിന്റെ ലോഗിനില്‍ മാത്രം ഫോണ്ട് വര്‍ക്ക് ചെയ്യും, സിസ്റ്റെം ആണേല്‍ എല്ലാ യൂസെഴ്സിനും ഉപയോഗിക്കാം.
ഹ്മ്മ്മ്മ്ങ്..ഇന്സ്റ്റോള്‍ ആയി. ഇനി?
ഇനി restart/reboot ചെയ്യൂ...
ഓകെ.
(Chalange logged out)
(Chalange logged in)
ഹായ്
ടാ ഇപ്പൊ ചിലതു വായിക്കാം മനോരമ വായിക്കാന്‍ പറ്റുന്നില്ല. ദീപിക വായിക്കാം.
എന്റെ ബ്ളോഗ് വായിക്കാന്‍ പറ്റുന്നുണ്ടോ?
ലിങ്ക് താ
www.yathra.co.nr
കൂള്‍ ഇതു വായിക്കാം.
അപ്പോ അത്രെം വായിക്കാന്‍ പറ്റുന്നില്ലേ. ഒന്നുമില്ലാത്തതിലും ഭേദമാ.
അതേ അതേ. താങ്ക്സ് മച്ചാ. നീ മലയാളത്തില്‍ എങനാ എഴുതുന്നേ.
ഇളമൊഴി ഉപയൊഗിച്ചാല്‍ മതി.
ഓക്കെടാ..ഒരുമാതിരി ഓക്കെ ശെരിയായി.
:)
പിന്നെക്കാണാം. ബൈ.
ബൈ.
ഇതു വായിക്കുന്നവര്‍ക്കു കൂടുതല്‍ ലിങ്കുകളൊ റഫറന്സോ അറിയാമെങ്കില്‍ ദയവായി കമെന്റില്‍ പോസ്റ്റ് ചെയ്യൂ.
2008, ഒക്‌ടോബർ 25, ശനിയാഴ്‌ച
റോഡ് നിയമങ്ങളില്‍ - ഏ.ജി. ഗാര്‍ഡിനര്‍
[ഏ.ജി. ഗാര്‍ഡിനര്‍ (1865-1946) ഇരുപതാം നൂറ്റാണ്ടിലെ പ്രസിദ്ധരായ ആംഗലേയ ഉപന്യാസകരില്‍ ഒരാളായിരുന്നു. ആല്ഫാ ഓഫ് പ്ളോ (Alpha of Plough) എന്ന തൂലികാനാമത്തിലാണു അദ്ദേഹം എഴുതിയിരുന്നത്. നര്‍മ്മത്തിന്റെ അകമ്പടിയോടെ, രസകരവും ലളിതവുമായ രീതിയില്‍ ജീവിതത്തിന്റെ അടിസ്ഥാനമൂല്യങ്ങളെക്കുറിച്ച് സംസാരിക്കുന്നതില്‍ അദ്ദേഹത്തിനു അനന്യസാധാരണമായ കഴിവുണ്ടായിരുന്നു. The Pillars of Society, Pebbles on the Shore, Many Furrows, Leaves in the Wind എന്നിവയാണു പ്രസിദ്ധമായ കൃതികള്‍. ഈ ലേഖനം- On Rule of the Road- Leaves in the Wind (1918) എന്ന സമഹാരത്തില്‍ നിന്നുള്ളതാണു.]
അതൊരു രസകരമായ സംഭവം ആയിരുന്നു, മി. ആര്‍തര്‍ റാന്സം കഴിഞ്ഞദിവസം പെട്രോഗരാഡില് നിന്നും അയച്ച സന്ദേശത്തില്‍ പറഞ്ഞിരുന്നത്. ഒരു തടിച്ച സ്ത്രീ പെട്രൊഗ്രാഡിലെ തെരുവിന്‍ ഒത്തനടുവിലൂടെ ഒരു ബാസ്ക്കറ്റും തൂക്കിപ്പിടിച്ച് നടക്കുകയായിരുന്നു, എന്നു മാത്രമല്ല ചീറിപ്പായുന്ന വാഹനങ്ങള്‍ക്കിടയില്‍ അവരുടെ ജീവനു തന്നെ ഹാനികരമാകുന്ന വിധമായിരുന്നു അവരുടെ നടത്തം. കാല്‍നടക്കാര്‍, നടപ്പാത ഉപയോഗിക്കണമെന്നു അവര്‍ നിര്ദ്ദേശിക്കപ്പെട്ടെങ്കിലും അവരുടെ മറുപടി ഇപ്രകാരമായിരുന്നു. "എനിക്കിഷ്ടമുള്ളിടത്തു കൂടെ ഞാന്‍ നടക്കും. കാരണം ഞങ്ങള്‍ക്കതിനുള്ള സ്വാതന്ത്ര്യം ഇപ്പോള്‍ ഉണ്ട്." സ്വാതന്ത്ര്യമുണ്ട് എന്നു കരുതി കാല്‍നടക്കാര്‍ റോഡിലൂടെ നടക്കുകയും, വാഹനങ്ങള്‍ നടപ്പാതയിലൂടെയും ഓടിച്ചാല്‍ അതൊരു പ്രാപഞ്ചിക അരാജകത്വത്തിനു തന്നെ കാരണമാകും എന്നത് ആ സ്ത്രീക്ക് ബാധകമല്ല എന്നു തോന്നും. എല്ലാവരും എല്ലാവരുടെയും വഴി കയ്യേറിയാല്‍ ആരും എങ്ങും എത്തില്ല. വൈയക്തിക സ്വാതന്ത്ര്യം ഇത്തരത്തില്‍ ഒരു സാമൂഹിക അരാജകത്വത്തിനു കാരണഭൂതമാകും.
ഈയിടെയായി, സ്വാതന്ത്ര്യത്തില്‍ നാം, ഈ സ്ത്രീയെപ്പോലെ അപകടകരമാം വിധം ഉന്മത്തരാകുന്നുണ്ട്. എന്തുകൊണ്ട് റോഡ് നിയമങ്ങള്‍ എന്നു കൂടി നാം ചിന്തിക്കേണ്ടിയിരിക്കുന്നു. റോഡ് നിയമങ്ങള്‍ എന്തു കൊണ്ടെന്നാല്‍, എല്ലാവരുടെയും സ്വാതന്ത്ര്യം സംരക്ഷിക്കപ്പെടുന്നതിനു വേണ്ടി ഓരോരുത്തരുടെയും സ്വാതന്ത്ര്യത്തില്‍ ചില നിയന്ത്രണങ്ങള്‍ വേണ്ടിവരും എന്നതാണു. പലപ്പോഴും സമൂഹത്തിന്റെ സന്തുലിതാവസ്ഥ നിലനിര്‍ത്താന്‍, വ്യക്തിഗത സ്വാതന്ത്ര്യത്തില്‍ നിയന്ത്രണമേര്‍പ്പെടുത്താന്‍ നാം ബാധ്യസ്തരാണു. അതു സ്വാതന്ത്ര്യത്തിന്റെ യഥാര്‍ത്ഥ്യവത്ക്കരണം ഉറപ്പാക്കുകയും ചെയ്യുന്നു.
സ്വാതന്ത്ര്യം എന്നത് വ്യക്തിപരമായ ഇടപാട് എന്നതിനപ്പുറം ഒരു സാമൂഹിക കരാര്‍ ആണു. അതു താല്‍പര്യങ്ങളുടെ പൊതുവായ അംഗീകാരവും നിയന്ത്രണവുമാണു- അന്യന്റെ സ്വാതന്ത്യത്തിലേക്കുള്ള കടന്നു കയറ്റമല്ല. തീര്‍ച്ചയായും, എനിക്കിഷ്ടമുള്ളത് ചെയ്യാന്‍ എനിക്ക് സ്വാതന്ത്ര്യമുണ്ട്. നിശാവസ്ത്രമണിഞ്ഞ്, മുടിനീട്ടി വളര്‍ത്തി, നഗ്നപാദനായി എനിക്കു തെരുവിലൂടെ നടക്കം. ആരു എന്നോട് 'അരുതെ'ന്നു പറയും? നിങ്ങള്ക്ക് എന്നെ നോക്കി പൊട്ടിച്ചിരിക്കാം. എനിക്ക് നിങ്ങളെ അവഗണിക്കാം. മുടിയില്‍ കളറടിക്കാനോ, ഫ്രോക്കിടാനോ, വള്ളിച്ചെരിപ്പിടാനോ എനിക്കിഷ്ടമുണ്ടെങ്കില്‍, അതിനു എനിക്ക് ആരുടെയും സമ്മതം വേണ്ട. ഞാന്‍ ഇഷ്ടമുള്ളതു പോലേ ചെയ്യും. മട്ടന്റെ കൂടെ മസ്റ്റാഡ് കഴിക്കണമോ വേണ്ടയോ എന്നു നിങ്ങളോട് ചോദിക്കേണ്ട കാര്യം എനിക്കില്ല.
ഇതു പോലെ ആയിരക്കണക്കിനു കാര്യങ്ങളില്‍ എനിക്കോ നിങ്ങള്ക്കോ ആരുടെയും അനുവാദത്തിനായി കാത്തു നില്ക്കേണ്ടതില്ല. നമ്മുടെ ഇഷ്ടമനുസരിച്ചു വര്‍ത്തിക്കാന്‍, -അതു ഭോഷത്തമോ, ബൌദ്ധീകമോ, പരമ്പരാഗതമോ, പരിഷ്കൃതമോ, എളുപ്പമോ കഠിനമോ ആകട്ടെ- നമ്മള്‍ നിയന്ത്രിക്കുന്ന ഒരു ലോകം നമുക്കുണ്ടു. അതിനു പുറത്തേക്കു കാല്‍ വെയ്ക്കുമ്പോള്‍ മുതല്‍ നമ്മളുടെ വ്യക്തിസ്വാതന്ത്ര്യം മറ്റുള്ളവരുടെ സ്വാതന്ത്ര്യത്തിനു കൂടി അനുസൃതമായി ദ്യോതിപ്പിക്കപ്പെടും. എനിക്ക് അര്‍ദ്ധരാത്രി മുതല്‍ രാവിലെ 3 മണി വരെ ട്രൊമ്പോണ്‍ (ട്രംപെറ്റ് പോലുള്ള സംഗീത ഉപകരണം) വായിക്കണമെന്നിരിക്കട്ടെ. ഹെല്‍വെലീന്‍ മലയുടെ മുകളില്‍ പോയിരുന്നു വായിച്ച് എനിക്ക് നിര്‍വൃതിയടയാം. പക്ഷേ എന്റെ ശയനമുറിയില്‍ ഇരുന്നു വായിച്ചാല്‍ എന്റെ കുടുംബാംഗങ്ങള്‍ എതിര്ക്കും. തെരുവില്‍ പോയിരുന്നു വായിക്കാമെന്നു വെച്ചാല്‍, അര്‍ദ്ധരാത്രി ട്രോംബോണ്‍ വായിക്കാനുള്ള എന്റെ സ്വാതന്ത്ര്യം സ്വസ്ഥമായി ഉറങ്ങാനുള്ള എന്റെ അയല്ക്കാരന്റെ സ്വാതന്ത്ര്യത്തെ ഹനിക്കരുത്. ഈ ലോകത്ത് ഒരുപാട് പേരുണ്ട്. എന്റെ സ്വാതന്ത്ര്യം അവരുടെ സ്വാതന്ത്ര്യത്തെക്കൂടി ഉള്‍ക്കൊള്ളുന്നതായിരിക്കണം.
കഴിഞ്ഞ ദിവസം രാവിലെ ട്രെയിനില്‍ യാത്ര ചെയ്യവേ ഞാന്‍ ബ്ളൂ ബുക്ക് വായിക്കാന്‍ തുടങ്ങി. ഒരുല്ലാസത്തിനൊ ആനന്ദത്തിനോ വേണ്ടിയല്ല ഞാന്തു വായിച്ചു കൊണ്ടിരുന്നത്. സത്യത്തില്‍, ആനന്ദത്തിനു വേണ്ടി ഒരിക്കലും ഞാന്‍ ബ്ളൂ ബുക്ക് വായിച്ചിട്ടില്ല. ഒരു ബാരിസ്റ്റര്‍ ആ പുസ്തകം വായിക്കുന്ന അതേ ഗൌരവത്തോടും ശ്രദ്ധയോടും കൂടെയാണു, അതു ഞാന്‍ വായിച്ചതു. ഇപ്പോള്‍ നിങ്ങള്ക്കൊരു പുസ്തകം ആനന്ദത്തിനു വേണ്ടി വായിക്കണമെങ്കില്‍ ചുറ്റും നടക്കുന്നതിനെക്കുറിച്ച് നിങ്ങള്‍ ശ്രദ്ധിക്കില്ല. ഞാന്‍ കരുതുന്നത്, ട്രിഷ്രാം ഷാന്‍ഡിയും, ട്രെഷര്‍ ഐലന്റും ഒരു ഭൂമികുലുക്കത്തിനു നടുവിലിരുന്നു പോലും എനിക്ക് ആസ്വദിക്കാം എന്നാണു.
പക്ഷേ വായന ഒരു കര്‍ത്തവ്യം എന്ന നിലയില്‍ ആകുമ്പോള്‍, അതിനാവശ്യമായ ശാന്തമായ അന്തരീക്ഷം നിര്ണ്ണായകമാണു. തൊട്ടടുത്ത സ്റ്റേഷന്‍ മുതല്‍ എനിക്കതു നഷ്ടപ്പെട്ടു. അവിടെ നിന്‍നും രണ്ടുപേര്‍ കയറി. അതിലൊരാളുടെ ഉഛവും ആത്മപ്രശംസാര്‍ത്ഥവുമായ ശബ്ദം എന്റെ ശാന്തതയ്ക്ക് ഭംഗം വരുത്തി. ബ്ളൂ ബുക്കിലെ ക്ളോസുകളും സെക്ഷനുകളുമായി ഞാന്‍ മല്പിടുത്തം നടത്തുമ്പോള്‍ അയാളുടെ ശബ്ദം ഒരു കൊടുങ്കാറ്റു പോലെ ഉയര്ന്നു. കുടുംബചരിത്രവും, മകന്റെ യുദ്ധ വീരകൃത്യങ്ങളും, രാഷ്ട്രീയ വിമര്‍ശനങ്ങളും അടങ്ങിയ അയാളുടെ പ്രഭാഷണത്തില്‍, വായന തുടരുവാനുള്ള എന്റെ വികല ശ്രമങ്ങള്‍ മുങ്ങിപ്പോയി. ബ്ളൂ ബുക്ക് അടച്ചു വെച്ചു ജനലിലൂടെ ഞാന്‍ പുറത്തേക്കു നോക്കിയിരുന്നു. ഇടിവെട്ടുന്നതു പോലുള്ള അയാളുടെ ശബ്ദം അസഹ്യതയോടെ ഞാന്‍ ശ്രവിച്ചു കൊണ്ടിരുന്നു.
താഴ്ന്ന ശബ്ദത്തില്‍ സംസാരിക്കാന്‍ അയാളോടു പറയാമെന്നു വെച്ചാല്‍ ഞാന്‍ ഒരു മുരടന്‍ ആണെന്നു അയാള്‍ കരുതും. അയാളുടെ ഈ കത്തി സഹിക്കുകയല്ലാതെ അവിടെയുണ്ടായിരുന്ന ആര്‍ക്കും മട്ടൊരു മാര്ഗ്ഗവുമില്ലയിരുന്നു എന്നത് അയാളെ ബാധിച്ചില്ല. ഒരു കാര്യത്തില്‍ എനിക്കു സംശയമില്ല. അയാള്‍ പൂര്ണ്ണമായും ഈ ബോധ്യത്തിലാണു. അതായത് കാര്യേജിലുണ്ടായിരുന്ന എല്ലാവരും അയാളോടു നന്ദിയുള്ലവരാണെന്നും, അവര്ക്കെല്ലാം പ്രോജ്വലമായ യാത്ര താന്‍ പ്രദാനം ചെയ്തു എന്നും, വിജ്ഞാനകോശം പോല്‍ ആഴമുള്ള തന്റെ അറിവില്‍ എല്ലാവരും ആകൃഷ്ടരായി എന്നും ഒക്കെ. അയാള്‍ വ്യക്തമായ ഉദ്ദേശങ്ങളുള്ള ആള്‍ തന്നെ. യഥാര്‍ത്ഥത്തില്‍ അയാള്‍ സാമൂഹിക ബോധമുള്ളവനല്ല. അയാള്‍ ഒരു സഹവര്‍ത്തിയുമല്ല.
മറ്റുള്ളവരുടെ അവകാശങ്ങള്ക്കും വികാരങ്ങള്ക്കും നല്ക്കുന്ന തരക്കേടില്ലാത്ത പരിഗണനയാണു സമൂഹസ്വഭാവത്തിന്റെ അടിസ്ഥാനം. ചെറിയ രാഷ്ട്രങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടുന്ന പോലെ തന്നെ, ശാന്തരും എളിയവരുമായവരുടെ അവകാശങ്ങളും സംരക്ഷിക്കപ്പെടണം എന്നാണു ഞാന്‍ വിശ്വസിക്കുന്നത്.
ഉദാഹരണമായി ത്രോമ്പോണിന്റെ കാര്യം തന്നെ എടുക്കാം. ഹാസ്ലിറ്റ് പറയുന്നത്, ആ ഭീകരമായ ഉപകരണം വായിക്കാന്‍ പഠിക്കുന്നവന്‍ അതു സ്വന്തം വീട്ടില്‍ വെച്ചു ചെയ്യണം എന്നാണു. അതു അയല്‍വാസികള്‍ക്ക് ശല്യമാകുമെങ്കിലും, ശല്യപ്പെടുത്തലിന്റെ തീവ്രത ഏറ്റം കുറച്ച് വായിക്കുവന്‍ ഞാന്‍ ബാധ്യസ്ഥനാണു. ഏതെങ്കിലും അറകളിലിരുന്നു ജനലുകളടച്ചു വേണം അതു വായിക്കാന്‍.അല്ലാതെ പുറത്തു വരാന്തയില്‍ വന്നിരുന്നോ ജനലുകളും വാതിലും തുറന്നിട്ടോ, അടുത്ത വീട്ടില്‍ താമസിക്കുന്നവന്റെ ചെവിയില്‍ തിളച്ചുകയറും വിധം ഭയാനകമായോ അല്ല വായിക്കേണ്ടത്. ഇനി ഒരു മനുഷ്യന്‍ ഉയര്‍ന്ന വാട്ട്സ് ഉള്ള ഗ്രാമഫോണ്‍ ശ്രവിക്കുകയാണെന്നു വയ്ക്കൂ. ഒരു ഞായറാഴ്ച മധ്യാഹ്നത്തില്‍ ജനലുകളൊക്കെ തുറന്നിട്ട് ഉയര്‍ന്ന ശബ്ദത്തില്‍ Keep the Home Fires Burning കേള്‍ക്കുന്നു. ഇത്തരം കാര്യങ്ങളില്‍ സാമൂഹ്യപെരുമാറ്റത്തില്‍ പാലിക്കേണ്ട ശരിയായ നിയന്ത്രണങ്ങള്‍ ഏതൊക്കെയാണു?
