-->

Followers of this Blog

2009, മേയ് 26, ചൊവ്വാഴ്ച

മിറാക്കുലസ് ഓള്‍ഡ്മാന്

ഇതു ഒരു സംഭവകഥയാണു. ഇതു വായിച്ചിട്ട് യഥാവിഥം പ്രവര്‍ത്തിച്ചവര്‍ക്ക് ജീവിതത്തില്‍ സൌഭാഗ്യങ്ങള്‍ ഒന്നിനു മീതേ ഒന്നായി വന്നു കൊണ്ടിരിക്കുന്നു. നിഷേധിച്ചവര്‍ ശപിക്കപ്പെടുകയും ജീവിതത്തില്‍ പല അനര്‍ത്ഥങ്ങള്‍ക്കും വിധേയരാകേണ്ടിയും വന്നിട്ടുണ്ട്.

ഗ്വാണ്ടനോമായിലേ കിമൊസോട്ടൊ ഗ്രാമത്തിനടുത്തുള്ള അജനമോട്ടൊ പ്രദേശത്താണു ഈ സംഭവം നടന്നത്. അവിടെ ആളുകള്‍ പട്ടിണി മൂലം ബാര്‍ബര്‍ ഷോപ്പു കണ്ടാല്‍ ഹോട്ടലാണെന്നു തെറ്റിദ്ധരിക്കുക പതിവായിരുന്നു. കഴിഞ്ഞ ഡിസം: 18 നു വിശന്നു വലഞ്ഞ വക്കന്‍ എന്ന വൃദ്ധന്‍ ഹോട്ടലാണെന്നു കരുതി ഒരു ബാര്‍ബര്‍ ഷോപ്പില്‍ കയറി, എന്താ ഉള്ളതെന്നു ചോദിച്ചു. ബാര്‍ബര്‍ 'കട്ടിങ്ങും ഷേവിങ്ങും' എന്നു പറഞ്ഞു. വിശപ്പു മൂലം എന്താണു ബാര്‍ബര്‍ പറഞ്ഞതെന്നു മനസിലാകാതെ കടം പറഞ്ഞിട്ടായേലും വിശപ്പടക്കണമെന്നു കരുതി വൃദ്ധന്‍ "രണ്ടും ഓരോ പ്ളേറ്റു പോരട്ടെ" എന്നു പറഞ്ഞു. ഇതു കേട്ടു നിന്നവര്‍ പൊട്ടി ചിരിച്ചു. അപമാനഭാരവും വിശപ്പും താങ്ങാനാവാതേ വൃദ്ധന്‍ തല്‍ക്ഷണം മരിച്ചു വീണു.

ബാര്‍ബര്‍ ഷോപ്പ് നടത്തിയിരുന്ന ആള്‍ പന്നിപ്പനിയടിച്ച് രണ്ടാഴ്ച്ചക്കുള്ളില്‍ മരണമടഞ്ഞു. വൃദ്ധനെ കളീയാക്കിയവരില്‍ ഒരാളുടെ ഒരു കപ്പല്‍ നിറയേ വരുന്ന ഡയമണ്ട്സ്‌ സൊമാലിയന്‍ തീരത്ത് വെച്ചു കൊള്ളയടിക്കപ്പെട്ടു. മറ്റൊരാള്‍ക്ക് ദുബായില്‍ ഉണ്ടായിരുന്ന ജോലി നഷ്ടമായി. ഇനിയുമൊരാളുടെ ഭാര്യ കാമുകന്റെ കൂടെ ഒളീച്ചോടവേ ടിപ്പര്‍ ലോറിക്കടിയില്‍ പെട്ടു മരിച്ചു. വൃദ്ധന്റെ മറുപടികേട്ട് ചിരിക്കാതിരുന്ന ഗോപി എന്നയാള്‍ക്ക് നവ രത്ന ബംബര്‍ അടിച്ചു. അയാളുടെ മകന്‍ എസ്. എസ്. എല്‍.സി. ക്ക് ഏ പ്ളസ് വാങ്ങി എല്ലാ വിഷയത്തിനും പാസായി. ഒരു വിഷയത്തില്‍ പോലും പത്ത് മാര്‍ക്ക് തികച്ച് വാങ്ങാതിരുന്ന തന്റെ മകന്റെ വിജയത്തിനു പ്രത്യുപകാരമായി, വൃദ്ധന്റെ കഥ ലോകമാകേ അറിയിക്കുമെന്നു ഗോപി പ്രതിജ്ഞയെടുത്തു.