നിങ്ങള്‍ക്കൊരു ഗ്രാമഫോണുണ്ടെങ്കില്‍ അതു കേള്‍ക്കാന്‍ നിങ്ങള്‍ക്കധികാരമുണ്ട്. പക്ഷെ, അതിന്റെ ശബ്ദം നിയന്ത്രിച്ച് നിങ്ങളുടെ ഭവനത്തില്‍ കേള്‍ക്കുവാന്‍ മാത്രം പാകത്തില്‍ വെക്കുന്നില്ലെങ്കില്‍, അപരന്റെ സ്വാതന്ത്ര്യത്തെ നിങ്ങള്‍ തടസ്സപ്പെടുത്തുകയാണു. നിങ്ങളുടെ അയല്‍ക്കാരനു Keep the Home Fires Burning ഇഷ്ടമല്ലായിരിക്കാം. ഒരു പക്ഷേ ശാന്തമായ ഒരു ഞായാറാഴ്ചയായിരിക്കും അയാള്‍ ആഗ്രഹിക്കുന്നത്. അത്കൊണ്ടു തന്നെ അവരുടെ ശാന്തതയയെ കയ്യേറുന്നത് ക്രൂരതയാണു.
എനിക്ക് തോന്നുന്നതു, നമ്മുക്ക് പൂര്‍ണ്ണമായും ഏകാധിപതിയോ, പൂര്‍ണ്ണമായും ജനാധിപത്യവാദിയോ ആകാന്‍ കഴിയില്ല എന്നാണു - അല്ലെങ്കില്‍ ഇതു രണ്ടിന്റെയും വിവേകപരമായ മിശ്രിതമാണു നമ്മള്‍. നമ്മുക്ക് രണ്ടു സ്വാതന്ത്ര്യവും സംരക്ഷിക്കണം- വ്യക്തിസ്വാതന്ത്ര്യവും സമൂഹസ്വാതന്ത്ര്യവും. എന്റെ കുട്ടി ഏതു സ്കൂളില്‍ പഠിക്കണമെന്നൊ, ഏതു വിഷയത്തില്‍ കേന്ദ്രീകരിക്കണമെന്നൊ, ഏതു ഗെയിം കളിക്കണമെന്നൊ തീരുമാനിക്കന്‍ ഒരധികാരിയേയും ഞാന്‍ അനുവധിക്കില്ല. അവയെല്ലാം വൈയക്തീകമാണു. എന്നു വെച്ചു എനിക്ക് എന്റെ അയല്‍വാസിക്കു ശല്യമായിത്തീരാനോ, എന്റെ മകനെ സാമൂഹ്യവിരുദ്ധനായി വളര്‍ത്താനോ എനിക്ക് സ്വാതന്ത്ര്യമില്ല.
ചെറിയ ചെറിയ പെരുമാറ്റങ്ങളിലൂടെയാണു, അതു റോഡുനിയമങ്ങള്‍ അനുസരിക്കുന്നതാണെങ്കില്‍ കൂടി, നമ്മള്‍ പ്രാകൃതനെന്നോ, പരിഷ്കൃതനെന്നൊ വിലയിരുത്തപ്പെടുന്നതു. വലിയ ത്യാഗങ്ങള്ക്കും വീരകൃത്യങ്ങള്ക്കും അതിനായകത്വത്തിനുമുള്ള അവസരങ്ങള്‍ നന്നേ കുറവാണു. താല്പര്യങ്ങളുടെ പൊതുതായ ഇടപെടലുകളിലെ, ചെറിയ പെരുമാറ്റങ്ങള് ആണു, ജീവിതത്തിനു വലിയവില നല്കുന്നത്- അല്ലെങ്കില്‍ ജീവിതയാത്ര മധുരതരമോ, കയ്പേറിയതോ ആക്കിത്തീര്ക്കുന്നതു. തീവണ്ടിയില്‍ വെച്ചു ഞാന്‍ കണ്ട എന്റെ സുഹൃത്ത് ഇതിനെക്കുറിച്ച് ചിന്തിക്കുമെന്നു ഞാന്‍ പ്രതീക്ഷിക്കുന്നു. അങ്ങിനെ എന്റെ ബ്ളൂ ബുക്ക് പാരായണം തടസപ്പെടാത്ത വിധം അദ്ദേഹം സംസാരിക്കും.
-----
[കഴിഞ്ഞ ദിവസം എന്റെ കസിന്‍ വിളിച്ചു ചോദിച്ചു. അടുത്തെങ്ങാനും പെന്തെക്കൊസ്താക്കാരുണ്ടോന്ന്. അവന്റെ വീടിനടുത്തുള്ള പെന്റെക്കൊസ്താ പ്രാര്‍ത്ഥനക്കാരുടെ ഉച്ചത്തിലുള്ള പ്രാര്‍ത്ഥന കൊണ്ട് അവനു പരീക്ഷയ്ക്കു പഠിക്കാന്‍ കഴിയുന്നില്ല. അപ്പോഴാണു ഗാര്‍ഡിനറുടെ ഈ ലേഖനം ഓര്‍മ്മ വന്നത്. സ്വന്തം കാര്യം സിന്ദാബാദ് ഇന്നുമുള്ളതിനാല്‍ ഈ ലേഖനം പരിഭാഷപ്പെടുത്തിയത് കാലയുക്തം എന്നു കരുതുന്നു.]
2008, ഒക്‌ടോബർ 22, ബുധനാഴ്‌ച
ജീവജ്യോതിയില്‍ കോപ്പിയടിയുമാകാം, പാതപിന്തുടരലാണേല്‍ അതും
കുറെക്കാലമായി ഞാനിതുവായിക്കാറില്ലായിരുന്നു. വാവക്കാട്ട് എന്നു പറയുന്ന ഒരു അനോണിയുണ്ടതില്‍. പള്ളീലച്ചനാണെന്നു പറയാന്‍ വിമ്മിട്ടമുള്ളതുകൊണ്ടാണോ എന്നറിയില്ല പുള്ളി പേരിനു മുന്നില്‍ “ഫാ.” വെക്കാറില്ല. അങ്ങേരുടെ ‘കേശവന്റെ പ്രേതം’ വായിച്ചതില്‍ പിന്നെ രണ്ടു ദിവസം മലബന്ധമായിരുന്നു. പിന്നെ ഒന്നു രണ്ടെണ്ണം കൂടി വായിച്ചതോടെ ജീവജ്യോതിവായന മുടക്കി. കൊച്ചു പിള്ളാരെക്കൊണ്ട് കയ്യെഴെത്തു മാഗസ്സിന്‍ എഴുതിച്ചു വായിച്ചാല്‍ ഇതിലും നിലവാരം തോന്നിക്കും. അതു വാവക്കാടനും മനസ്സിലായിക്കാണും എന്നു തോന്നും സെപ്തം എഡിഷന്‍ വായിച്ചാല്‍.
“വാക്കും നോക്കും”- മാലോകര്‍ക്ക് വെല്ലതും മനസ്സിലായോ. ‘സാഹിത്യവാരഫലം’ എന്നു കേട്ടിട്ടുണ്ടാകും അല്ലെ. പരേതനായ എം. കൃഷ്ണന്‍ നായര്‍ മലയാളം വാരികയില്‍ അങ്ങിനെ ഒന്നെഴുതിയിരുന്നു. ഉത്തരവിമര്‍ശനം. വാവക്കാടന്‍ അതു വാക്കും നോക്കും എന്ന ലേബലൊട്ടിച്ചിറക്കിയപ്പോള്‍ നോട്ടത്തിനു സിനിമ കൂടി ചേര്‍ത്തു എന്നു മാത്രം. ശിവാജിപോലുള്ള ബ്രഹ്മാണ്ഡപടങ്ങള്ക്ക് റിവ്യൂ എഴുതിയവനു റിവ്യൂ എഴുതി എന്നു കൂടി വായിക്കുമ്പോഴാണു അതിന്റെ ഒരു കോമഡി പുറത്തു വരുന്നത്. പിന്നെ അതിരൂപതയിലെ എഴുത്തുകാരേ പരിചയപ്പെടുത്തുന്ന ഒരു സബ് ടൈറ്റിലുമുണ്ട്. ജോര്ജ്ജ് ജോസഫ് കേ. ആണു ആ എഡിഷനിലേ ഇര. നിലവാരം ഉയര്‍ത്താനുള്ള വാവക്കാടന്റെ എളിയ ശ്രമം. “എന്റെ പൊന്നു വാവക്കാടാ നായരുടെ ശൈലി എങ്കിലും ഒന്നു മാറ്റിപിടികാമായിരുന്നില്ലെ. ഭാഗ്യം അങ്ങേരു ഇഹലോകത്തില്ലാത്തതു. അല്ലെല്‍ തനിക്കു കൊട്ടേഷന്‍ അന്നു തന്നെ കിട്ടിയേനെ.”
അതൊരു വഴിക്കിരിക്കുമ്പോഴാ ഒക്ടോബര്‍ എഡിഷന്‍ വരുന്നത് ‘അവസാനിക്കാത്ത പുറ’വുമായി. ഇതിന്റെ ഒറിജിനല്‍ ബ്രാന്ഡ് നെയിം - “ജീവിതം എന്നെ എന്തു പഠിപ്പിച്ചു”. ആധാരം- മലയാളം വാരിക. ഇത്തവണ ജോര്‍ജ്ജ് കിത്തോയാണു താരം. ഒരു മൂന്നു നാലു എഡിഷന്‍ കൂടിയാകുമ്പോഴേക്കും മലയാളം വാരികയുടെ പേരങ്ങു മാറ്റി ജീവജ്യോതി എന്നാക്കിയാല്‍ ശുഭം.
ഒന്നുകില്‍ ജീവജ്യോതി വായിക്കുന്നവര്‍ മറ്റു പുസ്തകങ്ങളോ മാസികകളോ വായിക്കുന്നവരല്ല എന്ന ധാരണ പത്രാധിപര്‍ക്കുണ്ട്. അല്ലെങ്കില്‍ ഈ മാസിക കുടുംബയോഗ വിചിന്തനം മാത്രം വായിക്കാന്‍ വേണ്ടിമാത്രമാവം വരാപ്പുഴ വിശ്വാസികള്‍ വാങ്ങുന്നത്. രണ്ടായാലും മുഖപത്രമൊക്കെ എന്നു പറയുമ്പോള്‍ അതില്‍ വെല്ലവരുടെയും മുഖംമൂടി വെക്കാതിരിക്കുന്നതു നന്നു.
വാവക്കാടനോട്:
മൂടല്‍മഞ്ഞാര്‍ന്നൊരീ കുന്നെങ്ങീ-
പ്രാലേയ ശൈലമെങ്ങോ?
2008, ഒക്‌ടോബർ 18, ശനിയാഴ്‌ച
സഹന സമര സമയമായ്
കിട്ടിയ വടിയില്‍ പ്ളക്കാര്‍ഡും കെട്ടിയിറങ്ങിയ സഖാക്കന്മാര്ക്ക് ചുളുവില്‍ ഒരു പ്ളെയിന്‍ ടിക്കറ്റും കിട്ടി. അതൊക്കെ ഒരു സ്വപ്നമായിരുന്നങ്ങുന്നേ- ഈ വിമാനയാത്ര. ഖജനാവു ചൂണ്ടിയാണെലും കാര്യം നടന്നു. മൂന്നു കോടി പോയാലെന്താ. കെണിപ്പന്‍ സമരമല്ലായിരുന്നോ?
അരി കിട്ടിയോ സഖാവേ. ഉറപ്പു കിട്ടിക്കാണും അല്ലെ. ങേ അതുമില്ലേ. പണ്ടാരം മൂന്നുകോടിയും പോയിക്കിട്ടി. കൊഴപ്പമില്ല ഏതെങ്കിലും സാധനത്തില്‍ വിലകൂട്ടിയിങ്ങു തന്നാല്‍ മതി, ബാക്കി കാര്യം ഞങ്ങളേറ്റു. അല്ലെങ്കിലൊരു ബക്കറ്റുമായി ചെമപ്പന്മാരെ ഇറക്കി വിട്ടോ, പണം അവര്കള്‍ കൈവശം എത്തിക്കാം.
നാണകേട്. ഇതില്‍ പരം നാണകേടു പ്രതിപക്ഷനു ഇനി വരാനില്ല. നാണം കൊണ്ടൊരു സമരം. അതാണു വലതന്‍. അങ്ങിനെയും സമരമെടുത്തു കളയും. അച്ചുവും കൂട്ടരും ഡെല്ലിക്കു പോയതക്കത്തിനു തിരൂന്തരത്തു കൊടി കെട്ടി തലയനും ചാണ്ടിയും. ഡെല്ലിക്കു മുന്നില്‍ കൊടികുത്തിയാല്‍ ചെന്നിത്തല നോക്കി സോണിമോള്‍ ഒന്നു തരും.
എന്തോന്നയാലും സംഗതി പൊടിപൊടിച്ചു. കേരളജനതായാകേ പുളകം കൊണ്ടിരിക്കുകയാണു. വലതനും ഇടതനും ഒരേ ദിവസം സമരം. അതും സഭകള്ക്ക് മുന്നില്‍. ഇവരേക്കാള്‍ നല്ല നേതാക്കള്‍ മഷിയിട്ടു നോക്കിയാല്‍ കാണുമോ?
അരിക്കും പാലിനും വെള്ളത്തിനും കറണ്ടിനും വില കുറയുമോ?
മൂന്നാറില്‍ കയ്യേറ്റം ഒഴിപ്പിക്കും
പെട്രോളിനു വിലകുറയുമോ?
വിഴിഞ്ഞം പദ്ധതി അനുവദിച്ചു.
നീ എന്താ തുമ്പും വാലുമില്ലതേ പറയുന്നത്?
ഹ ഹ ഹ
എന്നിട്ടു വെല്ലതും നടന്നോടാ. ഉവ്വ് ജൊക്കി. നടന്നു. ഇനി നടക്കുകേം ചെയ്യും, സമരങ്ങള്‍. വരിക വരിക സഹജരേ സഹന സഹന സഹനമായ്.
വാര്‍ത്ത: ഒരു ഇടതു യുവതിയുടെ ജാമ്യം റദ്ദാക്കാനും സ്വത്ത് കണ്ടു കെട്ടാനും അറസ്റ്റ് ചെയ്യാനും കോടതി ഉത്തരവ്.
യുവതിക്കു മുന്നില്‍ പോലീസുകാര്‍ കവാത്തു നടത്തുകയും പോലീസിനു മുന്നില്‍ യുവതി ഒരു കൂസലുമില്ലാതെ കവാത്തു നടത്തുകയും ചെയ്യുന്നത് ലൈവ് ആയി ടി.വി.യില്‍ കണ്ടിരുന്നു ചുമ്മാ ഞാന്‍ പുളകിതനായി.രംഗം കേന്ദ്ര വിരുദ്ധസമരം.
സഹന സമര സമയമായ്
കിട്ടിയ വടിയില്‍ പ്ളക്കാര്‍ഡും കെട്ടിയിറങ്ങിയ സഖാക്കന്മാര്ക്ക് ചുളുവില്‍ ഒരു പ്ളെയിന്‍ ടിക്കറ്റും കിട്ടി. അതൊക്കെ ഒരു സ്വപ്നമായിരുന്നങ്ങുന്നേ- ഈ വിമാനയാത്ര. ഖജനാവു ചൂണ്ടിയാണെലും കാര്യം നടന്നു. മൂന്നു കോടി പോയാലെന്താ. കെണിപ്പന്‍ സമരമല്ലായിരുന്നോ?
അരി കിട്ടിയോ സഖാവേ. ഉറപ്പു കിട്ടിക്കാണും അല്ലെ. ങേ അതുമില്ലേ. പണ്ടാരം മൂന്നുകോടിയും പോയിക്കിട്ടി. കൊഴപ്പമില്ല ഏതെങ്കിലും സാധനത്തില്‍ വിലകൂട്ടിയിങ്ങു തന്നാല്‍ മതി, ബാക്കി കാര്യം ഞങ്ങളേറ്റു. അല്ലെങ്കിലൊരു ബക്കറ്റുമായി ചെമപ്പന്മാരെ ഇറക്കി വിട്ടോ, പണം അവര്കള്‍ കൈവശം എത്തിക്കാം.
നാണകേട്. ഇതില്‍ പരം നാണകേടു പ്രതിപക്ഷനു ഇനി വരാനില്ല. നാണം കൊണ്ടൊരു സമരം. അതാണു വലതന്‍. അങ്ങിനെയും സമരമെടുത്തു കളയും. അച്ചുവും കൂട്ടരും ഡെല്ലിക്കു പോയതക്കത്തിനു തിരൂന്തരത്തു കൊടി കെട്ടി തലയനും ചാണ്ടിയും. ഡെല്ലിക്കു മുന്നില്‍ കൊടികുത്തിയാല്‍ ചെന്നിത്തല നോക്കി സോണിമോള്‍ ഒന്നു തരും.
എന്തോന്നയാലും സംഗതി പൊടിപൊടിച്ചു. കേരളജനതായാകേ പുളകം കൊണ്ടിരിക്കുകയാണു. വലതനും ഇടതനും ഒരേ ദിവസം സമരം. അതും സഭകള്ക്ക് മുന്നില്‍. ഇവരേക്കാള്‍ നല്ല നേതാക്കള്‍ മഷിയിട്ടു നോക്കിയാല്‍ കാണുമോ?
അരിക്കും പാലിനും വെള്ളത്തിനും കറണ്ടിനും വില കുറയുമോ?
മൂന്നാറില്‍ കയ്യേറ്റം ഒഴിപ്പിക്കും
പെട്രോളിനു വിലകുറയുമോ?
വിഴിഞ്ഞം പദ്ധതി അനുവദിച്ചു.
നീ എന്താ തുമ്പും വാലുമില്ലതേ പറയുന്നത്?
ഹ ഹ ഹ
എന്നിട്ടു വെല്ലതും നടന്നോടാ. ഉവ്വ് ജൊക്കി. നടന്നു. ഇനി നടക്കുകേം ചെയ്യും, സമരങ്ങള്‍. വരിക വരിക സഹജരേ സഹന സഹന സഹനമായ്.
വാര്‍ത്ത: ഒരു ഇടതു യുവതിയുടെ ജാമ്യം റദ്ദാക്കാനും സ്വത്ത് കണ്ടു കെട്ടാനും അറസ്റ്റ് ചെയ്യാനും കോടതി ഉത്തരവ്.
യുവതിക്കു മുന്നില്‍ പോലീസുകാര്‍ കവാത്തു നടത്തുകയും പോലീസിനു മുന്നില്‍ യുവതി ഒരു കൂസലുമില്ലാതെ കവാത്തു നടത്തുകയും ചെയ്യുന്നത് ലൈവ് ആയി ടി.വി.യില്‍ കണ്ടിരുന്നു ചുമ്മാ ഞാന്‍ പുളകിതനായി.
2008, ഒക്‌ടോബർ 16, വ്യാഴാഴ്‌ച
ദത്തെടുപ്പിന്റെ ആത്മീയ വേ(ര്‍)ഷന്‍
രൂപതയില്‍ നടക്കുന്ന കൊള്ളരുതായ്മകളെക്കുറിച്ചു ദത്തുപുത്രിക്ക് ദര്‍ശനങ്ങള്‍ ഉണ്ടാകുന്നു.
കൊള്ളാം. ഇത്തരം ദര്‍ശനങ്ങളുള്ള വനിതകള്‍ എല്ലാ രൂപതയിലും ഉണ്ടാകുമാറാകട്ടെ. എല്ലാ ഉള്ളുകളികളും പുറത്തുവരുന്നതോടൊപ്പം സിസ്റ്റര്‍ അഭയയുടെ കാര്യ്വും ഹൈക്കോടതിക്ക് ഈ വനിതയേ ഏല്‍പ്പിക്കാം.
അച്ചന്മാരുടെ ഒരു ലോബി കിംവദന്തികള്‍ പരത്തുന്നു.
ലോബി എന്ന വാക്കിനു നേരെ പദാവലിയില്‍ ഇതു കൂടി ചേര്ത്തോളൂ. മാധ്യമലോബി, മദ്യലോബി, റിയല്‍ എസ്റ്റേറ്റ് ലോബി…ഇനി പാതിരി ലോബിയും.
പിതാവുമായി ഫോണില്‍ ആത്മീയകാര്യങ്ങള്‍ ചര്‍ച്ച ചെയ്യാറുണ്ട്.
ഇത്തരം തത്സമയ Phone-in പരിപാടി ജവാന്‍ ടി.വി ക്കും നടത്താവുന്നതാണു. ബൈബിള്‍, വേദപാഠം, സംഷിപ്ത വേദസംഗ്രഹം, ധ്യാനം തുടങ്ങിയവയില്‍ നിന്നും കിട്ടാത്തതു ഈ പരിപാടിയില്‍ ഉള്പ്പെടുത്താവുന്നതാണു.
ഈ വനിതയുമായി സംസാരിക്കുമ്പോള്‍ തനിക്ക് ആത്മീയ ഉണര്‍വ്വുണ്ടാകുന്നു.
തള്ളേ, വാര്‍ഷികധ്യാനവും, മാസധ്യാനവും, റി-കളക്ഷനും, യാമപ്രാര്‍ത്ഥനകളും, കൊന്തയുമൊക്കെ എക്സ്പയറായാ. പിതാവിനു ആത്മീയഗുരുവുണ്ടെങ്കില്‍ പ്ളീസ് നോട്ട് ദ് പോയിന്റ്.
കാനോനികനിയമം ഇത്തരം ദത്ത് അനുവദിച്ചിട്ടില്ല.
അപ്പൊ ഇതൊക്കെ വായിക്കാത്ത പിതാക്കന്മാരൊക്കെ ഉണ്ട്. ദൈവാതീനം.
ഖേദകരമായ വാര്‍ത്ത: ഈ വാര്ത്തയേത്തുടര്‍ന്നു പെണ്‍കുട്ടിയുടെ കല്യാണം മുടങ്ങി. എല്ലാം നല്ലതിനു എന്നോര്‍ത്തു സമാധാനിക്കാം. അല്ലെങ്കില്‍തന്നെ ഇത്രയും ദൈവദര്‍ശനവും ആത്മീയവരങ്ങളൂമുള്ള ഒരാള്‍ക്ക് വിവാഹജീവിതത്തേക്കള്‍ നല്ലത് സന്യാസവസ്ത്രമാണു. മുട്ടിനു മുട്ടിനു കോണ്‍വെന്റുകളും, പരിശുദ്ധാത്മാവിനു തന്നെ തിട്ടമില്ലാത്തത്ര കോണ്ഗ്രിഗേഷനുകളുമുള്ള ഈ നാട്ടില്‍ ഈ ദത്തുപുത്രിക്ക് തല ചായ്ക്കാന്‍ ഇടം കിട്ടാതിരിക്കില്ല.
ദിവ്യഗര്‍ഭം എന്നു ചില ദൂഷണങ്ങള്‍ക്ക് സത്യാവസ്ഥ അറിയുംവരെ ആധ്യാത്മിക മൌനം ഉള്‍ക്കൊള്ളുന്നു.
വാര്‍ത്ത: ദത്തുപുത്രിയുടെ പൂര്‍വ്വ ദത്തു പിതാവിനെ 2005 മുതല്‍ ഭദ്രാസ്സനസേവനങ്ങളില്‍ നിന്നു വിലക്കിയിരിക്കുകയാണു. പരാതികളില്‍ യുവതിയുടെ പേരുമുണ്ട്.
നല്ല ആത്മീയവരം.
ഞാന്‍ ഒരു കിറ്റെക്സ് ലുങ്കിയോ എം.സി.ആര്‍ മുണ്ടോ വാങ്ങാന്‍ തീരുമാനിച്ചു. ചുമ്മാ തലവഴി മൂടി നടക്കാമല്ലൊ.
LINKS:
http://indiancatholic.in/report.asp?nid=11546
http://www.haindavakeralam.com/HKPage.aspx?PageID=7297&SKIN=C
http://timesofindia.indiatimes.com/India/Church_up_in_arms_over_Kochi_bishop_adopting_a_woman/articleshow/3600970.cms
2008, ഒക്‌ടോബർ 14, ചൊവ്വാഴ്ച
സഭയും വിഗ്രഹാരാധനയും എന്റെ സംശയങ്ങളും.
Leviticus 26:1, “Ye shall make you no idols nor graven image, neither rear you up a standing image, neither shall ye set up any image of stone in your land, to bow down unto it: for I am the LORD your God.” (ലേവായരുടെ പുസ്തകം)
Deuteronomy 29:17, “And ye have seen their abominations, and their idols, wood and stone, silver and gold, which were among them.” (നിയമാവര്‍ത്തന പുസ്തകം)
Exodus 20:4, “Thou shalt not make unto thee any graven image, or any likeness of any thing that is in heaven above, or that is in the earth beneath, or that is in the water under the earth:” (പുറപ്പാടിന്റെ പുസ്തകം)
വിഗ്രഹാരാധന, കത്തോലിക്കരും, അകത്തോലിക്കരും, യഹൂദജനവും ഒരു പോലെ നിഷിദ്ധമായികരുതുന്നു. കല്ലിലോ, ലോഹത്തിലോ, മരത്തിലോ മറ്റ് വസ്തുക്കളാലോ തീര്‍ത്ത വിഗ്രഹങ്ങളേ ആരാധിക്കുന്നത്, ഒന്നാം പ്രമാണ ലംഘനത്തിന്റെ വകഭേദങ്ങളില്‍ ഒന്നാണു. എങ്കിലും ക്രൈസ്തവദേവാലയങ്ങളില്‍ പ്രത്യേകിച്ച് കത്തോലിക്ക ദേവാലയങ്ങളില്‍ വിഗ്രഹങ്ങള്‍ സ്ഥാപിച്ചിട്ടില്ലേ എന്ന ആക്ഷേപം നിലവിലുണ്ട്. തെറ്റിദ്ധരിക്കപ്പെടുന്ന ആശയസംഘട്ടനം ഇതിലുണ്ട്, വൈപരീത്യം എന്നും പറയാം. ക്രൈസ്തവവിശ്വാസപ്രകാരം ഇതു വിഗ്രഹാരാധനയല്ല, പ്രതിമാവണക്കം ആണു. പ്രതിമ എന്നതിനര്‍ത്ഥം വിഗ്രഹം എന്നു തന്നെയെങ്കിലും, വണക്കം എന്നതിനു ആരാധനയുമായി വിദൂരമായ അര്‍ത്ഥമേ ഉള്ളൂ. എന്താണു വണക്കം കൊണ്ടുദ്ദേശിക്കുന്നത്? ഭക്തിയുടെ ചെറുമേമ്പൊടിയുള്ല ബഹുമാനം എന്നാണു എന്റെ പഴമനസ്സു പറയുന്നത്.
എനിക്ക് ലഭിച്ചിരിക്കുന്ന ഉദാഹരണം: എന്റെ അപ്പൂപ്പന്‍ മരിച്ചു പോയി. എന്റെ വീടിന്റെ മുന്‍വശത്തുള്ള ഭിത്തിയില്‍ അദ്ദേഹത്തിന്റെ ഒരു ഛായാചിത്രം തൂക്കിയിട്ടുണ്ട്. ഞാന്‍ ആ ചിത്രത്തില്‍ മാലയിടുമ്പോള്‍ അദ്ദേഹത്തോടുള്ള സ്നേഹമോ ബഹുമാനമോ ആണു പ്രകടമാകുന്നതു. അതു വിഗ്രഹാരാധനയല്ല എന്നു ചുരുക്കം. ഇതു തന്നെയാണു പള്ളികളിലും നടക്കേണ്ടതു. ഓകെ. ഇതു ഞാന്‍ സമ്മതിച്ചു. ഇതു തന്നെയാണോ പള്ളികളില്‍ നടക്കുന്നതെന്ന ചോദ്യമവിടെ നില്‍ക്കട്ടേ.
ഒരു ദിവസം അപ്പൂപ്പന്റെ പടത്തില്‍ മാലയിട്ടു ഞാന്‍ പരീക്ഷയ്ക്ക് പോയി. അന്നത്തേ പരീക്ഷ നന്നായിരുന്നു, അടുത്ത ദിവസവും മാലയിട്ടു, പരീക്ഷ നന്നായി. അടുത്ത ദിവസം ഞാന്‍ മാലയിടാന്‍ മറന്നു പോയി. പരീക്ഷ മോശമാകുകയും ചെയ്തു. അപ്പോള്‍ ഒരടിസ്ഥാനവുമില്ലാതെ ഞാന്‍ കരുതുന്നു “അപ്പൂപ്പന്റെ പടത്തില്‍ മാലയിട്ടാല്‍ പരീക്ഷ നന്നാവും”. ഇതറിഞ്ഞ എന്റെ സുഹൃത്തുക്കളും പരീക്ഷയ്ക്കു പോകും മുമ്പ് അപ്പൂപ്പന്റെ പടത്തില്‍ മാലയിടുന്നത് പതിവായി. മാലയിട്ട് ചിലരുടെ പരീക്ഷ നന്നായി. പഠിക്കാതെ മാല മാത്രമിട്ടു പരീക്ഷയെഴുതിയവരുടെ കാര്യം ഗോവിന്ദ. മാലയിട്ടു തോറ്റവരുടെ വാക്കുകള്‍ ജയിച്ചവര്‍ വിശ്വസിച്ചില്ല. അവര്‍ കൂടുതല്‍ വിലയുള്ള മാല വാങ്ങിയിട്ടു. ചോദ്യമിതാണു -ഇപ്പോള്‍ ഞാനോ, എന്റെ സുഹൃത്തുക്കളോ മാലയിടുന്നത് ബഹുമാനം കൊണ്ടാണോ?
പുണ്യാളന്മാരുടെ പ്രതിമകളില്‍ ദിവ്യത്വം ഉണ്ടാകും അതിനാല്‍ അതില്‍ മാലയിട്ടാല്‍ ഉദ്ദിഷ്ടകാര്യം സാധിക്കും എന്നിരിക്കട്ടെ. അങ്ങിനെയെങ്കില്‍ എല്ലാ പ്രതിമകളിലും അതുണ്ടാവണ്ടെ. എന്തുകൊണ്ടാണു കലൂരിലെ അന്തോണിസുപുണ്യവാളന്റെ പ്രതിമയിലോ, വേളാങ്കണ്ണിയിലേ മാതാവിന്റെ പ്രതിമയിലോ, കണ്ണമാലിയിലെ ഔസേപ്പിതാവിന്റെ പ്രതിമയിലോ ഒക്കെ മാത്രമായി ദിവ്യത്വം ഉണ്ടാകുന്നു. അത്തരം പ്രതിമകളില്‍ ദിവ്യത്വം ഉണ്ട് എന്നു കരുതുന്നതു തന്നെ വിഗ്രഹാരധനയല്ലെ? ദൈവം സര്‍വ്വ വ്യാപിയാണെന്നിരിക്കെ ഏതെങ്കിലും ഒരു പ്രത്യേക പള്ളിയില്‍ മാത്രം പ്രാര്ത്ഥിക്കുക എന്നത് ആ പള്ളിക്ക് ദിവ്യത്വം കല്പിക്കുന്നതിനു തുല്യമല്ലേ?
സഭയുടെ ഡൊക്ട്രിനില്‍ പ്രതിമാവണക്കം എന്നു പറയുന്നതെങ്കിലും പ്രവൃത്തിയില്‍ അതു വിഗ്രഹാരാധന തന്നെയായി മാറുന്നതിവിടെയാണു. ഈ പള്ളിയില്‍ വന്നു പ്രാര്‍ത്ഥിച്ചാല്‍ രോഗശാന്തിയുണ്ടാകും ഈ പ്രതിമയില്‍ മാലയിട്ടാല്‍ കല്യാണം നടക്കുമെന്നൊക്കെ പറഞ്ഞു നോട്ടീസടിക്കുന്ന അച്ചന്മാരും കൃതഞ്ജത എഴുതുന്ന വിശ്വാസികളും ഒരു പോലെ വിഗ്രഹാരാധകരാണു. ഏതെങ്കിലും ഒരു പ്രതിമയിലോ ചിത്രത്തിലോ ദിവ്യത്വം കല്പിക്കുകയും അതു തന്നെ ദൈവമെന്നു ധരിക്കുന്നതുമാണു വിഗ്രഹാരാധന. നല്ല ജീവിതം നയിച്ചു കടന്നു പോയവരുടെ ചിത്രങ്ങള്‍ വണങ്ങുന്നത് നല്ലതു തന്നെ. പക്ഷേ ആ പ്രതിമകളില്‍ ദൈവത്വം കല്പീക്കുകയും അവയില്‍ മാലയിട്ടാലേ അനുഗ്രഹമുണ്ടാകൂ എന്നു വിശ്വസ്സിക്കുന്നതും വഴി ആ പ്രതിമയേയും ദേവാലയത്തെയും ദൈവങ്ങളാക്കുകയാണു ചെയ്യുന്നത്.
ഇനി ഒരു ചോദ്യം കൂടി. ശിവലിംഗത്തില്‍ കെട്ടിപ്പിടിച്ച് തന്റെ പ്രാണനുവേണ്ടി യാചിക്കുന്ന മാര്‍ക്കണ്ഡേയന്‍, കുരിശില്‍ കെട്ടിപ്പിടിച്ചു പ്രാര്‍ത്ഥിക്കുന്ന കുരിശിന്റെ യോഹന്നാന്‍. ഇവരില്‍ വിഗ്രഹാരാധകരുണ്ടോ? ഉണ്ടെങ്കില്‍ ആരു?
സഭയും വിഗ്രഹാരാധനയും എന്റെ സംശയങ്ങളും.
Leviticus 26:1, “Ye shall make you no idols nor graven image, neither rear you up a standing image, neither shall ye set up any image of stone in your land, to bow down unto it: for I am the LORD your God.” (ലേവായരുടെ പുസ്തകം)
Deuteronomy 29:17, “And ye have seen their abominations, and their idols, wood and stone, silver and gold, which were among them.” (നിയമാവര്‍ത്തന പുസ്തകം)
Exodus 20:4, “Thou shalt not make unto thee any graven image, or any likeness of any thing that is in heaven above, or that is in the earth beneath, or that is in the water under the earth:” (പുറപ്പാടിന്റെ പുസ്തകം)
വിഗ്രഹാരാധന, കത്തോലിക്കരും, അകത്തോലിക്കരും, യഹൂദജനവും ഒരു പോലെ നിഷിദ്ധമായികരുതുന്നു. കല്ലിലോ, ലോഹത്തിലോ, മരത്തിലോ മറ്റ് വസ്തുക്കളാലോ തീര്‍ത്ത വിഗ്രഹങ്ങളേ ആരാധിക്കുന്നത്, ഒന്നാം പ്രമാണ ലംഘനത്തിന്റെ വകഭേദങ്ങളില്‍ ഒന്നാണു. എങ്കിലും ക്രൈസ്തവദേവാലയങ്ങളില്‍ പ്രത്യേകിച്ച് കത്തോലിക്ക ദേവാലയങ്ങളില്‍ വിഗ്രഹങ്ങള്‍ സ്ഥാപിച്ചിട്ടില്ലേ എന്ന ആക്ഷേപം നിലവിലുണ്ട്. തെറ്റിദ്ധരിക്കപ്പെടുന്ന ആശയസംഘട്ടനം ഇതിലുണ്ട്, വൈപരീത്യം എന്നും പറയാം. ക്രൈസ്തവവിശ്വാസപ്രകാരം ഇതു വിഗ്രഹാരാധനയല്ല, പ്രതിമാവണക്കം ആണു. പ്രതിമ എന്നതിനര്‍ത്ഥം വിഗ്രഹം എന്നു തന്നെയെങ്കിലും, വണക്കം എന്നതിനു ആരാധനയുമായി വിദൂരമായ അര്‍ത്ഥമേ ഉള്ളൂ. എന്താണു വണക്കം കൊണ്ടുദ്ദേശിക്കുന്നത്? ഭക്തിയുടെ ചെറുമേമ്പൊടിയുള്ല ബഹുമാനം എന്നാണു എന്റെ പഴമനസ്സു പറയുന്നത്.
എനിക്ക് ലഭിച്ചിരിക്കുന്ന ഉദാഹരണം: എന്റെ അപ്പൂപ്പന്‍ മരിച്ചു പോയി. എന്റെ വീടിന്റെ മുന്‍വശത്തുള്ള ഭിത്തിയില്‍ അദ്ദേഹത്തിന്റെ ഒരു ഛായാചിത്രം തൂക്കിയിട്ടുണ്ട്. ഞാന്‍ ആ ചിത്രത്തില്‍ മാലയിടുമ്പോള്‍ അദ്ദേഹത്തോടുള്ള സ്നേഹമോ ബഹുമാനമോ ആണു പ്രകടമാകുന്നതു. അതു വിഗ്രഹാരാധനയല്ല എന്നു ചുരുക്കം. ഇതു തന്നെയാണു പള്ളികളിലും നടക്കേണ്ടതു. ഓകെ. ഇതു ഞാന്‍ സമ്മതിച്ചു. ഇതു തന്നെയാണോ പള്ളികളില്‍ നടക്കുന്നതെന്ന ചോദ്യമവിടെ നില്‍ക്കട്ടേ.
ഒരു ദിവസം അപ്പൂപ്പന്റെ പടത്തില്‍ മാലയിട്ടു ഞാന്‍ പരീക്ഷയ്ക്ക് പോയി. അന്നത്തേ പരീക്ഷ നന്നായിരുന്നു, അടുത്ത ദിവസവും മാലയിട്ടു, പരീക്ഷ നന്നായി. അടുത്ത ദിവസം ഞാന്‍ മാലയിടാന്‍ മറന്നു പോയി. പരീക്ഷ മോശമാകുകയും ചെയ്തു. അപ്പോള്‍ ഒരടിസ്ഥാനവുമില്ലാതെ ഞാന്‍ കരുതുന്നു “അപ്പൂപ്പന്റെ പടത്തില്‍ മാലയിട്ടാല്‍ പരീക്ഷ നന്നാവും”. ഇതറിഞ്ഞ എന്റെ സുഹൃത്തുക്കളും പരീക്ഷയ്ക്കു പോകും മുമ്പ് അപ്പൂപ്പന്റെ പടത്തില്‍ മാലയിടുന്നത് പതിവായി. മാലയിട്ട് ചിലരുടെ പരീക്ഷ നന്നായി. പഠിക്കാതെ മാല മാത്രമിട്ടു പരീക്ഷയെഴുതിയവരുടെ കാര്യം ഗോവിന്ദ. മാലയിട്ടു തോറ്റവരുടെ വാക്കുകള്‍ ജയിച്ചവര്‍ വിശ്വസിച്ചില്ല. അവര്‍ കൂടുതല്‍ വിലയുള്ള മാല വാങ്ങിയിട്ടു. ചോദ്യമിതാണു -ഇപ്പോള്‍ ഞാനോ, എന്റെ സുഹൃത്തുക്കളോ മാലയിടുന്നത് ബഹുമാനം കൊണ്ടാണോ?