തന്റെ മെയില്‍ ലിസ്റ്റിലേ ആയിരം പേര്‍ക്ക് അയാള്‍ ഈ മെയില്‍ അയച്ചു. ക്രിസ്‌മസ് ബംബര്‍ കൂടി അയാള്‍ക്ക് അടിച്ചു. ഇതു കേട്ട ജോസപ്പനും ഇതു പോലേ ചെയ്തു. ആ മാസം അയാള്‍ക്ക് ലക്ഷങ്ങളുടെ ബാധ്യത ഉണ്ടായിരുന്ന ഓസി ഓസി വൈ ബാങ്ക് കുത്തു പാളയേടുത്തു, ജോസപ്പന്‍ കടവിമുക്തനായി. ഈ മെയില്‍ ഡിലീറ്റ് ചെയ്ത സോഫ്റ്റ് വെയര്‍ എഞ്ചിനീയറുടെ ജോലി നഷ്ടപ്പെടുകയും അയാളുടെ ഭാര്യ്യുടെ സാലറി കമ്പനി വെട്ടിക്കുറക്കുകയും ചെയ്തു.

ആക്രാന്തപുരത്തേ അന്തപ്പന്‍ ഈ മെയില്‍ ഐഡി ഇല്ലാഞ്ഞിട്ടു 100 കോപ്പി ഫോട്ടൊസ്റ്റാറ്റെടുത്ത് വിതരണം ചെയ്തു. അയാളുടെ മകന്‍ ചാണ്ടികുഞ്ഞിനു റിയാലിറ്റി ഷോയില്‍ ഒരു കോടി രൂപയുടെ ഫ്ളാറ്റടിച്ചു (ഇനി അതിന്റെ ടാകസടയ്ക്കാനുള്ള പണത്തിനു ഒരു 50 ഫോട്ടോകോപ്പി കൂടെ എടുത്തു വിതരണം ചെയ്യാമെന്നു വിചാരിച്ചിരിക്കുവാ അന്തപ്പന്‍). അന്തപ്പന്റെപ് പ്രവര്‍ത്തിയേ പുഛ്ചിച്ച ജഡ്‌ജസ് മതാ ലങ്കേഷ്ക്കറേയും അവുസേക്കുഞ്ഞിനേയും ചാനലുകാരു പിരിച്ചു വിട്ടു.

മാത്രമല്ല. നിങ്ങള്‍ ഓരോ തവണയും ഈ മെയില്‍ ഫോര്‍വേഡ് ചെയ്യുമ്പോള്‍ റപ്പായിസ് തട്ടുകടയില്‍ നിന്നും ഓരോ പരിപ്പുവട അജ്നാമോട്ടോയിലേ വിശന്നു കരയുന്ന വൃദ്ധന്മാര്‍ക്ക് കിട്ടും അതു കൊണ്ട് ഇതു നിങ്ങളുടെ ലിസ്റ്റിലേ പത്തു പേര്‍ക്കെങ്കിലും ഫോര്‍വേഡ് ചെയ്യണം. ഇല്ലെങ്കില്‍ വൃദ്ധന്റെ ശാപമേല്‍ക്കേണ്ടി വരുന്ന അടുത്ത ആള്‍ നിങ്ങളായിരിക്കും.


ഈ ആശയം പണ്ടൊരിക്കല്‍ എന്നോടാരൊ പറഞ്ഞതോര്‍മ്മയുണ്ട്. ആശയത്തിനുള്ള കയ്യടി അയാള്‍ക്ക്. നമ്മള്‍ക്ക് ആശയം വികസപ്പിച്ചതിനുള്ള 5 മാര്‍ക്ക് മതി.

4 അഭിപ്രായങ്ങൾ:

പകല്‍കിനാവന്‍ | daYdreaMer പറഞ്ഞു...

:):) ഇപ്പ ശരിയാക്കിത്തരാം.. :D

Typist | എഴുത്തുകാരി പറഞ്ഞു...

ഇനി ഇതു് ഒരു നൂറ് പേര്‍ക്കു് അയച്ചിട്ടു തന്നെ കാര്യം.

ഹന്‍ല്ലലത്ത് Hanllalath പറഞ്ഞു...

വികസിപ്പിച്ചതിന് ഇന്നാ കയ്യടി...
ടപ്പ്... ടപ്പ് ...

:):)

Unknown പറഞ്ഞു...

പകല്‍ക്കിനാവോ ദുബൈ ലോട്ടറി അടിച്ചാല്‍ പറയണേ

ടൈപ്പിസ്റ്റിനും കിട്ടട്ടേ ഒരു കോടിയ ഫ്ളാറ്റ്

ഹന്‍ലലത്തേ അടി ടപ്പേ ടപ്പേ ന്നാണോ...


എല്ലാവര്‍ക്കും താങ്ക്സ്.