പുണ്യാളന്മാരുടെ പ്രതിമകളില്‍ ദിവ്യത്വം ഉണ്ടാകും അതിനാല്‍ അതില്‍ മാലയിട്ടാല്‍ ഉദ്ദിഷ്ടകാര്യം സാധിക്കും എന്നിരിക്കട്ടെ. അങ്ങിനെയെങ്കില്‍ എല്ലാ പ്രതിമകളിലും അതുണ്ടാവണ്ടെ. എന്തുകൊണ്ടാണു കലൂരിലെ അന്തോണിസുപുണ്യവാളന്റെ പ്രതിമയിലോ, വേളാങ്കണ്ണിയിലേ മാതാവിന്റെ പ്രതിമയിലോ, കണ്ണമാലിയിലെ ഔസേപ്പിതാവിന്റെ പ്രതിമയിലോ ഒക്കെ മാത്രമായി ദിവ്യത്വം ഉണ്ടാകുന്നു. അത്തരം പ്രതിമകളില്‍ ദിവ്യത്വം ഉണ്ട് എന്നു കരുതുന്നതു തന്നെ വിഗ്രഹാരധനയല്ലെ? ദൈവം സര്‍വ്വ വ്യാപിയാണെന്നിരിക്കെ ഏതെങ്കിലും ഒരു പ്രത്യേക പള്ളിയില്‍ മാത്രം പ്രാര്ത്ഥിക്കുക എന്നത് ആ പള്ളിക്ക് ദിവ്യത്വം കല്പിക്കുന്നതിനു തുല്യമല്ലേ?
സഭയുടെ ഡൊക്ട്രിനില്‍ പ്രതിമാവണക്കം എന്നു പറയുന്നതെങ്കിലും പ്രവൃത്തിയില്‍ അതു വിഗ്രഹാരാധന തന്നെയായി മാറുന്നതിവിടെയാണു. ഈ പള്ളിയില്‍ വന്നു പ്രാര്‍ത്ഥിച്ചാല്‍ രോഗശാന്തിയുണ്ടാകും ഈ പ്രതിമയില്‍ മാലയിട്ടാല്‍ കല്യാണം നടക്കുമെന്നൊക്കെ പറഞ്ഞു നോട്ടീസടിക്കുന്ന അച്ചന്മാരും കൃതഞ്ജത എഴുതുന്ന വിശ്വാസികളും ഒരു പോലെ വിഗ്രഹാരാധകരാണു. ഏതെങ്കിലും ഒരു പ്രതിമയിലോ ചിത്രത്തിലോ ദിവ്യത്വം കല്പിക്കുകയും അതു തന്നെ ദൈവമെന്നു ധരിക്കുന്നതുമാണു വിഗ്രഹാരാധന. നല്ല ജീവിതം നയിച്ചു കടന്നു പോയവരുടെ ചിത്രങ്ങള്‍ വണങ്ങുന്നത് നല്ലതു തന്നെ. പക്ഷേ ആ പ്രതിമകളില്‍ ദൈവത്വം കല്പീക്കുകയും അവയില്‍ മാലയിട്ടാലേ അനുഗ്രഹമുണ്ടാകൂ എന്നു വിശ്വസ്സിക്കുന്നതും വഴി ആ പ്രതിമയേയും ദേവാലയത്തെയും ദൈവങ്ങളാക്കുകയാണു ചെയ്യുന്നത്.
ഇനി ഒരു ചോദ്യം കൂടി. ശിവലിംഗത്തില്‍ കെട്ടിപ്പിടിച്ച് തന്റെ പ്രാണനുവേണ്ടി യാചിക്കുന്ന മാര്‍ക്കണ്ഡേയന്‍, കുരിശില്‍ കെട്ടിപ്പിടിച്ചു പ്രാര്‍ത്ഥിക്കുന്ന കുരിശിന്റെ യോഹന്നാന്‍. ഇവരില്‍ വിഗ്രഹാരാധകരുണ്ടോ? ഉണ്ടെങ്കില്‍ ആരു?
2008, ഒക്‌ടോബർ 10, വെള്ളിയാഴ്‌ച
The Problem of Evil (തിന്‍മ) : ചില മറുചിന്തകള്‍
പെട്ടെന്ന് ഒരു ഓലമടല്‍ തെങ്ങില്‍ നിന്ന് താഴേക്ക് വീഴുന്നു. ഓലമടല്‍ കണ്ട പോസ്റ്റുമാന്‍ കാര്യമറിയാന്‍ മുകളിലേയ്ക്ക് നോക്കുന്നു, അതാ വരുന്നു ഒരു ഉണക്ക തേങ്ങ.
പ്രപഞ്ചത്തിന്റെ ഓരോ ചലങ്ങളേയും നിയന്ത്രിക്കുവാന്‍ കഴിവുള്ള സര്‍വശക്തനായ ദൈവത്തിനു എന്തു കൊണ്ട് ഒരു തേങ്ങയുടെ വീഴ്ചയെ നിയന്ത്രിക്കാന്‍ കഴിയുന്നില്ല.
ലോക നാശത്തിന് കാരണമാകാനിടയുള്ള ഒരു കംസന്‍ ജനിക്കുന്നു, ദുര്യോധനന്‍ ജനിക്കുന്നു, കാളിയന്‍ ജനിക്കുന്നു, ഹിറ്റ്ലര്‍ ജനിക്കുന്നു…
ഓരോ മനുഷ്യനും ദൈവസൃഷ്ടിയല്ല എന്ന വാദം ഇതിലുണ്ടോ? ഇവരെ സൃഷ്ടിച്ചതു ദൈവമല്ലെ? ഇവരുടെ സൃഷ്ടിയില്‍ ദൈവത്തിനു ഉത്തരവദിത്വമില്ലേ? മനുഷ്യരെ സൃഷ്ടിക്കുന്നത് ദൈവമല്ല എന്നുണ്ടോ? അങ്ങിനെയെങ്കില്‍ വേദപാഠത്തിലെ ആദ്യ ചോദ്യം ഒഴിവാക്കേണ്ടി വരും (ചോദ്യം: നിന്നെ സൃഷ്ടീച്ചതാര്? ഉത്തരം: സര്‍വേശ്വരന്‍ എന്നെ സൃഷ്ടിച്ചു.)
അന്ധതയ്ക്ക് കാരണം അവന്‍റെ മാതാപിതാക്കളുടെ ജീനിന്‍റെ പ്രശ്നമാണെന്നോ പാരമ്പര്യ പ്രശ്നങ്ങള്‍ മൂലമാണെന്നോ കരുതുക. ഇത്തരം സന്ദര്‍ഭങ്ങളില്‍, ദൈവത്തെ എങ്ങനെ കുറ്റം പറയാനാവും.
സര്‍വ്വവും സൃഷ്ടിച്ച ദൈവത്തിനു ഒരു ജീനിന്റെ വികലത മാറ്റാന്‍ കഴിയില്ലെന്നോ? മാതാപിതാക്കളിലും അവന്റെ പാരമ്പര്യത്തിലും അന്ധതയുടെ കറുപ്പു കടന്നു കൂടിയതില്‍ ദൈവത്തിനു ഉത്തരാവദിത്വമില്ലെ?
കുറേക്കൂടി ചികഞ്ഞു പോയാല്‍ നമ്മള്‍ ഒരു മരത്തിന്റെ അടുത്തെത്തും. ഏദെന്‍തോട്ടത്തിന്റെ ഒത്തനടുവില്‍ നിന്ന അറിവിന്റെ മരം. അതു പിടിപ്പിച്ച ദൈവത്തിനു തിന്മയുടേയോ, തിന്മയുടെ നിയന്ത്രണത്തിന്റേയോ, ഉത്തരവാദിത്വത്തില്‍ നിന്നും പിന്മാറാന്‍ കഴിയില്ല. ഒരു സിസ്റ്റത്തിന്റെ അധിപന്‍ എന്ന നിലയില്‍ അതിനുണ്ടാകുന്ന കേടുപാടുകള്‍ നിയന്ത്രിക്കാന്‍ ദൈവത്തിനു കഴിയണം അതിനു കഴിഞ്ഞില്ലെങ്കില്‍ അദ്ദേഹം ഇവിടെ ഇല്ലേ എന്ന ചോദ്യം ആവര്‍ത്തിച്ചുകൊണ്ടിരിക്കും.
ദൈവമല്ല തിന്‍മ ഉണ്ടാക്കുന്നത്. നമ്മുടെ തെറ്റുമൂലമോ പ്രകൃതിയിലെ ആകസ്മികത മൂലമോ തിന്‍മ ഉണ്ടാവാം.
അപ്പോള്‍ നന്മക്കലുടെ ക്രെഡിറ്റ് ദൈവത്തിനും തിന്മയുടേത് ആക്സിഡെന്റിനും. കൊള്ളാം. അടി ചെണ്ടയ്ക്കും പണമ് മാരാര്‍ക്കും എന്നതു ഇവിടേ ചേരുംപടി ചേര്‍ത്താല്‍ മാര്‍ക്ക് ഉറപ്പ്.
ഈ തിന്‍മകള്‍ ഉണ്ടാവാതെ തടുക്കാന്‍ ദൈവത്തിന് കഴിവുണ്ടെങ്കിലും, മനുഷ്യന്‍റെ സ്വാതന്ത്രത്തെയും പ്രകൃതിയുടെ ഡയനാമിസത്തെയും ബഹുമാനിക്കുന്ന ദൈവം തിന്‍മയെ അനുവദിക്കുന്നു, ഒരു നിയോഗം എന്ന പോലെ!
മക്കള്‍ തെറ്റ് ചെയ്യുന്നതു കണ്ടാല്‍, അതവന്റെ സ്വാതന്ത്ര്യമാണു എന്നു കരുതി ചോദ്യം ചെയ്യതിരുന്നാല്‍ അവന്‍ ഗുണ്ടയോ തെമ്മാടിയൊ സമൂഹത്തിനു ശല്യമോ ആയിത്തീരും. അതു നിയോഗമല്ല, വളര്‍ത്തുദോഷമാണു.
ഇതൊക്കെ എഴുതിയത് തിന്മയുള്ളതിനാല്‍ ദൈവമില്ല എന്നു പറയാനല്ല. ബുദ്ധിപരമായി തെളിയിക്കാന്‍ ഈ പോസ്റ്റിനു കഴിയുന്നില്ല എന്നും തിന്മ നടക്കുന്നതിന്റെ ഉത്തരവാദത്തില്‍ നിന്നു ദൈവത്തിനു പൂര്‍ണ്ണമായും ഒഴിഞ്ഞുമാറാന്‍ പറ്റില്ല എന്നും പറയാന്‍ മാത്രമാണു.
ദൈവത്തിന്റെ ക്രൂരതകളും മൌനവും
മോശ വഴി ദൈവം ഫറവോയുടെയും ജനത്തിന്റെയും മേല്‍ 10 മഹാമാരികളാണു വിതച്ചത്. ഒരേ ഒരാവശ്യം മാത്രമേ മോശയ്ക്ക് പറയാനുണ്ടായിരുന്നുള്ളൂ. “ഇസ്രായേല്‍ ജനത്തേ ദൈവത്തെ ആരാധിക്കാന്‍ വിട്ടു തരിക”. അതിനു ആദ്യമഹാമാരിക്കു ശേഷം തന്നെ ഫറവോ സമ്മതനായിരുന്നു. പിന്നെ അദ്ദേഹം തീരുമാനം മാറ്റാന്‍ കാരണമെന്തായിരുന്നു. ഉത്തരം പുറപ്പാട് പുസ്തകം തന്നെ പറയുന്നു. “ദൈവം ഫറവോയുടെ മനസ്സു കഠിനമാക്കി”. അങ്ങിനെയൊന്നില്ലായിരുന്നെങ്കില്‍ ഈജിപ്തിലെ ആദ്യജാതന്മാര്‍ കൊല്ലപ്പെടില്ലായിരുന്നു.
ചുമ്മാ വായിച്ചുതള്ളാവുന്നതല്ല ഈ ഭാഗം. അതുപോലെ തന്നെയാണു, യേശുജനിച്ചപ്പൊള്‍ കൊല്ലപ്പെട്ട കുഞ്ഞുങ്ങളുടെ കാര്യവും. അവരുടെ മാതാപിതാക്കള്‍ അനുഭവിച്ച വേദനയെക്കുറിച്ച് ദൈവം ചിന്തിക്കാതിരുന്നത് എന്തുകൊണ്ട്? എന്റെ കുഞ്ഞും ആ കൂട്ടത്തില്‍ ഉണ്ടായിരുന്നെങ്കില്‍ യേശുവിനോ, ദൈവത്തിനോ ഞാന്‍ മാപ്പു കൊടുക്കില്ലായിരുന്നു. ഞാനെന്നല്ല, ഒരമ്മയ്ക്കും അച്ഛനും അ വേദന താങ്ങാവുന്നതിലപ്പുറവും, അക്ഷന്തവ്യവുമാണു. ഫറവോയും ഇസ്രയേല്യരുടെ ആണ്‍ മക്കളേ വധിച്ചിട്ടുണ്ട് എന്നതാണു ഇതിനു പ്രതിവാദമെങ്കില്‍ ക്രൂരനായ ഫറവോയും, ഹേറൊദേസും ദൈവവും തമ്മില്‍ എന്തു വ്യത്യാസം? സ്വന്തം ഭരണം നിലനിര്‍ത്താനായി മൂന്നുപേരും നിഷ്ക്കളങ്കരായ ശിശുക്കളെ വധിച്ചിരിക്കുന്നു.
ഈ കൂട്ടക്കൊലകള്‍ നടന്ന ദിവസം, ക്രൈസ്തവനു തിരുപ്പിറവിത്തിരുന്നാളും യഹൂദജനത്തിനു സ്മരണദിനവും അതിന്റെ ഓരോ വാര്‍ഷികത്തിലും ആടിനെക്കൊന്ന ഇറച്ചിയും, പുളിപ്പില്ലാത്ത അപ്പത്തിന്റെ തിരുനാളുമൊക്കെയായി ആഘോഷിക്കുമ്പോള്, കണ്ടു കൊതി തീരും മുന്പ് വധിക്കപ്പെട്ട തങ്ങളുടെ മക്കളെ ഓര്‍ത്തു കരയുന്ന അമ്മമാര്‍ക്ക് നേരെ ദൈവത്തിന്റെ തല താഴ്ന്നുതന്നെ ഇരുന്നു കാണും. തന്നെ, തന്റെ മകനെ രക്ഷിക്കാനുള്ള ശ്രമത്തിനിടയില്‍ ഹേറോദേസിന്റെ വാളില്‍ പിടഞ്ഞു വീണ പിഞ്ചുകരച്ചില്‍ ദൈവം മറന്നു പോയി, അല്ലെങ്കില്‍ അതിനുനേരെ ദൈവം കണ്ണുകളടച്ചു. അതിനുള്ള പ്രായശ്ചിത്തമായിരുന്നോ, പാപമോചനത്തേക്കാളുപരി യേശുവിന്റെ കുരിശുമരണം?
ഇനി ദൈവത്തിന്റെ മൌനം. ചരിത്രമില്ലാത്ത കാലത്തുണ്ടായ അവതാരങ്ങളെ, ദൈവം ഇപ്പോള്‍ അയക്കാത്തതെന്തു? എവിടെ ധര്മ്മത്തിനു ഭംഗം ഉണ്ടാകുന്നൊ അവിടെ അവതാരമുണ്ടാകുമെന്ന വാഗ്ദാനം ഇപ്പോഴും നിലവില്‍ ഉണ്ടോ? പുതിയകാലത്തിന്റെ ഭരണങ്ങളില്‍ അധര്‍മ്മവും, രക്തച്ചൊരിച്ചിലും, കോണ്സന്ട്രേഷന്‍ ക്യാംപുകളും, തീവ്രവാദവും, പട്ടിണിയും മനുഷ്യകുലത്തെ കാര്‍ന്നുതിന്നുന്നതു കണ്ടിട്ടും ദൈവം മൌനിയാകുന്നതെന്തു കൊണ്ട്? അല്ലെങ്കില്‍ തന്നെ ആരാധിക്കുന്നവരുടെ മതങ്ങള്‍ ഉണ്ടാക്കുക മാത്രമായിരിക്കാം അവതാര ലക്ഷ്യം. ഇതൊക്കെ എനിക്കു മുന്നേ പലരും ചോദിച്ചതാണു. ഉത്തരം ലഭിക്കാത്തതിനാല്‍ ചോദ്യങ്ങള്‍ ആവര്‍ത്തിച്ചു എന്നു മാത്രം.
2008, ഒക്‌ടോബർ 8, ബുധനാഴ്‌ച
പ്രേയ്സ് ദ് ലോ(ര്‍)ഡ്
സകലമാനവനും അവധിദിവസമാകേണ്ടതും സത്യക്രിസ്ത്യാനികള്‍ക്ക് കടമുള്ളതുമായ ദിവസം, അഥവാ അന്ന് വിലക്കപ്പെട്ട വേലകള്‍ ചെയ്യരുതെന്ന് സഭയുടെ പ്രമാണങ്ങളില്‍ പറയുന്നു. ഏതൊക്കെയാണു ഈ വേലകള്‍ എന്നു ഡിഫൈന്‍ ചെയ്യത്തതിനാല്‍ പശു, പോത്ത്, കാള, ആട്, മാട്, കോഴി, പന്നി തുടങ്ങിയവയെ വെട്ടിവിറ്റ് കാശാക്കുന്നവരും, കള്ളുവില്‍ക്കുന്നവരുമായ ക്രിസ്ത്യാനികളെ സൌകര്യപൂര്‍വ്വം ഒഴിവാക്കിയിട്ടുണ്ട്.
അന്നു പള്ളിയില്‍ പോകണമെന്ന നിയമം കൂടി ഉള്ളതിനാല്‍ മൂന്നാമത്തെ കുര്‍ബ്ബാനയ്ക്ക് തന്നെ പൊയേക്കം എന്നുറപ്പിച്ച് ഒരു എട്ടരയോടെ ഞാന്‍ എണീറ്റു. ലോകത്തിലേതന്നെ ഏറ്റവും സുന്ദരമായ കുര്‍ബ്ബാന മൂന്നമത്തെ കുര്ബ്ബാനയാണു. കാര്യം മതസൌഹാര്‍ദ്ദമൊക്കെയുണ്ടെങ്കിലും ഇടവകയിലേ സുന്ദരികളായ പെണ്ണാടുകളെ വായ്‌നോക്കുന്നതില്‍ ഒരു പ്രത്യേക സുഖം ഉണ്ട്. അതിനു മൂന്നാമത്തെ കുര്‍ബ്ബാനയാണു ബെസ്റ്റ്. മൂന്നാം കുര്ബ്ബാനയ്ക്ക് ഒന്‍പതുമണിക്കടിക്കുന്ന പള്ളിമണിയും ആ ഇടവകയിലെ യുവഹൃദയങ്ങളുടെ മിടിപ്പുമായി, കാലാകാലങ്ങളോളം സാമ്യമുണ്ട്. പ്രേമവും വായ്‌നോക്കലുമല്ല വിഷയം എന്നതിനാല്‍ ഇതിവിടെ നില്ക്കട്ടെ.
പതിവുപോലേ അച്ചന്‍ സുവിശേഷപ്രസംഗം നിറുത്തിയ സമയത്തു തന്നെ പള്ളിയിലെത്താന്‍ കഴിഞ്ഞതില്‍ എനിക്ക് സംതൃപ്തി തോന്നി. വട്ടക്കല്ലില്‍ ഇരുന്നു കുര്‍ബ്ബാന കാണുന്നത് കൊണ്ട്, പുഴയിലൂടെ പോകുന്ന വള്ളങ്ങളുടെയും മീന്‍ബോട്ടുകളുടെയും എണ്ണമെടുക്കം എന്ന ഗുണമുണ്ട്. സമയം പോകുന്നതറിയത്തുമില്ല.
അങ്ങിനെ വായ്‌നോട്ടവും വള്ളനോട്ടവും തകൃതിയായി നടക്കുമ്പോഴാണു, മേരിച്ചേച്ചിയുടെ വായില്‍ അകപ്പെടുന്നത്. പ്രാര്‍ത്ഥന, സുവിശേഷം, ധ്യാനം എന്നിങ്ങനെ സകലമാന കലാപരിപാടികളൂം ഉള്ളതിനാല്‍ കര്‍ത്താവിനു മേരിച്ചേച്ചിയെ നന്നേ ബോധിക്കുകയും ഉടലോടെ സ്വര്‍ഗ്ഗത്തില്‍ കേറാന്‍ ചാന്സുള്ളവരുടെ ലിസ്റ്റില്‍ ടിയാന്റെ പേരു തിരുകിക്കേറ്റുകയും ചെയ്തിട്ടുണ്ട്.
മേരിച്ചേച്ചി: പ്രേയ്സ് ദ് ലോ(ര്‍)ഡ്
ഞാന്‍: ഈശൊ മിശിഹായ്ക്ക് സ്തുതിയായിരിക്കട്ടെ.
മേരിച്ചേച്ചി: നിന്നോട് പ്രാര്‍ത്ഥനാ ഗ്രൂപ്പില്‍ വരണമെന്നു പറഞ്ഞിട്ടെന്തായി?
ഞാന്: അതു പിന്നെ സമയം കിട്ടെണ്ടെ ചേച്ചി.
മേരിച്ചേച്ചി: നീ കുര്‍ബ്ബാനയ്ക്കു വന്നിട്ടെന്താ പള്ളീടകത്തു കേറാത്തത്
ഞാന്: വന്നപ്പോ വൈകി, അപ്പൊപ്പിന്നെ പുറത്തു നില്‍ക്കാം എന്നു കരുതി.
വൈകി എന്ന റീസണ്‍ പറയാന്‍ തോന്നിയ നേരത്തെ ഞാന്‍ ശപിച്ചു. പണ്ടാരമടങ്ങാന്‍ മേരിച്ചേച്ചി അവീടെനിന്നും ഒരു ഗിരിപ്രഭാഷണം തുടങ്ങി. പത്തുപ്രമാണങ്ങളും, തിരുസഭയുടെ കല്പനകളും, ചാവുദോഷവും നരഗാഗ്നിയും, തീപ്പൊയ്കയും, പഴയതും പുതിയതുമായ സകലനിയമങ്ങളും അടങ്ങിയ അത്തരമൊരു പ്രസംഗം കേട്ടിട്ടു, ഉടയതമ്പുരാന്‍ നേരിട്ടു വന്നു എന്റെ തലയില്‍ ഇടിത്തീ ഇറക്കിക്കളയുമോ എന്നു വരെ ഞാന്‍ ചിന്തിച്ചു. ഒടുവില്‍ “നീയൊന്നും നന്നാകില്ലെട” എന്ന വട്ടപ്രാക്കും പാകി, മേരിച്ചേച്ചി നടന്നകന്നു. ഈ സമയം കൊണ്ട് കുര്‍ബ്ബാനയ്ക്കു വന്ന കൊള്ളാവുന്ന പെമ്പിള്ളാരൊക്കെ കുടുംബത്തെത്തിയിരുന്നു. ആ ദിവസവും പോയിക്കിട്ടി.
തിങ്കളാഴ്ച…
നല്ലതണുപ്പുള്ളതിനാല്‍ അന്നൊരു മെഡിക്കല്‍ ലീവെടുത്തു ചുമ്മാ ഉറങ്ങിയേക്കം എന്നു വിചാരിച്ച് കിടക്കുമ്ബൊഴാ, കേള്‍ക്കാന്‍ കൊള്ളാവുന്നതും അല്ലാത്തതുമായ നല്ല നാടന്‍ തെറികള്‍ എന്റെ ഉറക്കം നശിപ്പിച്ചത്. മലയാളഭാഷയിലേക്ക് പരിഗണിക്കാവുന്ന ചില പുതിയ തെറികള്‍ക്കൊപ്പം വടുകത്തി, ചെറ്റ, കരനാറി, പരതെണ്ടി തുടങ്ങിയ ലഘുവായ പ്രയോഗങ്ങളും കേള്‍ക്കുന്നുണ്ട്. ഒരാടാണു മാറ്റര്‍. ജൊക്കിത്താത്തിയുടെ ആട് അടുത്ത വീട്ടിലെ പറമ്പില്‍ സ്വൈര്യവിഹാരം നടത്തുകയും പറമ്പില്‍ നിന്നിരുന്ന മൊത്തം വാഴത്തൈകളിലൊന്നിന്റെ കൂമ്പില തിന്നുകയും ചെയ്തിരിക്കുന്നു. അയല്‍ക്കാരെ തമ്മില്ലടിപ്പിക്കുന്നതില്‍ ആട്, കോഴി എന്നിവയ്ക്കുള്ള സ്വാധീനം പറയേണ്ടതില്ല.
പറമ്പിന്റെ ഉടമ ആരെന്നും പുതിയ തെറികളുടെ ഉപജ്ഞാതാവേതെന്നും ഇതിനകം മനസ്സിലായിക്കഴിഞ്ഞതിനാല്‍ അതു മേരിച്ചേച്ചി തന്നെ എന്നു ഉറപ്പിച്ചു പറഞ്ഞു കൊണ്ട് കഥ നിറുത്തുന്നു. പ്രേയ്സ് ദ് ലോ(ര്‍)ഡ് എന്നു മാത്രമല്ല, ഇതു കൂടി പറഞ്ഞേക്കട്ടേ.
“നിങ്ങളുടെ അധരങ്ങള്‍ എന്നെ(ദൈവത്തേ) സ്തുതിക്കുന്നുവെങ്കിലും ഹൃദയങ്ങള്‍ അകലെയത്രെ”. -ബൈബിള്‍
2008, ഒക്‌ടോബർ 7, ചൊവ്വാഴ്ച
ഒന്നു മുതല്‍ ആറു വരെ തിരുവചനങ്ങള്‍
പുതിയ തലമുറയിലെ അച്ചന്മാരാണു ഈ ഒരു പ്രയോഗം പ്രചരിപ്പിച്ചതു. പലവട്ടം ആവര്ത്തിക്കുന്നതിനാല്‍ ഇപ്പൊ അല്മായാരും ഈ വാലു പിടിച്ച് പോകുന്നുണ്ട്. പറയുമ്പോഴും കേള്ക്കുമ്പോഴും ഒരു വ്യത്യാസം ഒക്കെ തോന്നുമെങ്കിലും തെറ്റുകളാവര്ത്തിക്കുന്നത് ശരിയാവില്ലല്ലോ?.
ബൈബിളിലെ ഓരോ പുസ്തകവും അദ്ധ്യാങ്ങളും വാക്യങ്ങളായുമാണു വിഭജിച്ചിരിക്കുന്നത്. വാക്കുകള്‍ എത്രയുണ്ടെന്ന് എണ്ണിത്തിട്ടപ്പെടുത്തിയിട്ടുട്ടെങ്കിലും അവ അക്കമിട്ടു വിഭജിച്ചിട്ടില്ല. അതുകൊണ്ടു തന്നെ മേല്പറഞ്ഞ ഇതു മുതല്‍ ഇതുവരെ തിരുവചനങ്ങള്‍ എന്ന പ്രയോഗം തെറ്റാണു. വചനം എന്ന പദത്തിനത്ര്ഥം വാക്ക്(Word) എന്നാണു, വാക്യം അല്ലെങ്കില്‍ വരി (sentence or verse)എന്നല്ല. ഉദാഹരണമായി താഴെക്കാണുന്ന ബൈബിള്‍ ഭാഗം ശ്രദ്ധിക്കൂ.
3:1 ആ കാലത്തു യോഹന്നാൻ സ്നാപകൻ വന്നു, യെഹൂദ്യമരുഭൂമിയിൽ പ്രസംഗിച്ചു:
3:2 സ്വർഗ്ഗ രാജ്യം സമീപിച്ചിരിക്കയാൽ മാനസാന്തരപ്പെടുവിൻ എന്നു പറഞ്ഞു.
3:3 “മരുഭൂമിയിൽ വിളിച്ചുപറയുന്നവന്റെ വാക്കാവിതു: കർത്താവിന്റെ വഴി ഒരുക്കി അവന്റെ പാത നിരപ്പാക്കുവിൻ ” എന്നിങ്ങനെ യെശയ്യാ പ്രവാചകൻ പറഞ്ഞവൻ ഇവൻ തന്നേ.
3:4 യോഹന്നാന്നു ഒട്ടക രോമംകൊണ്ടുള്ള ഉടുപ്പും അരയിൽ തോൽവാറും ഉണ്ടായിരുന്നു; അവന്റെ ആഹാരമോ വെട്ടുക്കിളിയും കാട്ടുതേനും ആയിരുന്നു.
3:5 അന്നു യെരൂശലേമ്യരും യെഹൂദ്യദേശക്കാരൊക്കയും യോർദ്ദാന്റെ ഇരുകരെയുമുള്ള എല്ലാ നാട്ടുകാരും പുറപ്പെട്ടു അവന്റെ അടുക്കൽ ചെന്നു
3:6 തങ്ങളുടെ പാപങ്ങളെ ഏറ്റുപറഞ്ഞുകൊണ്ടു യോർദ്ദാൻ നദിയിൽ അവനാൽ സ്നാനം ഏറ്റു. (മത്താ. 3:1-6)
ഇതു വി.മത്തായിയുടെ സുവിശേഷത്തിലേ മൂന്നാമദ്ധ്യായം ഒന്നു മുതല്‍ ആറുവരെയുള്ള വാക്യങ്ങളാണു. എന്നു വെച്ചാല്‍ ആറു വരികളോ, ആറു വാക്യങ്ങളോ ആണു. ഇതു ആറു വചനങ്ങളായി (വാക്കുകളായി) ചുരുക്കുന്ന പാതിരിമാരുടെ മറിമായം എത്ര ആലോചിച്ചിട്ടും പിടികിട്ടുന്നില്ല. ഒന്നുകില്‍ ഈ പരിഷ്കൃതരീതിയില്‍ ഒരു ചെറിയ വ്യത്യാസം വരുത്തി ‘തിരുവചനങ്ങള്‍’ എന്നു പറയുന്നതിനു പകരം ‘തിരുവാക്യങ്ങള്‍’ എന്നു പറയണം. അല്ലെങ്കില്‍ ആ പുസ്തകത്തിലേ ആകെ വാക്കുകള്‍(വചനങ്ങള്) എണ്ണി നോക്കി, വായിക്കുന്ന ഭാഗത്തെ വാക്ക് എതെണ്ണതില്‍ തുടങ്ങി എതെണ്ണതില്‍ അവസാനിക്കുന്നു എന്നു കണ്ടുപിടിച്ച്, തിരുവചനങ്ങള്‍ എന്നു ചേര്ത്തു വായിച്ചോളൂ. ആദ്യത്തേതാണു കൂടുതല്‍ സൌകര്യപ്രദം.
ഇംഗ്ളീഷില്‍ ആണു വായിക്കേണ്ടതെങ്കില്‍ ഇങ്ങനെ വേണം വായിക്കാന്‍ - A reading from the Holy Gospel According to St. Matthew. Chapter 3, verses 1 to six. പുതിയ പ്രയോഗമനുസരിച്ചു ഇതില്‍ മാറ്റം വരുത്തിയാല്‍ ഇങ്ങനെ വായിക്കേണ്ടി വരുമ്പോഴാണു തെറ്റ് മനസ്സിലാകുന്നത്. - A reading…holy words 1 to six. മലയാളഭാഷ, ഇംഗ്ളീഷ്-ലത്തീന്‍ ഭാഷകള്‍ക്കൊപ്പം ശെമ്മാശന്മാര്‍ പഠിക്കുന്നുണ്ട് എന്നാണു എന്റെ വിശ്വാസം. അങ്ങിനെ ഒന്നുണ്ടെങ്കില്‍ അവരെ മലയാളം പഠിപ്പിക്കുന്നവര്‍ ഇക്കാര്യം കൂടി സൂചിപ്പിക്കുന്നത് നല്ലതായിരിക്കും. ഇപ്പൊള്‍ നിലവില്‍ തിരുവചനങ്ങള്‍ എന്നു പറയുന്ന അച്ചന്മാര്‍ അതു തിരുത്താന്‍ സാധ്യത കുറവായതിനാല്‍ ഇനി അച്ചന്മാരായി വരുന്നവരെങ്കിലും ഈ തെറ്റ് ആവര്‍ത്തിക്കാതിരിക്കാന്‍ ഇതുപകരിക്കും.
2008, ഒക്‌ടോബർ 5, ഞായറാഴ്‌ച
തിരക്കഥ പറയുമ്പോള്‍ : അവലോകനം
അക്കി എന്നു വിളിക്കപെടുന്ന അക്ബര്‍ അഹമ്മദ്, ആദ്യ സിനിമയില്‍ തന്നെ കഴിവു തെളിയിച്ച സംവിധായകനാണു. പുതിയ ഓഫറുകളുണ്ടെങ്കിലും അയാള്‍ പേരിനു വേണ്ടി പടമെടുക്കുന്ന സംവിധായകനല്ല. അയാള്‍ നടത്തുന്ന കസബ്ളാങ്ക എന്ന റെസ്റ്ററന്റില്‍ ഒപ്പം കഴിവുള്ള നാലു സുഹൃത്തുക്കളുമുണ്ട്. തന്റെ പുതിയ സിനിമയുടെ കഥയുടെ എഴുത്തുപുരയിലൂടെ, അക്കി തിരക്കഥയുടെ ചുരുളഴിക്കുന്നു, അകാലത്തില്‍ പൊലിഞ്ഞു പോയ സംവിധായകന്‍ അബികുരുവിള, സെറ്റുകളില്‍ നിന്നും തന്റെ ഭര്യയ്ക്കയക്കുന്ന കത്തുകളും. 80-കളില്‍ കഴിഞ്ഞ മഞ്ഞുകാലം എന്ന സിനിമയിലൂടെ എത്തി യുവഹരമായി മാറിയ മാളവിക(പ്രിയാമണി)യും അതേ സിനിമയില്‍ വില്ലനായെത്തിയ അജയചന്ദ്ര(അനൂപ് മേനോന്‍)നും തമ്മിലുള്ള പ്രണത്തിന്റെ ചൂരിലും, വേര്പിരിയലിന്റെ വേദനയിലും, നിദാനങ്ങളിലുമാണു തിരക്കഥ ചിറകു വിരിക്കുന്നത്.
അജയചന്ദ്രന്‍ പിന്നീട് സൂപ്പര്‍ സ്റ്റാര്‍ ആയിത്തീരുന്നു. പക്ഷെ, മാളവിക വിസ്മൃതിയുടേയൊ, അജ്ഞാതതയുടെയോ മറവില്‍ മാഞ്ഞു പോകുന്നു. അവളിലേക്കുള്ള വെളിച്ച്മാണു, അബിയുടെ കത്തുകള്‍, പിന്നെ അക്കിയുടെ അന്വേഷണങ്ങളും. അവരുടെ പ്രണയത്തിന്റെ സങ്കീര്‍ണ്ണതകള്‍ അഴിഞ്ഞു തുടങ്ങുന്നിടത് അക്കിയിലെ എഴുത്തുകാരന്‍ മരിക്കുകയും, അന്വേഷിച്ചുപോകുന്നവന്റെ ത്വരതയിലപ്പുറം മാനുഷിക വശങ്ങള്‍ക്ക് അയാളിലെ എഴുത്തുകാരന്‍ വഴിമാറിക്കൊടുക്കുകയും ചെയ്യുന്നു.
അജയ്ന്റെയും മാളവികയുടെയും പുനഃസമാഗമങ്ങള്‍ മനസ്സിലുണര്‍ത്തുന്ന അസ്വസ്ഥത ഇപ്പൊഴും വിട്ടുമാറുന്നില്ല. പ്രണയം മനസ്സിനെ കീറുകയും, ആ മുറിവില്‍ രക്തം പൊടിഞ്ഞു കൊണ്ടിരിക്കുകയും ചെയ്യുന്നു. ക്ളൌഡ്സ് എന്ഡില്‍ കഥ പറഞ്ഞു നിര്‍ത്തുമ്പോള്‍, അവശേഷിപ്പിക്കുന്ന ഈ സുഖമുള്ള വേദനയാണു, തിരക്കഥയുടെ വിജയം. അനൂപ്, പ്രിയാമണി, പൃഥ്വിരാജ് എന്നിവര്‍ അഭിനന്ദനാര്‍ഹരാണു. സംവൃതയുടെ വേഷത്തിനു വെല്ലുവിളികളൊന്നും തന്നെയില്ല. ഗാനവും പശ്ചാത്തല സംഗീതവും കഥയുടെ മൂഡ് ക്രിയേഷനില്‍ വലിയൊരു പങ്കു വഹിച്ചിട്ടുണ്ട്.
അക്കിയുടെ വാപ്പിച്ചി പറയുന്ന പോലെ, ‘ഒരു ചായ ശെരിയായില്ലെങ്കില്‍, സോറി പറഞ്ഞ്, മറ്റൊരു ചായ എടുക്കം. അതു പോലെയല്ല സിനിമ…”. തിരക്കഥ ഇനി രണ്ടാമെതെടുക്കാന്‍ കഴിയില്ലെങ്കിലും, ഇതു കൂടി പറഞ്ഞേക്കട്ടെ. പെര്‍ഫെക്ഷന്‍ എന്നത് അവിടെ ഇവിടെ ഒക്കെ നഷ്ടപ്പെട്ടതു പോലെ തോന്നി. മനസ്സില്‍ ആഗ്രഹിച്ചതു, ക്യാമറയിലേക്ക് പകര്‍ത്താന്‍ കഴിഞില്ല എന്ന സംഘര്‍ഷത്തിന്റെ നിഴലും, ക്ളൈമക്സിലെ ഒരു വലിവും അനുഭവപ്പെട്ടതൊഴിച്ചാല്‍ വൈകുന്നെരം ഒരു നല്ല ചെറുകഥ വായിച്ചിട്ട്, ചാരുകസേരയില്‍ കിടക്കുമ്പോഴുള്ള ഒരു സുഖമായിരുന്നു തിയേറ്ററില്‍ നിന്നിറങ്ങുമ്പോള്‍. അങ്ങിനെ കിടക്കുമ്പോള്‍, മഞ്ഞില്‍ വിരിഞ്ഞ പൂവുകളൂം, കമലഹാസനും, ശ്രീവിദ്യയും, മോഹന്‍ലാലും, പിന്നെ ചില ബിംബങ്ങളും മനസ്സിലൂടെ കടന്നു പോകുന്നു.
തിരക്കഥ പറയുമ്പോള്‍ : അവലോകനം
അക്കി എന്നു വിളിക്കപെടുന്ന അക്ബര്‍ അഹമ്മദ്, ആദ്യ സിനിമയില്‍ തന്നെ കഴിവു തെളിയിച്ച സംവിധായകനാണു. പുതിയ ഓഫറുകളുണ്ടെങ്കിലും അയാള്‍ പേരിനു വേണ്ടി പടമെടുക്കുന്ന സംവിധായകനല്ല. അയാള്‍ നടത്തുന്ന കസബ്ളാങ്ക എന്ന റെസ്റ്ററന്റില്‍ ഒപ്പം കഴിവുള്ള നാലു സുഹൃത്തുക്കളുമുണ്ട്. തന്റെ പുതിയ സിനിമയുടെ കഥയുടെ എഴുത്തുപുരയിലൂടെ, അക്കി തിരക്കഥയുടെ ചുരുളഴിക്കുന്നു, അകാലത്തില്‍ പൊലിഞ്ഞു പോയ സംവിധായകന്‍ അബികുരുവിള, സെറ്റുകളില്‍ നിന്നും തന്റെ ഭര്യയ്ക്കയക്കുന്ന കത്തുകളും. 80-കളില്‍ കഴിഞ്ഞ മഞ്ഞുകാലം എന്ന സിനിമയിലൂടെ എത്തി യുവഹരമായി മാറിയ മാളവിക(പ്രിയാമണി)യും അതേ സിനിമയില്‍ വില്ലനായെത്തിയ അജയചന്ദ്ര(അനൂപ് മേനോന്‍)നും തമ്മിലുള്ള പ്രണത്തിന്റെ ചൂരിലും, വേര്പിരിയലിന്റെ വേദനയിലും, നിദാനങ്ങളിലുമാണു തിരക്കഥ ചിറകു വിരിക്കുന്നത്.
അജയചന്ദ്രന്‍ പിന്നീട് സൂപ്പര്‍ സ്റ്റാര്‍ ആയിത്തീരുന്നു. പക്ഷെ, മാളവിക വിസ്മൃതിയുടേയൊ, അജ്ഞാതതയുടെയോ മറവില്‍ മാഞ്ഞു പോകുന്നു. അവളിലേക്കുള്ള വെളിച്ച്മാണു, അബിയുടെ കത്തുകള്‍, പിന്നെ അക്കിയുടെ അന്വേഷണങ്ങളും. അവരുടെ പ്രണയത്തിന്റെ സങ്കീര്‍ണ്ണതകള്‍ അഴിഞ്ഞു തുടങ്ങുന്നിടത് അക്കിയിലെ എഴുത്തുകാരന്‍ മരിക്കുകയും, അന്വേഷിച്ചുപോകുന്നവന്റെ ത്വരതയിലപ്പുറം മാനുഷിക വശങ്ങള്‍ക്ക് അയാളിലെ എഴുത്തുകാരന്‍ വഴിമാറിക്കൊടുക്കുകയും ചെയ്യുന്നു.
അജയ്ന്റെയും മാളവികയുടെയും പുനഃസമാഗമങ്ങള്‍ മനസ്സിലുണര്‍ത്തുന്ന അസ്വസ്ഥത ഇപ്പൊഴും വിട്ടുമാറുന്നില്ല. പ്രണയം മനസ്സിനെ കീറുകയും, ആ മുറിവില്‍ രക്തം പൊടിഞ്ഞു കൊണ്ടിരിക്കുകയും ചെയ്യുന്നു. ക്ളൌഡ്സ് എന്ഡില്‍ കഥ പറഞ്ഞു നിര്‍ത്തുമ്പോള്‍, അവശേഷിപ്പിക്കുന്ന ഈ സുഖമുള്ള വേദനയാണു, തിരക്കഥയുടെ വിജയം. അനൂപ്, പ്രിയാമണി, പൃഥ്വിരാജ് എന്നിവര്‍ അഭിനന്ദനാര്‍ഹരാണു. സംവൃതയുടെ വേഷത്തിനു വെല്ലുവിളികളൊന്നും തന്നെയില്ല. ഗാനവും പശ്ചാത്തല സംഗീതവും കഥയുടെ മൂഡ് ക്രിയേഷനില്‍ വലിയൊരു പങ്കു വഹിച്ചിട്ടുണ്ട്.
അക്കിയുടെ വാപ്പിച്ചി പറയുന്ന പോലെ, ‘ഒരു ചായ ശെരിയായില്ലെങ്കില്‍, സോറി പറഞ്ഞ്, മറ്റൊരു ചായ എടുക്കം. അതു പോലെയല്ല സിനിമ…”. തിരക്കഥ ഇനി രണ്ടാമെതെടുക്കാന്‍ കഴിയില്ലെങ്കിലും, ഇതു കൂടി പറഞ്ഞേക്കട്ടെ. പെര്‍ഫെക്ഷന്‍ എന്നത് അവിടെ ഇവിടെ ഒക്കെ നഷ്ടപ്പെട്ടതു പോലെ തോന്നി. മനസ്സില്‍ ആഗ്രഹിച്ചതു, ക്യാമറയിലേക്ക് പകര്‍ത്താന്‍ കഴിഞില്ല എന്ന സംഘര്‍ഷത്തിന്റെ നിഴലും, ക്ളൈമക്സിലെ ഒരു വലിവും അനുഭവപ്പെട്ടതൊഴിച്ചാല്‍ വൈകുന്നെരം ഒരു നല്ല ചെറുകഥ വായിച്ചിട്ട്, ചാരുകസേരയില്‍ കിടക്കുമ്പോഴുള്ള ഒരു സുഖമായിരുന്നു തിയേറ്ററില്‍ നിന്നിറങ്ങുമ്പോള്‍.
12-12-12 ലോകമവസാനിക്കാന്‍ ഏഴുകാരണങ്ങള്‍
ലോകത്തെ നിലവിലുള്ള ചില ശാസ്ത്ര ശാഖയിലുള്ളവര്‍ ഇനി മുതല്‍ 5 വര്‍ഷത്തിനുള്ളില്‍ ലോകം അവസാനിക്കുമെന്നാണു കരുതുന്നതു. മനുഷ്യന്‍ തന്നെ അതിനു തുടക്കം കുറിക്കുമെന്നും, അതല്ല, പ്രകൃതി മൂലമായിരിക്കുമെന്നും, അല്ലെങ്കില്‍ ദൈവം തന്നെ മുന്‍കൈ എടുത്തു ലോകം അവസാനിപ്പിച്ചേക്കും എന്നൊക്കെയാണു ചര്‍ച്ചകള്‍. സംഗതി എന്തുമാകട്ടെ, 7 കാരണങ്ങള്‍ ലോകാവസാനം എന്ന ആശയത്തെ അനുകൂലിച്ചുകോണ്ട് നിലവിലുണ്ട്. അതിനേക്കുറിച്ചുള്ള പ്രതികരണങ്ങള്‍ അറിവാന്‍ കൂടി ആണു, ഈ പോസ്റ്റിടുന്നത്.
1. മായന്‍ കലണ്ടര്‍: 2012-ല്‍ ലോകമവസാനിക്കും എന്നു ആദ്യമായി പ്രവചിച്ചതു മായന്മാരാണ്. മായന്‍ കലണ്ടര്‍ പ്രകാരം 2012 ഡിസം. 12-നു (ഗ്രിഗോറിയന്‍ കലണ്ടര്‍) ആണു ലോകം അവസാനിക്കുന്നതു. കല്ലുകള്‍ കൊണ്ട് കൃത്യതയാര്‍ന്ന വാനശാശ്ത്ര ഉപകരണങ്ങള്‍ നിര്മ്മിക്കാന്‍ മായന്മാര്‍ക്ക് കഴിഞ്ഞിരുന്നു. ചാന്ദ്രവര്‍ഷം 329.53020 (Lunar Moon എന്നതു കൊണ്ട് ചാന്ദ്ര വര്‍ഷം തന്നെയാണോ ഉദേശിച്ചിരിക്കുന്നത് എന്നു സംശയമുണ്ട്) ദിവസങ്ങളാണെന്നു ആയിരക്കണക്കിനു വര്ഷങ്ങള്ക്ക് മുന്പ് അവര്‍ കണ്ടെത്തിയിരുന്നു. അതില്‍ നിന്നും 34 സെക്കന്റിന്റെ വ്യത്യാസം മാത്രമേ ആധുനികശാത്രത്തിന്റെ കണ്ടെത്തലില്‍ ഉള്ളൂ. ബി.സി. 3114 ഓഗസ്റ്റ് 11നു ആരംഭിക്കുന്ന മായന്‍കലണ്ടര്‍ ഡിസം 12, 2012 ആകുമ്പോള്‍ പൂജ്യ(Zero)ത്തിലെത്തുകയും, അതു ലോകാവസാനത്തെക്കുറിക്കുന്നു എന്നതുമാണു ഈ വാദം.
2. വിന്റെര്‍ സോള്‍സ്റ്റൈസ്(Winter Solstice): വര്‍ഷത്തിലെ ഏറ്റവും കുറിയ ദിവസമോ, അല്ലെങ്കില്‍ ഏറ്റവും നീണ്ട രാത്രിയോ ആണു, വിന്റെര്‍ സോല്സ്റ്റൈസ്. ഗ്രിഗോരിയന്‍ കലണ്ടര്‍ അനുസരിച്ച് ഡിസംബര്‍ മാസത്തിലെ 20-23 വരെയുള്ള ദിവസങ്ങളിലാണു ഈ പ്രതിഭാസം ഉണ്ടാകുന്നതു. 2012-ല്‍ ഇതിനോടൊപ്പം തന്നെ സൂര്യന്‍ ഗാലക്സിയുടെ കേന്ദ്രഭാഗവും കടന്നുപോകും. ശാസ്ത്രം പറയുന്നത് സത്യമെങ്കില്‍ എല്ലാ ഗാലക്സികളുടേയും മധ്യഭാഗം തമോ ഗര്‍ത്തങ്ങളാണ്. അവയിലകപ്പെടുന്ന ആകാശഗോളങ്ങള്‍ പുറത്തുവരാറില്ല. അങ്ങിനെയെങ്കില്‍ ഭൂമി പൂര്‍ണ്ണമായും അന്ധകാരത്തിലാഴുകയും താമസം വിനാ ലോകാവസാനം സംഭവിക്കുകയും ചെയ്യും.
3. സൂര്യവാതങ്ങള്‍: നാസ പുറത്തുവിട്ട പഠനപ്രകാരം സൂര്യന്‍ പൂര്‍ണ്ണമായും ശാന്തമാണ്. മാരകമായ സൂര്യകിരണങ്ങള്‍ ഒന്നും തന്നെ അവശെഷിക്കുന്നില്ല. എന്നിരുന്നാലും സൂര്യവാതങ്ങള്‍ മൂലം ശക്തമായ റേഡിയേഷന്‍ ഉണ്ടാകുന്നു എന്ന കാര്യം സത്യമാണു. 2012 ആകുമ്പൊഴേക്കും സൂര്യവാതങ്ങള്‍ ഏറ്റം ഉഛ്ചസ്ഥയിലെത്തുമെന്നാണു കരുതപ്പെടുന്നത്.
മറുവശത്ത്, ഈ ശാന്തത ഒരു പക്ഷെ, സൂര്യന്റെ നിര്‍ജീവവസ്ഥയിലേക്കുള്ള പോക്കാണോ എന്നു സംശയിക്കുന്നവരും കുറവല്ല. അങ്ങിനെയെങ്കില്‍ ഭൂമി വലിയൊരു മഞ്ഞുകട്ടയായിത്തീര്ന്നേക്കാം.
4. ലാര്ജ് ഹാഡ്രൊന്‍ കൊളീഡെയര്‍ (Large Hadron Collider - LHC): ഒരുവലിയ പൊട്ടിത്തെറിയില്‍ നിന്നാണു പ്രപഞ്ചം ഉണ്ടായതെന്നാണു ശാസ്ത്രനിഗമനം. പ്രപഞ്ചോല്‍പത്തിയേക്കുറിച്ചുള്ള ആശയങ്ങളുടെയും, സംശയങ്ങളുടെയും കുരുക്കഴിക്കാനുള്ള മനുഷ്യന്റെ ശ്രമം ആണു എല്‍.എച്ച്. സി. അണുവിഘടനതത്വതിതില്‍ അടിയൂന്നി, ഫ്രാന്‍സ്-സ്വിറ്റ്സര്‍ലന്ഡ് അതിര്‍ത്തിയില്‍, ജൂറാ, ആല്പ്സ് മലനിരകളുടെ ഇടയിലായി സ്ഥിതി ചെയ്യുന്ന ഏകദേശം 27 കി.മീ ദൂരത്തില്‍ ഭൂമിക്കടിയില്‍ നിര്മ്മിച്ചിട്ടുള്ള ഒരു വലിയ ടണലില്‍ ആണു, ഈ പരീക്ഷണം നടത്തുന്നത്. 2012-ല്‍ പൂര്‍ണ്ണസജ്ജമായി പരീക്ഷണം നടക്കും. ഇതു ചെറിയ തമോഗര്‍ത്തങ്ങള്‍ ഭൂമിയില്‍ തന്നെ സൃഷ്ടിക്കുകയും അതിലൂടെ ശാസ്ത്രം തേടുന്ന ഉത്തരങ്ങള്‍ ലഭിക്കും എന്നണു കരുതുന്നത്. ലോകത്തെ ചെറു ധൂളീകണങ്ങളാക്കി തീര്ക്കും വിധത്തില്‍ തന്നെയുള്ള പ്രതിപ്രവര്‍ത്തനങ്ങളും പ്രതീക്ഷിക്കപെടുന്നു.
5. സൂപ്പര്‍ വൊള്‍ക്കാനൊ (Super Volcano): അമ്മേരിക്കയിലെ, പ്രസിദ്ധമായ യെല്ലോ സ്റ്റോണ്‍ നാഷണല്‍ പാര്‍ക്കിനടിയിലായി ഒരു ഭീമന്‍ അഗ്നിപര്‍വതമുണ്ട്. ലോകത്തിലെ തന്നെ എട്ടവും വലിയ അഗ്നിപര്‍വതങ്ങളിലൊന്നായ ഇത് 650,000 വര്‍ഷത്തിലൊരിക്കല്‍ പൊട്ടിത്തെറിക്കും. അടുത്ത സ്ഫൊടനത്തിനുള്ള സമയം അതിക്രമിച്ചെന്നാണു ഭൌമ ശസ്ത്രഞ്ഞന്മാര്‍ പറയുന്നത്. പൊട്ടിത്തെറിയുടെ ഫലമായുണ്ടാകുന്ന പുകയും ചാരവും സൂര്യതാപം ഭൂമിയിലെത്തുന്നത് തടയാന്‍ പര്യാപ്തമായിരിക്കും. അങ്ങിനെ ഭൂമിതണുതുറയുകയും ജീവജാലങ്ങള്‍ നശിക്കുകയും ചെയ്യും.
6. കാന്തികമണ്ഡലങ്ങളുടെ വിഭ്രംശം: സൂര്യനില്‍ നിന്നുള്ള റേഡിയേഷനെ ചെറുക്കുന്നതില്‍ വലിയപങ്കു വഹിക്കുന്ന ഒന്നാണു ഭൂമിയുടെ കാന്തികവലയം. ഭൂകാന്തത്തിന്റെ ഉത്തര-ദക്ഷിണധ്രുവങ്ങള്‍ ഒരൊ 750,000 വര്ഷങ്ങളിലും വിപരീതദിശയിലേക്ക് മാറും. ഓരോ വര്‍ഷവും 20-30 കി.മീ. എന്ന നിലയിലാണു, ഈ വിഭൃംശം സംഭവിക്കുന്നത്. മാത്രമല്ല, സമീപവര്‍ഷങ്ങളില്‍ ഇതു ദ്രുതഗതിയിലാണു സംഭവിക്കുന്നതു എന്നു ശാസ്ത്രം വിലയിരുത്തുന്നു. ഈ സ്ഥനഭൃംശം കാന്തികമണ്ഡലത്തെ തകര്‍ക്കുകയും, ഭാഗീകമായൊ പൂര്‍ണ്ണമായൊ ഇല്ലതാക്കുകയും ചെയ്യും. ഇതു മൂലം യു.വി. (Ultra violet) കിരണങ്ങള്‍ ഭൂമിയെ നാമാവശേഷമാക്കുകയും ചെയ്യും.
7. മതവിശ്വാസങ്ങള്‍: ലോകാവസാനം 2012-ല്‍ ആയിരിക്കും എന്നു ഏതെങ്കിലും മതഗ്രന്‍ഥത്തില്‍ പരയുന്നതായി അറിവില്ല. എങ്കിലും കല്‍ക്കി, അന്തിമനാള്‍(), ക്രിസ്തുവിന്റെ രണ്ടാം വരവ് തുടങ്ങിയ വിശ്വാസങ്ങളൊക്കെ ലോകാവസാനവുമായി ബന്ധപ്പെട്ടതാണ്. ആ ദിവസത്തില്‍ ഭൂമി ഇരുണ്ടുപോകുമെന്നത്, രണ്ടാമത്തെയും, അഞ്ചാമത്തേയും കാരണവുമായി ബന്ധിപ്പിക്കാവുന്നതും, തീമഴ എന്നത്, മൂന്നാമത്തേതും ആറാമത്തേതും പോയിന്റുകളുമായി ബന്ധിപ്പിക്കാവുന്നതും ആണു. മാറ്റങ്ങളുടെ പുസ്തകം എന്നറിയപ്പെടുന്ന ചൈനീസ് ഗ്രന്‍ഥം ദ് ഐ-ചിങ് (ഈ പുസ്തകം ഞാന്‍ വായിച്ചിട്ടില്ല) -ല്‍ ആര്‍മഗെദോന്‍ എന്നു പറയുന്ന ദൈവവും ചെകുത്താനുമായുള്ള യുദ്ധവും സംഭവിക്കുന്നത് 2012-ല്‍ ആണു എന്ന വിശ്വാസവും ഉണ്ട്.
ഇതിലേ സത്യവും മിഥ്യകളൂം 2012 കഴിയുമ്പോള്‍ അറിയാം. ഇതിലൊന്നും സംഭവിച്ചില്ലെങ്കില്‍ പിന്നെ 24 മാസമുള്ള ഏതെങ്കിലും കലണ്ടര്‍ കണ്ടുപിടിക്കേണ്ടി വരും 24-24-24 എന്നു പറയാന്‍.
മലയാളഭാഷയിലെ എന്റെ അറിവിന്റെ പരിമിതി മൂലം ചില കാര്യങ്ങള്‍ ഇംഗ്ളീഷില്‍ തന്നെയാണ്‍ എഴുതിയിരിക്കുന്നത്. തതുല്യമായ മലയാളപദങ്ങള്‍ അറിയുന്നവര്‍ ദയവായി കമന്റില്‍ ഇടുക.
2008, ഒക്‌ടോബർ 3, വെള്ളിയാഴ്‌ച
കോടതി ഉത്തരവുകളും ലംഘനങ്ങളും
കോടതി ഉത്തരവുകളും ഏതാണ്ട് അമ്മൂമ്മയുടെ പ്രാര്‍ത്ഥന പോലെയാണ്. ദേശീയ അടിസ്ഥാനത്തില്‍ 2008 ഒക്ടോ. 2 മുതല്‍ പുകവലി നിരോധനം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. മുന്പ് പൊതുസ്ഥലമെന്നു കരുതിയിരുന്ന റോഡരികിലും, സ്വകാര്യ, സര്‍ക്കാര്‍ ബസുകള്‍, ട്രെയിന്‍ മറ്റ് പൊതുയാത്രാ വാഹനങ്ങള്‍, ബസ് സ്റ്റാന്ഡ്, റെയില്‍വേസ്റ്റേഷന്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ എന്നിവയോടൊപ്പം, റസ്റ്റ്റെന്റ്, മദ്യശാല, സ്വകാര്യസ്ഥാപനങ്ങള്‍ തുടങ്ങിയ ആളുകൂടുന്ന എല്ല സ്ഥലങ്ങളിലും നിരോധനം പ്രാബല്യത്തില്‍ വരും. ലംഘിക്കപ്പെട്ടാല്‍ 200 രൂപ പിഴ പുകവലിക്കുന്നയാളോ, സ്ഥാപനമൊ ഒടുക്കേണ്ടി വരും. പുകവലിക്കണമെന്നു നിര്‍ബന്ധമുള്ളവര്‍ക്ക് അതതു സ്ഥാപനങ്ങളില്‍ പുകവലിക്കാന്‍ പ്രത്യേക സജ്ജീകരണം ഏര്‍പ്പെടുത്തണം. (കൊള്ളാം നല്ല സെറ്റപ്പ്).
പുകവലിക്കത്തവരുടെ ആരോഗ്യത്തിനു ഉപകരിക്കും എന്നതിനാല്‍ ഉത്തരവ് ആശാവഹം തന്നെ. പക്ഷെ, ഇതൊക്കെ നടക്കുമോ എന്ന നാടന്‍ ചോദ്യം അവശേഷിക്കുന്നു. ഈ ഉത്തരവൊക്കെ നമ്മള്‍ ഒരുപാടു കണ്ടതല്ലെ. പുത്തനച്ചി പുരപ്പുറം തൂക്കും പോലെ, പോലീസുകാരോടിനടന്നു ഒന്നു രണ്ടെണ്ണത്തിനെ പിടിച്ച് ഫൈന്‍ അടപ്പിച്ചു വിടും. ആ ഒരു ശൂരത്വം ഒന്നടങ്ങി കഴിഞ്ഞാല്‍ പിന്നെ ഉത്തരവെഴുതിയ പേപ്പര്‍ കപ്പലണ്ടി പൊതിയാനെടുക്കാം.
എന്തുകൊണ്ടാണു ഉത്തരവുകള്‍ ഇത്ര പെട്ടെന്നു കാറ്റില്‍ പറക്കുന്നത്? അതു വളരെ നിസ്സാരമായി ലംഘിക്കാനുള്ള അവസരം ഉള്ളത് കൊണ്ടു തന്നെ. നാടുനീളെ മുട്ടിനു മുട്ടിനു പുകയിലയും, ബീഡിയും സിഗരറ്റും വിക്കുന്ന കടകള്‍ തുറന്നു വെക്കുകയും, പുകവലിക്കുകയും ചെയ്യരുതെന്നു പറയുന്നതു വിശന്നിരിക്കുന്നവന്റെ മുന്നില്‍ പാല്‍പായസം വെച്ചിട്ട് കഴിക്കരുത് എന്നു പറയുമ്പൊലാണു. പുതിയ നിയമത്തോട് സഹതാപം മാത്രമേ തോന്നുന്നുള്ളൂ. അതു തത്വത്തില്‍ സുന്ദരമെങ്കിലും, പ്രായോഗികതയ്ക്ക് സാധ്യത തുലോം കുറവാണ്. പുകവലി നിരോധനം പൂര്‍ണ്ണമാക്കണമെങ്കില്‍ പുകയിലയും അതിന്റെ ഉല്പന്നങ്ങളുടെ ഉല്പാദനവും, വിതരണവും, വില്പനയും നിരോധിക്കണം. നമുക്കാവശ്യം പുകയില നിരോധനമാണു, പുകവലിനിരോധനമല്ല.
അറിവ്: 2025 ആകുമ്പൊഴേക്കും പുകയിലമൂലം മരിക്കുന്നവരുടെ എണ്ണം ഒരു മിനുട്ടില്‍ ഒന്നു എന്ന നിലയ്ക്കാകും. - ഐ. എം. എ.
2008, ഒക്‌ടോബർ 2, വ്യാഴാഴ്‌ച
ഡൊണാള്‍ഡ് ഡക്കും മേനനും
മേനോന്‍ എന്ന മലയാളവാക്ക്, മലയാളികളായ സായിപ്പന്മാരും മദാമ്മകളും പോലും, മേനന്‍ എന്നു പറയുന്നില്ലേ. വിദേശിക്ക് ഉച്ചരിക്കാന്‍ ബുദ്ധിമുട്ടുള്ള മലയാളപദങ്ങള്‍ അവരുടെ ഉച്ചാരണശൈലിക്ക് അനുസൃതമായി മാറ്റാമെങ്കില്‍ സര്‍ -നെ സാര്‍ എന്നും, അലാമിനെ അലാറം എന്നും ഫോമിനെ ഫാറം ഡോനല്‍ഡിനെ ഡൊണാള്ഡ് എന്നും പറയുന്നതില്‍ തെറ്റില്ല. അഥവാ ഇതൊക്കെ തെറ്റാണെങ്കില്‍ കഞ്ഞിയെ കഞ്ജി എന്നും, പുട്ടിനെ പുട്ടു എന്നും, പപ്പടത്തെ പപ്പട് എന്നും പറയാന്‍ നിങ്ങള്‍ക്ക് ആരധികാരം തന്നു എന്നു ചോദിക്കേണ്ടി വരും.
സായിപ്പിന്റെ സൌകര്യാര്‍ത്ഥം മറുഭാഷാഉച്ചാരണം മാറ്റാമെന്നും മറുഭാഷികള്‍ ഇംഗ്ളീഷ് അതു പോലെ സംസാരിക്കണമെന്നും ഉള്ള ആശയം ശരിയല്ല. ഏതൊരു ഭാഷയും ഒരു പ്രദേശത്തേക്കോ, ഭാഷാ സംസ്കാരത്തിലേക്കൊ ആഗീരണം ചെയ്യപ്പെടുമ്പോള്‍ അന്നാട്ടിലെ ഭാഷണശൈലിയുമായി താതാമ്യം പ്രാപിക്കുക സ്വാഭാവികമാണ്. അതുകൊണ്ടാണ്, ബ്രീട്ടീഷ് ഭരണകാലത്തു, നമ്മുടെ നാട്ടില്‍ ട്രിവാന്ഡ്രവും, പാല്‍ഘട്ടും, കൊയിലോണും, കന്നന്നൂരുമൊക്കെ ഉണ്ടായാത്. ബ്രിട്ടീഷുകാരനു ഈ സ്ഥലങ്ങളുടെ യഥാര്‍ത്ഥ പേരു ഉച്ചരിക്കാന്‍ ബുദ്ധിമുട്ടുണ്ടായിരുന്നു എന്നും വെച്ചോളൂ. പക്ഷെ, തിരുവനന്തപുരമെന്നും, പാലക്കാടെന്നും, കൊല്ലമെന്നും ഉച്ചരിക്കാന്‍ നമ്മള്‍ മലയാളികള്‍ക്ക് ബുദ്ധിമുട്ടൊന്നുമില്ലല്ലൊ.
പിന്നെ ഒരു വൈക്ളബ്യം, അല്ലെ. ഇങ്ങനെ എങ്ങാനും പറഞ്ഞുപോയല്‍ നമ്മള്‍ കണ്ട്രികള്‍ ആയാലോ. അങ്ങിനെ കരുതുന്നവര്‍ ഡോനല്‍ഡ് ഡക് എന്നും, മേനന്‍ എന്നും കഞ്ചി എന്നും പറഞ്ഞോളൂ. ഡൊണാള്‍ഡ് ഡക്കെന്നും, മേനോനെന്നും, കഞ്ഞി എന്നും പറയുമ്പോള്‍ ഞങ്ങളെ കണ്ട്രികള്‍ എന്നും വിളിച്ചോളൂ. സംഗതി മലര്‍ന്നു കിടന്നു തുപ്പുകയാണെങ്കിലും.
2008, ഒക്‌ടോബർ 1, ബുധനാഴ്‌ച
ഗ്രിഗോറിയന്‍ സംഗീതം
ഗ്രിഗൊറിയന്‍ സംഗീതത്തിന്റെ ഉത്ഭവം പത്താം നൂറ്റാണ്ടിലെ ക്രൈസ്തവ സന്യാസ ആശ്രമങ്ങളില്‍ (Monastery) നിന്നാണെന്നാണൂ കരുതപ്പെടുന്നത്. ആശ്രമനിവാസികള്‍ ദിവസത്തിന്റെ ഒന്‍പത് വിശുദ്ധ മണിക്കൂറുകളില്‍(Divine Office), സങ്കീര്‍ത്തനങ്ങള്‍ ആലപിക്കുമായിരുന്നു. ഇതിനോട് അകമ്പടി എന്ന നിലയിലാണു ഗ്രിഗോറിയന്‍ സംഗീതം ഉടലെടുത്തത്. ലത്തീന്‍ ഭാഷയിലുള്ള ഈ വരികള്‍ 12, 13 നൂറ്റാണ്ടുകളിലായി നൊട്ടേഷനുകളെഴുതി ചിട്ടപെടുത്തിയത്, പശ്ചിമ-മധ്യ യൂറോപ്പുകളില്‍ വെച്ചാണു. ഗ്രിഗോറി ദ് ഗ്രേറ്റ് പാപ്പയാണു ഈ സംഗീതം കണ്ടെത്തിയതെന്നു തെറ്റിദ്ധരിക്കപ്പെടുന്നുണ്ടെങ്കിലും, ലത്തീന്‍ സംഗീതത്തിന്റെ പ്രചാരത്തിനായി അദ്ദേഹം നടത്തിയ പരിശ്രമങ്ങള്‍ സ്മരണാര്‍ഹമാണ്. ഏകസഭ, ഏകസംഗീതം എന്ന ലക്ഷ്യത്തോടെ അദേഹം ചെയ്ത പ്രവര്‍ത്തനങ്ങളോടുള്ള ബഹുമാനാര്‍ത്ഥമാണു, ഈ സംഗീതരീതിക്ക്, ഗ്രിഗോറിയന്‍ സംഗീതം എന്ന പേരു വരാന്‍ കാരണം. ഈ ഒരു മൂവ്മെന്റോടു കൂടി, ഗ്രിഗോറിയന്‍ ചാന്റിനു, പ്രചുരപ്രചാരം ലഭിക്കുകയും സഭയുടെ ഔദ്യോഗികസംഗീതം എന്ന നിലയിലേക്ക് ഉയരുകയും ചെയ്തു. ഈ ഒരു മൂവ്മെന്റോടു കൂടി, ഗ്രിഗോറിയന്‍ ചാന്റിനു, പ്രചുരപ്രചാരം ലഭിക്കുകയും സഭയുടെ ഔദ്യോഗികസംഗീതം എന്ന നിലയിലേക്ക് ഉയരുകയും ചെയ്തു. ഏകധ്വനി(Monophonic) രീതിയിലുള്ള ഈ സംഗീത്തത്തിനു, പിന്നീട് പിയാനോയുടെ അകമ്പടി കൂടിആയി. പത്തൊന്പതാം നൂറ്റാണ്ടോടു കൂടി, റോമന്‍ കത്തോലിക്ക സഭയിലും, ആംഗലേയ കത്തൊളിക്കാസഭയുടെ ആംഗ്ളിക്കന്‍ കമ്മ്യൂണിയനിലും ഗ്രിഗൊറിയന്‍ സംഗീതം ശക്തി പ്രാപിച്ചു.
വത്തിക്കാന്‍ കൌണ്‍സിലിനു ശേഷം, ആരാധനാക്രമം പ്രാദേശിക ഭാഷയിലാക്കിയപ്പോള്‍, ഏകസംഗീതം എന്ന ആശയത്തിനു വിള്ളല്‍ വീഴുകയും തദ്ദേശ്ശീയ സംഗീതശൈലികള്‍ ഗ്രിഗോറിയന്‍ സംഗീതഥെ ആദേശം ചയ്യുകയും ചെയ്തു. എങ്കിലും പുതുതായി ഉയര്ന്നു വന്നവ എല്ലാം തന്നെ ഗ്രിഗോരിയന്‍ സംഗീതത്തിന്റെ നേരിട്ടുള്ളതോ, പരോക്ഷമായുള്ളതോ ആയ അനുകരണങ്ങള്‍ ആയിരുന്നു എന്നു പറയം. ഏറ്റവും പ്രശസ്തിയാര്ജ്ജിച്ച കരോള്‍ ഗാനങ്ങളിലൊന്നായ ഓ! കം ഓള്‍ യെ ഫെയ്ത്ഫുള്‍(O! come all ye faithful) എന്ന ഗാനം ആദേസ്തെ ഫിദേലെസ്(Adeste fideles) എന്ന ഗ്രിഗോരിയന്‍ ഗാനത്തിന്റെ പൂര്‍ണ്ണമായ അനുകരണം ആണ്. മലയാളത്തില്‍ ആലപിക്കുന്ന ‘പരിശുദ്ധാത്മാവെ നീ എഴുന്നുള്ളി വരണമേ…’ എന്ന ഗാനം ‘വേനി ക്രെയാതോര്‍ സ്പിരിത്തൂസ്’(Veni creator spiritus) എന്ന ഗാനത്തിന്റെ പരോക്ഷ അനുകരണമാണ്. പൌരസ്ത്യ സഭകളില്‍ പ്രാര്‍ത്ഥനകള്‍ക്കിറ്റയിലും ഇവയുടെ അനുകൃതരൂപങ്ങളുണ്ട്. ‘കൂരിയാ ലൈസോണ്‍’ എന്ന പ്രാര്‍ത്ഥന, ‘കീരിയേ ലെയിസോണ്’(Kiriye laison) എന്ന ലത്തീന്‍ പ്രാര്‍ത്ഥന തന്നെയാണ്.
എന്തായലും ഇന്നത്തെ തലമുറ ഗ്രിഗോറിയന്‍ ചാന്റ് കേള്‍ക്കുന്നുണ്ടെങ്കില്‍ അതു എനിഗ്മ എന്ന ആല്‍ബത്തില്‍ മാത്രമാണു. പ്രൊചെദിമുസ് ഇന്‍ പാചെം(Procedemus in pacem), കൂ ആഞ്ജെലിസ് എത് കൂയി ഫീലിയെ(Qu anjelis et quis), മെയാ കുള്‍പ (Mea culpa), ഇന്‍ നോമിനെ ക്രിസ്തീ (In nomine Cristi) തുടങ്ങിയ എനിഗ്മ ആല്‍ബങ്ങളില്‍ കേള്‍ക്കുന്ന എല്ലാ ചാന്റുകളൂം തന്നെ ഗ്രിഗോറിയന്‍ ശൈലിയില്‍ ഉള്ളവയാണ്.
2008, സെപ്റ്റംബർ 30, ചൊവ്വാഴ്ച
വിലക്കയറ്റങ്ങളുടെ ഭൂമിക: കേരളം ഇനി കട്ടന്‍ ചായ കുടിക്കും
പാല്‍വില വര്‍ദ്ധനയുടെ കൂടെ ഉയര്‍ത്തിക്കാട്ടിയ ഒന്നാണ്, ക്ഷീരകര്‍ഷകനു 90 പൈസ ലാഭം കിട്ടും എന്നതും കൂടുതല്‍ പേര്‍ ഈ ക്ഷീരകാര്‍ഷിക മേഖലയിലേക്കു ആകൃഷ്ടാരാകും എന്നതും. നാലുമാസം മുമ്പ് 2 രൂപ കൂട്ടിയപ്പൊഴും ഇതു തന്നെയാണു പറഞ്ഞതു. ഒപ്പം വിദര്‍ഭാ മോഡല്‍ ആവിഷ്കരിക്കുമെന്നും മറ്റു ചില പദ്ധതികളൊക്കെ നടപ്പിലാക്കി, പ്രതിസന്ധി ഒഴിവാക്കുമെന്നും. പക്ഷെ, ഫലത്തില്‍ ഇവയൊന്നും കാണുന്നില്ല എന്നു മാത്രമല്ല, വിലവര്ദ്ധന അടിയന്തിരമായി നടപ്പിലാക്കുകയും ചെയ്യുന്നു. മറ്റൊന്നു കൂടി ഇവിടെ പരാമര്‍ശം അര്‍ഹിക്കുന്നു, മില്മയുടെ മലബാര്‍ മേഖല ലാഭകരമാണെന്നതും അവിടെ കര്‍ഷകനു 1 രൂപ അധികവരുമാനം നല്കാന്‍ കഴിയുന്നുണ്ട് എന്നതും. അങ്ങിനെയെങ്കില്‍ ഈ വിലവര്‍ധന, പ്രതിസന്ധിയുടെ ശിശുതന്നെയോ?
സര്‍ക്കാര്‍ വിഹിതം വെട്ടിക്കുറച്ചതു കൊണ്ട്, വൈദ്യുതി കൂടുതല്‍ വാങ്ങേണ്ടി വരുന്നെന്നും അതിനാലാണു ചാര്‍ജ്ജ് വര്‍ധിപ്പിക്കേണ്ടി വന്നത് എന്നു സമ്മതിക്കാം. കഴിഞ്ഞ വേനല്‍മഴയില്‍ ലഭിചച അധികജലം കൊണ്ടുല്പാദിപ്പിച്ച വൈദ്യുതി വിറ്റവകയില്‍ ലഭമായി ലഭിച്ച 164 കോടി രൂപയിലെ വിഹിതം എന്ന നിലയിലെങ്കിലും ആ കാലയളവില്‍ ചാര്‍ജ്ജില്‍ കുറവുവരുത്താം എന്നു ചിന്തിക്കാതിരുന്നത് എന്തു കൊണ്ടാണ്? നഷ്ടം നികത്താന്‍ വര്‍ധനവ് ഏര്‍പ്പെടുത്തുന്നതു പോലെ ലാഭം ലഭിക്കുമ്പോള്‍ കുറവ് നല്‍കുവാനും സര്‍ക്കാരിനു കടമയില്ലേ?.
കേന്ദ്രവും, കേരളവും വിലവര്‍ധിപ്പിക്കുന്നതില്‍ കാണിക്കുന്ന ശുഷ്കാന്തി, വിലകുറക്കുന്നതില്‍ കാണിക്കുന്നില്ല. ബാരലിനു 152 ഡോളര്‍ വിലയുള്ള സമയത്താണ്, പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില വര്‍ദ്ധിപ്പിച്ചതു. ഇപ്പോള്‍ ബാരലിനു 92 ഡോളര്‍ എത്തിയിട്ടു പോലും (സെപ്റ്റം.30 നു $97.43) വിലകുറക്കാന്‍ ഭരണപക്ഷമോ, ശുപാര്‍ശ എങ്കിലും ചെയ്യാന്‍ പ്രതിപക്ഷമോ ചെറുവിരല്‍ പോലും അനക്കിയിട്ടില്ല. കേരളത്തിലെ പ്രതിപക്ഷം എന്നാല്‍ ചത്തതിനൊക്കുമെ, ജീവിച്ചിരിക്കിലും എന്ന നിലയിലായിട്ടുണ്ട്.
ഏതു പ്രതിസന്ധിക്കും വിലവര്‍ദ്ധനായാണു മറുമരുന്നെന്നു വരികയാണെങ്കില്‍, ജനം ഒരു രണ്ടാം നിസ്സഹകരണ പ്രസ്ഥാനത്തിലേക്ക് പോകേണ്ടിവരും. പക്ഷെ, അതിനും നേതൃത്വം നല്കാന്‍ ഈ രാഷ്ട്രീയചെറ്റകള്‍ കൊടിയും തൂക്കി വരും എന്ന ഗതികേടുകൂടി നമുക്കുണ്ടല്ലൊ?
2008, സെപ്റ്റംബർ 29, തിങ്കളാഴ്‌ച
ദൈവത്തിന്റെ മതം
ദൈവമില്ല എന്നു വിശ്വസിക്കുന്ന ഒരാള്ക്ക് ഞാനീ പറയുന്നത് സ്വീകാര്യമാണെന്നു തോന്നുന്നില്ല. എങ്കിലും പൊതുവില്‍ എല്ലാ വിശ്വാസികളും ദൈവസന്നിധിയിലേക്കുള്ള യാത്രയിലാണു. സൃഷ്ടാവിനെ കാണുവാനുള്ള സൃഷ്ടിയുടെ ആഗ്രഹപൂര്‍തീകരണമെന്നൊ, മോക്ഷം എന്നൊ, സ്വര്ഗ്ഗരാജ്യപൌരത്വം എന്നതൊക്കെയാണു ഈ യാത്രയുടെ ലക്ഷ്യം. മരണത്തിനു ശേഷം തങ്ങളുടെ പ്രവൃത്തികള്‍ക്കനുസൃതമായി അന്തിമവിധി ഉണ്ടാകുമെന്നും വിശ്വസിക്കപ്പെടുന്നു.
പ്രവൃത്തികള്‍ക്കനുസൃതമാണു അന്തിമ വിധിയെങ്കില്‍ മതാചാരങ്ങള്‍ പാലിച്ചതു കൊണ്ടുമാത്രം, അല്ലെങ്കില്‍ ഒരു മതം പറയുന്ന ദൈവത്തില്‍ വിശ്വസിച്ചതു കൊണ്ടു മാത്രമേ മോക്ഷം, രക്ഷ ഇതൊക്കെ ലഭിക്കൂ എന്നു പറയുന്നതിന്റെ അടിസ്ഥാനം എന്താണ്? ദൈവം അങ്ങിനെ നിഷ്കര്‍ഷിക്കുന്നുണ്ടോ?
എനിക്ക് തോന്നുന്നത് ദൈവത്തിന്റെ മതം “മനുഷ്യന്‍” ആണെന്നതാണു. അന്തിമവിധിയില്‍ “നീ ഏതു മതക്കാരാണെന്നു എന്നൊ മതത്തിനു വേണ്ടി എന്തു ചെയ്തു എന്നൊ” എന്നീ ചോദ്യങ്ങള്‍ ഉണ്ടാകുമെന്നു ക്രിസ്ത്യന്‍ പഠനങ്ങളില്‍ ഇല്ല. “അടുത്തു നില്‍ക്കുന്ന മനുഷ്യനു നീ എന്തു ചെയ്തു” എന്നതു മാത്രമായിരിക്കും ഓരോ ക്രിസ്ത്യാനിയും നേരിടേണ്ടി വരുന്ന ചോദ്യം. കാരണം ദൈവത്തിനു മനുഷ്യന്‍ എന്ന മതത്തേക്കുറിച്ചു മാത്രമേ അറിവു കാണു. അതിനാല്‍ അദ്ദെഹം “ഹേയ് ക്രിസ്ത്യാനി”, “ഹെയ് സിഖ്”, “ഹെയ് ഹിന്ദു” എന്നു വിളിക്കുമെന്നു ഞാന്‍ കരുതുന്നില്ല. മറ്റു മതങ്ങളിലും തതുല്യമായ ആശയങ്ങളാണു ഉള്ളത് എന്നാണു ഞാന്‍ കരുതുന്നതു.
അന്തിമവിധിനാളില്‍ ദൈവം എന്നെ “മനുഷ്യാ” എന്നു വിളിക്കും എന്നാണു എന്റെ വിശ്വാസം.
2008, സെപ്റ്റംബർ 27, ശനിയാഴ്‌ച
ക്രിസ്തുവും ശ്രീ കൃഷ്ണനും: ചില സാമ്യങ്ങള്‍
ക്രിസ്തുവും കൃഷ്ണനും ഒരാളാണെന്നും, അല്ല, ഒരേ ദേവസങ്കല്‍പ്പത്തിന്റെ വ്യത്യസ്ത അവതാരങ്ങളാണെന്നും എന്ന ചിന്തകള്‍ക്ക് അനുകൂലമായും പ്രതികൂലമായും വാദങ്ങള്‍ നിലവിലുണ്ട്. അതേ സമയം തന്നെ വിശ്വസിക്കത്തക്കവണ്ണമുള്ള സാമ്യതകള്‍ രണ്ടുപേരുടെയും പേരുകളിലും, പ്രബോധനങ്ങളിലും, ജീവിതത്തിലും കാണാം.
1. ക്രിസ്തു എന്ന വാക്ക്, അഭിഷിക്തന്‍ (the anointed) എന്നര്‍ത്ഥം വരുന്ന ക്രിസ്തോസ്(kristos) എന്ന ഗ്രീക്ക് പദത്തില്‍ നിന്നണു ഉത്ഭവിച്ചിട്ടുള്ളതാണ്. കൃഷ്ണ എന്ന പദത്തിന്‍ തതുല്യമായ ഗ്രീക്ക് പദവും ക്രിസ്തോസ് എന്നതാണ്. കൂടാതെ, പശ്ചിമബ്‌ഗാളിലെ ഹിന്ദുക്കളുടെ ഇടയില്‍ കൃഷ്ണനെ ക്രിസ്തൊ (Kristo)എന്നു വിളിക്കുന്ന രീതിയും നിലവിലുണ്ട്. ഈ പദം ക്രിസ്തു എന്ന പേരിന്റെ സ്പാനിഷ് രൂപമായ ക്രിസ്തൊ(Cristo) എന്ന പദവുമായി സദൃശ്യമുള്ളതാണ്.
2. ഭാരതീയ ഹിന്ദു മതത്തില്‍ ഇങ്ങനെ ഒരു വിശ്വാസം കൂടിയുണ്ട്. അതായത്, യേശുക്രിസ്തുവിന്റേത്, ധര്‍മ്മ പുനഃസ്ഥാപനത്തിനായുള്ള, വിഷ്ണുവിന്റെ മറ്റൊരവതാരം തന്നെയാണെന്നും ആയതിനാല്‍ ക്രിസ്തുവും കൃഷ്ണനും പരസ്പരപൂരകങ്ങളാണെന്നും.
3. രണ്ടുപേരുടെയും അവതാരലക്ഷ്യങ്ങള്‍ ഒന്നു തന്നെയായിരുന്നു - മനുഷ്യകുലത്തിന്റെ രക്ഷ.
4. രണ്ടുപേരും ദൈവത്തിന്റെ മാനവരൂപത്തിലുള്ള അവതാരമായിരുന്നു. രണ്ടവതാരങ്ങളും മനുഷ്യകുലത്തിന്റെ സന്നിഗ്ധഘട്ടത്തില്‍ ആയിരുന്നു.
5. രണ്ടുപേരും ഗര്‍ഭസ്ഥരായതു ദൈവീകമായ അരൂപിയുടെ പ്രവര്‍ത്തനത്താലാണു.
6. രണ്ടുപേരുടെയും ജനനം നേരത്തെ പ്രതീക്ഷിക്കപ്പെടുകയും, സ്വര്‍ഗ്ഗീയ അശരീരിയാല്‍ പ്രഖ്യാപിക്കപ്പെടുകയും ചെയ്തിരുന്നു.
7. രണ്ടും പേരുടെയും ജനനം അസ്വാഭാവികമായ സ്ഥലത്തു വെച്ചായിരുന്നു.ക്രിസ്തു കാലിത്തൊഴുത്തിലും, കൃഷ്ണന്‍ തടവറയിലും. രണ്ടു പേരുടെയും ജനനസമയത്തു, സഹായിക്കാന്‍ ആയമാരോ, ശുശ്രൂഷികളോ, അടുത്തില്ലായിരുന്നു.
8. രണ്ട് പേരുടെയും ജനനം രാജകോപത്തിനു (കംസന്‍, ഹെറോദേസ്) നിദാനമാകുകയും, ദൈവകൃപയാല്‍ ജീവന്‍ രക്ഷിക്കപെടുകയും ചെയ്തു.
9. രാജകോപത്തില്‍ നിന്നും രക്ഷനേടാന്‍ രണ്ടു പേരും ശൈശവത്തിലേ പലായനം ചെയ്യേണ്ടി വന്നു. കൃഷ്ണന്‍ മധുര (Madhura)യില്‍ നിന്ന് അമ്പാടിയിലേക്കും, ക്രിസ്തു മെത്തൂറ (Muturea) എന്നു വിളിക്കപ്പെട്ടിരുന്ന ഈജിപ്ഷ്യന്‍ പ്രദേശത്തേക്കും. രാജാവിന്റെ ഉത്തരവിനെക്കുറിച്ച് അറിവ് നല്കിയത് ദേവദൂതന്മാരയിരുന്നു.
10. സര്‍പ്പതാഡനവുമായി രണ്ടുപേരും ബന്ധമുള്ളവരാണ്. ഒരാള്‍ സര്പ്പത്തിന്റെ ശിരസ്സില്‍ ചവിട്ടി നൃത്തം ചെയ്തപ്പോള്‍ മറ്റെയാളുടെ മാതാവിനെ, സര്‍പ്പത്തിന്റെ തല തകര്‍ക്കുന്ന സ്ത്രീ ആയി ചിത്രീകരിച്ചിരിക്കുന്നു.
11. കൃഷ്ണന്‍ കാലിമേയ്ക്കുന്ന ഇടയനായിരുന്നു. യേശു, സ്വയം ഇടയന്‍ എന്നു വിശേഷിപ്പിച്ചിരിക്കുന്നു. ക്രിസ്തീയ വിശ്വാസത്തില്‍ ഇടയന്‍ എന്ന concept-ന്‍ വളരെ അധികം പ്രാധാന്യമുണ്ട്.
12. തങ്ങളുടെ കുലമഹിമയെക്കുറിച്ച് അഹങ്കരിക്കുന്ന തങ്ങളുടെ ജനതയെ (യാദവകുലം, ഇസ്രയേല്‍ ഗോത്രം) ഓര്‍ത്ത് രണ്ടുപേരും ദുഃഖിതരായിരുന്നു.
13. രണ്ടുപേരും വിജാതീയ സ്ത്രീകളെ കിണറ്റിന്‍കരയില്‍ വെച്ച് കണ്ടുമുട്ടിയിട്ടുണ്ട്.
14. രണ്ടുപേരുടെയും മരണം ഭൂമിയില്‍ സ്പര്‍ശിക്കാതെ ആയിരുന്നു. കൃഷ്ണന്‍ ഒരു മരത്തില്‍ വെച്ചും യേശുകുരിശുമരത്തില്‍ വെച്ചും. രണ്ട് പേരുടെ ശരീരത്തിലും മൂര്‍ച്ചയുള്ള ആയുധം കൊണ്ടു മുറിവേറ്റിരുന്നു. (ശരം, ആണി)
15. രണ്ടുപേരും തങ്ങളുടെ മരണത്തിനു കാരണക്കാരയവര്‍ക്ക് മരിക്കും മുമ്പ് മാപ്പ് നല്കിയിരുന്നു.
16. രണ്ടുപേരും മരണത്തില്‍ നിന്നു ഉയര്‍ത്തെഴുന്നേല്ക്കുകയും സ്വര്‍ഗ്ഗാരോഹണം ചെയ്യുകയും ചെയ്തു.
രണ്ടുപേരും ത്രീത്വത്തിലെ രണ്ടാമത്തെ ആള്‍ ആണ്. (ബ്രഹ്മ, വിഷ്ണു (കൃഷ്ണന്‍), ശിവ- പിതാവ്, പുത്രന്‍(ക്രിസ്തു), പ.ആത്മാവ്.)
2008, സെപ്റ്റംബർ 26, വെള്ളിയാഴ്‌ച
വെള്ളക്കരം ഉയര്‍ത്തുന്ന ചിന്തകള്‍
എങ്കിലും വസ്തുതാപരമായി, ഈ വിലവര്‍ദ്ധന ജലവിതരണ ബോര്ഡിനു അനിവാര്യമായിരിക്കുന്നു. പ്രധാനമായും വൈദ്യുതി ബോര്‍ഡിനു നല്‍കാനുള്ള കുടിശ്ശിക ഒടുക്കാനെങ്കിലും. ജലവിതരണത്തിനു ഒരു വര്‍ഷം ഏകദേശം 350 കോടി രൂപയാണു ബോര്‍ഡിനു ചെലവാകുന്നതു. ബോര്‍ഡിന്റെ വരുമാനമാകട്ടെ 156 കോടി രൂപയും. 1999 നു അവസാനമായി കരം വര്‍ദ്ധിപ്പിച്ച ശേഷം പിന്നീട് രണ്ട് തവണ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് വര്‍ദ്ധനയക്ക് ബോര്‍ഡ് ശുപാര്‍ശ ചെയ്തെങ്കിലും പ്രാബല്യത്തില്‍ വന്നിരുന്നില്ല.
വൈദ്യുതി കുടിശ്ശിക ഉയര്‍ന്നു വരികയും ചാര്‍ജ്ജ് വര്ദ്ധിക്കുകയും ചെയ്ത സാഹചര്യത്തില്‍, ബോര്‍ഡ് കരം ഉയര്‍ത്താന്‍ നിര്‍ബന്ധിതമായിരിക്കുകയാണ്. ഇതു വഴി ബോര്‍ഡ് പ്രതീക്ഷിക്കുന്നതും പ്രാബല്യത്തില്‍ വരുത്താനുദെശിക്കുന്നതുമായ ചില കാര്യങ്ങള്‍ ഒന്നു വിശകലനം ചെയ്യണമെന്നു തോന്നി.
1. ചാര്‍ജ്ജ് വര്‍ധിപ്പിക്കുന്നതിലൂടെ, ബോര്‍ഡ് പ്രതീക്ഷിക്കുന്ന അധിക വരുമാനം 140 കോടി രൂപയാണ്. ഇതു ഒരു പരിധി വരെയുള്ള നഷ്ടമേ നികത്തൂ.
2. മുഖ്യമന്ത്രിയുടെ ഔദ്യൊഗിക വസതിയായ ക്ളിഫ് ഹൌസടക്കം ജലബോര്ഡിനു നല്‍കാനുള്ള കുടിശിക 165 കോടി രൂപയാണു. ഇതില്‍ സിംഹഭാഗവും തന്നു തീര്‍ക്കാനുള്ളതു സര്‍ക്കാര്‍ സ്ഥാപനങ്ങളാണ്. ഇതു പിരിച്ചെടുത്താല്‍ ബോര്ഡിന്റെ ബാധ്യതകള്ക്ക് താല്‍ക്കാലിക പരിഹാരം കാണുവാന്‍ കഴിയും. പക്ഷെ നടപടികള്‍ ഒന്നും എടുത്തു കാണുന്നില്ല.
3. ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവരുടെ കുടിശ്ശിക എഴുതിത്തള്ളും എന്നത് സ്വാഗതാര്‍ഹമാണ്. എന്നാല്‍ ഇതില്‍ വലിയ ത്യാഗമുള്ളതായി തോന്നിയില്ല. കാരണം ആകെ ഉപ്ഭോക്താക്കളില്‍ 7% മാത്രമാണു ഈ ഗണത്തില്‍ വരുന്നതു.
4. 10000 മി.ലി താഴെ ഉപയോഗിക്കുന്ന ബി.പി.എല്‍-കാര്‍ കരമടക്കേണ്ടാ എന്നു പറയുമ്പൊള്‍ എത്ര എ.പി.എല്‍-കാര്‍ക്ക് 10000 മി.ലി. വെള്ളം കിട്ടുന്നു എന്നു കൂടി ചിന്തിക്കേണ്ടതാണു. കുറഞ്ഞ പക്ഷം എറണാകുളത്തും പരിസര പ്രദേശങ്ങളിലുമുള്ള ഉപഭോക്താക്കള്‍ 1000 മി.ലി. തികച്ചു കണ്ടിട്ടു കാലങ്ങളായി. കരം കൂട്ടുമ്പോള്‍ സേവന നിലവാരം കൂടി ഉയര്‍ത്തുന്ന കാര്യം പരിഗണനയില്‍ വരണമെന്നാണു എന്റെ എളിയ പക്ഷം
വാല്‍ക്കഷണം : യുഡിഎഫ് കാലത്തു കരം വര്‍ധിപ്പിച്ചിരുന്നെങ്കില്‍ ഒരു പൊതുപണിമുടക്കോ, ഹര്‍ത്താലോ വീണുകിട്ടിയേനെ…
വെള്ളക്കരം ഉയര്‍ത്തുന്ന ചിന്തകള്‍
എങ്കിലും വസ്തുതാപരമായി, ഈ വിലവര്‍ദ്ധന ജലവിതരണ ബോര്ഡിനു അനിവാര്യമായിരിക്കുന്നു. പ്രധാനമായും വൈദ്യുതി ബോര്‍ഡിനു നല്‍കാനുള്ള കുടിശ്ശിക ഒടുക്കാനെങ്കിലും. ജലവിതരണത്തിനു ഒരു വര്‍ഷം ഏകദേശം 350 കോടി രൂപയാണു ബോര്‍ഡിനു ചെലവാകുന്നതു. ബോര്‍ഡിന്റെ വരുമാനമാകട്ടെ 156 കോടി രൂപയും. 1999 നു അവസാനമായി കരം വര്‍ദ്ധിപ്പിച്ച ശേഷം പിന്നീട് രണ്ട് തവണ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് വര്‍ദ്ധനയക്ക് ബോര്‍ഡ് ശുപാര്‍ശ ചെയ്തെങ്കിലും പ്രാബല്യത്തില്‍ വന്നിരുന്നില്ല.
വൈദ്യുതി കുടിശ്ശിക ഉയര്‍ന്നു വരികയും ചാര്‍ജ്ജ് വര്ദ്ധിക്കുകയും ചെയ്ത സാഹചര്യത്തില്‍, ബോര്‍ഡ് കരം ഉയര്‍ത്താന്‍ നിര്‍ബന്ധിതമായിരിക്കുകയാണ്. ഇതു വഴി ബോര്‍ഡ് പ്രതീക്ഷിക്കുന്നതും പ്രാബല്യത്തില്‍ വരുത്താനുദെശിക്കുന്നതുമായ ചില കാര്യങ്ങള്‍ ഒന്നു വിശകലനം ചെയ്യണമെന്നു തോന്നി.
1. ചാര്‍ജ്ജ് വര്‍ധിപ്പിക്കുന്നതിലൂടെ, ബോര്‍ഡ് പ്രതീക്ഷിക്കുന്ന അധിക വരുമാനം 140 കോടി രൂപയാണ്. ഇതു ഒരു പരിധി വരെയുള്ള നഷ്ടമേ നികത്തൂ.
2. മുഖ്യമന്ത്രിയുടെ ഔദ്യൊഗിക വസതിയായ ക്ളിഫ് ഹൌസടക്കം ജലബോര്ഡിനു നല്‍കാനുള്ള കുടിശിക 165 കോടി രൂപയാണു. ഇതില്‍ സിംഹഭാഗവും തന്നു തീര്‍ക്കാനുള്ളതു സര്‍ക്കാര്‍ സ്ഥാപനങ്ങളാണ്. ഇതു പിരിച്ചെടുത്താല്‍ ബോര്ഡിന്റെ ബാധ്യതകള്ക്ക് താല്‍ക്കാലിക പരിഹാരം കാണുവാന്‍ കഴിയും. പക്ഷെ നടപടികള്‍ ഒന്നും എടുത്തു കാണുന്നില്ല.
3. ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവരുടെ കുടിശ്ശിക എഴുതിത്തള്ളും എന്നത് സ്വാഗതാര്‍ഹമാണ്. എന്നാല്‍ ഇതില്‍ വലിയ ത്യാഗമുള്ളതായി തോന്നിയില്ല. കാരണം ആകെ ഉപ്ഭോക്താക്കളില്‍ 7% മാത്രമാണു ഈ ഗണത്തില്‍ വരുന്നതു.
4. 10000 മി.ലി താഴെ ഉപയോഗിക്കുന്ന ബി.പി.എല്‍-കാര്‍ കരമടക്കേണ്ടാ എന്നു പറയുമ്പൊള്‍ എത്ര എ.പി.എല്‍-കാര്‍ക്ക് 10000 മി.ലി. വെള്ളം കിട്ടുന്നു എന്നു കൂടി ചിന്തിക്കേണ്ടതാണു. കുറഞ്ഞ പക്ഷം എറണാകുളത്തും പരിസര പ്രദേശങ്ങളിലുമുള്ള ഉപഭോക്താക്കള്‍ 1000 മി.ലി. തികച്ചു കണ്ടിട്ടു കാലങ്ങളായി. കരം കൂട്ടുമ്പോള്‍ സേവന നിലവാരം കൂടി ഉയര്‍ത്തുന്ന കാര്യം പരിഗണനയില്‍ വരണമെന്നാണു എന്റെ എളിയ പക്ഷം
വാല്‍ക്കഷണം : യുഡിഎഫ് കാലത്തു കരം വര്‍ധിപ്പിച്ചിരുന്നെങ്കില്‍ ഒരു പൊതുപണിമുടക്കോ, ഹര്‍ത്താലോ വീണുകിട്ടിയേനെ…